ബൈബിളിലൂടെ ഒരു തീര്‍ഥയാത്ര
ഗോലിയാത്തിനെ സംഹരിച്ച വാര്‍ത്തയറിഞ്ഞ ഇസ്രയേലിലെ എല്ലാ നഗരങ്ങളിലെയും സ്ത്രീകള്‍ തപ്പും മറ്റു വാദ്യമേളങ്ങളുമായി ആടിപ്പാടി സാവൂളിനെ എതിരേറ്റു. അവര്‍ സന്തോഷംകൊണ്ടു മതിമറന്നു പാടി: ''സാവൂള്‍ ആയിരങ്ങളെ കൊന്നു, ദാവീദ് പതിനായിരങ്ങളെയും'' (1 സാമുവല്‍ 18:6-7). ഇതുകേട്ടു കോപാകുലനായ സാവൂള്‍ അന്നുമുതല്‍ ദാവീദിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും അവനെ വധിക്കാനുള്ള പദ്ധതികള്‍ക്കു രൂപംകൊടുക്കുകയും ചെയ്തു.
കര്‍ത്താവു കൂടെയുള്ളതിനാല്‍ എല്ലാ ഉദ്യമങ്ങളിലും ദാവീദു വിജയം വരിച്ചു. ദാവീദിന്റെ വിജയം കണ്ട് സാവൂള്‍ കൂടുതല്‍ ഭയപ്പെട്ടു. എന്നാല്‍, ഇസ്രയേലിലും യൂദായിലുമുള്ളവര്‍ ദാവീദിനെ സ്നേഹിച്ചു. അവന് അവരുടെ സമര്‍ഥനായ നേതാവായിരുന്നു (1 സാമുവല്‍ 18:14-16).
കര്‍ത്താവ് ദാവീദിന്റെ കൂടെയാണെന്നും തന്റെ രണ്ടാമത്തെ മകള്‍ മിഖാല്‍ അവനെ സ്നേഹിക്കുന്നെന്നും കണ്ടപ്പോള്‍ സാവൂള്‍ അവനെ കൂടുതല്‍ ഭയപ്പെട്ടു. അങ്ങനെ അവന് ദാവീദിന്റെ നിത്യശത്രുവായി. ഫിലിസ്ത്യപ്രഭുക്കന്മാര് യുദ്ധത്തിനു വന്നപ്പോഴൊക്കെ സാവൂളിന്റെ സകല ഭ്യത്യന്മാരെയുംകാള് ദാവീദ് വിജയശ്രീലാളിതനായി. തന്മൂലം അവന്റെ നാമം വിശ്രുതമായിത്തീര്‍ന്നു (1 സാമുവല്‍ 18:28-30).
തന്റെ പിതാവ് ദാവീദിനെ വധിക്കാന്‍ തന്നോടു കല്പിച്ചിട്ടുണ്ടെന്ന വിവരം രാജകുമാരനായ ജോനാഥാന് അവനെ അറിയിക്കുകയും എവിടെയെങ്കിലും പോയി ഒളിച്ചിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജോനാഥാന്റെയും സഹോദരിയായ മിഖാലിന്റെയും സഹായത്തോടെ സാവൂളില്‍നിന്നും ഒളിച്ചോടിയ ദാവീദ്, തോബില്‍ പുരോഹിതനായ അഹിമലെക്കിന്റെയടുക്കല് എത്തിച്ചേര്‍ന്നു. വിശന്നുവലഞ്ഞ ദാവീദിന് കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു എടുത്തുമാറ്റിയ തിരുസാന്നിധ്യയപ്പം നല്കി. നിരായുധനായി വന്ന ദാവീദിന് ശീലയില്‍ പൊതിഞ്ഞുസൂക്ഷിച്ചിരുന്ന ഗോലിയാത്തിന്റെ വാളും നല്കി (1 സാമുവല്‍ 21:1-9).
സാവൂളിന്റെ മുമ്പില്‍നിന്നോടി ദാവീദ് അന്നുതന്നെ' ഗത്ത്രാജാവായ അക്കീഷിന്റെയടുത്തും, പിന്നീട്, അദുല്ലാംഗുഹയിലുമെത്തി. അവന്റെ സഹോദരന്മാരും കുടുംബം മുഴുവനും ഇതറിഞ്ഞ് അവിടെച്ചെന്നു. പീഡിതര്‍, കടമുള്ളവര്‍, അസന്തുഷ്ടര്‍ എന്നിങ്ങനെ പലരും അവന്റെ ചുറ്റുംകൂടി. അവന് അവരുടെയെല്ലാം തലവനായി. അറുന്നൂറോളം പേര് അവനോടുകൂടെ അവിടെയുണ്ടായിരുന്നു (1 സാമുവല്‍ 22:1-2).
അവന് അവിടെനിന്ന് മൊവാബിലും, പിന്നീട് കെയ്ലായിലുമെത്തി. ഫിലിസ്ത്യരുമായുള്ള ദാവീദിന്റെ ആദ്യയുദ്ധം കെയ്ലായിലായിരുന്നു. ഫിലിസ്ത്യരില്‍നിന്ന് കെയ്ലായിലെ ജനങ്ങളെ രക്ഷിച്ച ദാവീദും അറുന്നൂറോളം അനുയായികളും സിഫ് മരുഭൂമിയിലെ കുന്നുകളിലുള്ള ഒളിസ്ഥലങ്ങളില്‍ താമസിച്ചു. പിന്നാലെയെത്തിയ സാവൂളിനെ വധിക്കാന്‍ അവസരം കിട്ടിയിട്ടും ദാവീദ് അവനെ വെറുതെ വിട്ടു. സാവൂളിന്റെ വധഭീഷണിയെ ഭയന്ന ദാവീദ് അറുന്നൂറു അനുചരന്മാരുമായി ശത്രുരാജ്യമായ ഗത്തിലെ രാജാവായ അക്കീഷിന്റെയടുത്തേക്കു പോയി അവരോടൊപ്പം വസിച്ചു. ദാവീദ് ഒരു വര്‍ഷവും നാലു മാസവും ഫിലിസ്ത്യരോടൊത്തു വസിച്ചു (1 സാമുവല്‍ 27:7).
ഇതിനിടെ, മരിച്ചുപോയിരുന്ന സാമുവല്‍പ്രവാചകന്‍ സാവൂളിനു നല്കിയ ഒരു ദര്‍ശനത്തില്‍ ഇപ്രകാരം പ്രവചിച്ചു: ''അവിടുന്നു രാജ്യം നിന്നില്‍നിന്നെടുത്ത് നിന്റെ അയല്‍ക്കാരനായ ദാവീദിനു കൊടുത്തിരിക്കുന്നു. കര്‍ത്താവിന്റെ സ്വരം നീ ശ്രവിച്ചില്ല. അതിനാലാണ് കര്‍ത്താവ് ഇപ്പോള്‍ നിന്നോട് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, നിന്നോടൊപ്പം ഇസ്രയേലിനെയും കര്‍ത്താവ് ഫിലിസ്ത്യരുടെ കരങ്ങളില്‍ ഏല്പിക്കും. നീയും നിന്റെ പുത്രന്മാരും നാളെ എന്നോടു ചേരും. ഇസ്രയേല്സൈന്യത്തെയും കര്‍ത്താവ് ഫിലിസ്ത്യരുടെ കരങ്ങളില്‍ ഏല്പിക്കും'' (1 സാമുവല്‍ 28:17-19).
ഫിലിസ്ത്യരുമായി ഗില്‍ബോവാക്കുന്നില്‍ നടന്ന യുദ്ധത്തില്‍ സാവൂള്‍രാജാവിന്റെ പുത്രന്മാരായ ജോനാഥാനും അബിനാദാബും മല്ക്കീഷുവായും വധിക്കപ്പെട്ടു. അപരിച്ഛേദിതര്‍ തന്നെ അപമാനിക്കുകയും കുത്തിക്കൊല്ലാതിരിക്കുകയും ചെയ്യേണ്ടതിന് സാവൂള്‍ സ്വന്തം വാളിന്മേല് വീണു മരിച്ചു. താഴ്വരയുടെ അപ്പുറത്തും ജോര്‍ദാന്റെ അക്കരയും ഉണ്ടായിരുന്ന ഇസ്രയേല്യര്‍, തങ്ങളുടെ ആളുകള്‍ ഓടിപ്പോയെന്നും സാവൂളും പുത്രന്മാരും മരിച്ചെന്നും കണ്ടപ്പോള്‍ നഗരങ്ങള്‍വിട്ട് ഓടിപ്പോയി. ഫിലിസ്ത്യര്‍ വന്ന് അവിടെ താമസം തുടങ്ങുകയും ചെയ്തു (1 സാമുവല്‍ 31:1-7) അങ്ങനെ സാമുവല്‍ പ്രവാചകന്റെ സാവൂളിനു ലഭിച്ച ദര്‍ശനം നാളുകള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമായി.
ദാവീദിന്റെ പട്ടാഭിഷേകം
കര്‍ത്താവ് അരുള്‍ചെയ്തപ്രകാരം ഹെബ്രോണിലെത്തിയപ്പോള് യൂദായിലെ ജനങ്ങള്‍ ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകം ചെയ്തു. യൂദാഭവനം ദാവീദിനോടു ചേര്‍ന്നുനിന്നു. ഏഴു വര്‍ഷവും ആറു മാസവും അവന് ഹെബ്രോണില്‍ രാജാവായിരുന്നു. ജറുസലെമില്‍ ഇസ്രയേലിനെയും യൂദായെയും 33 വര്‍ഷവും ഭരിച്ചു. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അവനോടുകൂടെയുണ്ടായിരുന്നു.
രാജാവായിരിക്കെ ദാവീദിന് ഫിലിസ്ത്യരുമായി നിരന്തരം പോരാടേണ്ടിവന്നുവെങ്കിലും ഒടുവില്‍ അവരെ കീഴ്പ്പെടുത്താനായി. ഫിലിസ്ത്യര്‍, എദോമ്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, അമലേക്യര്‍ തുടങ്ങി താന്‍ കീഴ്പ്പെടുത്തിയ സകല ജനതകളില്‍നിന്നും എടുത്ത വെള്ളിയും പൊന്നും ദാവീദ് കര്‍ത്താവിനു പ്രതിഷ്ഠിച്ചു. അവന് ചെന്നിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്കി. തന്റെ സകല ജനത്തിനും നീതിയും ന്യായവും പാലിച്ചുകൊണ്ട് ഇസ്രയേല്‍ മുഴുവനിലും ദാവീദ് ഭരണം നടത്തി.
കര്‍ത്താവിന്റെ വാഗ്ദാനപേടകം മലയിലുള്ള അബിനാദാബിന്റെ വീട്ടില്‍നിന്നു ദാവീദിന്റെ നഗരമായ ജറുസലെമിലേക്കു സന്തോഷപൂര്‍വം കൊണ്ടുവന്ന് പ്രത്യേകം നിര്‍മിച്ചിരുന്ന ഒരു കൂടാരത്തില്‍ പ്രതിഷ്ഠിച്ചു. ദാവീദും ഇസ്രയേല്‍ ഭവനവും സന്തോഷത്തോടും, സര്‍വശക്തിയോടുംകൂടെ കിന്നരം, വീണ, ചെണ്ട, മുരജം, കൈത്താളം എന്നിവകൊണ്ട് കര്‍ത്താവിന്റെ മുന്പില് പാട്ടുപാടി നൃത്തം ചെയ്തു.
ഒരിക്കല്‍, പ്രവാചകനായ നാഥാനോട് ദാവീദ് ഇപ്രകാരം പറഞ്ഞു: ''നോക്കൂ, ദേവദാരുകൊണ്ടുള്ള കൊട്ടാരത്തില്‍ ഞാന്‍ വസിക്കുന്നു. ദൈവത്തിന്റെ പേടകമോ കൂടാരത്തിലിരിക്കുന്നു.'' ആ രാത്രി കര്‍ത്താവ് നാഥാനോട് അരുള്‍ചെയ്തു: ''എന്റെ ദാസനായ ദാവീദിനോടു പറയുക, എനിക്കു വസിക്കാന്‍ നീ ആലയം പണിയുമോ? ഇസ്രയേല്‍ജനത്തെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതുമുതല്‍ ഇന്നുവരെ ഞാന്‍ ഒരാലയത്തിലും വസിച്ചിട്ടില്ല. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അരുള്‍ചെയ്യുന്നു. ആട്ടിടയനായിരുന്ന നിന്നെ മേച്ചില്‍സ്ഥലത്തുനിന്ന് എടുത്ത് എന്റെ ജനമായ ഇസ്രയേലിന്റെ അധിപനായി ഞാന്‍ നിയമിച്ചു. നിന്റെ മുമ്പിലുള്ള ശത്രുക്കളെയെല്ലാം നശിപ്പിച്ച് എന്റെ ജനമായ ഇസ്രയേലിനു ഞാന്‍ ഒരു സ്ഥലം കല്പിച്ചുകൊടുക്കും. അവര്‍ ഇനിയും സുരക്ഷിതരായി സ്വന്തം സ്ഥലത്തു പാര്‍ക്കേണ്ടതിന് ഞാന്‍ അവരെ നട്ടുപിടിപ്പിക്കും. നിന്റെ പുത്രന്റെ രാജ്യം ഞാന്‍ സുസ്ഥിരമാക്കും. അവന് എനിക്ക് ആലയം പണിയും. അവന്റെ രാജസിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും. ഞാന്‍ അവനു പിതാവും അവന് എനിക്കു പുത്രനുമായിരിക്കും. നിന്റെ കുടുംബവും രാജത്വവും എന്റെ മുമ്പില്‍ സ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്ക്കും'' (2 സാമുവല്‍ 7:4-16).
മരണം അടുത്തപ്പോള്‍ ദാവീദ് പുത്രന് സോളമനെ അടുത്തുവിളിച്ച് ഇപ്രകാരം നിര്‍ദേശിച്ചു: ''മര്‍ത്യന്റെ പാതയില്‍ ഞാനും പോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക. നിന്റെ ദൈവമായ കര്‍ത്താവിന്റെ ശാസനകള്‍ നിറവേറ്റുക. മോശയുടെ നിയമത്തില്‍ എഴുതിയിട്ടുള്ളതുപോലെ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്പനകളും സാക്ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക. നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയിക്കും.'' ദീര്‍ഘമായ ഉപദേശങ്ങള്‍ക്കുശേഷം ദാവീദു മരിച്ചു. പിതാവായ ദാവീദിന്റെ സിംഹാസനത്തില്‍ സോളമന് ആരൂഢനായി (1 രാജാ. 2:1-12).
(തുടരും)
തോമസ് കുഴിഞ്ഞാലിൽ
