•  3 Jul 2025
  •  ദീപം 58
  •  നാളം 17
നേര്‍മൊഴി

സമാധാനത്തിന്റെ വെള്ളരിപ്രാവ് പറന്നിറങ്ങട്ടെ

   ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചിട്ട് ഒരാഴ്ചയായി. ഇരുരാജ്യങ്ങളിലും വലിയ ആള്‍നാശവും വമ്പിച്ച വസ്തുനഷ്ടവുമുണ്ടായി. എന്നിട്ടും നാളിതുവരെ സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. മിഡില്‍ഈസ്റ്റില്‍ കത്തിപ്പടരുന്ന അഗ്നി ലോകമാസകലം പടരുമോ എന്നാണ് സമാധാനകാംക്ഷികള്‍ ഭയപ്പെടുന്നത്.  യുദ്ധം തെറ്റാണ്. എന്തു ന്യായീകരണങ്ങള്‍ കൊണ്ടുവന്നാലും അതില്‍ മനുഷ്യാവകാശലംഘനമുണ്ട്, വികസനത്തകര്‍ച്ചയുണ്ട് എന്നു പറയാന്‍ ആദര്‍ശബലമുള്ള രാജ്യങ്ങള്‍ മധ്യസ്ഥരായി രംഗത്തുവരുന്നില്ല. ഐക്യരാഷ്ട്രസംഘടനപോലും ദുര്‍ബലമാണ്.
    ഇറാന്‍-ഇസ്രയേല്‍സംഘര്‍ഷത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അതിന്റെ കാരണങ്ങള്‍ രാഷ്ട്രീയപരവും സൈനികപരവുമാണ്. യുദ്ധത്തോളം എത്തിനില്ക്കുന്ന ഇപ്പോഴത്തെ സംഘര്‍ഷത്തിനു കാരണം ജൂണ്‍ 13-ാം തീയതി രാത്രിയില്‍ ഇസ്രയേല്‍ ഇറാന്റെമേല്‍ നടത്തിയ ആക്രമണമാണ്. ഡ്രോണുകളുടെ സഹായത്തോടെ ഇറാനില്‍ കടന്നുകയറി ഇരുന്നൂറിലധികം ഫൈറ്റര്‍ജറ്റുകള്‍ വന്‍നാശം വിതച്ചു. നൂറിലധികം തന്ത്രപ്രധാനകേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. പ്രധാനപ്പെട്ട സൈനികതലവന്മാരും ശാസ്ത്രജ്ഞരും സിവിലിയന്‍ നേതാക്കന്മാരും കൊല്ലപ്പെട്ടു. ഇറാന്‍ ഞെട്ടിവിറച്ചു. തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ ഇസ്രയേല്‍ ഗൗരവത്തോടെ എടുത്തില്ല. കാരണം ഇസ്രയേലിന്റെ സൈനികമേധാവിത്വംതന്നെ. ഏത് ആക്രമണത്തെയും പ്രതിരോധിക്കാനുള്ള ആയുധശേഷി തങ്ങള്‍ക്കുണ്ടെന്ന് ഇസ്രയേല്‍ വിശ്വസിച്ചു. അയണ്‍ഡോമുകള്‍ തങ്ങളെ സംരക്ഷിക്കുമെന്ന് ഇസ്രയേലിന് ഉറപ്പുണ്ടായിരുന്നു. ഇറാന്‍ തൊടുത്തുവിടുന്ന മിൈസലുകളെ റഡാറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ്  ആകാശത്തുവച്ചുതന്നെ  നിര്‍വീര്യമാക്കാനുള്ള പ്രതിരോധസംവിധാനമാണ് അയണ്‍ഡോം. അത് ഇരുമ്പുകവചമാണ്.
    ഇറാന്റെ താക്കീതിനെ ഭയപ്പെടാതിരിക്കാനുള്ള രണ്ടാമത്തെ കാരണം അമേരിക്ക തങ്ങളെ സഹായിക്കുമെന്നുള്ള ഉറപ്പാണ്. ഇതിനുപുറമേയാണ് എല്ലാവരെയും വിസ്മയിപ്പിക്കുന്ന അവരുടെ യുദ്ധതന്ത്രങ്ങളും നാളിതുവരെയുള്ള യുദ്ധങ്ങളുടെ വിജയചരിത്രവും. പിന്തുണയ്ക്കുപകരം അമേരിക്ക നേരിട്ടു യുദ്ധത്തിന്റെ ഭാഗമായ കാഴ്ചയാണിപ്പോള്‍ ലോകം കാണുന്നത്. അമേരിക്കന്‍ ഇടപെടല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. എത്രയുംവേഗം മിഡില്‍ ഈസ്റ്റ് പൂര്‍വസ്ഥിതിയിലേക്കു തിരിച്ചെത്തണമെന്നാണ് എല്ലാവരുടെയും ആഗ്രഹവും പ്രാര്‍ഥനയും.
   ഇറാന്‍ ആണവശക്തിയായി മാറുന്നത് ലോകസമാധാനത്തിനു ഭീഷണിയാണെന്നും തങ്ങള്‍ക്കു പ്രത്യേകമായ വിധത്തില്‍ വെല്ലുവിളിയാകുമെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. ആണവായുധക്കരാറില്‍നിന്ന് ഇറാന്‍ പിന്മാറിയത് യുറേനിയം സംസ്‌കരിച്ച് ആണവായുധങ്ങള്‍ നിര്‍മിക്കാന്‍വേണ്ടിയാണെന്ന ധാരണ പൊതുവേയുണ്ട്. ഒരു രാജ്യം ആണവശക്തിയായി മാറിയാല്‍ അവരെ ആക്രമിക്കാന്‍ മറ്റുള്ളവര്‍ മടിക്കുമെന്നതു സത്യമാണ്. ഗത്യന്തരമില്ലാതെ ആണവായുധം പ്രയോഗിച്ചാല്‍ സംഭവിക്കാനിടയുള്ള നാശത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതുകൊണ്ടാണ് സംയമനം പാലിക്കാന്‍ പലരും നിര്‍ബന്ധിതരാകുന്നത്. നോര്‍ത്ത് കൊറിയയിലെ ഭരണം ജനാധിപത്യമര്യാദകള്‍ക്കു നിരക്കാത്തതും ആണവായുധക്കരാറുകളെ മാനിക്കാത്തതുമാണെങ്കിലും അവരുമായി കൊമ്പുകോര്‍ക്കാന്‍ ആരും തയ്യാറാകാത്തത് അവര്‍ ആണവശേഷിയുള്ള രാജ്യമായതുകൊണ്ടാണ്.
അന്താരാഷ്ട്രആണവായുധക്കരാര്‍ പ്രകാരം ആണവോര്‍ജം വികസനപ്രവര്‍ത്തനങ്ങള്‍ക്കും സമാധാനാവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാനാവുകയുള്ളൂ. ആണവായുധങ്ങള്‍ ആരുടെ പക്കലാണെന്നതും പ്രധാനപ്പെട്ടതാണ്. സിവിലിയന്‍അധികാരികളുടെ കീഴിലാണെങ്കില്‍ അത് ലോകസമാധാനത്തിനു ഭീഷണിയാകുന്നില്ല. എന്നാല്‍, ജനാധിപത്യഭരണമില്ലാത്ത സൈനികഅട്ടിമറികളുള്ള ഒരു രാജ്യം ആണവശക്തിയായി മാറുന്നത് അപകടകരമാണ്.
   ആണവഭീഷണി ഉയര്‍ത്തുന്നുവെന്നതുകൊണ്ടോ, ഭീകരരെപ്പോലെ വര്‍ത്തിക്കുന്ന അതിതീവ്രസൈനികഗ്രൂപ്പുകള്‍ക്കു പിന്തുണ നല്‍കുന്നുവെന്നതുകൊണ്ടോ ഒരു പരമാധികാരറിപ്പബ്ലിക്കിനെ മറ്റൊരു രാജ്യം ആക്രമിക്കാന്‍ പാടുണ്ടോ എന്ന ചോദ്യം ബാക്കിനില്ക്കുന്നു. രാജ്യങ്ങള്‍ തമ്മില്‍ 2000 കി.മീറ്റര്‍ ദൂരമുണ്ട്. ആധുനികസാങ്കേതികവിദ്യയുടെ കാലത്ത് അകലം യുദ്ധത്തിന്റെ രൂക്ഷത കുറയ്ക്കുന്നില്ല. രാജ്യങ്ങള്‍തമ്മില്‍ കലഹിക്കുമ്പോള്‍ അവര്‍ മാത്രമല്ല നശിക്കുന്നത്. ലോകസമാധാനവും വികസനവും അപകടത്തിലാവുകയാണ്. അരുത് എന്നു പറയേണ്ടവര്‍ കച്ചവടതാത്പര്യങ്ങള്‍ വച്ച് കക്ഷിചേരുകയാണ്. മധ്യസ്ഥശ്രമം നടത്തേണ്ട ഐക്യരാഷ്ട്രസംഘടന ഒരു ശിശുവിനെപ്പോലെ ദുര്‍ബലമാണ്. സംഘടനയ്ക്ക്  ആജ്ഞാശക്തിയില്ല; അഭ്യര്‍ഥിക്കാനേ ആവുകയുള്ളൂ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)