•  20 Nov 2025
  •  ദീപം 58
  •  നാളം 37
ലേഖനം

ജീവിതയാത്ര

   ജര്‍മനിയിലെ ഹെസ്സെ എന്ന സ്ഥലത്താണ് ഫോള്‍ബ്രെക്റ്റ് നാഗല്‍ ജനിക്കുന്നത്-1867 ല്‍. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട നാഗല്‍ ക്രമേണ അവിടത്തെ ബാസല്‍ മിഷന്‍ സമൂഹത്തില്‍പ്പെട്ടുപോകുന്നുണ്ട്. എങ്കിലും, യേശുവിനോടുള്ള ആഴമേറിയ കൂറും സ്‌നേഹവും അദ്ദേഹത്തില്‍ ഒന്നിനൊന്നിനു വേരൂന്നി വളര്‍ന്നുവന്നു. യേശുവിന്റെ സദ്വാര്‍ത്ത പൗരസ്ത്യപൂര്‍വദേശങ്ങളിലെത്തിക്കാനുള്ള അഭിവാഞ്ഛ അദ്ദേഹത്തെ 1893 ല്‍ കണ്ണൂര്‍പ്രദേശത്തെത്തിച്ചു. മൂന്നു കൊല്ലത്തിനുശേഷം അദ്ദേഹം കുന്നംകുളത്തേക്കു നീങ്ങുകയും മലയാളഭാഷ പഠിക്കുകയും ചെയ്തു. അവിടെവച്ച് അദ്ദേഹം നിര്‍മിച്ച നിരവധി ഭക്തിഗാനങ്ങളിലൊന്നാണ് നമ്മുടെയൊക്കെ നാവിന്‍തുമ്പത്തുള്ളത്.
    ''സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു.
എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു.''
നാം നിരന്തരം നീങ്ങിക്കൊണ്ടിരിക്കുകയാണ് നമ്മുടെ പിതൃഗൃഹത്തിലേക്ക് - തനിയെ. ഇതുതന്നെയാണ് തീര്‍ഥാടകസഭ എന്ന ശീര്‍ഷകത്തില്‍ വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞുവയ്ക്കുന്നതും. ഈ ലോകത്തിനുവേണ്ടി വിളിക്കപ്പെട്ടവരല്ല നമ്മള്‍; ഇവിടത്തെ സ്ഥിരതാമസക്കാരുമല്ല - കടന്നുപോകുന്നവരാണ്, പോകേണ്ടവര്‍! അതാണ് കൗണ്‍സിലിന് തറപ്പിച്ചും ഉറപ്പിച്ചും പറയാനുള്ളത്. ശരീരത്തില്‍ വസിക്കുന്നിടത്തോളംകാലം നാം കര്‍ത്താവില്‍നിന്നകലെയാണ് (2 കൊറി. 5-6) അതുകൊണ്ടാണീ തീര്‍ഥയാത്ര.
   പുറപ്പാടിന്റെ പുസ്തകത്തില്‍ വാഗ്ദാനഭൂമിയിലേക്കു യാത്ര ചെയ്യുന്ന ഇസ്രയേല്‍ക്കാരെ നാം കണ്ടുമുട്ടുന്നുണ്ട്. ദൈവം അവരോടൊപ്പമുണ്ടായിരുന്നു. എങ്കിലും, മെരീബാ (മാസാ)യില്‍വച്ച് അവര്‍ ദൈവമായ കര്‍ത്താവിന്റെ പരിശുദ്ധിയെ പരീക്ഷിച്ചു (അവിശ്വസിച്ചു). അതിനുള്ള ശിക്ഷ അവരും മോശയും ഏറ്റുവാങ്ങേണ്ടിയുംവന്നു (പുറപ്പാട് 17:7; സംഖ്യ 27:14). എങ്കിലും, കര്‍ത്താവ് അവരെ കൈവെടിഞ്ഞില്ല. പാറയില്‍നിന്നുതന്നെ അവര്‍ക്കാവശ്യംപോലെ ജലം ഒഴുക്കിക്കൊടുത്തു. വി. പൗലോസ് സൂചിപ്പിക്കുന്നതുപോലെ ആ ശില യേശുവായിരുന്നു (1 കൊറി. 10:4).
     പുതിയ ഇസ്രായേല്‍ക്കാരായ നമ്മളും യാത്രക്കാരാണ്-പിതൃഭവനത്തിലേക്കുള്ള തീര്‍ഥാടകര്‍. എങ്കിലും, നാം കണ്ടതുപോലെ ആ യാത്ര തികച്ചും ഒറ്റയ്ക്കാണ്, നാംതന്നെ നടത്തേണ്ടത് - നാം തനിയെ ചെയ്യേണ്ടത്.
    പ്രാചീനചൈനയിലുണ്ടായിരുന്ന രാജാക്കന്മാരെ മരണാനന്തരം അടക്കം ചെയ്യുമ്പോള്‍ ഭാര്യമാരെയും ദാസരെയും തല്ലിക്കൊന്നു കൂട്ടത്തില്‍ കുഴിച്ചുമൂടുമായിരുന്നു. അവരും അദ്ദേഹത്തെ അനുഗമിച്ചുകൊള്ളുമെന്ന മൂഢവിശ്വാസമായിരുന്നു അതിന്റെ പിന്നില്‍. നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന സതി അനുഷ്ഠാനത്തിന്റെ അടിയിലുള്ള സങ്കല്പവും ഏതാദൃശമാണ്. പക്ഷേ, അത്തരം കൊടുംക്രൂരത കാട്ടിയവരുടെയും യാത്ര തനിയെ ആയിരുന്നു-പോയത് എങ്ങോട്ടാണെങ്കിലും!
    വിദേശത്തേക്കു യാത്രയാകുന്ന പലരെയും വിമാനത്താവളംവരെ അനുഗമിച്ചിട്ടുള്ളവരാണല്ലോ നമ്മില്‍ പലരും. എങ്കിലും, അവിടെ എത്തിക്കഴിഞ്ഞാല്‍ പോകേണ്ട ആളിനു മാത്രമേ അകത്തേക്കു പ്രവേശനമുള്ളൂ. ഇനിയുള്ള യാത്ര തികച്ചും തനിച്ചാണ്. കൂട്ടത്തില്‍ കൊണ്ടുപോകാവുന്ന സാധനങ്ങള്‍ക്കും പരിധിയും പരിമിതിയുമുണ്ട്. ബാക്കിയുള്ളതൊക്കെ എത്ര പ്രിയപ്പെട്ടതായാലും ഇവിടെ ഇട്ടിട്ടുപോകുകയേ നിവൃത്തിയുള്ളൂ.
    ഇതുപോലെയാണ് ജീവിതയാത്രയുടെ കാര്യത്തിലും. മരണത്തിന്റെ വക്കിലെത്തിയാല്‍ പിന്നെ സഹയാത്രികര്‍ക്കൊക്കെ നിസ്സഹായരായി നോക്കിനില്ക്കാനേ സാധിക്കുകയുള്ളൂ. ഇനിയങ്ങോട്ടുള്ള യാത്രയില്‍ പങ്കുചേരാന്‍ അവര്‍ക്കാര്‍ക്കും സാധിക്കുകയില്ല. അതാണ്, 1987 ല്‍ നോബല്‍സമ്മാനം നേടിയ അലക്‌സാണ്ടര്‍ ബ്രോഡ്‌സ്‌കി ഇങ്ങനെയെഴുതിയത്:
'ഠവീൗഴവ ീൗൃ ഹശളല ാമ്യ യല മ വേശിഴ ീേ വെമൃല
ണവീ ശ െവേലൃല ീേ വെമൃല ീൗൃ റലമവേ.''
    ജീവിതത്തില്‍ പങ്കുചേരാന്‍, ജീവിതപങ്കാളികളാകാന്‍ പലരെയും കിട്ടിയെന്നിരിക്കും - ഭാര്യ, മക്കള്‍, മാതാപിതാക്കള്‍. പക്ഷേ, ജീവിതാന്ത്യം മുതലുള്ള യാത്ര നാം ഒറ്റയ്ക്ക് ഏറ്റുവാങ്ങേണ്ടതാണ്. ഒരുത്തനും ഒന്നും ചെയ്യുവാന്‍ സാധ്യമല്ല. അതാണ് മൃതസംസ്‌കാരകര്‍മത്തില്‍ ഇനിയങ്ങോട്ട് നിന്നെ മാലാഖമാര്‍ അനുഗമിക്കട്ടെ. എന്നു കാര്‍മികന്‍ ചൊല്ലി അവസാനിപ്പിക്കുന്നത്.
ഒരു കാര്യം മറക്കാതിരിക്കുക: ജീവിതം ഹ്രസ്വമാണ്. നശ്വരമായ ഈ ജീവിതത്തിന് നമ്മുടെ എല്ലാ ആഗ്രഹാഭിലാഷങ്ങളും സാക്ഷാത്കരിക്കുവാന്‍ മാത്രം ദൈര്‍ഘ്യമില്ല!
ജീവനിലേക്കു പ്രവേശിക്കാനുള്ള വലിയൊരു ഭാഗ്യമാണ് നമ്മുടെ മുമ്പില്‍-ഒരിക്കല്‍ മാത്രം കൈവന്ന, ഇനി ഒരിക്കലും കൈവരുകയില്ലാത്ത അപൂര്‍വഭാഗ്യം! നമ്മെപ്പോലെ ജീവിക്കാന്‍ അവസരം ലഭിക്കാത്തതുകൊണ്ട് കോടാനുകോടി മനുഷ്യര്‍ ഇപ്പോഴും ദൈവത്തിന്റെ ഭാവനയില്‍ മാത്രമാണ് സ്ഥിതിചെയ്യുക. അവരില്‍നിന്നെല്ലാം നാം തിരഞ്ഞെടുക്കപ്പെടുകയും ജീവനിലേക്കു ക്ഷണിക്കപ്പെടുകയും ചെയ്തു.
കൂട്ടത്തില്‍ വേറിട്ടൊരു കാര്യം. കുടുംബത്തിലെ അഞ്ചാമത്തെ സന്താനമായി നാം ജനിച്ചു എന്നിരിക്കട്ടെ. അപ്പന്റെയും അമ്മയുടെയും ആ വിവാഹം നടന്നില്ലായിരുന്നുവെങ്കില്‍, അഥവാ നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യം അവരും സ്വീകരിച്ചിരുന്നെങ്കില്‍ നാം ഈ ജീവിതം കാണുമായിരുന്നോ? ജീവിക്കാന്‍ നമുക്കു കിട്ടിയ ക്ഷണം ഏറ്റവും അസുലഭവും അതിനാല്‍ത്തന്നെ അമൂല്യവുമാണ്.
നമ്മെ ജീവനിലേക്കു വിളിച്ച സ്രഷ്ടാവിന് നമ്മെ ഓരോരുത്തരെ സംബന്ധിച്ചും ഓരോ പദ്ധതിയുണ്ട് (ജറെമിയ 29:11). അതു പൂര്‍ത്തിയാക്കി 1921 മേയ് 12-ാം തീയതി നിത്യതയിലേക്കു തനിയെ യാത്രയായ ഫോള്‍ബ്രെക്റ്റ് നാഗലിനെപ്പോലെ നാമും നീങ്ങേണ്ടതുണ്ട്.
ഈ ഏകാന്തയാത്രയില്‍ നമ്മെ സഹായിക്കാന്‍ കഴിയുന്ന ഒരൊറ്റ ആളേ ഉള്ളൂ, നേരായ പാത താന്‍ തന്നെയാണെന്നു വിളിച്ചുപറഞ്ഞ വ്യക്തി. അവിടുന്നാണ് സത്യമായ ജീവത്തായ പാത (യോഹ. 14:6). പാത മാത്രമല്ല പാഥേയവും. പാതയുടെ പരമാന്ത്യമായ പിതാവിലെത്തിച്ചേരുവോളം നമ്മെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന പാഥേയമാണത്. അതാണ് അന്തിമമായി ഓരോ ക്രൈസ്തവനും താത്പര്യപൂര്‍വം കഴിക്കുന്നത്. അത് അവനു ധൈര്യവും ശക്തിയും പ്രത്യാശയും പ്രദാനം ചെയ്യുന്നു-കാരണം, അതു കഴിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. മരിച്ചാലും ജീവിക്കും (യോഹ. 6:25-59). അന്തിമമായ ആ പ്രത്യാശയില്‍ എത്തിച്ചേരാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ് - അപരരെ എത്തിക്കാന്‍ കഴിയുന്നത് അതിലും വലിയ ഭാഗ്യം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)