നാടകാചാര്യന്‍ ഷെവലിയാര്‍ സി. എല്‍. ജോസ് നവതിയുടെ നിറവില്‍
മലയാളനാടകവേദിയില്‍ ഒളിമങ്ങാതെ പ്രശോഭിച്ചു നില്‍ക്കുന്ന പ്രശസ്തനാടകകൃത്ത് ഷെവലിയര്‍ സി.എല്‍.ജോസ് നവതിയുടെ നിറവില്‍. (ഏപ്രില്‍ 4ന് തൊണ്ണൂറു വയസ്സു തികയുന്നു.)
പ്രഫഷണല്‍ നാടകങ്ങള്‍ അരങ്ങു പിടിച്ചടക്കുന്നതിനുമുമ്പ് 1956 മുതലുള്ള കാലഘട്ടത്തില്‍ മലയാളനാടകവേദിയില്‍ സി.എല്‍. ജോസ് അജയ്യനും അജാതശത്രുവുമായിരുന്നുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തും. 79 വര്‍ഷംമുമ്പ് 11-ാം വയസ്സില്‍ സ്‌കൂളില്‍ നാടകനടനായി അരങ്ങേറ്റം കുറിച്ച ജോസിനു പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഹൈസ്‌കൂളിലെത്തിയപ്പോള്‍ കഥാപ്രസംഗകനായി, കവിയായി. ചിത്രകലയിലും കഥാരചനയിലും വിനോദഭാവനകളിലും നന്നായി കൈവഴക്കം സൃഷ്ടിച്ചെടുത്തുകൊണ്ടാണ് നാടകരംഗത്തെത്തി തന്റെ തട്ടകത്തു നിലയുറപ്പിച്ച് മലയാളനാടകവേദിയുടെതന്നെ ചരിത്രമായി മാറിയത്.
അറുപത്തിനാലു കലകളുടെയും മേളനമായ നാടകത്തിനു ചേരുന്ന കൂട്ടുകളെല്ലാം ചേര്‍ത്ത്, അരങ്ങും അണിയറയും പിടിച്ചെടുക്കാന്‍ സി.എല്‍. ജോസിന്റെ സ്വതഃസിദ്ധമായ കഴിവുകള്‍ മാത്രം മതിയായിരുന്നു.
ബാല്യകാലംമുതല്‍ കലാപരവും സാഹിത്യപരവുമായ വാസനകള്‍ ജോസില്‍ അന്തര്‍ലീനമായിരുന്നു. ഒപ്പം, കഠിനമായ അദ്ധ്വാനം, തീവ്രമായ ഇച്ഛാശക്തി, അടിയുറച്ച ഈശ്വരവിശ്വാസം, നിരന്തരമായ പരിശ്രമം, തികഞ്ഞ സത്യസന്ധത, മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവും. ജീവിതപ്രാരബ്ധങ്ങളില്‍നിന്നുള്ള മോചനത്തിന് കുറിക്കമ്പനികളിലെ അക്കൗണ്ടന്റായും അസി. മാനേജരായും ജോലി ചെയ്തു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കണക്കും കലയും ഒത്തുപോകാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നു.
എഴുത്തുകാരന്‍ എന്ന നിലയില്‍ ജോസിന്, അദ്ദേഹത്തിന്റേതായ വീക്ഷണങ്ങളും വിശ്വാസങ്ങളുമുണ്ട്. മനുഷ്യനെ മാനസികമായും ആത്മീയമായും സാംസ്‌കാരികമായും ഉയര്‍ത്താന്‍ നല്ല കലാസൃഷ്ടികള്‍ക്ക്, പ്രത്യേകിച്ചു നാടകത്തിനു കഴിയും. അവയുടെ സന്ദേശം മനുഷ്യഹൃദയങ്ങളിലേക്കു വെളിച്ചം പ്രസരിപ്പിക്കും. വേദനാജനകമായ അനുഭവങ്ങള്‍, സമൂഹത്തിലെ ആനുകാലികസംഭവങ്ങള്‍, പ്രതിസന്ധികള്‍, നീറുന്ന കുടുംബപ്രശ്‌നങ്ങള്‍, ഉള്ളില്‍ തട്ടുന്ന വിഷമതകള്‍ ഇവയെല്ലാം പ്രേക്ഷകര്‍ക്കും ഉള്ളില്‍ തട്ടണമെന്ന കാര്യത്തില്‍ ജോസിനു നിര്‍ബന്ധമുണ്ട്.
ഒരു വിഷയം കണ്ടെത്തിയാല്‍ അതിന്റെ നാനാവശങ്ങളെക്കുറിച്ചു വിശകലനവും വിശാലമായ പഠനവും നടത്തും. എന്തിനുവേണ്ടി എഴുതണം? സമൂഹത്തോട് എന്താണു പറയാനുള്ളത്? ഗുണപാഠം എന്ത്? സമൂഹത്തിനു നല്ല തെളിച്ചവും വെളിച്ചവും കൊടുക്കണം. അതിനു താനൊരു തരിമാത്രം. അതു തിരിയായ്, നാളമായ്, ജ്വാലയായ് എല്ലാവര്‍ക്കും വെളിച്ചം നല്‍കണം. അതാണ് ജോസിന്റെ ലക്ഷ്യവും സന്ദേശവും.
പ്രശസ്തമായ 38 നാടകങ്ങളും, നൂറിലധികം ഏകാങ്കങ്ങളും, മുപ്പതില്‍പ്പരം റേഡിയോ നാടകങ്ങളും ഇദ്ദേഹത്തിന്റേതായി അരങ്ങിലെത്തി. മണല്‍ക്കാട്, അഗ്നിവലയം തുടങ്ങിയ നാടകങ്ങള്‍ 14 ഇന്ത്യന്‍ ഭാഷകളില്‍ തര്‍ജമ ചെയ്ത് ദേശീയതലത്തില്‍ റേഡിയോ നാടകങ്ങളായി അവതരിപ്പിക്കപ്പെട്ടു. ഏതാനും നാടകങ്ങള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.
മണല്‍ക്കാട്, ശാപരശ്മി, അഗ്നിനക്ഷത്രം, ഭൂമിയിലെ മാലാഖ എന്നീ നാടകങ്ങള്‍ ചലച്ചിത്രമായി. പ്രേംനസീര്‍, തിക്കുറിശ്ശി, മുത്തയ്യ, അടൂര്‍ ഭാസി, മുതുകുളം, സുകുമാരി, രാജലക്ഷ്മി, ജേസി തുടങ്ങിയവര്‍ 'ഭൂമിയിലെ മാലാഖ'യില്‍ വേഷമിട്ടു.
മണല്‍ക്കാട്, ജ്വലനം, യുഗതൃഷ്ണ എന്നീ നാടകങ്ങള്‍ കേരള-കാലിക്കട്ട്-മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റികളില്‍ ബി.എ./ബി.എസ്.സിക്ക് പാഠപുസ്തകമായി. നാടകരചന എന്ത്? എങ്ങനെ? എന്ന പഠനഗ്രന്ഥം മലയാളം എം.എ.യ്ക്ക് പാഠപുസ്തകമായി കേരള-കാലിക്കട്ട് യൂണിവേഴ്‌സിറ്റികളിലും അംഗീകരിച്ചു.
കുട്ടികള്‍ക്കുള്ള രണ്ടു നാടകങ്ങള്‍, ആത്മകഥ, നാടകത്തിന്റെ കാണാപ്പുറങ്ങള്‍, ചിരിയുടെ പൂരം, ചിരിയുടെ മേളം എന്റെ നാടകജീവിതം തുടങ്ങിയ ഇരുപതോളം മറ്റു ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.
നാലുലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയിട്ടുണ്ട് സി.എല്‍. ജോസിന്റെ നാടകഗ്രന്ഥങ്ങള്‍. കേരളത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഒരു സര്‍വകാലറിക്കോര്‍ഡാണിത്.
സഞ്ചരിക്കുന്ന ഒരു സ്‌കൂള്‍ഓഫ് ഡ്രാമ, നാടകസര്‍വകലാശാല എന്ന് ഇദ്ദേഹത്തെ വിശേഷിച്ചാല്‍ അധികമാവില്ല. ആകാശവാണിയുടെ ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റും, നാടകസംവിധായകനുമാണ്.
കേരളസംഗീതനാടക അക്കാദമി, കേരളസാഹിത്യഅക്കാദമി, കേരളസര്‍ക്കാര്‍ തുടങ്ങി പ്രമുഖമായ മുപ്പതോളം അവാര്‍ഡുകള്‍ ജോസിനു ലഭ്യമായിട്ടുണ്ട്.
2008 ല്‍ ആഗോളകത്തോലിക്കാസഭയുടെ അത്യുന്നത 'ഷെവലിയാര്‍' പദവിക്കും തിരഞ്ഞെടുക്കപ്പെട്ടു.
എസ്.എസ്.എല്‍.സി. നല്ല മാര്‍ക്കോടെ പാസായിട്ടും വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുമൂലം കോളജില്‍ തുടര്‍പഠനത്തിനു കഴിഞ്ഞില്ല. എന്നാല്‍ കോളജിനു മുന്നിലൂടെ ദിവസേന ജോലിക്കുപോകുമ്പോള്‍ തന്റെ കൃതിയായ 'ജ്വലനം' നാടകം ക്ലാസില്‍ പഠിപ്പിക്കുന്നതു കേള്‍ക്കാന്‍ ജോസിനു ഭാഗ്യമുണ്ടായി.
'മണല്‍ക്കാട്' നാടകത്തിന്റെ ഇരുപത്തയ്യായിരത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞത് റിക്കാര്‍ഡാണ്. 'അറിയാത്തവീഥികള്‍' എന്ന പേരില്‍ ഇതു സിനിമയായപ്പോള്‍ മമ്മൂട്ടി, മധു, മോഹന്‍ലാല്‍, റഹ്‌മാന്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ, മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് അഭിനയിച്ചത്.
കോളജില്‍ പഠിക്കാത്തതിലോ ബിരുദങ്ങളില്ലാത്തതിലോ സി.എല്‍. ജോസിനു വിഷമമില്ല. കാരണം, മലയാളത്തിലോ വിദേശഭാഷകളിലോ ബിരുദമെടുത്ത പ്രശസ്തരായ നാടകകൃത്തുക്കള്‍ വിരളമാണ്. കോളജ് ഡിഗ്രിയല്ലല്ലോ സാഹിത്യരചനയുടെ യോഗ്യതയും മാനദണ്ഡവും...! ചെറുകഥാകൃത്തും നോവലിസ്റ്റുമാകാനായിരുന്നു ചെറുപ്പത്തില്‍ മോഹം. പക്ഷേ, എഴുതിയതും ഉറച്ചുനിന്നതും നാടകങ്ങളില്‍. നാടകം രംഗത്തവതരിപ്പിക്കുമ്പോള്‍ ഒരേ സമയം ആയിരങ്ങള്‍ക്ക് ആസ്വദിക്കാമല്ലോ.
കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍, ന്യൂഡല്‍ഹി കേന്ദ്രസംഗീതനാടക അക്കാദമി മെമ്പര്‍, കേരളസാഹിത്യ അക്കാദമി മെമ്പര്‍, കേരള ഫിലിം ബോര്‍ഡ് മെമ്പര്‍, ആകാശവാണി ഉപദേശകസമിതിയംഗം, കാലിക്കട്ട് യൂണിവേഴ്‌സിറ്റി ആര്‍ട്‌സ് ഫാക്കല്‍റ്റി അംഗം തുടങ്ങിയ അനേകം ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
''ഇരുട്ടിനെ പഴിക്കാനും, ശപിക്കാനുമല്ല ഇരുളടഞ്ഞ അന്തരീക്ഷത്തില്‍ കൈത്തിരിയാകാനാണ് എഴുത്തുകാരന്‍ ശ്രമിക്കേണ്ടത്. വളര്‍ന്നുവരുന്ന തലമുറയെ ദുഷിച്ച മാര്‍ഗത്തിലേക്കും ദുഷ്ടചിന്തകളിലേക്കും നയിക്കുകയല്ല; മറിച്ച്, ആദര്‍ശമൂല്യങ്ങളിലും ധാര്‍മികചിന്തകളിലും സനാതനസിദ്ധാന്തങ്ങളിലും സദാചാരസംഹിതകളിലും വിശ്വാസമുള്ള, സത്യവും സാഹോദര്യവും ധീരതയും പ്രബുദ്ധതയും മതമൈത്രിയും മാനവസ്‌നേഹവും കൈമുതലായുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുകയാണ് എഴുത്തുകാരന്‍ അല്ലെങ്കില്‍ നാടകകൃത്ത് ചെയ്യേണ്ടത്. സാമൂഹികതിന്മകളെ തുറന്നുകാട്ടുകയും അവയ്‌ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്യേണ്ടത് സമൂഹത്തോടു പ്രതിബദ്ധതയുള്ള എഴുത്തുകാരന്റെ ചുമതലയാണ്. അതിനു തയ്യാറാവുന്ന നാടകകൃത്ത് സാമൂഹികപരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും സാംസ്‌കാരികവിപ്ലവത്തിനു നേതൃത്വം കൊടുക്കുകയുമാണു ചെയ്യുന്നത്.'' സി.എല്‍. ജോസ് ആദ്യകാലത്തുതന്നെ തന്റെ നയം വ്യക്തമാക്കി.
കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കു വെളിയിലുമുള്ള മലയാളികള്‍ ജാതിമതരാഷ്ട്രീയഭേദമെന്യേ സി.എല്‍. ജോസിന്റെ നാടകങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്തു. ഈ നാടകങ്ങളില്‍ അവരുടെ ജീവിതത്തിലെ തുടിക്കുന്ന രംഗങ്ങളുണ്ടായിരുന്നു, പിടയ്ക്കുന്ന പ്രശ്‌നങ്ങളുണ്ടായിരുന്നു, പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളും. രംഗവേദിയില്‍ അവര്‍ കണ്ടുമുട്ടിയത് തങ്ങളെത്തന്നെയും തങ്ങള്‍ക്കു ചുറ്റുമുള്ള പച്ചമനുഷ്യരെയുമാണ്. മഷിയിലും പേനയിലുമല്ല, നാടകം ആത്മാവിലാണ്. നാടകകൃത്തിന്റെ ആത്മാവില്‍ നാടകമുണ്ടാവണം. ആത്മാവില്‍ നാടകമുള്ളവന്റെ രചനകള്‍ എക്കാലവും നിലനില്‍ക്കും, ആസ്വദിക്കപ്പെടും. അവ നിത്യഹരിതങ്ങളാണ്.