കരള്‍ പിളരും കാലം കടന്നുപോകില്ലെന്ന് മണിപ്പുര്‍ നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു. രക്തമുണങ്ങാത്ത മണ്ണില്‍ ഹിംസയുടെ ദൂതര്‍ കാടിളക്കിവരുമ്പോള്‍ പകച്ചുനില്‍ക്കുന്ന ഒരു ജനതയുണ്ട് അവിടെ. ഭീതിയുടെ കനലാട്ടമൊടുങ്ങാത്ത ബാല്യമിഴികളുമുണ്ട്. മണിപ്പുര്‍ജനത കരുവാക്കപ്പെടുകയാണോ? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അശാന്തിയുടെ നെരിപ്പോടിലേക്കു വലിച്ചെറിയപ്പെടുകയാണോ? തങ്ങള്‍ ഉയിരെടുത്ത ദേഹങ്ങള്‍ വികൃതമാക്കി ആസ്വദിക്കുന്നതില്‍ സംതൃപ്തിയടയുംവിധം ക്രൂരതയുടെ അപരിഷ്‌കൃതമുഖം നമ്മെ നോക്കി മനുഷ്യത്വരഹിതമായി പല്ലിളിക്കുന്നുണ്ട് മണിപ്പുരില്‍. കെ.എന്‍.എ. (കുക്കി നാഷണല്‍
ആര്‍മി)ബര്‍മ കേഡറിലെ താങ് ലിയന്‍കാപ് എന്ന മ്യാന്മര്‍നുഴഞ്ഞുകയറ്റക്കാരനെ അസം റൈഫിള്‍സ് അറസ്റ്റു ചെയ്തതോടെ മണിപ്പുരില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ എന്ന വാദം ശരിയാണെന്നു സമര്‍ഥിക്കപ്പെടുകയാണ്. ഇത് മറ്റു പല നിഗമനങ്ങളിലേക്കു നയിക്കാനും ഉതകുന്നു.
പുതിയ കലാപം
ലോകസഭാ തിരഞ്ഞെടുപ്പുവേളയിലെ മണിപ്പുരിന്റെ ശാന്തികാലം ഒരു വലിയ പൊട്ടിത്തെറിക്കുമുന്നോടിയായിരുന്നുവെന്ന് തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. സെപ്റ്റംബര്‍ ആദ്യവാരം ആരംഭിച്ച കലാപത്തിന്റെ പുത്തന്‍ അധ്യായത്തില്‍ അനിതരസാധാരണമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. സെപ്റ്റംബര്‍ ആറിന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ മണിപ്പുരിന്റെ പ്രഥമ മുഖ്യമന്ത്രി മേറിബാം കോയ്‌റിങ് സിങ്ങിന്റെ വസതിയിലേക്കു റോക്കറ്റ് ആക്രമണം ഉണ്ടാവുകയും ഒരാള്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു. ഏഴു കിലോമീറ്റര്‍ റേഞ്ചില്‍ വിക്ഷേപിക്കാവുന്ന ഇനറോക്കറ്റായിരുന്നു ഇത്. പൊലീസിനെ നോക്കുകുത്തിയാക്കി തലസ്ഥാനമായ ഇംഫാലില്‍ കളക്ടറേറ്റ് പിടിച്ചടക്കിയ മെയ്‌തെയ് കലാപകാരികള്‍ ഇന്ത്യന്‍ ദേശീയപതാക അഴിച്ചുമാറ്റി മെയ്തെയ് പതാക സ്ഥാപിച്ച് അതിഗുരുതരദേശീയ വിരുദ്ധതയാണു പ്രകടിപ്പിച്ചത്. ഒപ്പം, രാജ്ഭവനിലേക്കു നടത്തിയ കല്ലേറും അവഗണിക്കാവുന്നതല്ല.
സെപ്റ്റംബര്‍ 15 ന് മണിപ്പുര്‍ മൃഗസംരക്ഷണ - ഗതാഗത വകുപ്പുമന്ത്രി ഹാഷിം വഷുമിന്റെ, നാഗാമേഖലയായ ഉഖ്രൂളിലെ വസതിക്കു നേര്‍ക്ക് ബോംബാക്രമണം ഉïായി. ആര്‍ക്കും അപകടമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഓഗസ്റ്റ്10 ന് കുക്കിമേഖലയായ കാങ് പോംക്പിയില്‍ മുന്‍ എംഎല്‍എ യാംത് ഹോങ് ഹാവോകിപ്പിന്റെ വസതിയില്‍ നടന്ന സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യകൊല്ലപ്പെട്ടിരുന്നു.
ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയതിനുപുറമേ ഈസ്റ്റ് ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ഇന്ത്യന്‍ കരസേന, അസം റൈഫിള്‍സ്, ഗൂര്‍ഖ റെജിമെന്റ്, മണിപ്പുര്‍പൊലീസ് എന്നിവരടങ്ങിയ ഒരു സംയുക്തസേന രൂപീകരിച്ചു നിയന്ത്രണം തങ്ങള്‍ക്കു കൈമാറണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി ബിരേന്‍സിങ് അടിയന്തരമായി കേന്ദ്ര ഇടപെടല്‍ ഉïായില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്നും പ്രഖ്യാപിച്ചു.
ബാഹ്യശക്തികളുടെ ഇടപെടലോ?
മ്യാന്മറില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റുചെയ്തതോടെ മണിപ്പുര്‍ പ്രശ്‌നത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന കാര്യം മുഖ്യമന്ത്രി ബിരേന്‍ സിങ് പരസ്യമായി പ്രഖ്യാപിക്കുകയും അസം റൈഫിള്‍സിനെ അഭിനന്ദിക്കുകയും ചെയ്തു. ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയിക്കാന്‍ മറ്റു പല കാര്യങ്ങളുമുണ്ട്.
കലാപം ഭീകരാക്രമണത്തിന്റെ തലത്തിലേക്കു മാറുംവിധം റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡുകളും രൂപമാറ്റം വരുത്തിയ ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രമണങ്ങളും വ്യാപകമാകുന്നു. ഈ ആയുധങ്ങളാന്നും മണിപ്പുരില്‍ നിര്‍മിച്ചിട്ടുള്ളവയല്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ഗവര്‍ണര്‍ ചര്‍ച്ച നടത്തുകയും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിട്ടും അവര്‍ സമരത്തില്‍നിന്നു പിന്മാറാത്തതും സംസ്ഥാന ഡിജിപി രാജീവ് സിങ്ങിനെയും കേന്ദ്രസുരക്ഷാസേനയുടെ ഉപദേഷ്ടാവ് കുല്‍ദീപ് സിങ്ങിനെയും മാറ്റണമെന്ന കലാപകാരികളുടെ ശക്തമായ ആവശ്യവും മണിപ്പുര്‍ കലാപത്തിന് ബംഗ്ലാദേശ് കലാപത്തിന്റെ ചുവ നല്‍കുന്നു.
അമേരിക്കന്‍ ഡീപ് സ്റ്റേറ്റോ?
മണിപ്പുരിലെ തല്‍സ്ഥിതിക്കൊപ്പം ബംഗ്ലാദേശിന്റെകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ മറ്റൊരു ചിത്രം നമ്മുടെ മുമ്പില്‍ തെളിയും. അമേരിക്ക തങ്ങളെ സഹായിക്കുമെന്ന് ബംഗ്ലാദേശ് പ്രസിഡന്റിന്റെ പ്രഖ്യാപനവും ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാദേശ് - ചൈന - പാക്കിസ്ഥാന്‍ സഖ്യം ഉണ്ടാവണമെന്ന ജമാ അത്തെ ഇസ്ലാമിയുടെ ആഹ്വാനവും അത്ര നിസ്സാരമല്ല. ബംഗ്ലാദേശ് കലാപത്തിനുപിന്നില്‍ അമേരിക്കയാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ തെളിവുസഹിതം റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു. ആ നിലയില്‍ ബംഗ്ലാദേശിന്റെ ചിറ്റഗോങ് മേഖലയും മണിപ്പുരിലെ കുക്കി ഭൂരിപക്ഷപ്രദേശവും മിസോറാമും മ്യാന്മറിന്റെ ബഹുഭൂരിപക്ഷപ്രദേശവും ചേര്‍ന്നൊരു കുക്കിരാഷ്ട്രത്തിന് അമേരിക്ക സഹായംചെയ്യുന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലാതെയില്ല. ബംഗ്ലാദേശില്‍ ഒരു വ്യോമതാവളവും നാവികത്താവളവും സ്ഥാപിക്കാന്‍ ഖാലിദ സിയയുടെ ബി.എന്‍.പിയുമായി അമേരിക്ക കരാര്‍ ഉറപ്പിച്ചുവെന്ന രാജ്യഭ്രഷ്ടയായ ഷെയ്ക്ക് ഹസീനയുടെ ആരോപണം സത്യമെന്നുവേണം കരുതാന്‍. ഇന്ത്യയ്‌ക്കെതിരേ പൊരുതുന്ന ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കും ഇസ്ലാമികഭീകരര്‍ക്കും മ്യാന്മര്‍ കലാപകാരികള്‍ക്കും പണവും ആയുധവും പരിശീലനവും നല്‍കുന്നത് പാക്കിസ്ഥാനാണെങ്കിലും അമേരിക്കയുടെ അറിവും സാമ്പത്തികസഹായവുമില്ലാതെ അവര്‍ക്ക് അതു സാധിക്കില്ല. മോദി ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ എത്ര ബില്യണ്‍ ഡോളര്‍ വേണമെങ്കിലും താന്‍ ചെലവഴിക്കുമെന്ന ജോര്‍ജ് സോറസിന്റെ പ്രസ്താവന ഇതോടു ചേര്‍ത്തുവായിക്കാം.
അയല്‍ബന്ധങ്ങളില്‍ അപ്രതീക്ഷിതനീക്കങ്ങള്‍
മണിപ്പുരിലെ പ്രശ്‌നങ്ങള്‍ക്കുപിന്നിലെ വിഘടനവാദസംഘടനകള്‍ക്ക് ചൈനയുടെ സഹായമുണ്ടെന്ന പ്രചരണം ഭാഗികമായി ശരിയായിരുന്നുവെങ്കിലും ബംഗ്ലാദേശിലെ അട്ടിമറിയും അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങളും അവരുടെ സൈനികതാത്പര്യങ്ങളും ചൈനയെയും ഇന്ത്യയെയും മാറ്റിച്ചിന്തിപ്പിച്ചിരിക്കുകയാണ്. ഇന്ത്യ - ചൈന സൈനികപ്പോരിനു സാക്ഷ്യംവഹിച്ച ഗാല്‍വന്‍ കുന്നുകളടക്കം 75 ശതമാനം അതിര്‍ത്തിത്തര്‍ക്കങ്ങളും ഇരുരാജ്യങ്ങളും അടിയന്തരചര്‍ച്ചകളിലൂടെ പരിഹരിച്ചുവെന്ന് പ്രഖ്യാപിച്ച ചൈന, ലഡാക്കടക്കം നാല് അതിര്‍ത്തിമേഖലകളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തുവെന്നത് പുതിയ സഖ്യത്തിന്റെ നാന്ദികുറിക്കലായി. ഇന്ത്യ - ചൈന സംയുക്തസൈനികാഭ്യാസം നടക്കാന്‍പോകുന്നുവെന്ന അസാധാരണവാര്‍ത്ത ലോകത്തിന്, പ്രത്യേകിച്ച് അമേരിക്കയ്ക്കും നാറ്റോരാഷ്ട്രങ്ങള്‍ക്കും ഒരു വലിയ സന്ദേശമാണു നല്‍കുന്നത്. റഷ്യ - യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയ്ക്കുമേല്‍ നാറ്റോരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം വകവയ്ക്കാതെ ഇന്ത്യ റഷ്യയില്‍നിന്നു വന്‍തോതില്‍ ഇന്ധനം വാങ്ങിക്കൂട്ടുന്നതിലും റഷ്യയുമായുള്ള സൗഹൃദം തുടരുന്നതിലും അസംതൃപ്തരായ നാറ്റോരാഷ്ട്രങ്ങളുടെ പിന്നണിക്കളികളും ബംഗ്ലാദേശിലടക്കം കാണാം.
സ്വാതന്ത്ര്യാനന്തരം മാറിമാറി വന്ന സര്‍ക്കാരുകളൊന്നുംതന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കിയില്ലെന്നത് വിഘടനവാദത്തിന്റെ വളര്‍ച്ചയ്ക്കു വഴിതെളിച്ചുവെന്നതാണു സത്യം. ബാഹ്യശക്തികള്‍ക്കു രാജ്യത്തിനുള്ളില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള അവസരങ്ങള്‍ നാംതന്നെ ഇതുവഴി നല്‍കി. എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷമായി നരേന്ദ്രമോദിസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ചൈനീസ് ജീവിതശൈലി പിന്തുടരുന്നെങ്കിലും ഇന്ത്യന്‍ദേശീയതയെ നെഞ്ചോടു ചേര്‍ത്തവരാണ്. കുക്കികളടക്കമുള്ളവര്‍ ഇന്ത്യന്‍സേനയില്‍ ഗൂര്‍ഖാ റെജിമെന്റിന്റെ ഭാഗമാണ്. കലാപം അടിച്ചൊതുക്കാനായി സ്വന്തം ജനതയെ വെടിവെച്ചുകൊല്ലാന്‍ സൈന്യത്തിനോ, അതിനുത്തരവിടാന്‍ ഭരണകൂടത്തിനോ കഴിയില്ല എന്നതാണ് അടിസ്ഥാനപ്രശ്‌നം.
കവര്‍സ്റ്റോറി
കനലെരിഞ്ഞു മണിപ്പുര്‍ : പിന്നില്‍ ബാഹ്യശക്തികളോ?
