കുടിയേറ്റക്കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി അക്ഷീണം പോരാടി ജനമനസ്സില്‍ ഇടംനേടിയ, എംപിയും എംഎല്‍എയുമായിരുന്ന യശഃശരീരനായ ശ്രീ മാത്യു മണിയങ്ങാടന്‍ അന്തരിച്ചിട്ട് 2025 നവംബര്‍ 14 ന് അമ്പതുവര്‍ഷം.
കുടിയേറ്റക്കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പത്രങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ പഴമക്കാരുടെ മനസ്സില്‍ ഓര്‍മവരുന്ന ഒരു പേരുണ്ട് - 1957 മുതല്‍ 1967 വരെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച യശഃശരീരനായ മുന്‍ എം.പി. ശ്രീ. മാത്യു മണിയങ്ങാടന്‍ (എം.സി. മാത്യു). 2025 നവംബര്‍ 14ന് അദ്ദേഹം അന്തരിച്ചിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്നു.
രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്നു കേരളത്തിലെ ജനങ്ങള്‍ നേരിട്ട പട്ടിണിയും ഭക്ഷ്യക്ഷാമവും പരിഗണിച്ച് അന്നത്തെ സര്‍ക്കാര്‍ മലയോരമേഖലയിലെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്നു; അഥവാ അതു വേണ്ടതുപോലെ തടഞ്ഞില്ല. അതുമൂലം, ഹൈറേഞ്ചിലും മലബാറിലും കേരളത്തിലെ മറ്റു വനമേഖലകളിലും കുടിയേറ്റം ക്രമാതീതമായി. അന്നന്നുവേണ്ട അപ്പത്തിനും കുടുംബം പോറ്റാനും കുടിയേറിയ കര്‍ഷകമക്കളുടെ മറവില്‍ കാട്ടുകള്ളന്മാരുടെ നേതൃത്വത്തില്‍ വനം കൈയേറ്റവും വലിയ രീതിയില്‍ കാടുനശിപ്പിക്കലും, കള്ളത്തടി വില്പനയും വന്യമൃഗഹിംസയും സംഘടിതമായും അസംഘടിതമായും വ്യാപകമായി. ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവന്നത് പാവം കൃഷിക്കാരാണ്. സര്‍ക്കാര്‍ കണ്ട പോംവഴി, പട്ടയമില്ലാത്ത കര്‍ഷകരുടെ കുടിയിറക്കല്‍ എന്ന ഒരേയൊരു വഴി മാത്രമായി. ഇടുക്കിയിലെയും കേരളത്തിലെ മറ്റു വനമേഖലയിലെയും 'കുടിയേറ്റക്കര്‍ഷകരെ' അവര്‍ കൃഷി ചെയ്തിരുന്ന ഭൂമിയില്‍നിന്നു കുടിയിറക്കുക. കുടിയിറക്കുഭീഷണി 1950 കളില്‍ത്തന്നെ ഉണ്ടായി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കുടിയിറക്ക് ആരംഭിച്ചു. ഇത് ജനങ്ങളെ വന്‍പ്രക്ഷോഭത്തിലേക്കു നയിക്കാനുമിടയാക്കി എന്നതായിരുന്നു യാഥാര്‍ഥ്യം.
കുടിയേറ്റക്കര്‍ഷകരുടെ ''മാഗ്‌ന കാര്‍ട്ട''
വര്‍ഷങ്ങളോളം അധ്വാനിച്ച സ്ഥലത്തുനിന്നു പെട്ടെന്ന് ഇറക്കിവിടുന്നത് സാമൂഹികനീതിക്ക് എതിരാണ് എന്ന അഭിപ്രായം പരക്കെയുണ്ടായി. ഇതു കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയുമുണ്ടായി. പാര്‍ലമെന്റില്‍ ഇതേക്കുറിച്ചു സജീവചര്‍ച്ചയുംവന്നു. തുടര്‍ന്ന് കുടിയേറ്റക്കര്‍ഷകരുടെ പരാതിയെക്കുറിച്ചു പഠിക്കാനും വേണ്ട ശിപാര്‍ശകള്‍ സമര്‍പ്പിക്കാനുമായി അന്നത്തെ കോട്ടയം എം.പി. ശ്രീ മാത്യു മണിയങ്ങാടന്‍ ചെയര്‍മാനായി 1960കളില്‍ 'മണിയങ്ങാടന്‍ കമ്മിഷനെ' കേന്ദ്രം നിയോഗിച്ചു. പ്രൊഫ. കെ.എം.ചാണ്ടി ഒഴിച്ചുള്ള മറ്റംഗങ്ങളെല്ലാം വടക്കേയിന്ത്യയില്‍നിന്നുമുള്ളവരായിരുന്നു കുടിയേറ്റക്കര്‍ഷകര്‍ക്കു നീതി ലഭിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരുതിക്കൂട്ടി ചെയ്തതാണെന്ന ആക്ഷേപം വരെയുണ്ടായി. എന്നാല്‍, കര്‍ഷകകുടുംബത്തില്‍ ജനിച്ച മണിയങ്ങാടന്റെ സാന്നിധ്യം കേരളജനതയ്ക്കു ആശ്വാസം പകര്‍ന്നു. കമ്മിഷനെ നിയമിച്ചതോടെ കുടിയൊഴിപ്പിക്കല്‍ നീക്കങ്ങള്‍ താത്കാലികമായി കേരളസര്‍ക്കാര്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് കമ്മീഷന്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അംഗീകരിക്കുകയും (കേന്ദ്രവനനിയമത്തിന് എതിരല്ലാത്തവ), തുടര്‍ന്ന് 1968 ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയുമുണ്ടായി.(G.O.(P)289/68/Agri. Dated, Trivandrum, 7th June, 1968.).
ജനനവും വിദ്യാഭ്യാസവും
പാലായ്ക്കു സമീപം കൊഴുവനാല്‍ ഗ്രാമത്തില്‍ ഒരു ഇടത്തരം കര്‍ഷക കുടുംബത്തിലാണ് 1912 ഫെബ്രുവരി 12 ന് മണിയങ്ങാട്ട് ചാണ്ടിയുടെയും മേരിയുടെയും 5 മക്കളില്‍ ഒരാളായി ശ്രീ മാത്യു ജനിച്ചത്. (ഫാദര്‍ ലൂക്ക് മണിയങ്ങാട്ട് അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനാണ്). മണലുങ്കല്‍ സെന്റ് അലോഷ്യസ് സ്‌കൂളിലും മുത്തോലി സെന്റ് ആന്റണി ഹൈസ്‌കൂളിലുമായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടര്‍ന്ന് ഡിഗ്രിപഠനം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍. നിയമപഠനം തിരുവനന്തപുരം ലോ കോളജില്‍നിന്നു പൂര്‍ത്തീകരിച്ചു.
ശ്രീ. മണിയങ്ങാടന്‍, തമ്പലക്കാട്ടെ കതയനാട്ട് കുടുംബത്തിലെ തെരേസാ മാത്യു (ചാച്ചിക്കുട്ടി) വിനെയാണ് തന്റെ വധുവായി സ്വീകരിച്ചത്. 6 മക്കള്‍ അവര്‍ക്കു ജനിച്ചു 4 പെണ്ണും 2 ആണും: മേഴ്‌സി, അമ്മിണി, ഡോ. അലക്‌സാണ്ടര്‍, സിസ്റ്റര്‍ ആനിയമ്മ, ഡോ. റോസമ്മ, ജോജി. 1958 ല്‍ തന്റെ പ്രിയപത്നിയുടെ ആകസ്മികദേഹവിയോഗം അദ്ദേഹത്തെ വളരെയേറെ തളര്‍ത്തുകയുണ്ടായി.
രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും
ശ്രീ മണിയങ്ങാടന്‍ ആദ്യമായി നിയമസഭയിലെത്തുന്നത് 1952ല്‍ എ. ജെ. ജോണ്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് - തിരുവിതാകൂര്‍ - കൊച്ചി നിയമസഭയില്‍ - മീനച്ചില്‍ നിയോജകമണ്ഡലത്തില്‍ നിന്ന്. പിന്നീട് 1954 ല്‍, വിജയപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം ഹരിജന്‍ ക്രൈസ്തവപ്രാതിനിധ്യത്തിനായി വിട്ടുകൊടുക്കുകയായിരുന്നു.
തന്നെപ്പോലെതന്നെ മറ്റുള്ളവരെയും കരുതിയിരുന്ന ശ്രീ. മണിയങ്ങാടന്‍, പാര്‍ട്ടി ആവശ്യപ്പെടാതെതന്നെ ഒരു സംവരണസ്ഥാനാര്‍ഥിയായ ശ്രീ.പി.എം. മാര്‍ക്കോസിനുവേണ്ടി 1954 ല്‍ സ്ഥാനത്യാഗം ചെയ്തത് വലിയ വാര്‍ത്തയായി. കോണ്‍ഗ്രസ് പാര്‍ട്ടിപോലും അറിയാതെ അദ്ദേഹം കാണിച്ച ഈ മഹാമനസ്‌കത പലരെയും അദ്ഭുതപ്പെടുത്തി. വിജയം സുനിശ്ചിതമായിരുന്ന അവസരം പാഴാക്കിയതിനു പല സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും അദ്ദേഹത്തോടു പിണങ്ങുകയുണ്ടായി. എന്നാല്‍, അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.
ലോക്‌സഭയിലേക്ക്
1957ലെ ലോക്‌സഭ ഇലക്ഷന്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കോട്ടയത്തുനിന്നു മണിയങ്ങാടനെയല്ലാതെ വേറൊരാളെ സ്ഥാനാര്‍ത്ഥിയായി ആലോചിക്കേണ്ടിപോലും വന്നില്ല. ഡിസിസി പ്രസിഡണ്ടായി നേരത്തേ സേവനമനുഷ്ഠിച്ചിരുന്നതിനാല്‍ തീരുമാനം ഏകകണ്ഠമായിരുന്നു. വലിയ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ആദ്യത്തെ വിജയം അഞ്ചു വര്‍ഷത്തിനുശേഷം 1962 ലും ആവര്‍ത്തിച്ചു - വീണ്ടും നല്ല ഭൂരിപക്ഷത്തോടെ. എന്നാല്‍ 1967ല്‍, കേരളാകോണ്‍ഗ്രസ് പിറവിയെടുത്തതിനുശേഷമുണ്ടായ തിരഞ്ഞെടുപ്പില്‍, കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി കെ. എം. എബ്രഹാമിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. 1964 ല്‍ രൂപംകൊണ്ട കേരളകോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികൂടി മത്സരിച്ച തിരഞ്ഞെടുപ്പില്‍ ത്രികോണമത്സരമാണ് മണിയങ്ങാടന്റെ തോല്‍വിയുടെ കാരണമായതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ അന്നു വിലയിരുത്തി. 1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എസ്. നിജലിംഗപ്പയുടെ കീഴിലുള്ള സംഘടനാകോണ്‍ഗ്രസിലേക്ക് മണിയങ്ങാടന്‍ ചേര്‍ന്നു. 1971 ല്‍ ഒരിക്കല്‍ക്കൂടി ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല.
റബ്ബര്‍കര്‍ഷകരുടെ സുഹൃത്തും വക്താവും
എം.പി.യായിരുന്നിടത്തോളം കാലം റബ്ബര്‍ ബോര്‍ഡില്‍ അംഗമായിരുന്ന അദ്ദേഹം ചെറുകിട റബ്ബര്‍ക്കര്‍ഷകരുടെ താത്പര്യങ്ങളെ എല്ലായ്‌പോഴും സംരക്ഷിച്ചിരുന്നു. ബോര്‍ഡില്‍ വളരെ സ്വാധീനമുള്ള അംഗമായിരുന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന സംഭാവന റബ്ബര്‍ കര്‍ഷകര്‍ക്കു റബ്ബര്‍ ബോര്‍ഡ് നല്‍കുന്ന റീപ്ലാന്റേഷന്‍ സബ്സിഡി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു.
റബ്ബര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹം വളരെ സജീവമായിരുന്നു. ശ്രീ.മാത്യു മണിയങ്ങാടന്‍, ശ്രീ.കെ.എം.ചാണ്ടി ശ്രീ.ടി.വി.ജോസഫ് തുമ്പശേരി എന്നിവരാണ് കേരളത്തിലെ ആദ്യത്തെ റബ്ബര്‍ കര്‍ഷകസംഘടനയായ ഇന്ത്യന്‍ റബ്ബര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ ആരംഭിക്കുന്നതിനു മുന്‍കൈ എടുത്തത്. തുടക്കത്തില്‍, അദ്ദേഹത്തിന്റെ വീട് അസോസിയേഷന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. ഒരു സഹായിയുടെ അഭാവത്തില്‍ സര്‍ക്കാരിലേക്കുള്ള അപേക്ഷകള്‍ ടൈപ്പ് ചെയ്യാന്‍ അദ്ദേഹം മകന്‍ അലക്‌സിനെയാണ് ഏല്പിച്ചിരുന്നത്. ഈ കഠിനാധ്വാനങ്ങളെല്ലാം റബ്ബറിന് ഉയര്‍ന്ന വില ലഭിക്കാന്‍ സഹായിച്ചു. ന്യായമായ ഉയര്‍ന്ന വില ലഭിക്കുന്നതിനായി മന്ത്രിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും കാണാന്‍ അദ്ദേഹം പലപ്പോഴും ഡല്‍ഹിയില്‍ പോയിരുന്നു.
1969 ലെ പിളര്‍പ്പിനുശേഷം ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തുടര്‍ന്ന അവസരത്തില്‍, റബ്ബര്‍ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം ശ്രീ. മണിയങ്ങാടനു വാഗ്ദാനം ചെയ്യപ്പെട്ടു, ഈ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ അംഗീകരിക്കാനും അവരെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാനും വേണ്ടിയായിരുന്നു അത്. എന്നാല്‍, പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുടെ കാരണത്താലും, സംഘടനാകോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉന്നതനേതാക്കളുമായുള്ള അടുത്ത ബന്ധംമൂലവും അദ്ദേഹമതു നിരസിക്കുകയാണുണ്ടായത്.
ലാളിത്യം ജീവിതത്തിന്റെ മുഖമുദ്ര
മുന്‍കാലങ്ങളിലെ പല രാഷ്ട്രീയനേതാക്കന്മാരെയുംപോലെ ലളിതജീവിതത്തിന്റെ ഉടമയായിരുന്നു ശ്രീ. മാത്യു മണിയങ്ങാടന്‍. സ്വന്തമായി ഒരു വീടില്ലായിരുന്ന അദ്ദേഹം കോട്ടയത്ത് കളക്‌ട്രേറ്റിന് എതിര്‍വശത്തായി, പഴയ ലൂര്‍ദ് പള്ളിക്കു സമീപം ഒരു വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത് - വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഒരു വീട്. ജുബ്ബായും മുണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. സ്വന്തമായി വാഹനങ്ങളൊന്നുമില്ലാതിരുന്ന അദ്ദേഹത്തിന്റെ യാത്ര കൂടുതലും ബസ്സിലും ട്രെയിനിലും. താന്‍ മറ്റുള്ളവര്‍ക്കായി ചെയ്തുകൊടുത്തിരുന്ന സേവനങ്ങള്‍ക്കു നേരിയ ഒരു പ്രതിഫലംപോലും കൈപ്പറ്റിയിരുന്നില്ല-അത്ര നിര്‍ബന്ധമായിരുന്നു ആ കാര്യത്തില്‍ അദ്ദേഹത്തിന്.
നേടുന്നതോടൊപ്പം പലതും ഉപേക്ഷിക്കാനും ശ്രീ മണിയങ്ങാടന്‍ മടികാണിച്ചില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് 1954 ല്‍ അസംബ്ലിസ്ഥാനാര്‍ത്ഥിത്വം വേണ്ടെന്നു വച്ചത്. ഒന്നും പ്രതിഫലമായി വാങ്ങാതെ അദ്ദേഹം നല്‍കിയ ശിപാര്‍ശകളുടെ ഫലമായാണ് തങ്ങള്‍ക്കു ജോലി ലഭിച്ചതും സ്ഥാനമാനങ്ങള്‍ നേടിയതെന്നും പലരും പറഞ്ഞുകേട്ടിട്ടുണ്ട്.
അഞ്ചു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ശ്രീ. മാത്യു മണിയങ്ങാടന്‍ ഈ ലോകം വിട്ടുപോയെങ്കിലും, അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളും ആദര്‍ശങ്ങളും ഓര്‍ക്കാന്‍ അന്‍പതാം ചരമവാര്‍ഷികം നമുക്ക് അവസരമാകട്ടെ. ധന്യപ്രണാമം.
ഡോ. ജോര്‍ജ് വര്‍ഗീസ് കുന്തറ
