നാടകം കാണുമ്പോള്‍ അതു പൂര്‍ണ്ണമായി ആസ്വദിക്കണമെങ്കില്‍ അഭിനേതാക്കള്‍ കഴിവുറ്റവരായിരുന്നാല്‍ മാത്രം പോരാ, അതിലെ പശ്ചാത്തലവും സംഗീതവും ലൈറ്റപ്പും എല്ലാം നന്നായിരിക്കണം. രംഗപടമൊരുക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍ നാടകത്തിന്റെ വിജയത്തിനു വലിയ പങ്കു വഹിക്കുന്ന ഒരാളാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് വര്‍ക്കലഭാഗത്തൊരിടത്ത് ഒരു കല്യാണത്തില്‍ പങ്കെടുത്തത് എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഓഡിറ്റോറിയത്തില്‍ കാലു കുത്തിയപ്പോള്‍ത്തന്നെ ഞാന്‍ അന്തിച്ചുനിന്നുപോയി. എവിടെയാണു ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്, ദേവലോകത്താണോ? അതോ ഭൂമിയില്‍ത്തന്നെയോ? അല്പം സമയമെടുത്തു കാര്യങ്ങള്‍ ശരിക്കു മനസ്സിലാകാന്‍. പരമശിവന്റെ കൈലാസം സുജാതന്‍ അതേപടി പുനര്‍സൃഷ്ടിച്ചിരിക്കുകയായിരുന്നു അവിടെ. വരനും വധുവും ശിവപാര്‍വതിമാരെപ്പോലെ വെട്ടിത്തിളങ്ങുന്നു. വന്നുചേര്‍ന്ന അതിഥികളെല്ലാം ഒരുപോലെ കണ്ണുമിഴിച്ചു കാഴ്ച കാണുകയാണ്. എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു. ഇതു കൂടാതെ എത്രയോ ഘോഷയാത്രകളിലും ഉത്സവങ്ങളിലും അദ്ദേഹത്തിന്റെ കരവിരുത് നേരിട്ടുകണ്ടിട്ടുണ്ട്! ഗുരുവായൂരപ്പന്‍, ഏറ്റുമാനൂരപ്പന്‍ തുടങ്ങി എത്രയെത്ര അവതാരങ്ങള്‍ ആ കരങ്ങളിലൂടെ ജന്മംകൊണ്ടിരിക്കുന്നു!
കോട്ടയത്തിനടുത്ത് തിരുവാതുക്കലാണ് അദ്ദേഹത്തിന്റെ സ്റ്റേജ് ക്രാഫ്റ്റ് എന്ന സ്ഥാപനം. വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാര്യമുണ്ട്, ഇടയ്ക്കിടെ കൈയിലെ ബ്രഷ് ചായത്തില്‍ മുക്കി മുന്നിലെ ക്യാന്‍വാസില്‍ എന്തോ തോണ്ടുന്നു. കുറച്ചുകഴിയുമ്പോള്‍ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു ഒരു തെങ്ങ്, പ്ലാവ്, കുറ്റിച്ചെടികള്‍!
മേയ് മാസംമുതല്‍ ഒരു നാലഞ്ചു മാസംകൊണ്ടാണ് ഓരോ സമിതിയും പുതിയ നാടകത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുക. ആ സമയത്ത് ദിവസവും നാലും അഞ്ചും നാടകവണ്ടികള്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിനു മുമ്പില്‍ കാത്തുകിടപ്പുണ്ടാകും. അദ്ദേഹത്തിന്റെ അനാസ്ഥമൂലം ഒരു നാടകത്തിന്റെയും ഉദ്ഘാടനം മുടങ്ങിയിട്ടില്ല. സമയബന്ധിതമായി എല്ലാക്കാര്യങ്ങളും സുജാതന്‍ ചെയ്തിരുന്നു. ഒരു നാടകസംവിധായകന്‍ തന്റെ പുതിയ നാടകത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ സുജാതന്‍ ഒരു റഫ് സ്‌കെച്ച് വരച്ചുകാണിക്കും. മിക്കപ്പോഴും അതു സംവിധായകന്റെ ഭാവനയ്ക്കും അപ്പുറമായിരിക്കും. ഉദാഹരണത്തിന്, നമ്മള്‍ പറയുകയാണ്: ''ഒരു ഇടത്തരം വീട്, മുറ്റത്തു കിണര്‍, ഒരു ഭാഗത്ത് ഒരു കുടുംബക്ഷേത്രം, ഇടതുവശത്ത് മറ്റൊരു വീടിന്റെ മേല്‍ക്കൂര കാണാം.'' ഇത്രയും കിട്ടിയാല്‍ മതി, അദ്ദേഹം ഉടനേ വരച്ചുകാണിക്കുന്നു. കിണര്‍ മാത്രമല്ല, വെള്ളം കോരാനുള്ള ചാടും കയറും ചുറ്റുമതിലുമൊക്കെ ചിത്രത്തില്‍ലുണ്ടാകും. തുടക്കത്തില്‍ ഒരു പെണ്‍കുട്ടി ഒരു കുടം വെള്ളവുമായി വരുന്ന രംഗമാണ് എന്നു സങ്കല്പിക്കുക, നാടകത്തിന്റെ തുടക്കത്തില്‍ സ്റ്റേജില്‍നിന്നുതന്നെ വെള്ളം കോരുന്ന സീന്‍ കാണിക്കാന്‍ പറ്റും. ഇങ്ങനെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നവിധത്തിലാണ് അദ്ദേഹത്തിന്റെ ഓരോ സെറ്റിംഗ്‌സും. കേരളത്തില്‍ മാത്രമല്ല, ഗള്‍ഫ്‌നാടുകളില്‍ അദ്ദേഹം രംഗപടം ഒരുക്കിയിട്ടുണ്ട്. കുവൈത്തിലെ കല്പക തിയേറ്റേഴ്‌സിന്റെ 'ഒഥല്ലോ' നാടകത്തിന്റെ രംഗപടം ഒരുക്കിയതിലൂടെ പാശ്ചാത്യ ശൈലിയും തനിക്കിണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.
കോട്ടയം തിരുവാതുക്കല്‍ ആര്‍ട്ടിസ്റ്റ് കേശവന്‍ സ്മാരകകലാമന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ നാടകങ്ങള്‍ അരങ്ങേറാറുള്ള ചില നാടകങ്ങളില്‍ അദ്ദേഹം അഭിനയിക്കുക മാത്രമല്ല, സംവിധാനം നിര്‍വ്വഹിക്കുകകൂടി ചെയ്യാറുണ്ട്. വിശ്വപ്രസിദ്ധമായ 'ഡ്രാക്കുള' യുടെ നാടകാവിഷ്‌കാരം സുജാതനും കൂട്ടരും അവതരിപ്പിച്ചത് ഞാന്‍ കണ്ടിരുന്നു. പ്രൊഫഷണല്‍ ട്രൂപ്പായ കലാനിലയത്തിന്റെ നാടകങ്ങളോടു കിടപിടിക്കുന്ന സെറ്റിംഗ്‌സും ലൈറ്റപ്പും ആ നാടകത്തിനുണ്ടായിരുന്നു. സീരിയസ് റോളുകള്‍ മാത്രമല്ല, കോമഡിയും അദ്ദേഹത്തിനു നന്നായി ഇണങ്ങും.
1951 മേയ് 8 നാണ് അദ്ദേഹത്തിന്റെ ജനനം. അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ സപ്തതിയാണ്.