•  4 Sep 2025
  •  ദീപം 58
  •  നാളം 26
നേര്‍മൊഴി

വോട്ടുവഴിയിലെ കള്ളത്തരങ്ങള്‍

   ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രതിപക്ഷനേതാവ് രാഹുല്‍ഗാ
ന്ധി ഉയര്‍ത്തിക്കൊണ്ടു വന്ന വോട്ടുവിവാദം ആളിക്കത്തുകയാണ്. സംശയങ്ങളുടെ കറുത്ത പുക ജനാധിപത്യത്തിന്റെ ആകാശത്ത് ഇരുളിമ സൃഷ്ടിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ ചോദ്യം ചോദിച്ചവര്‍ക്കും ഉത്തരം പറയാന്‍ ബാധ്യസ്ഥരായവര്‍ക്കും അവരവരുടേതായ പ്രത്യേകരാഷ്ട്രീയതാത്പര്യങ്ങളുണ്ടാകും. എന്നാല്‍, ഒരു രാഷ്ട്രീയവിചാരവും ഈ വിഷയത്തില്‍ പുലര്‍ത്താത്തവര്‍ക്കു സത്യമറിയാനുള്ള ആഗ്രഹവും അവകാശവുമുണ്ട്. ജനങ്ങളുടെ ഈ ആവശ്യം നിറവേറ്റിക്കൊടുക്കേണ്ടത് തിരഞ്ഞെടുപ്പുകമ്മിഷനാണ്. കമ്മിഷനാകട്ടെ കടുത്ത നിശ്ശബ്ദതയിലുമാണ്. ഒരു ടി.എന്‍. ശേഷന്‍ ഇല്ലാത്ത കാലത്തെ തിരഞ്ഞെടുപ്പുകമ്മീഷനാണെന്നു ചിന്തിച്ചു പൊതുജനം സമാധാനപ്പെട്ടുകൊള്ളുക.
   ബീഹാറില്‍ 65 ലക്ഷത്തോളം വോട്ടുകള്‍ പട്ടികയില്‍നിന്നു നീക്കം ചെയ്യപ്പെട്ടുവെന്നതാണ് ആക്ഷേപം. ബീഹാര്‍വിഷയം ചര്‍ച്ചയായപ്പോള്‍ സമാനപരാതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നു. 'മീടൂ' പരാതികള്‍പോലെ അതു തുടരുകയാണ്. കേരളത്തില്‍പോലും തൃശൂര്‍, ആറ്റിങ്ങല്‍ പോലുള്ള മണ്ഡലങ്ങളില്‍ വ്യാപകമായ വോട്ടുതിരിമറി നടന്നുവെന്നു പരാതിയുണ്ട്. പരാതിക്കാര്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതുകൊണ്ടാണ് മറുപടി നല്‍കാത്തത് എന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ വൈകിവന്ന പ്രതികരണം. സുതാര്യവും നീതിപൂര്‍വകവും വിവേചനരഹിതവുമായ തിരഞ്ഞെടുപ്പു നടക്കുന്നു എന്നുറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവാദിത്വമാണ്. അത്രമാത്രം അധികാരവും അടിസ്ഥാനസൗകര്യങ്ങളും ഉദ്യോഗസ്ഥസംവിധാനങ്ങളുമുള്ള ഭരണഘടനാസ്ഥാപന
മാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍. വോട്ടെടുപ്പില്‍ തിരിമറികള്‍ നടന്നാല്‍ ജനാധിപത്യം അപകടത്തിലാകും. കാരണം, ജനാധിപത്യത്തിന്റെ ഉരകല്ല് നീതിപൂര്‍വകമായ തിരഞ്ഞെടുപ്പുപ്രക്രിയയാണ്.
   വോട്ടവകാശം പൗരന്മാര്‍ക്കുള്ളതാണ്. അവരുടെ വോട്ട് നീക്കം ചെയ്യുന്നത് തിരിമറിയാണ്. വോട്ടു ചെയ്യുന്നതില്‍നിന്ന് ഒരാളെ തടയുന്നതും വോട്ടവകാശത്തിന്റെ ലംഘനമത്രേ. ഒരാള്‍ ഒന്നില്‍ക്കൂടുതല്‍ വോട്ടു ചെയ്യുന്നതും ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവൃത്തിയായി കരുതണം. വോട്ടവകാശം ഇല്ലാത്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും കുറ്റകരമാണ്. ലക്ഷക്കണക്കിന് വോട്ടുകളുടെ തിരിമറിക്കു പിന്നില്‍ വ്യക്തമായ നയങ്ങളും നിലപാടുകളുമുണ്ടാകാം. കുടിയേറ്റനിയമം ഇന്ത്യയില്‍ അമേരിക്കയിലേതുപോലെ ശക്തമല്ല. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് അഭയാര്‍ത്ഥികളായും അല്ലാതെയും ലക്ഷക്കണക്കിനാളുകള്‍ രാജ്യത്തു കടന്നുകൂടിയിട്ടുണ്ട്. അവരില്‍ പലരും നിയമാനുസൃതമോ അല്ലാതെയോ വോട്ടു ചെയ്യുന്നു. അവരെ വോട്ടര്‍പട്ടികയില്‍നിന്നു നീക്കം ചെയ്താല്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ കുറവുണ്ടാവുക സ്വാഭാവികമാണ്. അനധികൃതമായി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി ചിലരെ പട്ടികയില്‍നിന്നു പുറത്താക്കുന്നതും ജനാധിപത്യത്തിനു തീരാക്കളങ്കമാണ്. കേരളത്തില്‍ അതിഥിത്തൊഴിലാളികളായി എത്തിയിട്ടുള്ള 25 ലക്ഷത്തിലധികം പേരില്‍ പലരും വോട്ടു ചെയ്യുന്നവരാണെന്ന സത്യം പകല്‍പോലെ വ്യക്തമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു കമ്മിഷനോടു സഹകരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പു പ്രക്രിയ ആരോപണമുക്തമാകുന്നത്.
വോട്ട് പൗരന്റെ തീരുമാനത്തിന്റെ മുദ്രയാണ്. തിരഞ്ഞെടുപ്പുപ്രക്രിയയില്‍ തിരിമറികളും അട്ടിമറികളുമുണ്ടാകുമ്പോള്‍ അത് സ്ഥാനാര്‍ത്ഥികളുടെ ഭാഗധേയം മാത്രമല്ല മാറ്റിമറിക്കുന്നത്; പകരം, നിഷ്പക്ഷരായ വോട്ടര്‍മാരുടെ തീരുമാനത്തെക്കൂടിയാണ്. വോട്ടു വെട്ടിയും ഇല്ലാത്ത വോട്ടുകൂട്ടിച്ചേര്‍ത്തുമല്ല തിരഞ്ഞെടുപ്പു വിജയം നേടേണ്ടത്. സേവനത്തിന്റെ അടിസ്ഥാനത്തിലും ജനപക്ഷനിലപാടുകളുടെ പിന്‍ബലത്തിലുമാകണം രാഷ്ട്രീയവിജയം ആഘോഷിക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയിട്ടും മന്ത്രിസഭയുണ്ടാക്കാന്‍ ചില പാര്‍ട്ടികള്‍ക്കു സാധിക്കാതെ വരുന്നത് എതിര്‍പക്ഷം കുതിരക്കച്ചവടം നടത്തുന്നതുകൊണ്ടാണ്. അധികാരത്തിനുവേണ്ടി ഏതു നീചപ്രവൃത്തിയും ചെയ്യുന്ന രീതി നേതാക്കന്മാര്‍ ഒഴിവാക്കേണ്ടതാണ്.  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)