•  17 Jul 2025
  •  ദീപം 58
  •  നാളം 19
നേര്‍മൊഴി

പൊതുജനാരോഗ്യമേഖല ഇനിയും ശക്തിപ്പെടണം

  കേരളത്തിന്റെ പൊതുജനാരോഗ്യമേഖല മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നാംതരമാണെന്നാണ് ഭരിക്കുന്ന സര്‍ക്കാരിന്റെ അവകാശവാദം. അതിനര്‍ഥം, ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നോ ആ മേഖലയില്‍ ഇനി വളര്‍ച്ച ആവശ്യമില്ലെന്നോ അല്ല. ആരോഗ്യമേഖലയിലെ ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ മാത്രം പര്‍വതീകരിച്ചു കാണിച്ചു കേരളത്തിന്റെ ആരോഗ്യമേഖലയെ ഇകഴ്ത്തിക്കാണിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമോ മറ്റു നിക്ഷിപ്തതാത്പര്യങ്ങളോ ഉണ്ടാകും. രോഗീപരിചരണത്തിന് വേണ്ടത്ര ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ടാവുക, ക്ലിനിക്കുകളും ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുമുണ്ടാവുക, സര്‍ക്കാര്‍ മേഖലയില്‍ത്തന്നെ ഈ സൗകര്യങ്ങളുണ്ടാവുക, ശിശുമരണങ്ങളും പകര്‍ച്ചവ്യാധികളും നിയന്ത്രിക്കപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ് ആരോഗ്യമേഖല മെച്ചപ്പെട്ടതാണെന്നു പറയാന്‍ കഴിയുക.
കേരളത്തില്‍ 74000 ത്തോളം അലോപ്പതിഡോക്ടര്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുവെന്നാണു കണക്ക്. അതില്‍ 7000 ത്തില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണ് സര്‍ക്കാരാശുപത്രികളില്‍ സേവനം ചെയ്യുന്നത്. മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളിലാണ് ജോലി ചെയ്യുക. അടിസ്ഥാനസൗകര്യങ്ങളും ആധുനികസജ്ജീകരണങ്ങളുമുള്ള ആശുപത്രികളാണ് ഡോക്ടര്‍മാര്‍ തിരഞ്ഞെടുക്കുക. സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളിലാണ് മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടാവുക. അത്തരം ആശുപത്രികളില്‍പോലും എല്ലാ ചികിത്സകളും ലഭിച്ചുകൊള്ളണമെന്നില്ല. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അമേരിക്കയില്‍ ചികിത്സ തേടി പോയതെന്ന ചോദ്യത്തിനുത്തരമിതാണ്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരാണ് കൂടുതലായും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുക. അവിടെ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. അതിനുള്ള ക്രമീകരണമുണ്ടാകേണ്ടത് സര്‍ക്കാര്‍ ബഡ്ജറ്റില്‍നിന്നാണ്. 2024-25 സാമ്പത്തികവര്‍ഷം ആരോഗ്യവകുപ്പിനു സര്‍ക്കാര്‍ അനുവദിച്ചത് 10997 കോടി രൂപയാണ്. ഇതില്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിനു 400 കോടി നല്‍കി. എന്നാല്‍, ആ തുക മുഴുവന്‍ വേണ്ടപ്പെട്ട വകുപ്പിന് ലഭിച്ചില്ലെന്നാണ് വിവരം. 145 കോടിയില്‍പ്പരം രൂപ പിടിച്ചുവച്ചു. മെഡിക്കല്‍ കോളജുകള്‍ക്കു നല്‍കിയത് 157 കോടി. അവര്‍ക്കു നല്‍കേണ്ടിയിരുന്നത് 217 കോടി രൂപ. ആര്‍.സി.സി. ക്ക് ബഡ്ജ
റ്റില്‍ വകയിരുത്തിയത് 730 കോടിയും നല്‍കിയത് 36 കോടിയുമെന്നറിയുമ്പോള്‍ എന്തുകൊണ്ടാണ് ആരോഗ്യമേഖല രോഗാതുരമാകുന്നതെന്നു വ്യക്തമാകും.
മെഡിക്കല്‍ കോളജുകളില്‍പ്പോലും ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങളോ നൂതന ഉപകരണങ്ങളോ ഇല്ല. പല പരിശോധനകളും പുറത്തു നടത്തേണ്ടിവരുന്നത് ഇക്കാരണത്താലാണ്. അതുകൊണ്ട്  സര്‍ക്കാരിനു ഫണ്ടില്ലെന്ന മുടന്തന്‍ന്യായം പറഞ്ഞ് ചികിത്സ നടത്താതിരിക്കുന്നതും വൈകിക്കുന്നതും ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഫണ്ട് സ്വരൂപിക്കാനുള്ള കടമയും അധികാരവും സര്‍ക്കാരിനുണ്ട്. കടംവാങ്ങി ശമ്പളം കൊടുക്കുന്നതുകൊണ്ടുമാത്രം ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റപ്പെടുന്നില്ല. മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌പോലുള്ള ആരോഗ്യസുരക്ഷാനടപടികള്‍ കര്‍ശനമാക്കുകവഴി സാധാരണക്കാര്‍ക്കുപോലും ഗുണനിലവാരമുള്ള ചികിത്സ ലഭിക്കാനും സര്‍ക്കാരിന്റെ സാമ്പത്തികബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും സാധിക്കും. കൂലിവേലയ്ക്കുപോലും ഉയര്‍ന്നവേതനം കിട്ടുന്ന കേരളത്തില്‍ സര്‍ക്കാരുകളുടെ മേല്‍നോട്ടമുണ്ടായാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കാവുന്നതാണ്.
സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ ആത്മാര്‍ത്ഥതയോടെ സേവനം ചെയ്യുന്ന ഡോ. ഹാരിസിനെപ്പോലുള്ളവരുടെ പരാതികളെ വിമര്‍ശനമോ ആക്ഷേപമോ ആയിക്കാണാതെ അവരുടെ ആത്മനൊമ്പരമായി കണക്കാക്കിയാല്‍ അത് പാവപ്പെട്ടവര്‍ക്കുപകാരപ്പെടും. വകുപ്പുതല നടപടികള്‍കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല. സര്‍ക്കാര്‍വിരുദ്ധനോ പാര്‍ട്ടിവിരുദ്ധനോ ആയ ഡോക്ടറല്ല ആശുപത്രിയുടെ പരിമിതിയെക്കുറിച്ചു പുറത്തു പറഞ്ഞ ഡോ. ഹാരിസ്.
ഹാരിസിനെ നിലയ്ക്കുനിറുത്താനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒരു മരണം സംഭവിച്ചത്. കാലപ്പഴക്കംമൂലം ഉപയോഗശൂന്യമായിക്കിടന്ന ഭാഗത്തുണ്ടായിരുന്ന ശുചിമുറിയുമായി ബന്ധപ്പെട്ട ഭാഗമാണ് ഇടിഞ്ഞുവീണത് എന്ന ഉത്തരവാദിത്വപ്പെട്ടവരുടെ ഉത്തരവാദിത്വമില്ലാത്ത പ്രതികരണം വലിയ കോളിളക്കം ഉണ്ടാക്കിയത് ആരും മറന്നിട്ടില്ല. ഉപയോഗശൂന്യമായ ശുചിമുറിക്കുപകരം സൗകര്യങ്ങള്‍ എന്തുകൊണ്ട് ഉണ്ടായില്ല എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടേ? ഒരു നിര്‍മ്മാണം പൂര്‍ത്തിയായാല്‍, അത് എന്തുമാവട്ടെ, ജനത്തിനു തുറന്നുകൊടുക്കാനുണ്ടാകുന്ന കാലതാമസം ചെറുതല്ല. അവകാശവാദത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ മാത്രമല്ല, ഉദ്ഘാടനത്തിനെത്തിക്കേണ്ട വിശിഷ്ടാതിഥികളുടെ തിരക്കും അടിയന്തരസ്വഭാവവുമുള്ള കാര്യങ്ങള്‍പോലും വൈകുന്നതിനിടയാക്കാറുണ്ട്.  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)