•  4 Sep 2025
  •  ദീപം 58
  •  നാളം 26
നേര്‍മൊഴി

അധ്യാപകരോടുള്ള അവഗണന കുട്ടികളോടുള്ള വെല്ലുവിളി

ന്നത്തെ ക്ലാസുമുറികളിലാണ് നാളത്തെ ഭാരതം രൂപംകൊള്ളുന്നതെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ യാഥാര്‍ഥമാകുമോ എന്ന കാര്യം സംശയമാണ്. കാരണം, ഒരു പറ്റം അധ്യാപകരെ സര്‍ക്കാര്‍ അകാരണമായി അവഗണിക്കുന്നുവെന്നാണ് പരാതി. അധ്യാപകരുടെ തൃപ്തിയും സുരക്ഷിതത്വബോധവും വിദ്യാര്‍ഥികളുടെ രൂപീകരണത്തില്‍ പ്രധാനമാണ്. ഒരു പറ്റം അധ്യാപകര്‍ അവരുടെ കുറ്റംകൊണ്ടല്ലാതെ നിയമനാധികാരം ലഭിക്കാതെയും വേതനം കിട്ടാതെയും വര്‍ഷങ്ങളായി കഷ്ടപ്പെടുകയാണ്. എല്ലാ അധ്യാപകരും സമ്പന്നകുടുംബങ്ങളില്‍നിന്നുള്ളവരല്ല. കടംവാങ്ങിയും കൂലിവേല ചെയ്തും സ്‌കൂളിലെത്തുന്നവരുണ്ട്. പ്രതീക്ഷയോടെയാണ് അവര്‍ സ്‌കൂളിലെത്തുന്നത്. എന്നാല്‍, മുടന്തന്‍ന്യായങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ അവരുടെ നിയമനാധികാരം അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണ്. അത് അന്യായവും മനുഷ്യാവകാശലംഘനവുമാണ്.

എയ്ഡഡ്‌മേഖലയിലെ അധ്യാപകരോടാണു സര്‍ക്കാര്‍ ക്രൂരത കാണിക്കുന്നത്. തുല്യയോഗ്യതയോടെ സര്‍ക്കാര്‍സ്‌കൂളുകളില്‍ നിയമിതരാകുന്നവരുടെ നിയമനം അംഗീകരിക്കുകയും താമസംവിനാ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യുന്നു. അധ്യാപകരെ തമ്മില്‍ വേര്‍തിരിക്കുന്നതും വിവേചനയോടെ വര്‍ത്തിക്കുന്നതും ഭരണഘടനയുടെ പതിന്നാലാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണ്. നിയമത്തിനു മുമ്പില്‍ എല്ലാ പൗരന്മാരും തുല്യരാണെന്ന് ആര്‍ട്ടിക്കിള്‍ പതിന്നാല് വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് എയ്ഡഡ് മേഖലയില്‍ അധ്യാപകനിയമനം നടത്തുന്നത്. അധ്യാപകവിദ്യാഭ്യാസയോഗ്യതയ്ക്കു പുറമേ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഇതരയോഗ്യതകളും നേടിയിട്ടുള്ളവരാണവര്‍. ദീര്‍ഘവര്‍ഷങ്ങളിലെ പഠനവും കാത്തിരിപ്പും നടത്തി ജോലി സ്വന്തമാക്കുന്ന അധ്യാപകരുടെ സകലപ്രതീക്ഷയും കാറ്റില്‍പറത്തുന്ന സര്‍ക്കാര്‍ ഭരണം തുടരുന്നത് അവരുടെ നിസ്സഹായതകൊണ്ടു മാത്രമാണ്. 
ഭിന്നശേഷിസംവരണത്തിന്റെ പേരിലാണ് ഇപ്പോള്‍ നിയമനാംഗീകാരം വൈകിപ്പിക്കുന്നത്. എയ്ഡഡ്‌മേഖലയില്‍പ്പോലും ഭിന്നശേഷിക്കാരെ നിയമിക്കാനുള്ള സമ്മതം മാനേജ്‌മെന്റ് അറിയിച്ചിട്ടും സര്‍ക്കാര്‍ നിയമനം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. അര്‍ഹരായ ഭിന്നശേഷിക്കാരെ നിയമിക്കുന്നതിന് പോസ്റ്റുകള്‍ മാറ്റി വയ്ക്കാന്‍ സന്നദ്ധതയുള്ള മാനേജുമെന്റുകളിലെ നിയമനം അംഗീകരിക്കണമെന്നു ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിയുണ്ടായിട്ടും സര്‍ക്കാര്‍ വഴങ്ങാത്തതിന്റെ കാരണം ദുരൂഹമാണ്. എന്‍.എസ്.എസ്. മാനേജ്‌മെന്റ് സുപ്രീം കോടതിയില്‍നിന്നു തങ്ങള്‍ക്ക് അനുകൂലമായ വിധി സമ്പാദിച്ചിരുന്നു. അത് എല്ലാ എയ്ഡഡ്സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നു കോടതി പറഞ്ഞുവെങ്കിലും കേരള സര്‍ക്കാരിന് അതു ബോധ്യമായിട്ടില്ല. ഓരോ മാനേജ്‌മെന്റുകളും സ്വന്തമായി വിധി നേടണമന്ന ദുര്‍വാശിയാണ് സര്‍ക്കാരിന്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരേ അന്യായവും ഭരണഘടനാവിരുദ്ധവുമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരിനെ ശിക്ഷിക്കുന്നതിന് ജനാധിപത്യപരമായ അവസരം ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുമെന്ന ആശ്വാസത്തിലാണ് പീഡിതരായ അധ്യാപകരും അവരെ പിന്തുണയ്ക്കുന്ന പൊതുസമൂഹവും. 
വിദ്യാഭ്യാസമേഖലയിലെ മാത്രമല്ല, പൊതുസേവനരംഗത്തെ എല്ലാ വീഴ്ചകള്‍ക്കും സിസ്റ്റത്തിന്റെ തകരാറാണെന്നു പറഞ്ഞു തലയൂരാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണ് ഇന്നുള്ളത്. മെഡിക്കല്‍ കോളജുകളിലും വിദ്യാഭ്യാസഓഫീസുകളിലും മാത്രമല്ല, സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം സിസ്റ്റം തകരാറിലാണ്. യഥാര്‍ഥ തകരാര്‍ സിസ്റ്റത്തിനില്ല, അതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കാണെന്ന് ധൈര്യപൂര്‍വം ചൂണ്ടിക്കാട്ടിയ മുന്‍മന്ത്രി ജി. സുധാകരനോട് പൊതുസമൂഹത്തിന്റെ മതിപ്പു വര്‍ധിച്ചിരിക്കുകയാണ്. സിസ്റ്റത്തിന്റെ തകരാറിന് ഇരയായ  രണ്ടുപേരില്‍ ഒരാള്‍ അധ്യാപികയും മറ്റേയാള്‍ അധ്യാപികയുടെ ഭര്‍ത്താവുമാണ്. വര്‍ഷങ്ങളായി നിയമനാംഗീകാരവും ശമ്പളവും വൈകിയതിന്റെ നിരാശയില്‍ ജീവിതം അവസാനിപ്പിച്ച ഹതഭാഗ്യരാണവര്‍. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നുപദേശിക്കുമ്പോള്‍ അതിലേക്കു നയിക്കുന്ന സാഹചര്യങ്ങളെ പഴിക്കാതിരിക്കാനാവില്ല.
മന്ത്രിയും രാഷ്ട്രീയനേതൃത്വവും നിശ്ചയിച്ചാല്‍ ഓഫീസുകളില്‍ കാര്യങ്ങള്‍ കൃത്യമായി നടക്കണം. അതു നടത്താന്‍ സാധിക്കാത്ത ഭരണനേതൃത്വം നിസ്സഹായത ഏറ്റുപറഞ്ഞ് ഇറങ്ങിപ്പോകണം. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ സെക്രട്ടേറിയറ്റില്‍ മൂന്നരലക്ഷം ഫയലുകള്‍ കുന്നുകൂടിക്കിടക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)