ചങ്ങമ്പുഴയ്ക്കൊപ്പം എഴുതിത്തുടങ്ങിയ കവിയായിരുന്നു പാലാ നാരായണന്‍ നായര്‍. ഇടപ്പള്ളിക്കവിതകളിലുള്ളതുപോലെ സംഗീതാത്മകവും ലയാത്മകവുമായ കോമളകാവ്യഭാഷ പാലാകവിതകളിലും കാണാം. എന്നാല്‍, ചങ്ങമ്പുഴയെപ്പോലെ സ്വകാര്യാനുഭവങ്ങളായിരുന്നില്ല പാലായുടെ കവിതകളുടെ കാതല്‍. സമകാലിക സാമൂഹികാനുഭവങ്ങള്‍ ആത്മനിഷ്ഠമായി അവതരിപ്പിക്കുകയാണ് പാലാ ചെയ്തതെന്നു തോന്നുന്നു.
ആദ്യകാലത്തു പാലായും ചില പ്രണയകവിതകള്‍ എഴുതിയിട്ടുണ്ട് എന്നതു നിഷേധിക്കുന്നില്ല. എങ്കിലും പാലാ സാര്‍ ഒരു കവിപ്പട്ടം നേടിയത് 'കേരളം വളരുന്നു' എന്ന കാവ്യപരമ്പരയിലൂടെയാണ്. അതൊരു മഹാകാവ്യംതന്നെ.
കേരളത്തെ ഇത്ര ആരാധനയോടെ കണ്ട കവികള്‍ പാലായെപ്പോലെ അധികംപേരില്ല എന്നു ധൈര്യമായിപ്പറയാം. സമകാലികസമൂഹത്തിലെ മൂല്യച്യുതിയും ധാര്‍മികാപചയവും പാലായെ എന്നും അസ്വസ്ഥനാക്കിയിരുന്നു. എല്ലാക്കാലത്തും കറകളഞ്ഞ ഒരു ദേശീയവാദിയായിരുന്നു പാലാ. വള്ളത്തോളിന്റെയും വെണ്ണിക്കുളത്തിന്റെയും നാലാങ്കല്‍ കൃഷ്ണപിള്ളസാറിന്റെയുമൊക്കെ സ്‌കൂളില്‍പ്പെട്ട കവിയായിരുന്നു പാലാ നാരായണന്‍ നായര്‍ സാറും. അകലെനിന്നു കേരളത്തിലേക്കു കണ്ണു പായിച്ചപ്പോഴാണ് പാലാസാര്‍ കേരളത്തിന്റെ സൗന്ദര്യത്തെയും ചൈതന്യത്തെയും തിരിച്ചറിഞ്ഞതെന്നും പറയാം.
'ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിലുമുണ്ട്
ഭുവനം മയക്കുന്ന ചന്തവും സുഗന്ധവു'മെന്ന് പാലാ പാടി.
ഇവിടെക്കിടക്കുന്ന കാട്ടുകല്ലിലുമുണ്ട്
വിവിധ സനാതനചൈതന്യപ്രതീകങ്ങള്‍' എന്നും പാലാ കണ്ടെത്തി.
ദേശീയത മുഖമുദ്രയാക്കിയ കവിയായിരുന്നു പാലാസാര്‍. ഒരര്‍ത്ഥത്തില്‍ പാലാസാറും ഒരു ദേശീയ മഹാകവിതന്നെ.
പാലായ്ക്കു കേരളത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ പെറ്റമ്മയെക്കുറിച്ചുള്ള ബോധ്യംപോലെ പവിത്രമാണെന്നു പറഞ്ഞത് പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന സി.പി. ശ്രീധരനാണ്.
ഭക്തിയുണര്‍ത്തുന്ന ആത്മീയസത്തയാണ് മഹാകവി പാലായ്ക്കു കേരളമെന്ന സത്യവും സംസ്‌കാരവും യാഥാര്‍ത്ഥ്യവും എന്നു പറയുവാന്‍ നമുക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ മഹാകവി കുഞ്ഞിരാമന്‍നായരെപ്പോലെ പാലായ്ക്കും കേരളം ഒരു ലഹരിയായിരുന്നു. പാലാ പക്ഷേ, പട്ടാളത്തില്‍ പോയിട്ടുപോലും ഒരിക്കലും ലഹരി ഉപയോഗിക്കാത്ത ആളുമായിരുന്നല്ലോ.
പാലാ നാരായണന്‍നായര്‍ സാറിന് വാക്കുകള്‍ വിളിപ്പുറത്തായിരുന്നു എന്നു പറയുമ്പോള്‍ വാഗ്‌ദേവത സാക്ഷാല്‍ സരസ്വതീദേവി അദ്ദേഹത്തിന് എന്നും സമീപസ്ഥയായിരുന്നുവെന്നുതന്നെയാണര്‍ത്ഥം.
പാലാസാറുമായി നല്ല വ്യക്തിബന്ധവും, സൗഹൃദവും, അയല്‍പക്കബന്ധവും എനിക്കുണ്ടായിരുന്നു. വി.സി. ആയശേഷം ഞാന്‍ ആദ്യം ചെയ്ത കാര്യം അദ്ദേഹത്തെ എ.ജി. യൂണിവേഴ്‌സിറ്റിയില്‍ ആദരിച്ചതാണ്. സാറിനതു വലിയ സന്തോഷമായി. അല്‍ഫോന്‍സാ കോളജില്‍ അദ്ദേഹം കുറച്ചുകാലം അധ്യാപകനായിരുന്നല്ലോ. സാറുമൊത്തുള്ള അക്കാലത്തെ സായാഹ്നസവാരികളും എന്റെ ഓര്‍മയിലുണ്ട്.
പാലായുടെ വിനയമായിരുന്നു അദ്ദേഹത്തിന്റെ ധന്യത. കവിയെന്ന ധാര്‍ഷ്ട്യമോ അതിന്റെ അകല്‍ച്ചയോ അദ്ദേഹത്തിന് ഒരിക്കലും ഉണ്ടായിട്ടില്ല.
പാലാസാറിനെപ്പോലെ വിനയാന്വിതനായ മറ്റൊരു കവിയും ഇന്നോളം കേരളത്തില്‍ ഉണ്ടായിട്ടില്ല. ജന്മദേശത്തിന്റെ പേര് സ്വന്തം പേരിനോടു ചേര്‍ത്തുവച്ച് ഇത്രമേല്‍ അനശ്വരമാക്കിയ അധികം മഹാകവികളും മലയാളത്തിലില്ലല്ലോ.
മഹാകവിയുടെ നൂറ്റിപ്പതിനൊന്നാം ജന്മദിനത്തില്‍ ആദരപൂര്‍വ്വകമായ സ്‌നേഹപ്രണാമം.
(ഗാന്ധിദര്‍ശന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ പാലാ കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ''പാലായ്ക്ക് നൂറ്റിപ്പതിനൊന്ന്'' സമ്മേളനത്തിലെ പ്രഭാഷണത്തില്‍നിന്ന്.)