സുറിയാനി ഭാഷയില്‍നിന്നു മലയാളത്തിലേക്കു കടന്നുവന്ന ഒരു വാക്കാണ് ദുക്‌റാന. ഓര്‍മ, അനുസ്മണപ്രാര്‍ഥന, ഏതെങ്കിലും പുണ്യവാനെ അനുസ്മരിക്കുന്ന ദിവസം എന്നൊക്കെയാണ് ആ വാക്കിന്റെ അര്‍ഥം. ദുകറാന, ദുക്ക്‌റാന, ദുഖറാന, ദുഹറാന, ദുക്‌റോനോ എന്നീ രൂപഭേദങ്ങളും കാണപ്പെടുന്നു. വിശുദ്ധന്മാരുടെ ഓര്‍മയ്ക്കായുള്ള തിരുനാള്‍ (ഓര്‍പ്പെരുന്നാള്‍) ദിനമാണത്. മലയാളത്തില്‍ തോറാന (തോറാനപ്പെരുന്നാള്‍) എന്നും പറയും.
കേരളത്തില്‍ തോമാശ്ലീഹായുടെ ഓര്‍മദിവസത്തെ മാത്രമേ ദുക്‌റാന എന്നു വിളിക്കാറുള്ളൂ. വിശുദ്ധന്റെ ചരമദിനമായ ജൂലൈ മൂന്നിന് ദുക്‌റാന ആചരിക്കുന്നു. ''പണ്ട് കേരളീയര്‍ തോമാശ്ലീഹയുടെ ബഹുമാനാര്‍ഥം രണ്ടു ദുക്‌റാനപ്പെരുന്നാളുകള്‍ ആഘോഷിച്ചിരുന്നു. വലിയ തിരുനാളായിട്ടാണ് ദുക്‌റാന കൊണ്ടാടിയിരുന്നത്. റോസ് മെത്രാന്റെ നിയമാവലിയില്‍ (എ.ഡി. 1606) പറയുന്നു: 'കര്‍ക്കടക ഞായറില്‍ മാര്‍തോമാടെ ദുക്‌റാനെക്ക എട്ടുദിവസത്തെ നമസ്‌കാരം എല്ലാവരും എത്തിച്ചേ മതിയാവൂ''* (നാലാം സാഹാ). ഞായര്‍ എന്ന വാക്കിന് ഇവിടെ മാസം എന്നര്‍ഥം. തോമാശ്ലീഹായുടെ മരണവുമായി ബന്ധപ്പെടുത്തി ആചരിക്കുന്ന മറ്റൊരു ദിനം ഡിസംബര്‍ പതിനെട്ട് ആണ്. മൈലാപ്പൂരിലെ കുരിശ് രക്തം വിയര്‍ത്തതിന്റെ സ്മരണയാണ് ഡിസംബര്‍ പതിനെട്ടിനു പുതുക്കുന്നത്.
ദുക്‌റാനയ്ക്ക് അഹോരാത്രം മഴപെയ്യും എന്നാണ് കണക്ക്. അതുള്‍ക്കൊള്ളുന്ന ഒരു പഴഞ്ചൊല്ലും മലയാളത്തിലുണ്ട്. 'ദുക്‌റാനദിവസം ആറാന ഒഴുകും.' എന്നാണത്. ആറ് ആനകള്‍ അന്നേ ദിവസം പുഴയിലൂടെ ഒഴുകിപ്പോകുമെന്നാണ് ആ പഴഞ്ചൊല്ലു നല്‍കുന്ന സൂചന. ഇന്നത്തെ പ്രളയത്തിനു സമാനമായ സ്ഥിതിവിശേഷം! പണ്ടൊക്കെ അങ്ങനെ സംഭവിച്ചിരുന്നതായി പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു. 'കേരളമാം നല്‍വരവും മാര്‍ത്തോമ്മാന്റെ ദുക്‌റാന' എന്ന് സുറിയാനിപ്പാട്ടില്‍ കേട്ടിട്ടുണ്ട്. സുറിയാനിപ്പദമായ ദുക്‌റാന പലവിധത്തിലാണ് കേരളത്തില്‍ പ്രചരിച്ചത്. ഏകത നിലനിര്‍ത്തുന്നതിനായി ദുക്‌റാന എന്ന മാനകരൂപം പ്രചരിപ്പിക്കുന്നതാണ് മലയാളത്തിന്റെ നല്ല വഴിക്കു സ്വീകാര്യം.
*ജോര്‍ജ്, കുരുക്കൂര്‍, ക്രൈസ്തവശബ്ദകോശം, പി.ഒ.സി. പ്രസിദ്ധീകരണം. കൊച്ചി, 2002, പുറം - 128