•  17 Jul 2025
  •  ദീപം 58
  •  നാളം 19
ശ്രേഷ്ഠമലയാളം

ആളുന്തിരാഗം

   കവിത തന്നിമിഷ പ്രേരിത (Ex-tempore)-)മായിട്ടാണ് ഉത്ഭവിക്കുന്നതെന്ന് അരിസ്റ്റോട്ടില്‍ കരുതുന്നു. ആദികാവ്യമായ രാമായണം ഉള്‍പ്പെടെ ആധുനികകാവ്യങ്ങളില്‍നിന്നുവരെ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താം. നാടന്‍പാട്ടുകള്‍ മിക്കതും ദ്രുതകവനങ്ങളാണല്ലോ! തെറിപ്പാട്ടുകള്‍(ഭരണിപ്പാട്ട്, പൂരപ്പാട്ട്) തന്‍നിമിഷപ്രചോദിതമായി നിര്‍മ്മിക്കപ്പെട്ടതാകണം. ഈ സ്വഭാവം പ്രാചീനകാവ്യമായ കൃഷ്ണഗാഥയില്‍ ഉണ്ടെന്നു കാണിക്കുന്ന ഐതിഹ്യം പ്രസിദ്ധമാണ്. ഭാഷാചരിത്രകര്‍ത്താവായ പി. ഗോവിന്ദപ്പിള്ളയാണ് ഇങ്ങനെയൊരു അഭിപ്രായം ആദ്യം രേഖപ്പെടുത്തിയത്.
പ്രസിദ്ധമായ ആ കഥ ചുരുക്കിപ്പറയാം. ഒരിക്കല്‍, കോലത്തുനാട്ടുരാജാവായ ഉദയവര്‍മ്മനും ചെറുശ്ശേരിനമ്പൂതിരിയുംകൂടി ചതുരംഗം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാജാവ് കളിയില്‍ തോല്‍ക്കുന്ന ഘട്ടമെത്തിയപ്പോള്‍, കളിയില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന രാജ്ഞി കുട്ടിയെ താരാട്ടുപാടുന്ന മട്ടില്‍, ഉന്തുന്തു/ന്തുന്തുന്തു/ന്തുന്തുന്തു/ന്തുന്തുന്തു/ന്തുന്തുന്തു/ന്തുന്തുന്തു/ന്താളെ/യുന്ത്' എന്നു പാടിയത്രേ! കാര്യം മനസ്സിലാക്കിയ രാജാവ് ആളെ ഉന്തി കളിയില്‍ ജയിച്ചുവെന്നാണ് ഐതിഹ്യം. രാജ്ഞിയുടെ കര്‍മ്മകുശലതയെ ബഹുമാനിച്ച് ഭാഗവതം ആളുന്തിരാഗത്തില്‍ രചിക്കാന്‍ രാജാവ് ചെറുശ്ശേരിയോട് ആവശ്യപ്പെട്ടുപോലും. അങ്ങനെ നിര്‍മ്മിക്കപ്പെട്ട കാവ്യമാണ് കൃഷ്ണഗാഥ. ഭരണിപ്പാട്ടില്‍ ഉപയോഗിക്കുന്ന മഞ്ജരിവൃത്തത്തില്‍ പദ്യരചന അനായാസം സാധിക്കുമെന്നും അതു സാധിച്ചാല്‍ കൃതിക്ക് ഹൃദയംഗമത്വം കൂടുമെന്നും കഥ ഊന്നുന്നു.''*
കാവ്യരചനയെ അപേക്ഷിച്ച്, സത്വരകവനം വേണ്ടിവരുന്ന മേഖലയാണ് ചലച്ചിത്രഗാനരചനയുടേത്. ട്യൂണിട്ടശേഷം എഴുതുന്ന ഗാനങ്ങളെ 'നിമിഷഗാനങ്ങള്‍' എന്നു വിശേഷിപ്പിക്കാം. ഇത്തരം കവനസാമര്‍ഥ്യത്തില്‍ പാരമ്പര്യത്തിന്റെ പ്രേരണാബീജങ്ങള്‍ ഉള്‍ച്ചേരുന്നുണ്ട്. അതോടെ എഴുതിയതിനുശേഷം ഈണമിടുതാണോ ഈണമിട്ടതിനുശേഷം എഴുതുന്നതാണോ ്‌നല്ലത് എന്ന ചോദ്യം അപ്രസക്തമാകുന്നു. ഇക്കാര്യത്തില്‍ നമ്മുടെ ചലച്ചിത്രഗാനരചയിതാക്കള്‍ അസൂയാര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. മഞ്ജരിയുടെ ചൊല്‍വടിവ്: 
മാവേലി/ നാടുവാ/ണീടുംകാ/ലം
മാലോക/രെല്ലാരു/ മൊന്നുപോ/ലേ (ഓണപ്പാട്ട്)
*ഭാസ്‌കരന്‍, ടി. കാവ്യശാസ്ത്രം കഥകളിലൂടെ, എന്‍.ബി.എസ്, കോട്ടയം, 2010, പുറം-78.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)