തങ്ങള്‍ മരണപ്പെട്ടതല്ല; കൊലചെയ്യപ്പെട്ടതാണെന്ന് ഉറക്കെ വിളിച്ചുപറയാന്‍ ഒരാളെപ്പോലും ബാക്കിവയ്ക്കാതെ ഒരു കുടുംബത്തെ മുഴുവനായും മണ്ണും വെള്ളവും പാറയുമെല്ലാംകൂടി കൊണ്ടുപോയി. ജീവന്റെ അടിസ്ഥാനമായവതന്നെ ജീവന്‍ കവരുന്ന വൈരുധ്യത്തിനുമേല്‍ വിറങ്ങലിച്ചുനില്‍ക്കുകയാണു കോട്ടയം ജില്ലയിലെ മലയോരമേഖലയായ കൂട്ടിക്കലും സമീപപ്രദേശങ്ങളും. കാവാലിയില്‍ ഒട്ടലാങ്കല്‍ മാര്‍ട്ടിന്റെ സ്വപ്നങ്ങള്‍ക്കു ചാരുതയേകിയ വീട് ഇന്നില്ല, വീട്ടുകാരും. അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമടക്കം ആറുപേര്‍ യാത്രയായി. അടുത്ത ജില്ലയായ ഇടുക്കിയിലും കേരളത്തിലെ മറ്റു മലയോരപ്രദേശങ്ങളിലും കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനും ശേഷം ഓരോ ആണ്ടും അവശേഷിപ്പിക്കുന്നത് മനുഷ്യമനസ്സുകളില്‍ മായാത്ത മുറിപ്പാടുണ്ടാക്കുന്ന ദുരന്തചിത്രങ്ങളാണ്. പരിസ്ഥിതിലോലമെന്നു കരുതപ്പെടുന്ന ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമാകുന്നു. കഴിഞ്ഞ വര്‍ഷം ഇടുക്കി ജില്ലയിലുണ്ടായ പെട്ടിമുടി ദുരന്തത്തിന്റെ ഓര്‍മകള്‍ മാഞ്ഞിട്ടില്ല. വിലപ്പെട്ട 66 ജീവനുകളാണ് അന്ന് നഷ്ടമായത്, ഉരുള്‍പൊട്ടലിലൂടെ.
മലഞ്ചെരുവിലെ പാറക്കെട്ടുകളുടെ മുകളില്‍ കാലാകാലങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും പാറയും കലര്‍ന്ന ഉപരിതലവസ്തുക്കള്‍ ജലപൂരിതാവസ്ഥയില്‍ അതിവേഗത്തില്‍ താഴേക്ക് ഒഴുകിയിറങ്ങുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍. ഇത്തരത്തില്‍ ഉരുള്‍പൊട്ടലിനു കാരണമാകുന്ന ഘടകങ്ങള്‍ വിവിധങ്ങളാണ്. മലയുടെ ചരിവ്, ചരിവിന്റെ ദൈര്‍ഘ്യം, ദിശ, ഉപരിതലവസ്തുവിന്റെ ഘനം, നീര്‍ച്ചാലുകളുടെ വിന്യാസം, സാന്ദ്രത, സസ്യാവരണം, ഭൂവിനിയോഗം, ഭൂഗര്‍ഭജലത്തിന്റെ അളവ് തുടങ്ങി അനവധി ഭൗമപ്രത്യേകതകള്‍ ഉരുള്‍പൊട്ടലിലേക്കു നയിക്കുന്നു. വനനശീകരണമാണ് മറ്റൊരു കാരണം. 20 ഡിഗ്രിയില്‍ കൂടുതലുള്ള ചരിവുകളിലാണ് ഉരുള്‍പൊട്ടലുകളെല്ലാംതന്നെ നടന്നിട്ടുള്ളത്. സാധാരണമായി ഉരുള്‍പൊട്ടല്‍ കാണപ്പെടുന്നത് തെക്കുപടിഞ്ഞാറും പടിഞ്ഞാറും ദിശയിലേക്കുള്ള ചരിവുകളിലാണ്. മാനുഷിക ഇടപെടലുകളായ കുടിയേറ്റം, കൃഷി, പാറപൊട്ടിക്കല്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉരുള്‍പൊട്ടലിനുള്ള ഗതിവേഗം കൂട്ടുന്നു.
വെള്ളപ്പൊക്കം, ഭൂമികുലുക്കം, ചുഴലിക്കാറ്റ്, വരള്‍ച്ച, അഗ്നിപര്‍വതസ്‌ഫോടനം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ അപേക്ഷിച്ച് ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ എന്നിവയെക്കുറിച്ചുള്ള പ്രവചനവും ആവര്‍ത്തനസാധ്യതയെക്കുറിച്ചുള്ള വിലയിരുത്തലുകളും എളുപ്പമാണ്. ശാസ്ത്രനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ യുക്തമായ നടപടികള്‍ കൈക്കൊണ്ടാല്‍ ഒരുപരിധിവരെ ഒഴിവാക്കാനാകുന്ന ദുരന്തമാണ് ഉരുള്‍പൊട്ടല്‍.
കഴിഞ്ഞ 40 വര്‍ഷമായി ജിയോളജിക്കല്‍ വകുപ്പും, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഭൗമശാസ്ത്രപഠനകേന്ദ്രവും ഉരുള്‍പൊട്ടലുകളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തിവരുന്നു. 1995 ല്‍ ഭൗമശാസ്ത്രപഠനകേന്ദ്രം ഈ പഠനങ്ങളെയെല്ലാം ക്രോഡീകരിച്ചുകൊണ്ട് പശ്ചിമഘട്ടമലനിരകളിലെ ഉരുള്‍പൊട്ടല്‍മേഖലകള്‍ കണ്ടെത്താനുള്ള ഒരു പദ്ധതിക്ക് (ലാന്റ് സ്ലൈഡ് ഹസാര്‍ഡ് സോണേഷന്‍) തുടക്കമിട്ടു. ഇടുക്കി - കോട്ടയം ജില്ലകളിലെ ഏതാണ്ട് 750 ചതുരശ്രകിലോമീറ്റര്‍ സ്ഥലം വിശദമായിത്തന്നെ പഠനവിഷയമാക്കി. പ്രതിരോധനടപടികള്‍ കൈക്കൊള്ളേണ്ട ഭാഗങ്ങള്‍ നിര്‍ണയിച്ചു. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഒരു നടപടിയും അധികാരികളില്‍നിന്ന് ഉണ്ടായിട്ടില്ല. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരേ നടക്കുന്ന സമരങ്ങളും മറ്റു രാഷ്ട്രീയ, സാമുദായിക സമ്മര്‍ദങ്ങളും ശാസ്ത്രനിഗമനങ്ങളെയും പ്രതിരോധപ്രവര്‍ത്തനങ്ങളെയും മന്ദഗതിയിലാക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുന്നതിനിടയാക്കിട്ടുണ്ട്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ദേശീയ ഉരുള്‍പൊട്ടല്‍ സാധ്യതാമാപ്പിങ് വിവരങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ നമുക്ക് മാര്‍ഗദര്‍ശകമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 3885 ഉരുള്‍പൊട്ടലുകള്‍ രാജ്യത്തുണ്ടായി എന്ന വസ്തുത വളരെ ഗൗരവമായി കാണേണ്ടതാണ്.
ഉരുള്‍പൊട്ടലിന്റെ തത്സമയകാരണം (ഠൃശഴഴലൃശിഴ ാലരവമിശാെ) ശക്തിയായി ചെയ്യുന്ന മഴതന്നെയാണ്. അതോടൊപ്പം അശാസ്ത്രീയമായി നിര്‍മിക്കുന്ന കയ്യാലകളും അതുവഴി നീര്‍ച്ചാലുകള്‍ക്കുണ്ടാകുന്ന തടസ്സങ്ങളും പ്രശ്‌നം ഗുരുതരമാക്കുന്നു. റോഡുകള്‍, തോടുകള്‍ മുതലായ വികസനപ്രവര്‍ത്തനങ്ങള്‍ ഉപരിതലജലനിര്‍ഗമനമാര്‍ഗങ്ങള്‍ക്കു തടസ്സം സൃഷ്ടിച്ച് അധികജലം അപകടമേഖലയിലെത്തിച്ചേരുന്നതിനു കാരണമാകുന്നു. ഇത് ചരിവുകളെ ദുര്‍ബലപ്പെടുത്തുന്നു. മഴക്കാലത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു ദിവസം 15 സെന്റീമീറ്ററില്‍ കൂടുതല്‍ മഴപെയ്താല്‍ അവിടെയുള്ള അപകടകരമായ മലഞ്ചെരുവില്‍ ഉരുള്‍പൊട്ടലുണ്ടാകാമെന്ന ശാസ്ത്രതത്ത്വത്തെ മുന്‍നിര്‍ത്തി നിതാന്തജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇടുക്കിജില്ലയിലെ മലകള്‍ക്കുമീതേ ട്രെയിനോടിക്കാനുള്ള മോഹം ഒരഹങ്കാരമായിത്തന്നെ കരുതണം. വീടും സ്വത്തുവകകളും നഷ്ടപ്പെട്ടു നിരാലംബരായി, നിസ്സഹായരായി മുന്നില്‍ നില്‍ക്കുന്ന ഒരുകൂട്ടം ആള്‍ക്കാരുടെ വിലാപങ്ങള്‍ നമുക്കു മുന്നിലുണ്ട്. അവയ്ക്കു നേരേ കണ്ണടയ്ക്കാതിരിക്കാനുള്ള മനുഷ്യത്വം പ്രകടിപ്പിക്കേണ്ട സമയമാണിത്.