•  21 Nov 2024
  •  ദീപം 57
  •  നാളം 37
അരങ്ങും അണിയറയും

രംഗപടം സുജാതന്‍

ലയാളനാടകപ്രസ്ഥാനത്തെപ്പറ്റി പറയുമ്പോള്‍ അതിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച ഒരു അതുല്യപ്രതിഭയെ ഓര്‍മ്മിക്കാതെ പോകുന്നതു ശരിയല്ല. ആരാണതെന്നല്ലേ, ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നറിയപ്പെടുന്ന കലാരത്‌ന സുജാതന്‍. കേരളത്തിലെ പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്കെല്ലാംതന്നെ സ്റ്റേജ് സെറ്റിംഗ്‌സ് ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ചുകൊടുക്കുന്ന അനുഗൃഹീത കലാകാരനാണ് അദ്ദേഹം.
അരനൂറ്റാണ്ടുമുമ്പ് അമച്വര്‍ നാടകവേദി വളരെ ശക്തമായിരുന്ന കാലഘട്ടത്തില്‍ ഈ രംഗത്തു പ്രവര്‍ത്തിച്ചുവന്ന ഒരു സ്ഥാപനമുണ്ടായിരുന്നു കോട്ടയത്ത്. പ്രാദേശിക സമിതികള്‍ക്കു സ്വന്തമായി കര്‍ട്ടനുകള്‍ ഉണ്ടായിരുന്നില്ല. അവര്‍ക്കായി ഫ്രണ്ട് കര്‍ട്ടണ്‍, പിന്നില്‍ വരേണ്ട കുടില്‍, കൊട്ടാരം, സീനറി ഇവയെല്ലാം തുണിയില്‍ വരച്ച് വാടകയ്ക്കു കൊടുക്കുന്ന ഈ സ്ഥാപനം സുജാതന്റെ അച്ഛന്‍ ആര്‍ട്ടിസ്റ്റ് കേശവനാണ് നടത്തിയിരുന്നത്. ഇന്നു നാം കാണുന്ന തരത്തിലുള്ള ഫുള്‍ ഫ്രെയിം വര്‍ക്കില്‍ തുണിയടിച്ചു നിര്‍മ്മിക്കുന്ന സെറ്റുകള്‍ ആ കാലത്തില്ലായിരുന്നു. ഒരു നാടകത്തിനുവേണ്ട എല്ലാത്തരം കര്‍ട്ടനുകളും ഒരു വലിയ കെട്ടായി നാടകസ്ഥലങ്ങളില്‍ കേശവന്‍ചേട്ടനോ അദ്ദേഹത്തിന്റെ ശിഷ്യന്മാരോ എത്തിച്ചിരുന്നു. അമച്വര്‍ സമിതികള്‍ക്കു വലിയ സഹായമായിരുന്നു ഇത്.
അച്ഛനോടൊപ്പം വളരെ ചെറിയ പ്രായത്തില്‍ത്തന്നെ സുജാതന്‍ ഈ രംഗത്തെത്തി. ചെറുപ്പകാലത്തു ഞാന്‍ കണ്ട പ്രൊഫഷണല്‍ നാടകങ്ങളിലെ അനൗണ്‍സ്‌മെന്റ് ഇപ്പോഴും ഓര്‍ക്കുന്നു: 'രംഗപടം - ആര്‍ട്ടിസ്റ്റ് കേശവനും പുത്രന്‍ സുജാതനും.' അച്ഛന്റെ കാലശേഷം സുജാതന്‍ ആ ദൗത്യം ഏറ്റെടുത്തു. കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സിന്റെ 'നിശാഗന്ധി' എന്ന നാടകത്തിനുവേണ്ടിയാണ് 1973-ല്‍ ആദ്യമായി സ്വതന്ത്രമായി വര്‍ക്കു ചെയ്തത്. അതിനുശേഷം ഏതാണ്ട് 3500-ലധികം നാടകങ്ങള്‍. ബാലെകള്‍ വേറേ. പുതുപുത്തന്‍ ആശയങ്ങളുമായി ഇന്നും സജീവമായി രംഗത്തുള്ള അദ്ദേഹം മലയാളനാടകവേദിയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. കേരളസംഗീതനാടകഅക്കാദമി ഫെലോഷിപ്പ് നല്‍കി അദ്ദേഹത്തെ ആദരിച്ചതിന്റെ കാരണവും മറ്റൊന്നല്ല. 2011-ല്‍ ശ്രീ സൂര്യകൃഷ്ണമൂര്‍ത്തി അക്കാദമി ചെയര്‍മാനായിരുന്ന ആ വര്‍ഷം ഫെലോഷിപ്പ്‌ജേതാക്കള്‍ക്കുള്ള അവാര്‍ഡ് 'കലാരത്‌ന' എന്ന പേരിലായിരുന്നു. അന്നുമുതല്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ കലാരത്‌ന സുജാതനായി മാറി.
1982-ല്‍ കൊല്ലം ട്യൂണയുടെ, ശ്രീ തിലകന്‍ സംവിധാനം ചെയ്ത 'അബ്കാരി' എന്ന നാടകത്തിലെ സെറ്റിംഗ്‌സ് ഓര്‍ത്തുപോകുന്നു ഞാന്‍. സ്റ്റേജില്‍ ഒരു ബഹുനിലക്കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറാണ്. ഇടതുവശത്ത് സ്റ്റെയര്‍കെയ്‌സ് മുകളിലേക്ക്. ഏതാണ്ട് മധ്യഭാഗത്തായി ഒരു ലിഫ്റ്റ്. ചില കഥാപാത്രങ്ങള്‍ പുറത്തുനിന്നാണു വരുന്നതെങ്കില്‍, മറ്റു ചിലര്‍ ലിഫ്റ്റിലൂടെ താഴേക്കു വരുന്നു. ചിലരൊക്കെ ഇതിലൂടെ മുകളിലേക്കു പോകുന്നു. ലിഫ്റ്റ് ചലിക്കുന്ന ശബ്ദം കേട്ടുതുടങ്ങുമ്പോള്‍ താഴേക്കുള്ള ഒരു ആരോമാര്‍ക്ക് തെളിയുന്നു. ലിഫ്റ്റിനു മുമ്പിലെ കൊളാപ്‌സിബിള്‍ ഗേറ്റിനിടയിലൂടെ കാബിന്‍ താഴേക്കു വരുന്നതു കാണാം. അതു തറയില്‍ മുട്ടിക്കഴിഞ്ഞ് അതിന്റെ ഡോര്‍ രണ്ടായി മാറുന്നു. ഗേറ്റ് തുറന്ന് ആള്‍ സ്റ്റേജിലേക്കു വരുന്നു. മുകളിലേക്കു പോകുന്നതിനു ഗേറ്റ് തുറക്കുമ്പോള്‍ കാബിന്‍ഡോര്‍ രണ്ടായി മാറുകയും ആള്‍ അകത്തു കയറി ഗേറ്റ് അടച്ചു കഴിയുമ്പോള്‍ ഡോറടഞ്ഞു കാബിന്‍ മുകളിലേക്കു പൊങ്ങുകയും സിഗ്‌നല്‍ ലൈറ്റ് തെളിഞ്ഞുവരുകയും ചെയ്യുന്നു. നാടകം കണ്ടുകഴിഞ്ഞ് ജിജ്ഞാസുക്കളായ പലരും ഇതിന്റെ രഹസ്യമറിയാന്‍ വന്നു നോക്കാറുണ്ടായിരുന്നു. പക്ഷേ, ആരെയും കാണിച്ചുകൊടുത്തിട്ടില്ല. കാര്യം നിസ്സാരമായിരുന്നുവെങ്കിലും ആര്‍ക്കും പറഞ്ഞുകൊടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ ഞാനും ഇവിടെ അതു വെളിപ്പെടുത്തുന്നില്ല.
കെപിഎസിയുടെ 'കൈയും തലയും പുറത്തിടരുത്' എന്ന തോപ്പില്‍ഭാസിനാടകത്തില്‍ ഒരു കെഎസ്ആര്‍ടിസി ബസിന്റെ ഉള്‍ഭാഗം കാണിക്കുന്നുണ്ട്. സൈഡിലെ ഷട്ടറുകളും സീറ്റുകളുമെല്ലാം ഒറിജിനല്‍പോലെതന്നെ. നമുക്കു തോന്നും വണ്ടി മുന്നോട്ടു പോവുകയാണെന്ന്. ഇങ്ങനെ ഒരദ്ഭുതം സൃഷ്ടിക്കാന്‍ മുപ്പതു വര്‍ഷം മുമ്പ് അദ്ദേഹത്തിനു കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.
ശ്രീ സുജാതന്റെ വീടും വര്‍ക്ക് ഷോപ്പും അടുത്തടുത്താണ്. അദ്ദേഹത്തിന്റെ വീട്ടിലേക്കു കയറിയാല്‍ ആദ്യം കാണുന്നത് ഒരു വലിയ വിസിറ്റിംഗ് റൂമാണ്. ഇടതുവശത്ത് രണ്ടു വലിയ ഷെല്‍ഫിലായി കുറേയേറെ ഗ്രന്ഥങ്ങള്‍ അടുക്കിവച്ചിരിക്കുന്നതു കാണാം. അതിനിടയിലൂടെയാണ് അദ്ദേഹം ഇറങ്ങിവരുന്നത്. കാരണം, ഈ ഷെല്‍ഫും പുസ്തകങ്ങളുമെല്ലാം വരച്ചുവച്ചതാണ്, യഥാര്‍ത്ഥമല്ല. എന്നാല്‍ വരച്ചതാണെന്നു തോന്നുകയുമില്ല. അകത്തേക്കാണു വാതിലുകള്‍ തുറക്കുക. അതുകൊണ്ട് അങ്ങനെ ഒന്നവിടെയുണെ്ടന്നു പിടികിട്ടില്ല. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒന്നു വാഷ്‌റൂമില്‍ പോകണമെന്നു തോന്നിയാല്‍, അദ്ദേഹം അത് എവിടെ എന്നു ചൂണ്ടിക്കാണിച്ചുതരും. അവിടെയെത്തുമ്പോള്‍ ഒരു ചെറിയ ഡോര്‍ കാണാം. വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. കാരണം അതു വരച്ചുവച്ചതാണ്. ആ ഭാഗം ഒരു ഓലപ്പുരപോലെ വരച്ചുവച്ചിരിക്കുന്നതിനാല്‍ ഡോറും സാക്ഷയും ഒന്നും കാണുകയില്ല. ചമ്മലോടെ നിന്നു പരുങ്ങുമ്പോള്‍ അദ്ദേഹം തന്നെ വന്നു വാതില്‍ തുറന്നുതരും. തുറക്കുമ്പോള്‍ അകത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ബാത്‌റൂം!
നാടകഅവാര്‍ഡുകള്‍ പ്രഖ്യാപിച്ച അന്നുമുതല്‍ രംഗപടത്തിനുള്ള അവാര്‍ഡിന് സുജാതന്‍ എന്നു മാത്രമേ കേള്‍ക്കാറുള്ളൂ. അപൂര്‍വ്വം ചില വര്‍ഷങ്ങളില്‍ മാത്രമേ മറ്റാര്‍ക്കെങ്കിലും കിട്ടിയിട്ടുള്ളൂ. മലയാളനാടകവേദിയുടെ അഭിമാനമായ ഒരു കലാകാരനാണ് കലാരത്‌ന സുജാതന്‍, നമ്മുടെ സുജാതന്‍. അദ്ദേഹത്തെപ്പറ്റി ഇനിയും പറയാനുണ്ട്. അടുത്ത അദ്ധ്യായത്തില്‍ തുടരാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)