നമ്മുടെ നിത്യജീവിതത്തില്‍ പച്ചക്കറികള്‍ക്കു മുഖ്യസ്ഥാനമാണുള്ളത്. എന്നാല്‍, ദിനംപ്രതി വില വര്‍ദ്ധിച്ചുവരികയും. അതിനാല്‍ത്തന്നെ ഓരോ വീട്ടുവളപ്പിലും ഒരു കൊച്ചു പച്ചക്കറിത്തോട്ടം അത്യാവശ്യംതന്നെ. വെയില്‍ ലഭിക്കുന്നതും തെളിച്ചമുള്ളതുമായ ഇടമാണ് പച്ചക്കറികള്‍ക്ക് ഏറ്റവും അനുയോജ്യം.
സ്ഥലം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍പ്പിന്നെ നിലമൊരുക്കുകയാണ് അടുത്ത ജോലി. നിലം നന്നായി കിളച്ച് ചപ്പുചവറുകളും കല്ലുകളുമെടുത്തുമാറ്റുക. ശേഷം, ചാണകപ്പൊടിയും ചാരവും ചേര്‍ത്ത് ഒന്നുകൂടി മണ്ണ് നന്നായി ഇളക്കിമറിക്കുക. ഇനി തടമെടുത്ത് വിത്തുകള്‍ പാകാം. നിലം തയ്യാറാക്കുന്ന അവസരത്തില്‍ അല്പം കുമ്മായപ്പൊടി വിതറുന്നതും വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നല്ലതാണ്.
അടുക്കളത്തോട്ടം അടുക്കളഭാഗത്തു ക്രമീകരിച്ചാല്‍ അരിയും പച്ചക്കറിയും കഴുകുമ്പോഴുള്ള വെള്ളവും ഉച്ഛിഷ്ടങ്ങളും ഫലപ്രദമായി ഉപയോഗിക്കാം. കഞ്ഞിവെള്ളം ഒരു ജൈവകീടനാശിനി എന്ന നിലയിലും ഉത്തമമാണ്.
ഗുണനിലവാരമുള്ള വിത്തുകള്‍ അംഗീകൃതനേഴ്‌സറികളില്‍നിന്നു വാങ്ങുന്നതാവും നന്ന്. വിത്തുകള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ അതിനെ മുളപ്പിച്ചെടുക്കണം. വെണ്ട, പാവല്‍, മത്തന്‍, തുടങ്ങിയവയുടെ വിത്തുകള്‍ നേരിട്ട് തടത്തില്‍ പാകാവുന്നതാണ്. പാകുന്നതിനു മുമ്പായി വിത്തുകള്‍ ഒരു ചെറിയ തുണിയില്‍ കെട്ടി ചിരട്ടയില്‍ വെള്ളമൊഴിച്ചിട്ടു വയ്ക്കുക. അല്പം ചാണകവെള്ളമായാലും കുഴപ്പമില്ല.
ഇപ്രകാരം കുതിര്‍ത്തുവച്ച വിത്തുകള്‍ പാകിയാല്‍ വേഗം കിളിര്‍ത്തുവരും. നാലുമുതല്‍ ആറുമണിക്കൂര്‍വരെയെങ്കിലും വിത്തുകള്‍ കുതിര്‍ത്തുവയ്ക്കണം. എന്നാല്‍, കൂടുതല്‍ സമയം കുതിര്‍ത്തുവയ്ക്കുന്നതും നന്നല്ല. ചീരവിത്ത് പ്രത്യേകമായിത്തന്നെ പാകി കിളിര്‍പ്പിക്കേണ്ടതുണ്ട്.
വിത്തുകള്‍ മണ്ണില്‍ അധികം ആഴത്തില്‍ നടരുത്. മുളയ്ക്കു കേടുപറ്റാതെ വിത്തുകള്‍ ഓരോന്നും അല്പം അകലത്തില്‍ നടുക. എല്ലാ വിത്തുകളും നട്ടുകഴിഞ്ഞാല്‍ ആവശ്യത്തിനു നനയ്ക്കണം. മൂന്നുനാലുദിവസത്തേക്ക് തുടര്‍ച്ചയായി നനയ്ക്കണം.
ഇലകള്‍ വന്നു തുടങ്ങിയാല്‍പിന്നെ വളപ്രയോഗം നടത്താം. കമ്പോസ്റ്റ്, ചാണകപ്പൊടി, ചാരം തുടങ്ങിയവ തുടര്‍ന്നുള്ള സമയങ്ങളില്‍ നല്‍കാവുന്നതാണ്. കൂടാതെ, ചാണകവെള്ളം കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്. മഴയില്ലാത്ത അവസരത്തില്‍ നനച്ചു കൊടുക്കണം. ചെടികളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കും വേനല്‍ക്കാലത്ത് ധാരാളം വെള്ളം ആവശ്യമായി വരും.
കോവല്‍ത്തണ്ടു മുറിച്ചുവച്ചാണ് നടുന്നത്. ഇവയ്ക്കു വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നല്ല നന ആവശ്യമാണ്. കടലപ്പിണ്ണാക്ക് മണ്ണില്‍ചേര്‍ത്തുകൊടുക്കുന്നത് കായ്പിടിത്തത്തിനു സഹായിക്കും.
കോവല്‍, പാവല്‍, പയര്‍ തുടങ്ങിയ വിളകള്‍ക്ക് പന്തലും തയ്യാറാക്കിക്കൊടുക്കണം. പ്രാണിശല്യത്തിന് ചിരട്ടക്കെണി, പഴക്കെണി തുടങ്ങി ജൈവകീടനിയന്ത്രണമാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
വീട്ടുപറമ്പില്‍ സ്ഥലസൗകര്യമില്ലാത്തവര്‍ക്ക് വീടിന്റെ ടെറസ്സില്‍ ചെടിച്ചട്ടികളിലോ ചാക്കുകളിലോ മണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത മിശ്രിതത്തില്‍ കൃഷി നടത്താം. ഇന്നു ധാരാളം കര്‍ഷകരും വീട്ടമ്മമാരും ടെറസ്സിനു മുകളില്‍ പച്ചക്കറിക്കൃഷി, പൂക്കൃഷി എന്നിവ നടത്തിവരുന്നു. കറ്റാര്‍വാഴ പോലെയുള്ള ഔഷധസസ്യങ്ങളും ഇപ്രകാരം കൃഷി ചെയ്യാവുന്നതാണ്.