വെറ്റിലക്കൊടിക്ക്, താംബൂലവല്ലി(താംബൂലവള്ളി) സര്‍പ്പലത എന്നിങ്ങനെ പര്യായങ്ങളുണ്ട്. താംബൂലി മുറുക്കാന്‍ കൊടുക്കുന്നവനുമാകാം. മുറുക്കാന്‍ കൊടുക്കുന്നവനെയും മുറുക്കാന്‍ വില്‍ക്കുന്നവരെയും താംബൂലികന്‍ എന്നു വിശേഷിപ്പിക്കുന്നു. ഗന്ധര്‍വക്ഷേത്രം (1972) എന്ന സിനിമയ്ക്കുവേണ്ടി വയലാര്‍ രാമവര്‍മ എഴുതിയ ''ഇന്ദ്രവല്ലരി പൂ ചുടി വരും'' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചരണത്തില്‍ ഉണരുമീ സര്‍പ്പലതാസദനം ഒരു നിമിഷംകൊണ്ടൊരു മഥുര (ഉത്തരഭാരതത്തിലെ നഗരം)യാക്കൂ എന്നൊരു പ്രയോഗമുണ്ട്. വെറ്റിലക്കൊടിയുടെ പര്യായങ്ങളില്‍ സര്‍പ്പലത എന്ന സമസ്തപദമാണ് വയലാര്‍ സന്ദര്‍ഭനിഷ്ഠമായി പ്രയോഗിച്ചത്.
സര്‍പ്പം, ലത എന്നീ പദങ്ങളെ സമാസിച്ചുണ്ടാക്കിയ രൂപമാണ് സര്‍പ്പലത. പൂര്‍വപദമായ സര്‍പ്പത്തെ സൃപ് (ഇഴയുക) ധാതുവില്‍നിന്നു നിഷ്പാദിപ്പിക്കാം. 'സര്‍പതി ഇതി സര്‍വഃ'* (ഇഴയുകയാല്‍ സര്‍പ്പം) എന്നു നിരുക്തി. താഴെപ്പടരുന്നതോ മുകളിലേക്കു പടര്‍ന്നുകയറുന്നതോ ആയ വള്ളിച്ചെടിയാണു ലത. സര്‍പ്പം+ലത= സര്‍പ്പലത. അനുസ്വാരലോപമാണ് സന്ധിയുടെ യുക്തി.
പാമ്പിന്റെ വിടര്‍ത്തിയ പത്തിപോലെ ഇലകള്‍ നില്‍ക്കുന്നതുകൊണ്ടോ പാമ്പിനെപ്പോലെ ഇഴഞ്ഞുനീങ്ങി വളരുന്നതുകൊണ്ടോ ആകാം വെറ്റിലക്കൊടിക്ക് സര്‍പ്പലത എന്ന പേരുവന്നത്. ഇതേക്കുറിച്ച് കെ.സി. നാരായണന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: ''പാമ്പിന്റെ വിടര്‍ത്തിയ പത്തിപോലെയാണ് വെറ്റിലവള്ളിയില്‍ ഇലകള്‍ നില്‍ക്കുന്നത് എന്നതുകൊണ്ടാവാം അതിന് സര്‍പ്പലത എന്ന പേരുവന്നത്. സര്‍പ്പലതയുടെ വള്ളികള്‍ പിണഞ്ഞുണ്ടാവുന്ന കുടിലാണ് സര്‍പ്പലതാസദനം... വെറ്റിലവള്ളികള്‍ പിണഞ്ഞുണ്ടാക്കിയ ഈ കുടില്‍ ഒരു നിമിഷംകൊണ്ട് ഒരു മഥുരാപുരിയാക്കൂ എന്നാണ് കാമുകിയുടെ അപേക്ഷ''*
ഇന്ദ്രവല്ലരി = ചെറിയ കാട്ടുവെള്ളരി. സദനം = സീദന്തി അത്ര ഇതി സദനം (ദാനുജിദീക്ഷിതര്‍) ആളുകള്‍ ഇവിടെ വസിക്കുന്നതുകൊണ്ട് സദനം.
* രാജഗോപാല്‍, എന്‍.കെ. സംസ്‌കൃതനിരുക്തകോശം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, പുറം - 230.
** നാരായണന്‍ കെ.സി., അക്ഷരംപ്രതി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2024 നവംബര്‍, 17, ലക്കം 35, പുറം - 93.