കാലികസംഭവങ്ങള്‍ മാറിനിന്നു നോക്കുമ്പോള്‍ മനസ്സു മുറിയും. കാരണം, സത്യത്തിന്റെമേലുള്ള ആക്രോശങ്ങളും നീതിരഹിതമായ വിചാരണകളും അത്രമേലുണ്ട്. എന്നാല്‍, ഇവിടെയും അപമാനങ്ങളെ മൂലധനമാക്കാന്‍ കരുത്തുള്ള ആന്തരികലോകമുള്ളവരാണ് ഇന്നിന്റെ പ്രതീക്ഷ. ആരോപണങ്ങളുടെ ലുത്തിനിയാകള്‍കൊണ്ട് ആക്രമണത്തിനെത്തുന്നവര്‍ തങ്ങളുടെ ഉള്ളിലേക്ക് ഒന്നു യാത്ര ചെയ്തിരുന്നെങ്കില്‍ അസ്വസ്ഥതകള്‍ ഒഴിവാക്കാമായിരുന്നു.
ഇലത്തുമ്പില്‍ വീണ മഞ്ഞുതുള്ളിപോലെ മൃദുലമായിരുന്നു മൗനമുടഞ്ഞ ശബ്ദം. അവരാരും അവിടെ ഉണ്ടായിരുന്നില്ല. താന്‍ സൗഖ്യം കൊടുത്ത മനുഷ്യര്‍, എന്തിനേറെ ജീവന്‍ തിരിച്ചുകിട്ടിയ ലാസര്‍പോലും... ''ആരെയാണ് ഞാന്‍ സ്വതന്ത്രനാക്കേണ്ടത്'' എന്ന പീലാത്തോസിന്റെ ചോദ്യത്തിനുമുന്നില്‍ പ്രിയപ്പെട്ടവര്‍ എന്നു കരുതിയവര്‍ പാലിച്ച മൗനമാണ് യേശുവിനെ ക്രൂശിലേക്കു നയിച്ചത്.
പണ്ഡിതരും രാജഗുരുക്കന്മാരും ഉണ്ടായിരുന്നിട്ടും ആ സ്ത്രീക്കുവേണ്ടി ആരും സംസാരിച്ചതായി കാണുന്നില്ല, പാഞ്ചാലിയുടെ കാര്യംതന്നെ. ഭഗവാന്‍ കൃഷ്ണന്റെ കരുതലില്‍ അവര്‍ സ്വയം വീണ്ടെടുക്കപ്പെടുകയാണുണ്ടായത്.
കൊടിയ യാതനകളിലൂടെയും അലച്ചിലുകളിലൂടെയും ധ്യാനത്തിലൂടെയും ഒരാള്‍ കണ്ടെത്തുന്ന സത്യം അതു വെളിപ്പെടുത്തുമ്പോള്‍ ആ വ്യക്തി സ്വയം മുറിവേല്‍ക്കുന്നുണ്ട്. എന്നാല്‍, ആ പോറലുകള്‍പോലും ധ്യാനപൂര്‍വം സ്വീകരിച്ച പ്രകാശംകിട്ടിയ മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ട് എന്നത് ആശ്വാസകരംതന്നെ. ഇത്തരം വെട്ടംകിട്ടിയ മനുഷ്യരാണ് ഈ ഭൂമിയുടെ ആശീര്‍വാദം. പല വീടുകളുടെയും അകത്തളങ്ങളില്‍നിന്നുയരുന്ന കൂട്ടനിലവിളികള്‍ക്കുനേരേ ചെവിയടയ്ക്കാന്‍ ഇവര്‍ക്കു കഴിയില്ല. അതുകൊണ്ടാണ് മുറിവേല്‍ക്കുമെന്നറിഞ്ഞിട്ടും രക്ഷിക്കാനായി ഇറങ്ങിത്തിരിക്കുന്നത്. ഇവിടെയൊക്കെ തര്‍ക്കിച്ചു തോല്‍പ്പിക്കാനല്ല സ്വയം അറിയാനും മറ്റുള്ളവരെ മനസ്സിലാക്കാനും കഴിയുന്ന വിനീതഭാഷണങ്ങളിലൂടെ മുറിവേറ്റവരെ സുഖപ്പെടുത്താനും ഭൂമിയുടെ സൗന്ദര്യം വീണ്ടെടുക്കാനുമാണ് നാം ശ്രദ്ധിക്കേണ്ടത്.
പ്രതികരിക്കാനും പ്രതിരോധിക്കാനും സ്വാതന്ത്ര്യവും അവകാശവും ഉണ്ടായിരുന്നിട്ടും ചില ജ്ഞാനികള്‍ കുലീനമായി മൗനം പാലിക്കാറുണ്ട്. എന്നാല്‍, നിഷ്‌കളങ്കരുടെ നിലവിളികള്‍ക്കുമുന്നില്‍ ഇവര്‍ വാചാലരാകും. കാലികസംഭവങ്ങള്‍ മാറിനിന്നു നോക്കുമ്പോള്‍ മനസ്സു മുറിയും. കാരണം, സത്യത്തിന്റെമേലുള്ള ആക്രോശങ്ങളും നീതിരഹിതമായ വിചാരണകളും അത്രമേലുണ്ട്. എന്നാല്‍, ഇവിടെയും അപമാനങ്ങളെ മൂലധനമാക്കാന്‍ കരുത്തുള്ള ആന്തരികലോകമുള്ളവരാണ് ഇന്നിന്റെ പ്രതീക്ഷ. ആരോപണങ്ങളുടെ ലുത്തിനിയാകള്‍കൊണ്ട് ആക്രമണത്തിനെത്തുന്നവര്‍ തങ്ങളുടെ ഉള്ളിലേക്ക് ഒന്നു യാത്ര ചെയ്തിരുന്നെങ്കില്‍ അസ്വസ്ഥതകള്‍ ഒഴിവാക്കാമായിരുന്നു. അപരനെ നിയന്ത്രിക്കാനും മര്യാദ പഠിപ്പിക്കാനുംവേണ്ടി നമ്മള്‍ പൊട്ടിത്തെറിക്കുമ്പോള്‍ നമുക്കു നമ്മുടെമേലുള്ള നിയന്ത്രണം നഷ്ടമാകുന്നു എന്നറിയുക പ്രധാനം.
അവന്റെ മൗനം ദേശത്തിന്റെ അധിപനെ അദ്ഭുതപ്പെടുത്തി എന്നത് ക്രിസ്തുവിനെക്കുറിച്ച് ബൈബിളിന്റെ സാക്ഷ്യം. എന്നാല്‍, മൗനം ഭേദിച്ച ചില സമയങ്ങളില്‍ ധ്യാനം നിറച്ച വാക്കുകള്‍ പരിസരങ്ങളെ പ്രകാശപൂരിതമാക്കിയെന്നതും സത്യം. ഞാന്‍ പറഞ്ഞത് സത്യമാണെങ്കില്‍ എന്തിന് നീ എന്നെ അടിച്ചു എന്നു ചോദിക്കാനുള്ള ആര്‍ജവവും ക്രിസ്തുവിനുണ്ടായിരുന്നു.
വിമോചനത്തിന്റെ നിലവിളികളോടു കരുണ കാണിക്കാന്‍ കഴിയണം. നാം ജീവിക്കുന്ന ഇടങ്ങളില്‍ വലിഞ്ഞുമുറുകിയ ഞരമ്പുകളും പുഞ്ചിരിമാഞ്ഞ മുഖങ്ങളും ഉണ്ടെന്ന തിരിച്ചറിവാണ് നന്മ നിറഞ്ഞ മനുഷ്യരെ വാചാലരാക്കുന്നത്. ഹൃദയപൂര്‍വം സംസാരിക്കുന്നതിനുമുമ്പ് അവര്‍ മൗനംകൊണ്ട് ഒരുങ്ങിയവരാണ്. അവര്‍ ഭൂമിയുടെ സുഗന്ധമാണെന്ന കാര്യം മറക്കരുത്.
സാരമില്ല, എല്ലാം ശരിയാകും എന്നു വിചാരിച്ച് കരുണയോടെ കാത്തിരിക്കുന്നവരില്‍ മൗനത്തിന്റെ വിശുദ്ധിയുണ്ട്. കലഹിക്കുന്നവരെ നോക്കി ആശീര്‍വദിക്കാന്‍ കഴിയുന്ന ഇവര്‍ ക്രിസ്തുവിന്റെ പരിമളമാണെന്നു തിരിച്ചറിയുമ്പോള്‍ നാം ജീവിക്കാനുള്ള ഊര്‍ജം സംഭരിക്കുകയാണ്. എന്നാല്‍, അപകടമാകുന്നു എന്നു കാണുമ്പോള്‍ ഇവര്‍ വാചാലരാകും. അത്തരം ചില ഇടപെടലുകളാണ് സമൂഹനിര്‍മിതിക്കു കളമൊരുക്കുന്നത്. നിസ്സംഗതയോടുകൂടിയ ചില മൗനങ്ങളുണ്ട്. അതു നമ്മിലെ ജൈവഘടികാരത്തിന്റെ നേര്‍ക്കുള്ള ധിക്കാരമാണ്. നാലുമണിപ്പൂവ് നാലുമണിക്കാണു വിടരുന്നത്. പത്തുമണിപ്പൂവ് പത്തുമണിക്കും. അതുവരെ അതു തപസ്സിലാണ്. ഉചിതമായ സമയത്തെ ഉണര്‍വാണ് നമുക്കാവശ്യം. ഉള്ളിലെ ഉണര്‍വാണല്ലോ ജാഗ്രത.
ഒരു സിംഹം കാല്പാദങ്ങളില്‍ ഉരുമ്മിക്കിടക്കുന്നതായിട്ടാണ് നാം വി. ജെറോമിന്റെ ചിത്രം കാണുന്നത്. തന്റെ കാലില്‍ തുളച്ചുകയറിയ മുള്ളെടുത്തുമാറ്റിയതിന്റെ നന്ദിയായി ആ സിംഹം ആശ്രമംവിട്ടുപോയില്ല. അവിടെയുള്ള കഴുതയോടൊപ്പം കാട്ടില്‍ വിറകുശേഖരിക്കാന്‍ പോകുമ്പോള്‍ അകമ്പടി സേവിക്കാറുണ്ട്. ഒരുനാള്‍ കഴുത തിരികെവന്നില്ല. ആശ്രമവാസികള്‍ സംശയിച്ചു. സിംഹം കൊന്നതാണ്. സിംഹത്തിന്റെ മനസ്സുപിടഞ്ഞു. അന്നുമുതല്‍ അതു പലപ്പോഴും പട്ടിണി കിടന്നിരുന്നു. ഒരിക്കല്‍ മരുഭൂമിയിലൂടെ യാത്ര ചെയ്ത കൊള്ളക്കാരുടെകൂടെ സിംഹം കഴുതയെ കണ്ടു. സടകുടഞ്ഞെണീറ്റ് അവരില്‍നിന്നു കഴുതയെ മോചിപ്പിച്ചു. പേടിച്ചരണ്ട ആ യാത്രക്കാര്‍ ആശ്രമത്തിലാണ് അഭയം തേടിയത്. ഏതാനും നിമിഷങ്ങള്‍ക്കകം സിംഹം കഴുതയെയുംകൊണ്ട് ആശ്രമത്തിലെത്തി. താന്‍ നിരപരാധിയാണെന്ന് ആശ്രമത്തിലുള്ളവര്‍ മനസ്സിലാക്കിയല്ലോ എന്നു വിചാരിച്ച് നിറമിഴികളോടെ സിംഹം പുണ്യവാനായ ജറോമിന്റെ പാദങ്ങളില്‍ നമസ്‌കരിച്ചുകിടന്നുവെന്നു ചരിത്രത്തില്‍ നാം വായിക്കുന്നു. നിരപരാധികളുടെ കണ്ണീരു വീണു കുതിര്‍ന്ന മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന നമുക്ക് എങ്ങനെ മിണ്ടാതിരിക്കാനാവും?