•  14 Nov 2024
  •  ദീപം 57
  •  നാളം 36
ശ്രേഷ്ഠമലയാളം

വിദ്വജ്ജനം

സംസ്‌കൃതപദങ്ങള്‍ സന്ധി ചെയ്യേണ്ടത് സംസ്‌കൃതനിയമപ്രകാരമായിരിക്കണം. സംസ്‌കൃതത്തിലും മലയാളത്തിലും സന്ധിനിയമങ്ങള്‍ വ്യത്യസ്തമാണ്. പൂര്‍വോത്തരപദങ്ങളില്‍ ഏതെങ്കിലും ഒന്ന് മലയാളമാണെങ്കില്‍ മാത്രം മലയാളസന്ധിനിയമത്തെ ആശ്രയിക്കാം. ഏക+അക്കം, ഏകയക്കമാകുന്നത് അക്കം മലയാളപദമായതിനാലാണ്. ''ഏകാക്കം'' എന്നു സംസ്‌കൃതരീതിക്കു സന്ധി ചെയ്യുന്നത് അഭംഗിയാണ്.
പണ്ഡിതന്മാര്‍ (വിദ്വാന്മാര്‍) എന്നര്‍ഥമുള്ള ഒരു സംസ്‌കൃതപദമാണ് വിദ്വജ്ജനം. ഇവിടെ പൂര്‍വോത്തരപദങ്ങള്‍ രണ്ടും സംസ്‌കൃതമാണ്. അപ്പോള്‍ സംസ്‌കൃതരീതിക്കേ സന്ധിചെയ്യാവൂ. വിദ്വജ്ജനം എന്ന സമസ്തപദം വിദ്വത്+ജനം എന്നു പിരിച്ചെഴുതാം. സന്ധിചെയ്യാതെ ''വിദ്വത്ജനം'' എന്നെഴുതുന്നതു ശരിയല്ല. വിദ്വത്+ജനം സന്ധി ചെയ്യുമ്പോള്‍ വിദ്വജ്ജനം എന്നാകും.  വിദ്വത്+ജനം ണ്ണ  വിദ്വജ്+ജനം ണ്ണ  വിദ്വജ്ജനം എന്നിങ്ങനെ ഈ മാറ്റത്തെ രേഖപ്പെടുത്താം.
''തകാരത്തിനുശേഷം ചവര്‍ഗമോ ലകാരമോ വന്നാല്‍ തകാരം യഥാക്രമം ചവര്‍ഗവും ലകാരവും ആകും.''* അതനുസരിച്ച് വിദ്വത്+ജനത്തെ വിദ്വജ്ജനം എന്നു സന്ധി ചെയ്യണം. ശരത്+ചന്ദ്രന്‍=ശരച്ചന്ദ്രന്‍, മഹത്+ചരമം=മഹച്ചരമം, സത്+ജനം=സജ്ജനം, വിപത്+ജാലം=വിപജ്ജാലം, തത്+ലീനം=തല്ലീനം, മരുത്+ലോളിതം=മരുല്ലോളിതം എന്നിങ്ങനെ നിയമാനുസൃതമായി ഉദാഹരണങ്ങള്‍ കണ്ടെത്താം.
''വിദ്വാന്മാര്‍ എന്ന അര്‍ഥത്തില്‍ വിദ്വത്ജനം എന്ന് എഴുതുകയും പറയുകയും ചെയ്യുന്നത് ഭാഷാവഴക്കമനുസരിച്ചു ശരിയല്ല. വിദ്വജ്ജനം എന്ന തകാരമില്ലാത്ത രൂപമാണ് ശരി. 'വിദ്വാനേവ വിജനാതി വിദ്വജ്ജന പരിശ്രമം എന്നാണ് ആപ്തവാക്യം.''** എന്നു  പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണനും വിദ്വജ്ജനംമാത്രമാണ് ശരിയെന്നു ശഠിക്കുന്നു.
* ചന്ദ്രശേഖരന്‍നായര്‍, സി.കെ. ഡോ., അടിസ്ഥാനവ്യാകരണം, ഉത്തരഭാഗം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2008, പുറം-101.
** ഗോപാലകൃഷ്ണന്‍ നടുവട്ടം ഡോ., ഭരണഭാഷ അകവും പുറവും, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2020, പുറം-24.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)