•  26 Sep 2024
  •  ദീപം 57
  •  നാളം 29
ശ്രേഷ്ഠമലയാളം

നാഴിയുരി

''നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം
നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരു പൊന്നോണം''*
   'രാരിച്ചന്‍ എന്ന പൗരന്‍' (1956) എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്‌കരന്‍ എഴുതിയ ഗാനത്തിന്റെ പല്ലവിയാണ് മേലുദ്ധരിച്ചത്. ഈ പാട്ടില്‍ പരാമര്‍ശിക്കുന്ന നാഴിയും ഉരിയും പഴയകാലത്തെ ഓരോരോ അളവുകളായിരുന്നു. (നാഴി, ഉരി ഇവ പാത്രത്തെയും കുറിക്കും) ഇടങ്ങഴിയുടെ നാലിലൊരു ഭാഗം കൊള്ളുന്ന അളവാണ് നാഴി. നാഴിയുടെ പകുതിയാണ് ഉരി. നാഴിയും ഉരിയും കൂടിയ ഒന്നരനാഴിയാകട്ടെ നാഴിയുരിയും ആകും. 
   വിശേഷണവിശേഷ്യങ്ങളായ നാഴിയും ഉരിയും സന്ധിചെയ്യുമ്പോള്‍ നാഴിയുരി എന്നാകുന്നു. ''പൂര്‍വം താലവ്യമാണെങ്കില്‍/ യകാരമതിലേക്കണം''**(കാരിക 7) എന്ന നിയമപ്രകാരമാണ് യകാരം ആഗമിച്ചത്. അങ്ങനെ നാഴിയുരി ആഗമസന്ധിക്കുദാഹരണമാകുന്നു. നാഴിയുരി സംസാരഭാഷയില്‍ നാഴൂരി എന്നാകാറുണ്ട്. ഉച്ചാരണത്തില്‍ വന്ന ഹ്രസ്വരൂപമാണ് നാഴൂരി. അര്‍ഥഭേദമില്ല.
   നാഴി, ഉരി എന്നീ അളവുകള്‍ മിക്കവര്‍ക്കും അപരിചിതമായിക്കഴിഞ്ഞു. തന്നെയുമല്ല, നാഴി, ഉരി എന്നീ അളവുകളില്‍ ഇന്ന് പാല്‍ ലഭ്യവുമല്ലല്ലോ! വീടുകളില്‍നിന്ന് പാല്‍ വാങ്ങിയിരുന്ന കാലത്ത് ഒരു കുപ്പി, രണ്ടു കുപ്പി എന്നിങ്ങനെയായിരുന്നു പാല്‍ അളന്നിരുന്നത്. കാലം മാറി. ഇന്ന് ഒരു കവര്‍, രണ്ടു കവര്‍ അഥവാ ഒരു പായ്ക്കറ്റ്, രണ്ട് പായ്ക്കറ്റ് എന്നിങ്ങനെ പറഞ്ഞാണല്ലോ കടകളില്‍നിന്നു പാല്‍ വാങ്ങുന്നത്. ഇവയൊക്കെ ഭാഷയ്ക്കുള്ളില്‍ രൂപപ്പെട്ടുവരുന്ന ഭാഷാഭേദങ്ങളാണ്. ആവശ്യനിര്‍വഹണമാണ് ഇത്തരം പദങ്ങളുടെ പിറവിക്കു പിന്നിലെ ചേതോവികാരം. ഇവ ഉച്ചാരണത്തില്‍ രൂഢിയായിക്കഴിഞ്ഞാല്‍ എഴുത്തിലേക്കു കടക്കും. പതിയപ്പതിയെ അവ മാനകരൂപങ്ങളായി മാറുകയും ചെയ്യും. ഇങ്ങനെ രൂപപ്പെട്ടു വരുന്ന ഭാഷാഭേദങ്ങളെ തള്ളിക്കളയേണ്ടതില്ല. എല്ലാ ജീവല്‍ഭാഷകളിലും ഇത്തരം മാറ്റങ്ങള്‍ കാണാം. അങ്ങനെയാണ് ഓരോ ഭാഷയും വളരുന്നതും കരുത്താര്‍ജിക്കുന്നതും.
* ഭാസ്‌കരന്‍, പി. പി. ഭാസ്‌കരന്റെ കൃതികള്‍ (കവിതകള്‍ - ഗാനങ്ങള്‍) ഡി.സി. ബുക്‌സ്, കോട്ടയം, 2021, പുറം- 303
** രാജരാജവര്‍മ ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം 126.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)