•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ദയാലുമുത്തശ്ശിയും പഞ്ചവര്‍ണത്തത്തയും

രിടത്ത് ഒരു ദയാലുമുത്തശ്ശി ഉണ്ടായിരുന്നു. പക്ഷികളെയും മൃഗങ്ങളെയുമെല്ലാം ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരു മുത്തശ്ശിയായിരുന്നു അത്.
ഒരിക്കല്‍ ദയാലുമുത്തശ്ശി വടിയും കുത്തിപ്പിടിച്ച് വടവാതൂരമ്പലത്തില്‍ തൊഴാന്‍ പോവുകയായിരുന്നു. അപ്പോഴാണ് കാലൊടിഞ്ഞ ഒരു പഞ്ചവര്‍ണത്തത്ത ''കീ കീ'' എന്നു കരഞ്ഞുകൊണ്ട് മുത്തശ്ശിയുടെ മുന്നില്‍ വന്നു വീണത്.
അതുകണ്ട് ഒരുകൂട്ടം വികൃതിപ്പയ്യന്മാര്‍ ഓടിക്കൂടി തത്തമ്മയെ പിടിക്കാന്‍ നോക്കി. അപ്പോള്‍ തത്തമ്മ പറഞ്ഞു:
''ദയാലുവായൊരു മുത്തശ്ശീ
കനിവേറുന്നൊരു മുത്തശ്ശീ
കുട്ടികള്‍ വന്നു പിടിക്കാതെ
കാത്തീടേണം നീയെന്നെ!''
ദയാലുമുത്തശ്ശി വേഗം തന്റെ ഊന്നുവടി ഉയര്‍ത്തിക്കാണിച്ച് വികൃതിപ്പയ്യന്മാരെയെല്ലാം അവിടെനിന്ന് ആട്ടിയോടിച്ചു. അതിനുശേഷം തത്തയെ എടുത്ത് തന്റെ കുടിലിലേക്കു കൊണ്ടുപോയി. പച്ചമരുന്നു വച്ചുകെട്ടിയും പാലും പഴവും വാങ്ങിക്കൊടുത്തും ദയാലുമുത്തശ്ശി ഏതാനും ദിവസം അതിനെ അവിടെ വളര്‍ത്തി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ പഞ്ചവര്‍ണത്തത്തയുടെ മുറിവെല്ലാം ഉണങ്ങി. അപ്പോള്‍ മുത്തശ്ശി പറഞ്ഞു: ''തത്തക്കുട്ടീ ചക്കരക്കുട്ടീ, മുറിവെല്ലാം ഉണങ്ങിയല്ലോ. ഇനി നീ നിന്റെ വീട്ടിലേക്കു പൊയ്‌ക്കോളൂ.'' മുത്തശ്ശി അതിനെ സ്വതന്ത്രയാക്കി വിട്ടു. 'അമ്മൂമ്മയ്ക്കു നല്ലതു വരട്ടെ' എന്നാശംസിച്ചുകൊണ്ട് തത്തമ്മ പറന്നുപോയി.
നാളുകള്‍ പലതു കഴിഞ്ഞു. കഞ്ഞിപോലും കുടിക്കാനില്ലാതെ ദയാലുമുത്തശ്ശി  വീട്ടുമുറ്റത്ത് കൂനിക്കൂടി ഇരിക്കുകയായിരുന്നു. അപ്പോള്‍ മാനത്തുനിന്ന് ഒരു പഞ്ചവര്‍ണ്ണത്തത്ത മുത്തശ്ശിയുടെ അരികില്‍ പറന്നെത്തി. അതിന്റെ ചുണ്ടില്‍ മിനുമിനുത്ത ഒരു പൊന്മുട്ട ഉണ്ടായിരുന്നു. പൊന്‍മുട്ട മുത്തശ്ശിയുടെ കാല്‍ക്കല്‍ വച്ചിട്ട് തത്ത പറഞ്ഞു:
''ദയാലുവമ്മേ നീയെന്നെ
രക്ഷിച്ചതു ഞാനോര്‍ക്കുന്നു.
ഇതാ, നിനക്കൊരു പൊന്മുട്ട,
വേഗം ചന്തയില്‍ വിറ്റോളൂ!''
തത്ത പറന്നു മറഞ്ഞപ്പോള്‍ ദയാലുവമ്മൂമ്മ പൊന്മുട്ട കൊണ്ടുപോയി ചന്തയില്‍ വിറ്റു. അവര്‍ക്കു കൈനിറയെ പണം കിട്ടി.
ദയാലുവമ്മയ്ക്ക് പൊന്മുട്ട കിട്ടിയ കാര്യം അയല്‍പക്കത്തു താമസിക്കുന്ന ദുരാസുവപ്പൂപ്പന്‍ അറിഞ്ഞു. അയാള്‍ ആളൊരു ദുരാഗ്രഹിയായിരുന്നു.
ദുരാസുവപ്പൂപ്പന്‍ എവിടെനിന്നോ ഒരു തത്തമ്മയെ പിടിച്ച് കാലൊടിച്ച് വീട്ടില്‍ കൊണ്ടുവന്ന് വളര്‍ത്താന്‍ തുടങ്ങി.
കുറേ ദിവസം ശുശ്രൂഷിച്ച് കാലുകള്‍ നേരെയാവുംമുമ്പേ അയാളതിനെ തല്ലിയോടിക്കുകയും ചെയ്തു. എന്നിട്ട് തത്തയുടെ വരവും കാത്ത് വീട്ടുമുറ്റത്ത് കാവലിരുന്നു.
കുറേ ദിവസം കഴിഞ്ഞപ്പോള്‍ ചുണ്ടിലൊരു മുട്ടയും കൊത്തിപ്പിടിച്ച് തത്തമ്മ അവിടെ വന്നെത്തി. അയാള്‍ ആര്‍ത്തിയോടെ ഓടിച്ചെന്ന് മുട്ട കൈക്കലാക്കി. പക്ഷേ, അത് വെറുമൊരു കരിമുട്ടയായിരുന്നു. പെട്ടെന്ന് മുട്ടപൊട്ടി അതിനകത്തുനിന്ന് ഒരു കരിമൂര്‍ഖന്‍ പാമ്പ് പുറത്തേക്കു ചാടി.
ദുരാസുവപ്പൂപ്പന്‍ പേടിച്ച് നാടും വീടുംവിട്ട് എവിടെയോ പോയൊളിച്ചു. ദുരാഗ്രഹവും അത്യാര്‍ത്തിയും കൊണ്ടാണ് തനിക്ക് ഈ ഗതി വന്നതെന്ന് അപ്പൂപ്പനു മനസ്സിലായി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)