ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പണ്ടുമുതലുള്ളതാണ്. അതില്‍ മതത്തിന്റെ ചായം പുരട്ടി ഒരു പ്രത്യേക മതത്തിന്റെ ആഘോഷമാകയാല്‍ മറ്റുള്ളവര്‍ക്കു സ്വീകാര്യമല്ലെന്ന മട്ടിലുള്ള പ്രചാരണവും, ചില മതങ്ങളിലെ തീവ്രവാദനിലപാടുള്ള ഏതാനും ചില വ്യക്തികള്‍ തങ്ങളുടെ വിശ്വാസത്തിനതു നിരക്കാത്തതാണെന്നു നടത്തിയ പ്രചാരണവും ശ്രദ്ധിക്കപ്പെടാതെ തള്ളിക്കളയേണ്ട കാര്യമായി തോന്നുന്നില്ല. ഓണത്തിനു മതമില്ല എന്ന കേരളീയരുടെ പൊതുനിലപാടുതന്നെയാണ് ആഘോഷിക്കപ്പെടേണ്ടത്.
ഓണം കേരളത്തനിമയുടെ പ്രകാശനമാണ്. അതു കേരളത്തിന്റെ കാര്‍ഷികോത്സവവും സാംസ്‌കാരികോത്സവവും മാത്രമല്ല, അത് മാനവിക ഐക്യത്തിന്റെ ആഘോഷവുംകൂടിയാണ്. ജാതിമതവര്‍ഗവര്‍ണഭേദമെന്യേ വലുച്ചെറുപ്പവ്യത്യാസമില്ലാതെ, രാഷ്ട്രീയചേരിതിരിവുകളില്ലാതെ, ഒരുമയുടെ വേദിയില്‍ ആഘോഷിക്കുന്ന ഉത്സവമാണ് തിരുവോണം.
തിരുവോണം വീടിന്റെ ആഘോഷമായിരുന്നു. കുടുംബത്തിലുള്ള എല്ലാവരും ഒരുമിച്ചു ചേര്‍ന്നാണ് ഓണാഘോഷപരിപാടികള്‍ നടത്തിയിരുന്നത്. പൂക്കളം നിര്‍മ്മിക്കുന്നതും ഓണപ്പാട്ട് പാടുന്നതും ഓണക്കളികള്‍ നടത്തുന്നതും ഓണസദ്യയുണ്ടാക്കുന്നതുമെല്ലാം കുടുംബാംഗങ്ങള്‍ സഹകരിച്ചായിരുന്നു. പഠനത്തിനും തൊഴിലിനുമായി വീട്ടില്‍നിന്നു മാറിനിന്നവരെല്ലാം വീട്ടില്‍ തിരിച്ചെത്തുന്നത് ഓണാഘോഷത്തിനാണ്. വീട്ടില്‍ അംഗങ്ങള്‍ ആവശ്യത്തിനില്ലാത്ത സാഹചര്യത്തിലാണ് അയല്‍പക്കങ്ങളിലേക്കും പിന്നീട് നാട്ടിലേക്കും ഓണാഘോഷം മാറിയത്. ഈ പരിണാമത്തിനിടയിലും ഓണാഘോഷത്തിന്റെ ചൈതന്യത്തിനു മാറ്റു കുറഞ്ഞിരുന്നില്ല.
അറുതികള്‍ക്കും വറുതികള്‍ക്കുമിടയിലും സമൃദ്ധിയുടെ അനുഭവവും മനുഷ്യരെല്ലാരും ഒന്നാണെന്ന മഹത്തരമായ ചിന്തയും ഓണാഘോഷത്തെ കേരളീയര്‍ക്കു പ്രിയപ്പെട്ടതാക്കി. കേരളീയര്‍ ലോകത്തിന്റെ ഏതു ഭാഗത്തു ജീവിച്ചാലും അവിടെ സൗകര്യപ്രദമായ ദിവസം ഒരുമിച്ചുകൂടി ഓണമാഘോഷിക്കുന്ന പതിവ് ഇന്നും തുടരാനുള്ള കാരണം ഓണം മാനവൈക്യത്തിന്റെ പ്രേരകശക്തിയാകുന്നു എന്നതുതന്നെയാണ്.
മഹാപ്രളയങ്ങളും കൊവിഡ് മഹാമാരിയും മുടക്കിയ ഓണാഘോഷപരിപാടികള്‍ സാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ കേരളീയര്‍ തിരിച്ചുപിടിച്ചത് ശ്ലാഘനീയംതന്നെ. എന്നാല്‍, ഈ വര്‍ഷത്തെ ഓണാഘോഷം അതിരുവിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സന്തോഷകരമായി പര്യവസാനിക്കേണ്ടിയിരുന്ന ആഘോഷപരിപാടികള്‍ ക്രമസമാധാനപ്രശ്‌നങ്ങളായി മാറുകയും അമിതമായ മദ്യസേവയും അഴിഞ്ഞാട്ടവും ഓണാഘോഷത്തിന്റെ മഹത്ത്വത്തെ കളങ്കപ്പെടുത്തുകയും ചെയ്തു.
സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാസ്ഥാപനങ്ങളും കേന്ദ്രീകരിച്ചു നടന്ന ഓണാഘോഷപരിപാടികളും അതിന്റെ ഫണ്ടുശേഖരണവും പരാതികള്‍ക്കിടയാക്കി. ബസ്സ്റ്റാന്‍ഡ്, പൊലീസ് സ്റ്റേഷന്‍, ആശുപ്രത്രി തുടങ്ങിയ സേവനമേഖലകളിലെ അതിരുകടന്ന ആഘോഷപരിപാടികള്‍ അടിയന്തരസ്വഭാവമുള്ള സേവനങ്ങളുടെപോലും താളം തെറ്റിക്കുകയുണ്ടായി. സാധാരണപ്രവൃത്തിദിനങ്ങളില്‍ ജോലിക്കു ഹാജരാകാത്തവര്‍പോലും ഓണാഘോഷത്തിന് ഓഫീസുകളിലെത്തുന്ന രീതി എത്രത്തോളം പ്രോത്സാഹനജനകമാണെന്നു പരിശോധിക്കണം.
നമ്മുടെ സര്‍ക്കാര്‍ സേവനമേഖലയുടെ സ്ഥിതി പരിതാപകരമാണെന്ന് സര്‍ക്കാര്‍തന്നെ പരസ്യപ്പെടുത്തിയിട്ടുള്ളതാണ്. ഉദ്യോഗസ്ഥര്‍ തീര്‍പ്പുകല്പിക്കാത്ത മൂന്നരലക്ഷത്തിലധികംഫയലുകള്‍ സെക്രട്ടേറിയറ്റില്‍ ത്തന്നെ കുന്നുകൂടി കിടപ്പുണ്ട്. ജീവനക്കാര്‍ അവരുടെ ജോലി അനുദിനം ചെയ്തുവന്നാല്‍ ഫയലുകള്‍ കുന്നുകൂടില്ല. ജോലിയെടുക്കാതെ കനത്ത ശമ്പളം വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയനേതൃത്വവും ട്രേഡുയൂണിയന്‍ സംസ്‌കാരവുമാണ് ഫയലുകള്‍ കൂമ്പാരമാകാന്‍ കാരണം. ചെയ്യുന്ന പണിക്ക് ആനുപാതികമായി മാത്രം വേതനം നല്‍കിയാല്‍ ഫയല്‍നീക്കത്തിന്റെ വേഗം വര്‍ധിക്കും.
രോഗത്തിന്റെ വേദനയും മരണത്തിന്റെ സങ്കടവും ചികിത്സാ ച്ചെലവിനെക്കുറിച്ചുള്ള ആകുലതയുമായി എത്തുന്നവര്‍ക്ക് ആശുപത്രിയിലെ അതിരുകടന്ന ആഘോഷപരിപാടികള്‍ ആസ്വദിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഉത്തരവാദിത്വം മറന്നുള്ള ആഘോഷങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ആവശ്യമെങ്കില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തണം. ഓണത്തിന്റെ മഹിമയും പൊലിമയും കൂട്ടായ്മയുടെ മാധുര്യവും കവരുന്ന വിധത്തിലുള്ള കുത്സിതപ്രവര്‍ത്തനങ്ങളില്‍ മദ്യ-മയക്കു മരുന്നു, തീവ്രവാദശക്തികളുടെ ഇടപെടലുണ്ടോ എന്നു സര്‍ക്കാര്‍ കണ്ടെത്തേണ്ടതാണ്.