•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

ഹൃദയംതൊട്ട സാന്ത്വനം

രോഗം മൂര്‍ച്ഛിച്ചുനില്‍ക്കുന്ന അവസ്ഥയില്‍ നാം ഒരു രോഗിയെ കാണാന്‍ പോകുന്നു എന്നു സങ്കല്പിക്കുക. എന്താണു ക്രിസ്തീയചൈതന്യമുള്ള ഒരു വ്യക്തി അവിടെ പറയേണ്ടത്? വായില്‍തോന്നിയത് കോതയ്ക്കു പാട്ട്  എന്ന മട്ടില്‍ അവര്‍ക്കു വേദന തോന്നിക്കുന്ന വാക്കുകളാണോ?
''ഓ, ഇതുപോലെ ഒരു കേസ് എനിക്കറിയാം ഇത് ഭേദമാകാനൊന്നും പോകുന്നില്ല.'' വിദ്യാഭ്യാസം ലഭിച്ചവര്‍പോലും ഇത്തരം പ്രസ്താവനകള്‍ നടത്തി രോഗിയെക്കണ്ട് പൊടിയും തട്ടി മടങ്ങുന്ന രംഗം നമുക്കു കാണാം. രോഗിയും ബന്ധുക്കളും വലിയ വേദനയില്‍ക്കൂടി കടന്നുപോകുന്ന അവസരത്തില്‍ നാം അവരുടെ ദുഃഖം വര്‍ദ്ധിപ്പിക്കുകയാണോ വേണ്ടത്? അവരുടെ മനസ്സിനു ബലം നല്‍കുന്ന, സാന്ത്വനപ്പെടുത്തുന്ന ചുരുക്കം ചില വാക്കുകളാണു പറയേണ്ടത്.
എന്റെ ബാല്യത്തിലാണ് എന്റെ അപ്പന്‍ മരിക്കുന്നത്. അന്ന് ഒരു സിസ്റ്റര്‍ വന്ന് എന്നെയും അമ്മയെയും തന്നോടു ചേര്‍ത്തുനിര്‍ത്തി, സ്‌നേഹത്തോടെ എന്റെ തലയില്‍ തലോടിയത് ഞാനിന്നും ഓര്‍ക്കുന്നു. ഒരായിരം വാക്കുകളിലൂടെ ഉദ്‌ഘോഷിക്കാന്‍ പറ്റാനാവാത്തത്ര കാര്യങ്ങള്‍ പറയാതെ പറഞ്ഞു. ഇതാണ് യഥാര്‍ഥ സാന്ത്വനം. 'ഓര്‍മകളുടെ കൂമ്പാരങ്ങളില്‍ എവിടെയോ  എന്റെ  ഒരു തുള്ളി കണ്ണുനീര്‍ തുടച്ചുമാറ്റിയ, എന്നോടു സ്‌നേഹം കാട്ടിയ ഒരാളെ ഞാന്‍ എങ്ങനെ മറക്കും?' എന്നൊരു കവി ചോദിക്കുന്നുണ്ട്.
ഉറ്റബന്ധുക്കള്‍ എന്നന്നേക്കുമായി വിട്ടുപിരിയുന്നതു ഹൃദയഭേദകമായ  ഒരു അനുഭവമാണ്. നമ്മോടൊപ്പം ഇന്നലെവരെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞവര്‍, നമുക്ക് താങ്ങും  തണലുമായിരുന്നവര്‍ ഒരു നിമിഷം പെട്ടെന്നു  യാത്രയാകുമ്പോള്‍ അതു നമ്മെ വല്ലാതെ തളര്‍ത്തിക്കളയും. ഒരു മരണം സംഭവിച്ച വീട്ടില്‍ ചെല്ലുമ്പോള്‍  ബന്ധുക്കളെ നാം എങ്ങനെ സമാശ്വസിപ്പിക്കണം എന്നു പലര്‍ക്കും അറിഞ്ഞുകൂടാ. നമുക്കുള്ളിലെ ശോകം  പറഞ്ഞറിയിക്കാന്‍ നമുക്കു പലപ്പോഴും അനുയോജ്യമായ വാക്കുകള്‍ കിട്ടാറില്ല. ഒരു ഫോര്‍മല്‍ ചരമപ്രസംഗത്തിനു സാധാരണക്കാരായ നമുക്കു  മുതിരേണ്ട കാര്യമില്ലല്ലോ. വെറുതെ ഒന്ന് അടുത്തുചെന്നുനിന്ന് നമ്മുടെ ദുഃഖം അറിയിക്കുക. അതു മതി.
ഗുജറാത്തികള്‍ക്കിടയില്‍ ഒരു പതിവുണ്ട്; അയല്‍ക്കാര്‍ ഒത്തുചേര്‍ന്നു ശുഭ്രവസ്ത്രമണിഞ്ഞ് അവിടെച്ചെന്നു കുറെനേരം ഇരിക്കുക. ഉറ്റവര്‍ ആരെങ്കിലും അപ്പോള്‍ മരണം സംഭവിച്ചതെങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങള്‍ വിശദീകരിക്കും.
നമ്മുടെ നാട്ടിലെ കാര്യം നമുക്കറിയാം. അനുശോചനം രേഖപ്പെടുത്തുവാന്‍ വന്നവര്‍ യാന്ത്രികമായി എന്തൊക്കെയോ ബന്ധുക്കളോടു പറഞ്ഞശേഷം മാറിനിന്നു രാഷ്ട്രീയക്കാര്യമോ, ചവറുവര്‍ത്തമാനമോ  പറയുന്നതും കണ്ടിട്ടുണ്ടാവും.
മരിച്ച് ഏതാനും ദിവസങ്ങള്‍ ബന്ധുക്കള്‍ എല്ലാവരും വീട്ടിലുണ്ടാകും. പിന്നീടുള്ള ദിവസങ്ങളിലാണ് ഒരുതരം ശൂന്യത അനുഭവപ്പെടുക. ആ സമയത്താണ് ആരെങ്കിലും സമാശ്വസിപ്പിക്കാന്‍ ഉണ്ടാവേണ്ടത്. അപ്പോഴൊക്കെ നമുക്ക് അവരോടൊപ്പം അല്പസമയം ചെലവഴിക്കാനാകുമെങ്കില്‍ അതൊരു വലിയ കാര്യമാണ്. ഒരു ദുരന്തത്തിനുശേഷമുള്ള കുറെ കാലത്തേക്ക് അടുത്ത വീടുകളില്‍നിന്നു ഭക്ഷണം എത്തിക്കുകയും എല്ലാവരും ഒത്തുചേര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുകയും തുണയാവുകയുമൊക്കെ ചെയ്യുന്ന ചില നല്ല രീതികള്‍ പലയിടങ്ങളിലുമുണ്ട്.
നിങ്ങള്‍ക്ക്  സപ്പോര്‍ട്ടിനായി ഞാനുണ്ട് എന്നൊരു സന്ദേശമാണ് അപ്പോഴൊക്കെ നാം നല്‍കേണ്ടത്. ചിലപ്പോള്‍  അല്പം ഏകാന്തതയായിരിക്കും ആ വീട്ടിലുള്ളവര്‍  ആഗ്രഹിക്കുക.
ഇടയ്ക്കു ഫോണ്‍ ചെയ്യാം, വിശേഷങ്ങള്‍ ചോദിക്കാം. എന്തെങ്കിലും സഹായം വേണോ എന്നാരായാം.
സന്ദര്‍ശനത്തിനു  പോകുമ്പോള്‍  മരിച്ചയാളെക്കുറിച്ചുള്ള നല്ല ഓര്‍മകള്‍ അയവിറക്കുന്നതു നല്ലതാണ്. നല്ല കാര്യങ്ങള്‍ പറയാം. അതൊക്കെ കേള്‍ക്കാന്‍ അവര്‍ക്കും സന്തോഷമായിരിക്കും. എന്നാല്‍ ഓര്‍മിക്കുക ഒന്നും അധികമാത്രയില്‍ വേണ്ട. ന്യൂനങ്ങളായ ഒരു പരാമര്‍ശവും ആരെക്കുറിച്ചും ഇത്തരം  വേളകളില്‍ പറയാന്‍ പാടില്ല.
ഒരു നല്ല സുഹൃത്തിന്റെ ഗദ്ഗദങ്ങളും ഹൃദയവികാരങ്ങളും അവര്‍ക്കു കേള്‍ക്കാനാകും. 'ഈ ലോകത്തിലെ മോഹനവും ശ്രേഷ്ഠവുമായതൊക്കെയും കൈകൊണ്ടു സ്പര്‍ശിക്കാനോ, കണ്ണുകൊണ്ടു കാണാനോ പാടില്ലാത്തതായിരിക്കും; അവയെ നാം ഹൃദയംകൊണ്ടാണ് സംവേദിച്ചറിയുക' എന്നാണ് ഹെലന്‍ കെല്ലറുടെ വാക്കുകള്‍.
ലാസറിനെ ഉയിര്‍പ്പിച്ചവന്റെ സൗമനസ്യവും സാഹോദര്യവും സ്‌നേഹവുമായിട്ടാവട്ടെ ഓരോ സ്‌നേഹസമ്പന്നരുടെയും ഇത്തരം സന്ദര്‍ശനങ്ങള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)