•  2 May 2024
  •  ദീപം 57
  •  നാളം 8
കാര്‍ഷികം

ചതുരപ്പയര്‍

ഒട്ടനവധി ഔഷധപോഷകങ്ങള്‍ നിറഞ്ഞ ഒരിനം പയറാണ് ഇറച്ചിപ്പയര്‍. ഇവയെ ചതുരപ്പയര്‍ എന്നാണ് സാധാരണമായി വിളിച്ചുവരുന്നത്. പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചതുരപ്പയര്‍. കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും നന്നായി വളരുകയും കായ്ഫലം നല്കുകയും ചെയ്യുന്ന ചതുരപ്പയര്‍ ചൂടിനെയും വരള്‍ച്ചയെയും ചെറുത്തുനില്ക്കാന്‍ കെല്പുള്ളവയുമാണ്. അടുത്തകാലംവരെ അവഗണിക്കപ്പെട്ടുകിടന്നതിനാലാവാം പുതിയ ഇനങ്ങള്‍ കുറവാണ്. മാര്‍ക്കറ്റിലും ഇവ അധികം ലഭ്യമല്ല.

കൃഷിയിടത്തില്‍ തയ്യാറാക്കിയ തടത്തില്‍ അടിവളമായി കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചേര്‍ത്തിളക്കി ചതുരപ്പയറിന്റെ വിത്തുപാകാം. വിത്ത് രണ്ടുമണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തശേഷം വേണം പാകാന്‍. നാലോ അഞ്ചോ വിത്ത് ഒരു തടത്തില്‍ പാകാം. പോളിത്തീന്‍ കവറില്‍ വളരുന്ന തൈകള്‍ നേരിട്ട് ഏതു കാലാവസ്ഥയിലും തടത്തിലേക്കു മാറ്റി നടാം. വിത്തുപാകുന്ന തടത്തില്‍ രണ്ടു ദിവസത്തേക്ക് നനച്ചുകൊടുക്കണം. നിരയായി വിത്തുപാകുമ്പോള്‍ രണ്ട് - രണ്ടര സെന്റീമീറ്റര്‍ അകലത്തില്‍ പാകുന്നതാണ് ഉത്തമം. 
ജൂലൈ, ഓഗസ്റ്റ് മാസമാണ് വിത്തുപാകാന്‍ ഏറ്റവും പറ്റിയ സമയം. ഈ മാസത്തില്‍ പാകിയാല്‍ ഒക്‌ടോബര്‍, നവംബര്‍ മാസത്തില്‍ ചെടികള്‍ പുഷ്പിച്ചുതുടങ്ങും.
കളയെടുക്കല്‍, മണ്ണുകൂട്ടിക്കൊടുക്കല്‍, നനയ്ക്കല്‍ തുടങ്ങിയവയാണ് മറ്റു കൃഷിപ്പണികള്‍. വളര്‍ന്നുവരുന്ന അവസരത്തില്‍ അനുയോജ്യമായ പന്തല്‍ തയ്യാറാക്കിക്കൊടുക്കുകയും വേണം. ചെടികള്‍ക്ക് ഞെരികള്‍ കുത്തിനാട്ടി കൊടുക്കുന്ന രീതിയും നല്ലതാണ്. വളര്‍ന്നുവരുന്നതനുസരിച്ച് ചാണകപ്പൊടി, കമ്പോസ്റ്റ്, ജൈവവളങ്ങള്‍ എന്നിവ ഇവയ്ക്കു നല്കാം.
രണ്ടരമാസത്തിനുശേഷം ഒന്നാംഘട്ട വിളവെടുപ്പ് നടത്താവുന്നതാണ്. പച്ചക്കറിക്കായി ഇളംപ്രായത്തിലുള്ളവയാണ് എടുക്കാറുള്ളത്. ഏതാണ്ട് പൂവ് വിരിഞ്ഞതിനുശേഷം 22 ദിവസം തുടര്‍ച്ചയായി ഇളംകായ്കള്‍ പച്ചക്കറിക്കായി എടുത്തുതുടങ്ങാം.    തുടര്‍ന്ന് 35 ദിവസംവരെ ഇപ്രകാരം പച്ചക്കറിയായി എടുക്കാവുന്നതാണ്. 5-6 ദിവസം ഇടവിട്ട് വിളവെടുപ്പു നടത്താവുന്നതാണ്. മൂപ്പെത്തിയ കായ്കള്‍ ചെടിയില്‍ത്തന്നെ നിറുത്തി ഉണക്കിയെടുത്ത് അടുത്ത കൃഷിക്കായി വിത്ത് സൂക്ഷിച്ചുവയ്ക്കാം. 

Login log record inserted successfully!