കൈക്കൂലി വാങ്ങുന്നവന്‍ അടിസ്ഥാനപരമായി പണമോഹിയാണ്. അനീതിയുടെ പണം കുടുംബത്തു പ്രവേശിക്കുന്നതു നന്നല്ല, കാരണം, അനീതിയിലൂടെ സമ്പാദിക്കുന്ന പണം തിന്മ നിറഞ്ഞതാണ്. അതൊരിക്കലും ശാശ്വതമായ പുരോഗതി നല്കുകയില്ല, എന്തെന്നാല്‍, അത് ദൈവാനുഗ്രഹമില്ലാത്ത പണമാണ്.
ശരിയായ നീതിബോധമുള്ളവന്‍ കൈക്കൂലി വാങ്ങുകയില്ല. ഒരുവന്‍ നീതിപീഠത്തില്‍ ഇരിക്കുന്നവനാണെങ്കില്‍ കൈക്കൂലി വാങ്ങി ഒരാള്‍ക്കു നീതി നിഷേധിക്കുകയും അപരന് അര്‍ഹിക്കാത്തതു ലഭിക്കാന്‍ ഇടയാക്കുകയും ചെയ്യരുത്: ''നിന്റെ വിധികള്‍ നീതിവിരുദ്ധമായിരിക്കരുത്. നീ പക്ഷപാതം കാട്ടുകയോ കൈക്കൂലി വാങ്ങുകയോ അരുത്. എന്തെന്നാല്‍, കൈക്കൂലി ജ്ഞാനിയെ അന്ധനാക്കുകയും നീതി നിഷേധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.'' (നിയമ. 16:19). കൈക്കൂലി ജ്ഞാനിയെ അവന്റെ വിജ്ഞാനം ഉപയോഗിക്കാന്‍ പറ്റാത്തവനാക്കിത്തീര്‍ക്കുന്നു. പണം എല്ലാവര്‍ക്കും ഒരു ബലഹീനതയാണ്; ആ ബലഹീനത കൈക്കൂലിയിലേക്ക് ആകര്‍ഷിക്കുകയും, തുടര്‍ന്ന് നീതി നിഷേധിക്കാന്‍ തക്കവിധം മനസ്സിനെ അന്ധമാക്കുകയും ചെയ്യുന്നു. അങ്ങനെ അവന്റെ ഇരിപ്പിടം അനീതിയുടേതായിത്തീരുന്നു.
ബൈബിളിലെ സാമുവലിന്റെ മക്കളായ ജോയേലും അബിയായും ന്യായാധിപന്മാരായി നിയമിക്കപ്പെട്ടെങ്കിലും അവര്‍ പിതാവിന്റെ മാര്‍ഗം പിന്‍തുടര്‍ന്നില്ല; കാരണം, അവര്‍ പണമോഹികളായിരുന്നു: ''സാമുവല്‍ വൃദ്ധനായപ്പോള്‍ മക്കളെ ഇസ്രായേലില്‍ ന്യായാധിപന്മാരായി നിയമിച്ചു. മൂത്തമകന്‍ ജോയേലും രണ്ടാമന്‍ അബിയായും ബേര്‍ഷെബായില്‍ ന്യായാധിപന്മാരായിരുന്നു. അവര്‍ പിതാവിന്റെ മാര്‍ഗം പിന്‍തുടര്‍ന്നില്ല. പണമായിരുന്നു അവരുടെ ലക്ഷ്യം; അവര്‍ കൈക്കൂലി വാങ്ങുകയും അനീതി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു'' (1 സാമു. 8:1-3). കൈക്കൂലി സമൂഹത്തിന്റെ സ്വാഭാവികസന്തോഷം കെടുത്തുന്നു; സമൂഹജീവിതത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായി അതു വളരുകയും ചെയ്യുന്നു.
ദൈവഭയമുള്ളവനും നല്ല മനസ്സുള്ളവനും ഒരിക്കലും കൈക്കൂലി വാങ്ങുകയില്ല. നല്ല മനസ്സുള്ളവന്‍ അവന്റെ നല്ല മനസ്സിനെ മലിനമാക്കുവാന്‍ ഇഷ്ടപ്പെടുകയില്ല. ''...കൈക്കൂലി മനസ്സിനെ ദുഷിപ്പിക്കുന്നു'' (സഭാ. 7:7). ഈ സത്യം ധ്യാനവിഷയമാക്കുന്നവന്‍, സ്വന്തം മനസ്സിനെ നിര്‍മലമായി സൂക്ഷിക്കുവാന്‍ എപ്പോഴും ശ്രദ്ധിക്കും: ''നീതിയുടെ മാര്‍ഗത്തില്‍ ചരിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവന്‍, മര്‍ദനംവഴിയുള്ള നേട്ടം വെറുക്കുന്നവന്‍, കൈക്കൂലി വാങ്ങാതിരിക്കാന്‍ കൈ കുടയുന്നവന്‍, രക്തച്ചൊരിച്ചിലിനെപ്പറ്റി കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തുന്നവന്‍, തിന്മ ദര്‍ശിക്കാതിരിക്കാന്‍ കണ്ണുകളടയ്ക്കുന്നവന്‍ - അവന്‍ ഉന്നതങ്ങളില്‍ വസിക്കും'' (ഏശ. 33:15).
കൈക്കൂലിവഴി ലഭിക്കുന്ന പണം ദൈവത്തിന്റെ അനുഗ്രഹം ഇല്ലാത്തതാണ്. അത് ശാശ്വതമായ സന്തോഷവും അഭിവൃദ്ധിയും തരുകയില്ല. അത് നിത്യസൗഭാഗ്യത്തിലേക്കുള്ള യാത്രയ്ക്കു വിലങ്ങുതടിയുമാണ്. കൈക്കൂലി വാങ്ങുന്നവന്റെ മനസ്സാക്ഷി അവനെ എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. എന്നാല്‍, കൈക്കൂലി വാങ്ങാന്‍ അവസരമുണ്ടായിരുന്നിട്ടും അതു വാങ്ങാതിരുന്നവന്റെ മനസ്സു പ്രശാന്തമായിരിക്കും; അവന്‍ സന്തോഷത്തോടും സമാധാനത്തോടുംകൂടെ ഏറെനാള്‍ ജീവിക്കും.
കൈക്കൂലിവഴി എളുപ്പത്തില്‍ ലഭിച്ച പണം ഒരുവന്‍ അധ്വാനിച്ചുണ്ടാക്കിയ പണത്തെയും ദുഷിപ്പിക്കും. അധ്വാനിച്ചുണ്ടാക്കിയ പണം മാത്രം കൈയിലുള്ളവന്‍ ഭാഗ്യവാന്‍; അവന്‍ മനസ്സമാധാനത്തോടെയും കുറ്റബോധമില്ലാതെയും ജീവിച്ച് അഭിവൃദ്ധി പ്രാപിക്കും. ദൈവാനുഗ്രഹത്താല്‍ അവന്‍ സമ്പന്നനാവുകയും ചെയ്യും. അവന്റെ കൈയിലുള്ള പണം അധ്വാനത്തിന്റെ ഫലമാകയാല്‍ അതു ശുദ്ധമായ പണമാണ്, അത് എന്നും പൊലിച്ചുകൊണ്ടിരിക്കും.