ആണ്-പെണ് സൗഹൃദങ്ങളുടെയും പ്രണയബന്ധങ്ങളുടെയും അതിര്‍വരമ്പുകളും നേര്‍രേഖകളും മാറ്റിവരയ്ക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. ലൈംഗികപീഡനങ്ങളും ലൈംഗികദുരുപയോഗങ്ങളും അനുബന്ധമായി ഉണ്ടാകുന്ന ഭീഷണികളും അപകീര്‍ത്തികളും സാമ്പത്തികതട്ടിപ്പുകളും അപമൃത്യുകളും ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നു. പ്രണയനൈരാശ്യംമൂലം ആത്മഹത്യ ചെയ്യുന്നവരുടെയും പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടിയെ നിഷ്ഠുരമായി കൊന്നുകളയുന്ന നീചകൊലപാതകങ്ങളുടെയും എണ്ണം കൂടിവരുന്നു. സ്ത്രീധനകൊലപാതകങ്ങളും ഗാര്‍ഹികപീഡനങ്ങളും ഒരു പതിവുവാര്ത്തയാകുന്നു. ആത്മഹത്യ ചെയ്യുന്ന മകളെക്കാള്‍ വിവാഹമോചിതയായ മകളാണു നല്ലതെന്ന് മാതാപിതാക്കളെക്കൊണ്ടു പറയിക്കുന്ന കാലം. വിവാഹം കഴിക്കാന്‍പോലും പെണ്‍കുട്ടികള്‍ മടിക്കുന്നു.
സ്നേഹവും പ്രണയവും ഹൃദയത്തിന്റെ ഭാഷകള്‍
സ്നേഹം മനുഷ്യഹൃദയങ്ങളെയും ജീവിതങ്ങളെയും പ്രപഞ്ചത്തെത്തന്നെയും ചലിപ്പിക്കുന്ന ഏറ്റവും ശക്തമായ ആത്മീയ ഊര്‍ജമാണ്. സ്നേഹമെന്ന ഒരു വാക്കില്‍ മനുഷ്യാസ്തിത്വത്തെ വേണമെങ്കില്‍ ചുരുക്കാം. ''സ്നേഹമാണഖിലസാരമൂഴിയില്‍; സ്നേഹസാരമിഹ സത്യമേകമാം'' എന്നാണല്ലോ കവിവചനം.
സ്നേഹവും സൗഹൃദവും കൂടുതല്‍ തീവ്രവും ഗാഢവും വൈകാരികവുമാകുമ്പോള് അത് പ്രണയമായി രൂപാന്തരപ്പെടുന്നു. വിശുദ്ധ ബൈബിളിലെയും വിശ്വസാഹിത്യത്തിലെയും പ്രണയവിവരണങ്ങളും ലോകപ്രസിദ്ധ കലാകാരന്മാരുടെ വിശ്വോത്തര കലാശില്പങ്ങളും ചുവര്‍ചിത്രങ്ങളും നല്കുന്ന കാല്പനികഭാവങ്ങളും അവിസ്മരണീയങ്ങള്‍ തന്നെ.
സ്നേഹവും പ്രണയവും വഴിമാറുന്നുവോ?
നിസ്വാര്‍ത്ഥവും നിര്‍മലവുമായ സ്നേഹവും പ്രണയവും സ്വാര്‍ത്ഥതയ്ക്കും ഉപഭോഗസംസ്കാരത്തിനും വഴിമാറുന്ന ഒരു പ്രവണത വളര്ന്നുവരുന്നുവോ എന്നു സന്ദേഹിക്കുന്നു. ഉപയോഗിച്ചു തള്ളുന്ന രീതി എല്ലാ തലങ്ങളിലും ഇന്നു പ്രബലമാണ്. സ്നേഹവും പ്രണയവും ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും നേടാമെന്ന ഒരു തെറ്റുധാരണ വളര്‍ന്നുവരുന്നു. സൗഹൃദങ്ങളും പ്രണയങ്ങളും പലപ്പോഴും ചതിക്കെണികളായി മാറുന്നു. സൗഹൃദങ്ങള്‍ ലൈംഗികബന്ധങ്ങളിലേക്കു വഴുതിവീഴുന്ന സംഭവങ്ങളും കുറവല്ല.
സ്നേഹത്തിലും പ്രണയത്തിലും മൂല്യചിന്ത കുറയുന്നതിന്റെ പ്രധാന കാരണം ദൈവചിന്ത കുറയുന്നുവെന്നതുതന്നെയാണ്. ദൈവചിന്ത കുറയുമ്പോള്‍ മനുഷ്യചിന്തയും മൂല്യബോധവും കുറയുക സ്വാഭാവികമാണ്. വളരെ വേഗം വളരുന്ന ഭൗതികചിന്താരീതികളും ദൈവനിഷേധവും മനുഷ്യഹൃദയങ്ങളിലെ നന്മയുടെ അംശത്തെ കെടുത്തിക്കളയുന്നു. ഇപ്പോള്‍ നാം അതിജീവിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19 പ്രതിസന്ധി സമ്മാനിച്ച ആരാധനാനിയന്ത്രണങ്ങളും വിശ്വാസപരിശീലനപ്രവര്ത്തനങ്ങളിലെ പ്രായോഗികബുദ്ധിമുട്ടുകളും മനുഷ്യന്റെ വിശ്വാസജീവിതപോഷണത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. കൊവിഡ്കാലം തീര്‍ത്ത ഏകാന്തതയും ശൂന്യതയും ഉത്കണ്ഠകളും നാം വിചാരിക്കുന്നതിനപ്പുറമാണ്. തുറക്കാത്ത കലാലയങ്ങളും തുടര്‍ച്ചയായ ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതികളും സാമൂഹികബന്ധങ്ങളുടെയും കൂടിവരവുകളുടെയും നിയന്ത്രണവും അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗവുമൊക്കെ യുവതയുടെ മൂല്യബോധത്തെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെയും ലാപ്ടോപ്പിന്റെയും സ്വകാര്യതയില്‍ നിരന്തരമായി വ്യാപരിക്കുന്നത് ഇളംമനസ്സുകളെ മലിനമാക്കാന്‍ ഇടയാക്കുന്നുണ്ട്. അത് മനുഷ്യന്റെ സ്നേഹബന്ധങ്ങളെയും സ്വാധീനിക്കുന്നു. മദ്യവും മയക്കുമരുന്നും നിശാക്ലബുകളും തീര്‍ക്കുന്ന മാസ്മരികലോകം ആണ് - പെണ് സ്നേഹബന്ധങ്ങളെ വഴിതെറ്റിക്കാനിടയാക്കുന്നു. 'ലവ് ജിഹാദും' 'നാര്‍ക്കോട്ടിക് ജിഹാദും' ഒരുക്കുന്ന ചതിക്കെണികള്‍ വ്യാപകമാണെന്നു സമകാലികസംഭവങ്ങള്‍ വിളിച്ചുപറയുന്നു.
ആണ്-പെണ് ലൈംഗികത ദൈവക്രമീകരണം
മനുഷ്യബന്ധങ്ങളെ ഹൃദ്യവും ഊഷ്മളവുമാക്കുന്ന ഭാവങ്ങളിലൊന്നാണ് ലൈംഗികത. ആണ്-പെണ് വ്യതിരിക്തതയും പരസ്പരപൂരകത്വവും ആകര്‍ഷണവും ഇഷ്ടവും അനുരാഗവും പ്രണയവും സ്നേഹഭാവങ്ങളുമൊക്കെ ദൈവക്രമീകരണത്തിന്റെയും ദൈവപരിപാലനയുടെയും ഭാഗമാണ്. ദൈവം മനുഷ്യകുലത്തിനു നല്കിയ അനുഗ്രഹവും ആശിര്‍വാദവും സമ്മാനവുമാണ് ആണ്-പെണ് ലൈംഗികത എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ 'സ്നേഹത്തിന്റെ ആനന്ദം' എന്ന പ്രബോധനത്തില്‍ ഓര്‍മപ്പെടുത്തുന്നു. നന്ദിയോടെയും ആദരവോടെയും ആണ്-പെണ് പരസ്പരപൂരകത്വത്തെ വിലമതിക്കാനും അംഗീകരിക്കാനും നമുക്കു കഴിയണം. സ്വന്തം ലൈംഗികതയെ വിലമതിക്കുന്ന ഒരാള്‍ക്കു മാത്രമേ പൂരകലിംഗത്തില്പ്പെട്ട ഒരാളെ ഉള്‍ക്കൊള്ളാനും സമ്മാനമായി സ്വീകരിക്കാനും കഴിയുകയുള്ളൂ. ഇത് നമ്മുടെ ജീവിതവഴികളെ മിഴിവുള്ളതാക്കുന്നു.
ആരോഗ്യകരമായ ആണ്-പെണ് സൗഹൃദങ്ങള്‍
ആന്തരികസന്തോഷവും ഹൃദയസ്വാതന്ത്ര്യവും പകരുന്ന ആണ്-പെണ് സൗഹൃദങ്ങള്‍ മനുഷ്യജീവിതത്തെ ഭാവസുന്ദരമാക്കുന്നു. മൂല്യചിന്തയിലും ആത്മീയതയിലും വേരൂന്നിയ ബന്ധങ്ങളാണ് സ്ഥായിയായി നിലനില്‍ക്കുന്നത്. ആത്മീയത സ്നേഹത്തെ നിസ്വാര്ത്ഥമാക്കുന്നു; പത്തരമാറ്റു തിളക്കമുള്ളതാക്കുന്നു. ശുദ്ധതയും ആത്മസംയമനവും അടക്കവും മിതത്വവും സമചിത്തതയും ആത്മീയതയുടെ ഭാഗമാണ്. സ്നേഹവും പ്രണയവും വൈകാരിക അടിമത്തമായി മാറരുത്. നന്മയുടെയും സ്നേഹത്തിന്റെയും കേദാരമായ ദൈവമൊഴികെ മറ്റൊന്നും മറ്റൊരാളും ഹൃദയത്തില്‍ ഒരു ബിംബമാകാതിരിക്കട്ടെ.
ഹൃദയവിശുദ്ധിയാണല്ലോ സുപ്രധാന കാര്യമായി ഈശോ സുവിശേഷങ്ങളില്‍ ഊന്നിപ്പറയുന്നത്. ഈശോ പഠിപ്പിക്കുന്നു: ''ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്. എന്തെന്നാല്‍, അവര്‍ ദൈവത്തെ കാണും'' (മത്താ. 5,8). ഈശോ വീണ്ടും ഓര്‍മപ്പെടുത്തുന്നു: ''ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍നിന്നാണ്, ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. ഇവയാണ് മനുഷ്യനെ അശുദ്ധനാക്കുന്നത്'' (മര്‍ക്കോ. 7,20-23).
ഹെര്‍മന്‍ ഹെസ്സേയുടെ പ്രസിദ്ധമായ നോവലുകളിലൊന്നാണ് 'സിദ്ധാര്‍ത്ഥ'. ജീവിതത്തിന്റെ ആഴവും അര്‍ത്ഥവും തേടുന്ന സിദ്ധാര്‍ത്ഥ എന്ന ബ്രാഹ്മണകുമാരന്റെ യഥാര്‍ത്ഥ ജ്ഞാനം തേടിയുള്ള യാത്രാ വിവരണമാണിത്. ജീവിതയാത്രയില്‍ കമല എന്ന ദേവദാസിയുമായി ഇയാള്‍ പരിചയത്തിലാകുന്നു. പ്രണയകല പഠിപ്പിക്കാമോ എന്നു ചോദിക്കുന്ന ഈ യുവാവിന് കമല കൊടുക്കുന്ന മറുപടി ഇങ്ങനെയാണ്: ''ചൂഷണം ചെയ്തുവെന്നോ ചൂഷണവിധേയമായെന്നോ ഉള്ള തോന്നലുകള്‍ ഉണ്ടാകരുത്.''(Do not misuse anybody nor be misused by anybody). വാസ്തവത്തില്‍ മനുഷ്യബന്ധങ്ങളുടെ സുതാര്യതയാണ് ഹൃദയവിശുദ്ധി. ഇതാണ് സൗഹൃദങ്ങളെയും പ്രണയങ്ങളെയും സുന്ദരമാക്കുന്നത്. ഇതിനുള്ള വിവേകവും ജാഗ്രതയും ആത്മസംയമനവുമാണ് നമുക്കെല്ലാവര്‍ക്കും ഉണ്ടാകേണ്ടത്. വേദപുസ്തകത്തിലെ പൂര്‍വപിതാവായ ജോസഫും (ഉത്പ. 39) ആദര്‍ശവതിയായ സൂസന്നയും (ദാനി. 13) നമ്മെ അനുസ്മരിപ്പിക്കുന്നതും ഇതുതന്നെയാണ്.
ബന്ധങ്ങളിലും ചാരിത്ര്യശുദ്ധിയിലുമുള്ള വളര്‍ച്ച ക്രമാനുഗതമായ ഒന്നാണ്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നത് ഇവിടെ സ്മരണീയമാണ്: ''ശുദ്ധതയ്ക്കു വളര്‍ച്ചയുടെ നിയമങ്ങള്‍ ഉണ്ട്. അപൂര്‍ണതയുടെയും പലപ്പോഴും പാപത്തിന്റെയും മുദ്ര പേറുന്ന ഘട്ടങ്ങളിലൂടെയാണ് അതു വളരുന്നത്. ശുദ്ധതയുള്ളവനും സുകൃതോത്സുകനുമായ മനുഷ്യന് അവന്റെ സ്വതന്ത്രമായ പല തീരുമാനങ്ങളിലൂടെ തന്നെത്തന്നെ രൂപവത്കരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ വളര്‍ച്ചയുടെ ഘട്ടങ്ങളിലൂടെ അവന് ധാര്മികനന്മയെ അറിയുകയും സ്നേഹിക്കുകയും പൂര്‍ണമാക്കുകയും ചെയ്യുന്നു'' (ഖണ്ഡിക 2343).
കരുതലും കാവലുമാകേണ്ട മാതാപിതാക്കളും അധ്യാപകരും
കുടുംബങ്ങളും മാതാപിതാക്കളും കലാലയങ്ങളും അധ്യാപകരും യുവതയ്ക്കു കാവലായി, കൈത്താങ്ങായി ഒപ്പമുണ്ടാകണം. ഹൃദ്യമായ കുടുംബബന്ധങ്ങളാണ് എല്ലാവര്ക്കും പ്രത്യേകിച്ച് കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും ഏറ്റവുമധികം സുരക്ഷിതത്വം പകരുന്നത്.
വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ ലൈംഗികപരിജ്ഞാനവും ലൈംഗികവിദ്യാഭ്യാസവും ക്രമാനുഗതമായി നല്കാന് മാതാപിതാക്കളും അധ്യാപകരും ശ്രമിക്കേണ്ടതുമുണ്ട്. ശരിയായ അറിവു ലഭിക്കാതെ വരുമ്പോള്‍ ജിജ്ഞാസയെ തൃപ്തിപ്പെടുത്താന്‍ വികലമായ അറിവുകള്‍ തേടിപ്പോകും. സൗഹൃദങ്ങളില്‍ പുലര്‍ത്തേണ്ട പക്വതയും ആരോഗ്യകരമായ അകലവും ലക്ഷ്മണരേഖയുമൊക്കെ പുലര്‍ത്താന്‍ ഇവര്‍ ചെറുപ്പക്കാരെ ഓര്‍മിപ്പിക്കുകയും വേണം. ആത്മവിശ്വാസവും ആത്മാഭിമാനവും ആണ്-പെണ് തുല്യമഹത്ത്വവും ലിംഗനീതിയും നമ്മുടെ യുവതീയുവാക്കളില്‍ വര്‍ദ്ധിച്ചുവരണം.
നിറയെ ഫലങ്ങള്‍ ചൂടുന്ന ജീവിതം
പുരുഷത്വവും സ്ത്രീത്വവും പരസ്പരപൂരകങ്ങളാണ്. ഓരോ വ്യക്തിയെയും പരസ്പരം സമ്മാനമായി വിലമതിക്കാന്‍ ഇടയാകണം. ലൈംഗികവ്യത്യസ്തകളുള്ളവരെയും വ്യക്തികളായിക്കണ്ട് ആദരിക്കാന്‍ കഴിയണം. ഹൃദ്യമായ ആണ്-പെണ് ബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവും ഒരു കലയാണ്. ശരീരത്തിന്റെയും ഹൃദയത്തിന്റെയും ശിക്ഷണം ഇതിനു വളരെ പ്രധാനപ്പെട്ടതാണ്.