സമൂഹമാധ്യമങ്ങളിലൂടെ അപരിചിതരുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു സംഭവിക്കുന്ന ജാഗ്രതക്കുറവിന് ഉദാഹരണങ്ങള്‍ ധാരാളം. പോലീസും മാധ്യമങ്ങളും മറ്റു ബന്ധപ്പെട്ടവരും എത്രയോ വട്ടം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പ്രണയപ്രതികാരക്കൊലകള്‍ നടക്കുകയാണ്. തങ്ങള്‍ക്കു ചതി പറ്റില്ലെന്നും തങ്ങളുടെ അടുപ്പക്കാരന്‍ അങ്ങനെയുള്ളയാളല്ലെന്നും ഓരോരുത്തരും കരുതുന്നു.
മാനസികവും ബൗദ്ധികവുമായ അടുപ്പത്തിലൂടെയുള്ള പ്രണയബന്ധമല്ല, നവമാധ്യമങ്ങളിലൂടെയുള്ള വലവീശിപ്പിടിത്തമാണ് പല സംഭവങ്ങളിലും കാണാന്‍ കഴിയുന്നത്. നവമാധ്യമങ്ങളിലൂടെ യാദൃച്ഛികമായി പരിചയപ്പെടുക, നിര്‍ദോഷമായി ചാറ്റിങ്ങിലൂടെ അതു വളര്‍ന്ന് അടുപ്പമാവുക, ആ അടുപ്പം പ്രണയമാണെന്നു കരുതുക, കൂടുതല്‍ അടുത്തറിയുമ്പോള്‍ ഒത്തുപോകാന്‍ പറ്റില്ലെന്നു കണ്ട് പിന്മാറുക, അതു പിന്നീട് പകയായി മാറുകയും അപവാദപ്രചരണവും അതിക്രമവും തുടര്‍ന്ന് ആത്മഹത്യയിലോ കൊലപാതകത്തിലോ കലാശിക്കുക. ഇതാണ് ഇത്തരം സംഭവങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നത്.
വ്യക്തിത്വവൈകല്യങ്ങള്‍, സംശയരോഗംപോലുള്ള മാനസികപ്രശ്‌നങ്ങള്‍ എന്നിവ ഇത്തരം പെരുമാറ്റങ്ങള്‍ക്കു കാരണമാകാം. സാമൂഹികവിരുദ്ധവ്യക്തിത്വം (ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍) ഉള്ള ആളുകള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരക്കാര്‍ക്ക് ഇര തന്നില്‍നിന്നകലുന്നു എന്നു കണ്ടാല്‍ അസഹ്യമായ അസ്വസ്ഥത അനുഭവപ്പെടും. സ്വന്തം വ്യക്തിത്വത്തില്‍ വലിയ മതിപ്പുള്ള ഇവര്‍ ഈ അകല്ച്ചയെ തങ്ങളുടെ പരാജയമായിക്കണ്ട് വലിയ പ്രതികാരത്തിനു മുതിരുന്നു. ഇവര്‍ ഇരയുടെ ചുറ്റിലും നിരീക്ഷണവലയം തീര്‍ത്ത് ഇരയ്ക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. വരുതിയിലാകില്ലെന്നുറപ്പായാല്‍ ഇരയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയും സ്വയം ഇല്ലാതാകുകയും ചെയ്യുന്നു. അതൊരു വീരകൃത്യമായിട്ടാണ് അവര്‍ക്ക് അനുഭവപ്പെടുക. ദിവസങ്ങളോളം ഉറക്കമില്ലാതെ പ്രതികാരദാഹവുമായി നടന്ന് പാളാത്ത ആസൂത്രണം നടത്തിയാണ് ഇക്കൂട്ടര്‍ കൊല നടത്തുക. ചെയ്തുപോയ കാര്യത്തില്‍ കുറ്റബോധം ഇവരില്‍ മിക്കപ്പോഴും ഉണ്ടാകാറില്ല. ജനിതകകാരണങ്ങളും വളര്‍ന്ന സാഹചര്യങ്ങളും വൈയക്തികപ്രകൃതവും ഇത്തരക്കാരെ സൃഷ്ടിച്ചേക്കാം.
സമൂഹത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒറ്റയടിക്കു പരിഹാരം കാണാനാകില്ല. പരിഷ്‌കൃതസമൂഹത്തില്‍ ഇടപെടേണ്ട രീതികളെക്കുറിച്ചും ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അവബോധമുണ്ടാക്കണം. പുതിയ കാലം സാമൂഹികബന്ധങ്ങളെ കുറയ്ക്കുകയും അവനവനിലേക്ക് ഉള്‍വലിയുകയും ചെയ്യുന്നത് മാനസികമായ വരള്‍ച്ചയുണ്ടാക്കും. അതു മാറ്റി ആര്‍ദ്രതയുണ്ടാക്കുന്നതിനുള്ള സാമൂഹികപരിശ്രമങ്ങള്‍ നടക്കണം. ബന്ധങ്ങളിലെ പരസ്പരബഹുമാനം, സ്ത്രീപുരുഷ തുല്യത, ജനാധിപത്യബോധം എന്നിവ കുടുംബാന്തരീക്ഷത്തില്‍ നിന്നുതന്നെ പഠിക്കണം. ''നോ' എന്ന വാക്കിനെ സഹിഷ്ണുതയോടെ കേള്‍ക്കണം. മനഃസ്സിനു താങ്ങാന്‍ കഴിയാത്ത കാര്യങ്ങളുണ്ടാകുമ്പോള്‍ മനശ്ശാസ്ത്രവിദഗ്ദ്ധരുടെ സേവനം തേടണം. അതിരുകടന്ന വൈകാരികത ഒരു മനോരോഗമാണെന്നു തിരിച്ചറിയുക.
നവമാധ്യമങ്ങളിലൂടെ അപരിചിതരുമായി ബന്ധങ്ങള്‍ സ്ഥാപിക്കരുത്. ചതിയുടെ ലോകമാണത്. വ്യക്തികളെക്കുറിച്ചു പഠിക്കാതെ സൗഹൃദംപോലും കാണിക്കരുത്. ഭാവിയില്‍ ബ്ലാക്ക് മെയിലിങിനു സാധ്യതയുണ്ടെന്നു കരുതിവേണം ഇടപെടലുകള്‍. ഒത്തുപോകാന്‍ പറ്റാത്ത ബന്ധങ്ങളില്‍നിന്ന് സാവധാനത്തില്‍ നയപരമായി വേണം പിന്മാറ്റം നടത്തുവാന്‍. ബന്ധങ്ങളുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുവാന്‍ പ്രാപ്തരാകുക. മാനസികാരോഗ്യം കൈവരിക്കുക.