മലയാള പത്രപ്രവര്‍ത്തനരംഗത്തെ അതികായനായിരുന്ന കെ.എം. റോയി ഇനി ഓര്‍മകളില്‍. അരനൂറ്റാണ്ടിലേറെയായി പത്രപ്രവര്‍ത്തനമേഖലയില്‍ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. നോവലിസ്റ്റ്, അധ്യാപകന്‍, വാഗ്മി എന്നീ നിലകളിലും മികവു തെളിയിച്ച അദ്ദേഹം കോളമിസ്റ്റ് എന്ന നിലയില്‍ ഏറെ ജനപ്രിയനായി.
മൂന്നു പതിറ്റാണ്ടിലേറെ മംഗളം വാരികയില്‍ തുടര്‍ച്ചയായി എഴുതിയ ''ഇരുളും വെളിച്ചവും'', 20 വര്‍ഷത്തോളം മംഗളം പത്രത്തിലെഴുതിയ ''തുറന്ന മനസ്സോടെ'' എന്നീ കോളങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിന്റെ മികച്ച മാതൃകകളായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഉള്‍പ്പെടെ ഒരേസമയം ഇരുപതോളം ആനുകാലികങ്ങളില്‍ കോളമെഴുതുകയെന്ന അസാധ്യമെന്നു തോന്നാവുന്ന വൈഭവത്തെ സഹൃദയലോകത്തിനു കാട്ടിക്കൊടുത്തയാളാണ് കെ.എം. റോയി. നിര്‍ഭയനായിരുന്ന അദ്ദേഹത്തിന്റെ തൂലിക കേരളത്തിന്റെ രാഷ്ട്രീയസാമൂഹിക സാംസ്‌കാരികമണ്ഡലങ്ങളിലെ വഴിയില്ലാക്കാടുകളിലൂടെ സഞ്ചരിച്ച് ഓരോ വേഷപ്പകര്‍ച്ചകളെയും നിറഭേദങ്ങളെയും പുറത്തുകൊണ്ടുവന്നു.
വാസ്തുശില്പിയായിരുന്ന എറണാകുളം കരീത്തറ വീട്ടില്‍ കെ.ആര്‍. മാത്യുവിന്റെയും ലുദീനയുടെയും മകനായി 1939 ഏപ്രില്‍ രണ്ടിനായിരുന്നു കെ.എം. റോയിയുടെ ജനനം. കേരളപ്രകാശം പത്രത്തിലൂടെ 1961 ല്‍ മാധ്യമരംഗത്തെത്തി. ദേശബന്ധു, കേരളഭൂഷണം പത്രങ്ങളുടെ പത്രാധിപസമിതിയംഗമായും മനോരാജ്യം വാരികയുടെ എഡിറ്ററായും ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു പത്രങ്ങളുടെയും യു.എന്‍.ഐ. വാര്‍ത്താ ഏജന്‍സിയുടെയും റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു. ഒരു വ്യാഴവട്ടത്തോളം മംഗളം ദിനപത്രത്തില്‍ ജനറല്‍ എഡിറ്ററായിരുന്നു.
പത്രപ്രവര്‍ത്തകയൂണിയന്‍ രംഗത്തു സജീവമായിരുന്ന റോയ് രണ്ടു തവണ കേരളപത്രപ്രവര്‍ത്തകയൂണിയന്റെ പ്രസിഡന്റും നാലുവര്‍ഷം ഇന്ത്യന്‍ പത്രപ്രവര്‍ത്തകഫെഡറേഷന്‍ സെക്രട്ടറി ജനറലുമായിരുന്നു. കോട്ടയം, എറണാകുളം പ്രസ്‌ക്ലബുകള്‍ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
നിര്‍ഭയപത്രപ്രവര്‍ത്തകനുള്ള സഹോദരന്‍ കെ. അയ്യപ്പന്‍ അവാര്‍ഡ്, പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ 2014 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം, മികച്ച മുഖപ്രസംഗത്തിനുള്ള മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, കെസിബിസി മാധ്യമ അവാര്‍ഡ്, കേസരി രാഷ്ട്രസേവാപുരസ്‌കാരം, ഇന്ദിരാഗാന്ധി ഫോറത്തിന്റെ സി.പി. ശ്രീധരന്‍ സ്മാരക അവാര്‍ഡ്, റഹീം മേച്ചേരി സ്മാരക അവാര്‍ഡ്, യുഎസില്‍നിന്നുള്ള ഫൊക്കാനാ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
എന്റെ ദുഃഖം, മോഹം എന്ന പക്ഷി, മനസ്സില്‍ എന്നും മഞ്ഞുകാലം (നോവല്‍), തുറന്ന മനസ്സോടെ പുതിയ ചൈനയില്‍, ആതോസ് മലയില്‍നിന്ന് (യാത്രാവിവരണം), കാലത്തിനുമുമ്പേ നടന്ന മാഞ്ഞൂരാന്‍ (ജീവചരിത്രം), മിസ്സിസ് സാറാമ്മയുടെ പൊമറേനിയന്‍ (ഹാസ്യം), ഇരുളും വെളിച്ചവും (നാലു ഭാഗങ്ങള്‍), ഷിക്കാഗോയിലെ കഴുമരങ്ങള്‍, പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, കറുത്ത പൂച്ചകള്‍, ചുവന്ന പൂച്ചകള്‍ (ലേഖനങ്ങള്‍), മരിച്ചവരുടെ ഓര്‍മയ്ക്ക് (സ്മരണ) എന്നിവയാണു പ്രധാന രചനകള്‍.
ഭാര്യ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥ പരേതയായ എലിസബത്ത് (ലീല). മക്കള്‍: സ്വപ്ന, അഡ്വ. മനു റോയ്, മരുമക്കള്‍: പിടിയഞ്ചേരില്‍ ലെസ്‌ലി ജോണ്‍, ദീപ (അധ്യാപിക, എസ്ഡിപിവൈ ഹൈസ്‌കൂള്‍ പള്ളുരുത്തി.)
പത്രപ്രവര്‍ത്തനരംഗത്ത്, തലമുറകളെ കൂട്ടിയിണക്കിയ, പുതുമകളെ താലോലിച്ച കെ.എം. റോയിയുടെ നിര്യാണം സൃഷ്ടിക്കുന്ന വിടവു വലുതാണ്. പത്രലോകത്തെ പത്തരമാറ്റായിരുന്നു അദ്ദേഹം.