എന്താണ് ഈ പി.എം.ശ്രീ കരാര്‍? വ്യക്തികളെ ഉത്പാദനക്ഷമമായ സമഗ്രവളര്‍ച്ചയിലൂടെ രാജ്യപുരോഗതിക്കായി തന്നാലാകുന്നതെല്ലാം ചെയ്യാന്‍ സദാ തയ്യാറായി നില്‍ക്കുന്ന പൗരന്മാരാക്കാന്‍ പരിപോഷണം നല്‍കുന്ന വിദ്യാഭ്യാസം. അക്കാദമികതലത്തിനപ്പുറം കായികക്ഷമതയും കലയും ജീവിതനൈപുണ്യവും ഉറപ്പാക്കുന്ന പഠനക്രമം. പ്രായോഗികപഠനത്തിലും മനസ്സിനെ ഉത്തേജിപ്പിക്കുന്ന യാത്രകളിലും കൈത്തൊഴിലുകളിലും പാചകത്തിലും പൂന്തോട്ടപരിപാലനത്തിലുമൊക്കെ പ്രാവീണ്യമുറപ്പാക്കുന്ന പരിശീലനരീതികള്‍. ഒപ്പം അധ്യാപകരെ ശക്തിപ്പെടുത്തുക, അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക, അധികവിഭവസമാഹരണം ഉറപ്പാക്കുക, തുല്യമായ പരിസ്ഥിതിയും ശാസ്ത്രസാങ്കേതികതയുടെ സംയോജനവും തുടങ്ങി വിദ്യാലയങ്ങളെ മാതൃകാബിംബങ്ങളാക്കുകയെന്ന ലക്ഷ്യം. രണ്ടായിരത്തിഇരുപതിലെ ദേശീയവിദ്യാഭ്യാസനയവുമായി ചേര്‍ന്നുപോകുന്നുവെന്നതും പ്രത്യേകത!
ഇതൊക്കെ പിഎംശ്രീ കരാറിന്റെ ചുരുങ്ങിയ അന്തഃസത്തയാകുമ്പോള്‍; കേള്‍ക്കാനും വായിക്കാനും വാദപ്രതിവാദങ്ങളിലേര്‍പ്പെടാനും സുഖമെന്നു തോന്നുമെങ്കിലും രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷവും ജീവിതനിലവാരവും കാലികമായ പ്രശ്‌നങ്ങളുമൊക്കെ വിലയിരുത്തുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇതിലൂടെയൊക്കെ സാധ്യമാകുന്നുണ്ടോയെന്നു നാം ആഴത്തില്‍ വിലയിരുത്തണം.
പഴയ വിദ്യാഭ്യാസത്തിന്റെ 'വിഷനും മിഷനും' നമുക്കു കൈമോശം വന്നുവോ? വിദ്യാര്‍ഥികളിലെ അച്ചടക്കവും അനുസരണവും സന്മാര്‍ഗബോധവും ധാര്‍മികസഞ്ചാരവും ഇന്നെവിടെ നില്‍ക്കുന്നു? സ്വഭാവശുദ്ധി കൂടാതെയുള്ള അറിവ് അപകടകരവും ഭീകരവുമാണെന്നാണ് മഹദ്വചനം. വിദ്യാഭ്യാസത്തിന്റെ പ്രഥമലക്ഷ്യം സന്മാര്‍ഗവഴിയാണ്. സമസ്തആധുനികപഠനസമ്പ്രദായങ്ങളും സ്ഥാപിച്ചുറപ്പിക്കുമ്പോഴും നമ്മിലെ സമഗ്രമായ മനുഷ്യത്വവും സാഹോദര്യവും സഹിഷ്ണുതയും സമഷ്ടിസ്‌നേഹവും പാര്‍ശ്വവത്കരിക്കപ്പെടാത്ത ജീവിതസാഹചര്യങ്ങളും കുടിയേറ്റഭ്രമത്തില്‍നിന്നു യുവതയെ പിന്തിരിപ്പിക്കുന്ന തൊഴിലും വേതനവും ജീവിതസുരക്ഷയും പി.എം.ശ്രീയില്‍ ഉള്‍പ്പെടുന്നുണ്ടോ? തത്ത്വസംഹിതയില്‍ ഒതുങ്ങുമോ നമ്മുടെ കരാറുകളും വിദ്യാഭ്യാസപരിഷ്‌കാരങ്ങളും? ജീവിതം പഠിപ്പിക്കുന്നതും ജീവിതമൂല്യങ്ങളെ പ്രബോധിപ്പിക്കുന്നതുമാകണം വിദ്യാഭ്യാസം. 'മനസ്സിന്റെ ചാപല്യങ്ങളെയും ബുദ്ധിയുടെ വിവേകക്കുറവിനെയും ശരീരത്തിന്റെ ദൗര്‍ബല്യത്തെയും നീക്കിനിറുത്തിയും നിയന്ത്രിച്ചും മനുഷ്യരെ വളരാന്‍ സഹായിക്കുന്നതാണ് വിദ്യാഭ്യാസം' എന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരിക്കുന്നത്. പ്രകാശത്തെ ശാസ്ത്രം വിശകലനം ചെയ്യുമ്പോള്‍ ഏഴു നിറമുണ്ടെങ്കിലും വെളിച്ചം നിറമില്ലാത്തവിധം സമസ്തലോകത്തെയും വഴിനയിക്കുന്നത് രാഷ്ട്രീയക്കാര്‍ ഒന്നു ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. ഭിന്നിപ്പ് ഏതു നിലയ്ക്കും നഷ്ടങ്ങളുടെയും നാശത്തിന്റെയും കാരണമാകുന്നതാണ്.
വിദ്യാര്‍ഥിയുടെ സമഗ്രപുരോഗതി എന്ന നിരീക്ഷണത്തില്‍ വിദ്യാര്‍ഥിയുടെ 'നിറം' മനുഷ്യന്‍ എന്നാണെന്നു മറക്കാതിരിക്കാം. തമ്മിലടിക്കുന്ന രാഷ്ട്രീയം രാഷ്ട്രനിര്‍മിതിയില്‍ ഗുണം ചെയ്യില്ല. സംവാദമാകാം; പക്ഷേ, മനുഷ്യത്വം വെടിയാത്ത സമന്വയത്തില്‍ സംവാദങ്ങള്‍ സമവായത്തിലെത്തണം. പുരോഗതി നമ്മുടേതാകണം. വിദ്യാഭ്യാസത്തിന് വിഭാഗീയത എന്ന പദം യോജിക്കില്ലെന്ന് 'വിദഗ്ധര്‍' അറിയണം. ജ്ഞാനം ദൈവത്തില്‍ തുടങ്ങി ദൈവത്തിലവസാനിക്കുന്നതാണ്. ഇതിനിടയില്‍ സിലബസും കരിക്കുലവും കലഹത്തിലാകരുത്. നന്മയില്‍ തുടങ്ങി നന്മയില്‍ അവസാനിക്കുന്ന പഠനം കാര്യക്ഷമമാകണം.
ഇന്നത്തെ തട്ടിപ്പുകളും വെട്ടിപ്പുകളും അക്രമങ്ങളും അനാശാസ്യങ്ങളും അചിന്തനീയകുറ്റകൃത്യങ്ങളുമൊക്കെ 'പഠന'മില്ലാത്തവരാണോ ചെയ്യുന്നത്? എ.ഐ.പോലും അരുതാത്ത നേട്ടങ്ങള്‍ക്കായി നിഗൂഢമായി ഉപയോഗിക്കുമ്പോള്‍ നമ്മുടെ പഠനപദ്ധതികളുടെ 'തലച്ചോര്‍' സല്‍ഗുണസംബന്ധിയാണോയെന്നു ചിന്തിക്കണം. നമ്മുടെ കലാലയങ്ങളില്‍ കൗമാരക്കാര്‍പോലും തമ്മിലടിക്കുന്ന വാര്‍ത്തകള്‍ കാണുന്നു; കലാലയരാഷ്ട്രീയം സൗഹൃദമില്ലാത്തവിധം കലഹത്തിന്റേതും അക്രമത്തിന്റേതുമായി മാറുന്നതും കാണാം. വിദ്യാര്‍ഥികള്‍ കൂട്ടില്ലാത്തവിധം സഹപാഠികളാകുന്നതില്‍ അര്‍ഥമുണ്ടോ? പദ്ധതികളും നവീകരണങ്ങളും എത്രതന്നെ മികവുറ്റതാണെങ്കിലും അസഹിഷ്ണുത ആപത്തല്ലേ?
പെരുകുന്ന ആത്മഹത്യകള്‍ വിദ്യാഭ്യാസയോഗ്യതയുടെ കുറവാണോ? നിസ്സാരകാരണങ്ങളാല്‍ ജീവിതം ഉപേക്ഷിക്കുന്ന പ്രവണതയേറുമ്പോഴും പാഠ്യപദ്ധതികള്‍ നവീനമാക്കുന്ന തിരക്കിനു ശമനമില്ലല്ലോ? സമൂഹത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ പ്രായോഗികമായി ഇടപെടുന്നതും സമൂഹത്തിന്റെ സമഗ്രപുരോഗതിക്കു വഴിതുറക്കുന്നതുമാകണം വിദ്യാഭ്യാസസമ്പ്രദായങ്ങള്‍!
നമ്മുടെ നാടിന്റെ ഇന്നത്തെ പ്രശ്‌നം വിദ്യാഭ്യാസത്തിന്റെ അഭാവമല്ല; മറിച്ച്, ഉന്നതവും ബഹുമുഖവുമായ പഠനസമ്പ്രദായങ്ങള്‍ക്കു തൊഴിലും ജീവിതവുമായി ബന്ധമില്ലെന്നതാണ്. നമ്മുടെ യുവതയും കൗമാരക്കാരും കുടിയേറ്റഭ്രമത്തിലാകുമ്പോള്‍ നമ്മുടെ മക്കള്‍ ഈ നാട്ടില്‍ ചെയ്ത വിദ്യാഭ്യാസത്തിന് മറുനാട്ടില്‍ തൊഴില്‍സംബന്ധിയായ മൂല്യമുണ്ടോ? വളരെയധികം പണംമുടക്കി ഈ നാട്ടില്‍ ചെയ്യുന്ന വിദ്യാഭ്യാസം കൊണ്ടുതന്നെ രക്ഷിതാക്കളും ബന്ധുക്കളും കുടുംബവുമൊക്കെ കനത്ത ബാധ്യതയിലാകുന്നു. ഇതു പരിഹരിക്കാനാകുന്ന തൊഴിലും വേതനവും നമ്മുടെ നാട്ടിലില്ലെന്നുള്ള കാരണത്താല്‍ വീടും സ്ഥലവും പണയപ്പെടുത്തി ലോണുമെടുത്ത് വിദേശത്തേക്കു പറക്കുന്നു. പോയവര്‍ക്കു പിന്നീട് മടക്കസാധ്യതകളില്ല; കുടുംബാംഗങ്ങളും താമസിയാതെ വിദേശത്തേക്കു പോകും. നമ്മുടെ നാട്ടില്‍ മലയാളികള്‍ ഇല്ലെന്നാകും; ഒപ്പം മലയാളമറിയാവുന്നവരും ഭാവിയില്‍ ഇവിടെയില്ലാതാകുമെന്നു വിദ്യാഭ്യാസവിദഗ്ധര്‍ തിരിച്ചറിയണം. മലയാളത്തെ പുച്ഛിക്കുന്ന നമ്മുടെ സമ്പ്രദായങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ലോകചിന്തയില്‍നിന്നു മായിച്ചുകളയും. വളരെ സങ്കീര്‍ണവും ഗുരുതരവുമായ കാലികപ്രശ്‌നമാണ് നാടിന്റെ മക്കളുടെ കൂട്ടത്തോടെയുള്ള കുടിയേറ്റം!
വിദ്യാഭ്യാസം യഥാകാലം തലമുറയുടെ പുരോഗതിക്കും നിലനില്പിനും ഉപയുക്തമാകണം. ഏറ്റവും സന്തോഷമുള്ള ജനതയെന്നു സാധാരണ പറയുന്ന ഫിന്‍ലന്‍ണ്ടുപോലുള്ള രാജ്യത്ത് അവസരങ്ങള്‍ക്കു തുല്യമായ വിദ്യാഭ്യാസമാണു നടക്കുന്നത്. വ്യക്തികളുടെ കഴിവിനു സമാനമായി പഠനങ്ങളെ ഉപയോഗപ്പെടുത്താനും തൊഴില്‍നേടാനും കഴിയുന്നുവെന്നതും പ്രധാനമാണ്.
കുടിയേറുന്ന തലമുറയ്ക്കു വിദേശത്തു ലഭിക്കുന്ന തൊഴിലിന് ഇവിടത്തെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധമുണ്ടോ? ഇവിടത്തെ പഠനങ്ങള്‍ക്കു ലോകതൊഴില്‍മേഖലകളില്‍ സാധ്യതകളില്ലെന്നു തിരിച്ചറിയാതെ പുതിയ കരാറുകളും പദ്ധതികളും പരിഷ്‌കാരങ്ങളുംകൊണ്ട് കുറെ ഫണ്ടുസമാഹരണവും വിനിയോഗവുമല്ലാതെ ഈ നാടിന്റെ സൈ്വരജീവിതത്തിനും നിലനില്പിനും ഗുണകരമാകുന്നുണ്ടോ?
നാഗരികജീവിതരീതികളും ഡിജിറ്റല്‍ഭാഷയുംകൊണ്ട് ജീവിക്കുകയും അന്താരാഷ്ട്രരുചിമേളകളുടെ തീന്‍മേശയില്‍ ആശ്രയിക്കുകയും ചെയ്യുന്ന നമ്മുടെ നാടിന് തനിമയും പെരുമയും വളര്‍ച്ചയും ഇല്ലാതാകുന്നു.
ഭാഷാസാംസ്‌കാരികവൈവിധ്യങ്ങളും, വിവിധങ്ങളായ പരിസ്ഥിതിയും കാലാവസ്ഥയും ഭൂപ്രകൃതിയും പ്രകൃതിരമണീയതയുടെ അദ്ഭുതങ്ങളുമൊക്കെക്കൊണ്ടു സമ്പന്നമായ നമ്മുടെ രാജ്യത്ത് മനുഷ്യവിഭവശേഷിയുടെ ആക്കം കുറഞ്ഞുവരുന്നു. നാട്ടില്‍ നാട്ടുകാരുടെ 'കോണ്‍ട്രിബ്യൂഷന്‍' ഇല്ലാതാകുമ്പോള്‍ ഇവിടത്തെ പഠനത്തിന്റെ സാധ്യതകള്‍ കുറയുകയല്ലേ?
പൊതുവിദ്യാലയങ്ങളിലേക്കും സാധാരണകോഴ്‌സുകളിലേക്കുമൊക്കെ വിദ്യാര്‍ഥികള്‍ ആകര്‍ഷിക്കപ്പെടുന്നില്ല. ഇതരവിദ്യാലയങ്ങളിലെ പഠനങ്ങളാകട്ടെ ചെലവേറിയതും കുടിയേറ്റത്തെ മുന്നില്‍ക്കണ്ടുള്ള പരിശീലനങ്ങളുമാണ്. ഇവിടത്തെ പഠനെച്ചലവും തൊഴില്‍ ലഭിച്ചാല്‍ത്തന്നെ ലഭിക്കുന്ന വേതനവും ഇവിടെ പിടിച്ചുനിന്നു വളരുന്നതിന് പര്യാപ്തമല്ലെന്നതുകൊണ്ട് തൊഴില്‍തേടിയുള്ള വിദേശയാത്ര ആസൂത്രണം ചെയ്യുന്നു. അതും ഈ നാടിന്റെ മൂലധനത്തില്‍നിന്നാണ് സ്റ്റഡിവിസകളും വൈദേശികസര്‍വകലാശാലകളിലെ ഫീസടവും നടന്നുപോകുന്നത്. ആകെക്കൂടി ഈ നാടിന്റെ 'ബ്രെയിനും സമ്പത്തും കുടുംബാന്തരീക്ഷവും' താറുമാറാകുന്നു, ഇല്ലാതാകുന്നു. വൃദ്ധരുടെ മാത്രം നാടാകുന്നു.
ചിന്തിക്കണം, ഏതു കരാറിലൊപ്പിട്ടാലും ഇല്ലെങ്കിലും ഏതു പോളിസിയെ അവലംബമാക്കിയാലും അവസരങ്ങള്‍ക്കു സമാനമായ പഠനങ്ങളോ പഠനങ്ങള്‍ക്കു സമാനമായ അവസരങ്ങളോ നാട്ടിലുണ്ടാകണം. വിദേശപഠനതൊഴില്‍മേഖലകളിലേക്കു തലമുറകളെ കയറ്റിവിടുന്ന ഏജന്‍സികളും ഈ നാടിനെക്കുറിച്ച് ചിന്തിച്ച് അവരുടെ കഴിവുകളെ ഈ നാട്ടില്‍ ഉപയുക്തമാക്കാനാകുന്ന 'സ്റ്റാര്‍ട്ടപ്പു'കള്‍ തുടങ്ങുന്നതിലേക്കു ശ്രദ്ധ തിരിക്കണം. ആരെങ്കിലുമൊക്കെ ഈ നാട്ടില്‍ ആഡംബരത്വരയോടെ ജീവിക്കുന്നതിലല്ല; എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം സ്വസ്ഥമാക്കുന്നതിലാകണം ശ്രദ്ധ വേണ്ടത്.
ടോം ജോസ് തഴുവംകുന്ന്
