•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

പേരന്റിങ്ങിന്റെ സങ്കീര്‍ണതകള്‍

ല്ല മാതാപിതാക്കളാകുകയെന്നതു കാലം ആവശ്യപ്പെടുന്ന വെല്ലുവിളിയാണ്. എന്താണ് നല്ല പേരന്റിങ് എന്നു ചോദിച്ചാല്‍ കാലഘട്ടത്തിന്റെ സ്വഭാവമനുസരിച്ച് അതിന്റെ നിര്‍വചനം മാറിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയൊക്കെയായിരിക്കണം നല്ല പേരന്റിങ് എന്ന് ഒറ്റവാക്യത്തില്‍ പറയാന്‍ കഴിയില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്, പേരന്റിങ് വികലമായാല്‍ അത് കുട്ടികളുടെ വ്യക്തിത്വത്തില്‍ ഏല്പിക്കുന്ന ആഘാതങ്ങള്‍ ഏറെയാണ്. പേരന്റങ്ങിനെക്കുറിച്ചു പറയുമ്പോള്‍ മലയാളസിനിമയില്‍ ഉദാഹരിക്കാവുന്ന ഒരുപിടി നല്ല സിനിമകളുണ്ട്. ഭദ്രന്റെ സ്ഫടികം മുതല്‍ രത്തീനയുടെ പുഴു വരെയുള്ള സിനിമകളുടെ ഒരു തലം പേരന്റിങ്ങിന്റെ സങ്കീര്‍ണതകളും അതു ബന്ധങ്ങളില്‍ ഏല്പിക്കുന്ന മരവിപ്പുകളുമാണ്.
മലയാളസിനിമ ഇതിനകം ഏറെ ചര്‍ച്ച ചെയ്തതാണ് ചാക്കോമാഷിന്റെയും തോമായുടെയും ബന്ധത്തിലെ ഉരസലുകളും  അകല്‍ച്ചകളും. പക്ഷേ, എല്ലാക്കാലത്തെയും പിതൃപുത്രബന്ധങ്ങള്‍ക്കുള്ള താക്കീതും തിരുത്തലുമായി സ്ഫടികം നിലനില്ക്കുന്നതിനാല്‍ അതേക്കുറിച്ച് ഇനിയും വ്യത്യസ്തമായ പഠനങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാകുമെന്നത് ഉറപ്പാണ്.
മകനെ മനസ്സിലാക്കാതെ പോയതായിരുന്നു   ചാക്കോമാഷ് ചെയ്ത ഒരു തെറ്റ്. മകനെ അവനാഗ്രഹിക്കുന്ന ആകാശത്തിലേക്കു പറക്കാന്‍ അനുവദിക്കാതെ തന്റെ ചതുരത്തിലേക്ക് ഒതുക്കാനാണ് അയാള്‍ ശ്രമിച്ചത്. മകനെ അയാള്‍ മനസ്സിലാക്കിയില്ല, അവന്റെ കഴിവുകളെ തിരിച്ചറിഞ്ഞില്ല, അംഗീകരിച്ചില്ല. മാത്രവുമല്ല, അനാവശ്യമായ താരതമ്യം നടത്തി അവന്റെ ആത്മവീര്യത്തെ ചോര്‍ത്തിക്കളയുകയും ചെയ്തു. പല വീടുകളിലും  മാറ്റമില്ലാതെ തുടരുന്നതാണിത്. മക്കളെ അവരുടെ കഴിവുകള്‍ക്കനുസൃതമായി വളരാന്‍ സമ്മതിക്കായ്ക. നൂറില്‍ 99 മാര്‍ക്കു നേടിയാലും ബാക്കി ഒരു മാര്‍ക്ക് എവിടെ എന്നു ചോദിച്ചു മക്കളെ സംഘര്‍ഷത്തിലാക്കുന്നവര്‍. ഇന്നത്തെ ഭൂരിപക്ഷം കുട്ടികളും പലവിധത്തിലുള്ള സ്‌ട്രെസ് നേരിടുന്നവരാണ്. ക്ലാസ്മുറികളിലെ സ്‌ട്രെസിനു പുറമേ വീടുകള്‍കൂടി അവര്‍ക്കു സ്‌ട്രെസ് നല്കുമ്പോള്‍ അതില്‍നിന്നു രക്ഷപ്പെടാന്‍ ഒളിച്ചോട്ടംപോലെയുള്ള പല അപകടവഴികളും അവര്‍ തിരഞ്ഞെടുക്കുന്നു.
രഞ്ജിത് ശങ്കറിന്റെ വര്‍ഷം എന്ന സിനിമയിലും മാതാപിതാക്കള്‍മൂലം സമ്മര്‍ദം അനുഭവിക്കേണ്ടിവരുന്ന ഒരു കൗമാരക്കാരനെ അവതരിപ്പിക്കുന്നുണ്ട്. മകന്‍ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനും ഒന്നാമനുമാകാന്‍വേണ്ടി അവന് ഇഷ്ടമില്ലാത്തതു പലതും പഠിപ്പിക്കുകയും ഒടുവില്‍ അവന്റെ ജീവിതംതന്നെ ഇല്ലാതാകുകയും ചെയ്യുകയാണ് ഇവിടെ.
ബോബി - സഞ്ജയ്, റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ സ്‌കൂള്‍ ബസ് എന്നൊരു സിനിമയുണ്ട്. ദമ്പതികള്‍ക്കിടയിലെ ശൈഥില്യങ്ങള്‍ മക്കളുടെ ജീവിതത്തെയും പഠനത്തെയും ബാധിക്കുന്നുവെന്നാണ് ഈ ചിത്രം പറയുന്നത്. അക്കാദമിക് ലെവല്‍ വിജയങ്ങള്‍ മാത്രം ആഘോഷമാക്കുന്ന അച്ഛന്റെ സ്‌നേഹരാഹിത്യത്തിനുമുമ്പില്‍ തീരെ ചെറിയ പ്രശ്‌നംപോലും തുറന്നുപറയാന്‍ കഴിയില്ലെന്നു തെറ്റിദ്ധരിച്ചു നാടുവിട്ടുപോകുന്ന  രണ്ടു കുട്ടികളെയാണു നാം അവിടെ കാണുന്നത്. മക്കളെ തേടിയുള്ള മാതാപിതാക്കളുടെ യാത്രയിലാണ് തങ്ങള്‍ എന്താണു നഷ്ടപ്പെടുത്തിയതെന്നും ഇനിയെന്താണു തങ്ങള്‍ക്കു വീണ്ടെടുക്കാനുള്ളതെന്നും അവര്‍ മനസ്സിലാക്കുന്നത്. സ്വന്തം തെറ്റുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നിടത്ത് മക്കളോടുള്ള സ്നേഹത്തിന്റെ കാര്യത്തിലും അവര്‍ക്കു മാറ്റം സംഭവിക്കുന്നു. പുതിയ കീര്‍ത്തനങ്ങള്‍ മുഴങ്ങുന്ന വിധത്തിലാണ് ചിത്രത്തിന്റെ അന്ത്യം.
സ്ഫടികത്തിനും വര്‍ഷത്തിനും സ്‌കൂള്‍ ബസിനും ശേഷം 2022 ല്‍ ഇറങ്ങിയ പുഴുവിന്റെ കാര്യവും  തഥൈവ. കാലം എത്ര മാറിയാലും പുരോഗമിച്ചാലും മക്കളോടുള്ള മാതാപിതാക്കളുടെ സമീപനത്തിനു വലിയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നാണു പുഴുവും പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍, മുമ്പു പറഞ്ഞ കഥാപരിസരങ്ങളില്‍നിന്നു വ്യത്യസ്തമായി സിംഗിള്‍ പേരന്റിങ്ങിന്റെ വിഹ്വലതകളും കടുംപിടിത്തങ്ങളുമാണു പുഴു പങ്കുവയ്ക്കുന്നത്.
മകന്റെ ചെറുപ്രായത്തിലേ അവന്റെ അമ്മ മരിച്ചുപോയെങ്കിലും രണ്ടാമതൊരു വിവാഹം കഴിക്കാതെ മകനുവേണ്ടി മാത്രം ജീവിക്കുകയാണ് പോലീസുദ്യോഗസ്ഥന്‍കൂടിയായ പുഴുവിലെ അച്ഛന്‍. ശാസിച്ചും ശിക്ഷിച്ചും തന്നെ വളര്‍ത്തിയ മുത്തച്ഛന്റെ ശൈലിയാണ് ഈ പുതിയ കാലത്തിലും അയാള്‍ പിന്തുടരുന്നത്. ആ മുത്തച്ഛനാണ് അയാള്‍ക്കു മാതൃക. മകനെ ശാരീരികമായി ഉപദ്രവിക്കുന്നില്ലെങ്കിലും മാനസികമായി അയാള്‍ അവനെ കണക്കിലധികം ടോര്‍ച്ചര്‍ ചെയ്യുന്നുണ്ട്. മകനെ അയാള്‍ സ്‌നേഹിക്കുന്നുണ്ടെങ്കിലും മകന്‍ ആഗ്രഹിക്കുന്ന വിധത്തിലാകുന്നില്ല. മകന്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് അയാള്‍ ഇറങ്ങിവരാന്‍ ശ്രമിക്കുമ്പോഴാകട്ടെ മകന്‍ അതിനു പച്ചക്കൊടി കാണിക്കുന്നുമില്ല. അച്ഛന്‍ കൊടുക്കുന്ന കീ  ക്ക് അനുസരിച്ചു ചലിക്കാന്‍ വിധിക്കപ്പെടുകയാണ് കിച്ചു. ഒരു പടം വരയ്ക്കാന്‍പോലും അവനു സ്വാതന്ത്ര്യമില്ല. എപ്പോഴും പഠനം...പഠനം...പഠനം... ഫ്‌ളാറ്റില്‍ ജീവിക്കുന്ന ആ കുട്ടിയുടെ ജീവിതം കാണുമ്പോള്‍ പ്രേക്ഷകനു ശരിക്കും ശ്വാസം മുട്ടും.  
സിംഗിള്‍ പേരന്റിങ്ങിന്റെ മറ്റൊരു മുഖമാണ് ഷെയ്ന്‍ നിഗം നായകനായി അഭിനയിച്ച, ശരത് സംവിധാനം ചെയ്ത വെയില്‍. പുഴുവില്‍നിന്നു വ്യത്യസ്തമായി അമ്മയാണ് ഇവിടെ മക്കളെ വളര്‍ത്തുന്നത്. നന്നേ ചെറുപ്പത്തിലേ വിധവയായവള്‍. രണ്ട് ആണ്‍മക്കള്‍ക്കുവേണ്ടി അവര്‍ എരിഞ്ഞുതീരുകയാണ്. പക്ഷേ, അമ്മയുടെ അധ്വാനവും കഷ്ടപ്പാടും പാഴാക്കുന്ന മട്ടിലാണ് ഷെയ്ന്‍      അവതരിപ്പിക്കുന്ന  സിദ്ധാര്‍ത്ഥിന്റെ ജീവിതം. അമ്മയുടെ ശാസനയും കുറ്റപ്പെടുത്തലും ചെലവിനു തരുന്നതിന്റെ  കണക്കും എല്ലാം ചേര്‍ന്ന് ശ്വാസംമുട്ടിക്കുമ്പോള്‍ ഒരു നാള്‍ അവന്‍ പൊട്ടിത്തെറിച്ച് അമ്മയോടു ചോദിക്കുന്നു, എന്നെ എന്തിനാ പ്രസവിച്ചെ? ഉണ്ടായപ്പോഴേ കൊന്നുകളഞ്ഞാല്‍ പോരായിരുന്നോ? (പല മക്കളും ചോദിക്കാറുള്ള ചോദ്യംതന്നെയാണ് ഇത്. പ്രത്യേകിച്ച് അവരുടെ ഇഷ്ടങ്ങള്‍ക്ക് എതിരുനില്ക്കുമ്പോള്‍).
 മകന്റെ ചെകിട്ടത്ത് അടികൊടുത്താണ് അമ്മ മറുപടി പറയുന്നത്. ഇറങ്ങിപ്പോടാ എന്നായിരുന്നു ആ പ്രതികരണം. ഇറക്കിവിട്ടപ്പോഴാണ് മകന്റെ ശൂന്യത അമ്മ തിരിച്ചറിയുന്നത്. ഇറങ്ങിപ്പോയപ്പോഴാണ് മകന് അമ്മയുടെ സ്‌നേഹവും മനസ്സിലാകുന്നത്. കണ്ണുകള്‍ രണ്ടും  ഒരുപോലെയാണെങ്കിലും കേടുവന്ന കണ്ണിനെയോര്‍ത്തു ചിന്തിക്കാനേറെയുള്ളതുപോലെ രോഗിയായ രണ്ടാമത്തെ മകന് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതാണ് സിദ്ധാര്‍ത്ഥിനെ ഈര്‍ഷ്യാകുലനാക്കുന്നതെന്ന് അമ്മ തിരിച്ചറിയുന്നു. കൊടുക്കാതെപോയ സ്‌നേഹങ്ങളൊക്കെ                     വീട്ടിത്തീര്‍ക്കുന്നവിധത്തില്‍ അമ്മയ്ക്കും മകനും  പിന്നീട്  തിരിച്ചറിവുകളുണ്ടാകുന്നു. ചില നഷ്ടങ്ങളിലൂടെയാണെങ്കിലും സിദ്ധാര്‍ത്ഥിന്റെ ജീവിതം നേര്‍വഴിയേ തിരിയുന്നുമുണ്ട്.    
മാതാപിതാക്കള്‍ ഒരാള്‍ മാത്രമായി മക്കളെ വളര്‍ത്തേണ്ടിവരുന്ന സാഹചര്യം ഉണ്ടായേക്കാം. ഉദാഹരണത്തിന്, വിദേശത്തു ജോലിയുളള അച്ഛനോ അമ്മയോ. മക്കളുടെ സംരക്ഷണവും സഹവാസവും ഒരാള്‍ക്കു മാത്രമാകുമ്പോള്‍ ആ വ്യക്തിയോടായിരിക്കും സ്വാഭാവികമായി മക്കള്‍ക്ക് അടുപ്പം തോന്നുക. വല്ലപ്പോഴും അവധിക്കു വരുന്ന വ്യക്തിമാത്രമായിരിക്കും അവര്‍ക്ക് അകലെയുളള ആള്‍. അത് അച്ഛനോ അമ്മയോ ആകാം. ഇപ്പുറത്തുള്ളത് മകനോ മകളോ ആകാം.
അമ്മയും മകളും മാത്രമുള്ള ജീവിതത്തിലേക്കു   വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ടു തിരികെയെത്തിയ അച്ഛന്‍ വരുന്നതും തങ്ങളുടെ സ്വര്‍ഗത്തിലേക്കു കട്ടുറുമ്പുപോലെ വരുന്ന അച്ഛനുമായി അഡ്ജസ്റ്റ് ചെയ്യാന്‍  മകള്‍ക്കു കഴിയാതെ വരുന്നതുമാണ് സത്യന്‍ അന്തിക്കാടിന്റെ 'മകള്‍' സിനിമയുടെ കഥ. തന്റെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുന്ന ഒരാള്‍ക്കപ്പുറം അച്ഛനെ അമ്മയെപ്പോലെ തന്റെ കൂട്ടുകാരനായി കാണാന്‍ ഈ മകള്‍ക്കു കഴിയുന്നില്ല. അച്ഛന്റെ തീരെ ചെറിയ തിരുത്തുകള്‍പോലും മകള്‍ക്ക് അസ്വസ്ഥതയുളവാക്കുന്നു. അമ്മയുടെ അസാന്നിധ്യത്തിലുണ്ടാവുന്ന ചില സംഭവവികാസങ്ങള്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ തീര്‍ക്കുകയും അത് മറ്റൊരു ദുരന്തത്തില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു. പക്ഷേ, ആ ദുരന്തംതന്നെയാണ് അച്ഛനെ തിരിച്ചറിയാന്‍ മകള്‍ക്കു കാരണമാകുന്നത്.
അച്ഛനും മകളും തമ്മിലുളള പ്രശ്നമാണ് 'മകള്‍' കൈകാര്യം ചെയ്തതെങ്കില്‍ അമ്മയും മകളും തമ്മിലുള്ള പ്രശ്‌നമാണ് ജീത്തു ജോസഫിന്റെ മമ്മി ആന്റ് മീ കൈകാര്യം ചെയ്തത്. അമ്മയോടുളള അകല്‍ച്ചയില്‍ ജീവിക്കുന്ന മകള്‍ക്ക് പക്ഷേ, അച്ഛന്‍ ആശ്വാസമാണ്. മക്കളെ പേരന്റ്സില്‍ ആരെങ്കിലും ഒരാള്‍ മനസ്സിലാക്കിയാല്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പല പൊട്ടിത്തെറിക്കലുകളും ഒഴിവാക്കാന്‍ കഴിയും. ഒരാളെങ്കിലും മക്കള്‍ക്ക് സുഹൃത്തായിട്ടുണ്ടാവുക. ഇന്നത്തെ കാലത്ത് മക്കളുടെ പ്രശ്നം മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനും ഇതേറെ സഹായകരമാണ്.
പ്രശ്നങ്ങള്‍ എന്തുതന്നെയായാലും പരിഹരിക്കപ്പെടുന്ന വിധത്തിലാണ് മേല്പറഞ്ഞ ചിത്രങ്ങളുടെയെല്ലാം ഗതി. അല്ലെങ്കില്‍ മരണത്തിനുമുമ്പെങ്കിലും പരസ്പരം മനസ്സിലാക്കപ്പെടുന്ന വിധത്തിലേക്കു കാര്യങ്ങള്‍ എത്തിച്ചേരുന്നു. തോമായായിരുന്നു ശരിയെന്ന് ചാക്കോ മാഷ് തിരിച്ചറിയുന്നു. അച്ഛനെ എനിക്കിപ്പോള്‍ ഇഷ്ടമാണെന്ന് പുഴുവിലെ കിച്ചു അച്ഛനോടു പറയുന്നു. പക്ഷേ, രണ്ട് അച്ഛന്മാര്‍ക്കും മക്കള്‍ക്കും ഒരുമിച്ചുളള ജീവിതം സാധ്യമാകുന്നില്ലെന്നു മാത്രം. പ്രേക്ഷകന്റെ  ഉള്ളില്‍ ചെറുതായി തീ കോരിയിടുന്നുണ്ട് ഇത്തരം ക്ലൈമാക്‌സുകള്‍.
സിനിമകള്‍ ചിലപ്പോഴെങ്കിലും കെട്ടുകാഴ്ചകള്‍ മാത്രമല്ല; ബോധപൂര്‍വമോ അല്ലാതെയോ ചില ജീവിതസത്യങ്ങള്‍ പറയുന്നുണ്ട്, കാണേണ്ടവനു കാണാനും കേള്‍ക്കേണ്ടവനു കേള്‍ക്കാനും എന്ന മട്ടില്‍. ഒരു തിയേറ്റര്‍കാഴ്ചയ്ക്കപ്പുറം അത്തരം സിനിമകള്‍ നമ്മുടെ ജീവിതയാത്രയില്‍ കൂടെക്കൂട്ടാവുന്നവയാണ്. തിരുത്താനും തിരുത്തപ്പെടാനും ഓര്‍മിക്കാനും പഠിക്കാനും എന്തൊക്കെയോ ഇത്തരം സിനിമകള്‍ നല്കുന്നുണ്ട്. അതുകൊണ്ട് വെറുംകാഴ്ചയ്ക്കപ്പുറം തന്റെ ജീവിതത്തെ ഏതെങ്കിലും തരത്തില്‍ അവ സ്വാധീനിക്കുന്നുണ്ടോ എന്നു പരിശോധന നടത്തി ഒരു പുതിയ തുടക്കത്തിന് ആരംഭം കുറിക്കുക.  
അടുത്തയിടെ നടന്‍ സൗബിന്‍ തന്റെ കുട്ടിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തതിനുശേഷം എഴുതിയ കുറിപ്പ് ഏറെ ഹൃദയസ്പര്‍ശിയായിത്തോന്നി. 'നീ വലുതായിപ്പോകുംമുമ്പ് നിന്നെ ഞാനൊന്നു സ്‌നേഹിച്ചോട്ടെ' എന്നായിരുന്നു അത്. ശരിയല്ലേ, കുട്ടിക്കാലത്ത് എത്ര സ്നേഹമുള്ള മക്കളാണെങ്കിലും ജീവിതയാത്രയില്‍ അവര്‍ക്കു മാതാപിതാക്കളോടുള്ള സ്‌നേഹത്തില്‍ കുറവു സംഭവിക്കുന്നുണ്ട്. ഓരോരോ ഘട്ടത്തില്‍ ഓരോരുത്തരായി അവരുടെ ജീവിതത്തില്‍ ഇടം പിടിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികപരിണതിയാണത്. അതിന് അവരെ കുറ്റം പറയാന്‍ കഴിയില്ല. ഇന്നലെ നമ്മളും അങ്ങനെ തന്നെയായിരുന്നല്ലോ. പക്ഷേ, ഇപ്പോള്‍ മക്കള്‍ നമ്മുടെ ചിറകിലൊതുങ്ങിയിരിക്കുന്ന ഈ അവസരത്തില്‍ അവരെ കലവറയില്ലാതെയും കളങ്കമില്ലാതെയും സ്നേഹിക്കുക. വളരെ കുറച്ചുസമയം മാത്രമേ അവര്‍ നമ്മുടെ കൂടെയുളളൂ. ഉന്നതവിദ്യാഭ്യാസംമുതല്‍  ജോലിയും വിവാഹവുംവരെ എത്രയോ കാരണങ്ങളാണ് അവരെ നമ്മില്‍നിന്ന് അകറ്റാനുള്ളത്. അതുകൊണ്ട് ഈ നിമിഷത്തിന്റെ എല്ലാ ധന്യതയോടുംകൂടി അവരെ സ്നേഹിക്കുക. അവരില്‍നിന്നു സ്‌നേഹം അനുഭവിക്കുക. പേരന്റിങ് എന്ന കടമ നമ്മുടെ ഇഷ്ടത്തിനല്ല ദൈവത്തിന്റെ ഇഷ്ടത്തിന് അനുസൃതമായി നിറവേറ്റാനുളള  കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.                        

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)