•  2 May 2024
  •  ദീപം 57
  •  നാളം 8
കാര്‍ഷികം

മരങ്ങള്‍ നട്ടുവളര്‍ത്തുമ്പോള്‍

വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ മരങ്ങള്‍ നട്ടുവളര്‍ത്താന്‍ നാം ശ്രമിക്കണം. ഫലവൃക്ഷങ്ങള്‍, തണല്‍വൃക്ഷങ്ങള്‍, ഔഷധവൃക്ഷങ്ങള്‍ തുടങ്ങിയവയ്ക്കു മുന്‍ഗണന നല്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം. വീട്ടുവളപ്പില്‍ മാത്രമല്ല, പാതയോരങ്ങള്‍, സ്‌കൂള്‍ - കോളജുമുറ്റങ്ങള്‍, മൈതാനങ്ങള്‍ക്കു ചുറ്റുമുള്ള വശങ്ങള്‍, ഹോസ്പിറ്റലുകള്‍, ഹോസ്റ്റലുകള്‍, ആരാധനായങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പരിസരങ്ങളിലും മരങ്ങള്‍ നടുന്നത് ഉത്തമമാണ്. മതില്‍ക്കെട്ടുകള്‍, കയ്യാലക്കെട്ടുകള്‍, മണ്‍തിട്ടകള്‍ എന്നിവയ്ക്കു സമീപത്തുനിന്നു നിശ്ചിതഅകലം നല്കി മാത്രം മരങ്ങള്‍ നടാന്‍ ശ്രദ്ധിക്കണം. കിണറുകളുടെയും ഭവനങ്ങളുടെയും സമീപത്തുനിന്നു നിശ്ചിത അകലത്തില്‍ വേണം തൈകള്‍ നടാന്‍. ഇല്ക്ട്രിക്‌ലൈന്‍, പോസ്റ്റ് എന്നിവ മൂലമുള്ള തടസ്സങ്ങള്‍ ഒഴിവാക്കണം. 
മുരിങ്ങ, ഫലവൃക്ഷങ്ങളായ റമ്പൂട്ടാന്‍, പേര, മാവ്, മാങ്കോസ്റ്റിന്‍, ആത്ത, പ്ലാവ് തുടങ്ങിയവ വീടിന്റെ പരിസരങ്ങള്‍ക്കു വളരെ യോജിച്ച വൃക്ഷങ്ങളാണ്. ഫലവൃക്ഷങ്ങള്‍ നല്ലൊരു ആദായമാര്‍ഗം കൂടിയാണെന്ന കാര്യം മറക്കരുത്.
ബദാം, പഞ്ഞിമരം, വാക തുടങ്ങിയവ പാതയോരങ്ങളിലും മറ്റും ഉത്തമമാണ്. ആര്യവേപ്പ് പോലുള്ള വൃക്ഷങ്ങള്‍ എല്ലാ പ്രദേശങ്ങളിലും നട്ടുവളര്‍ത്താന്‍ യോജിച്ചതാണ്. ഇലഞ്ഞി, മന്ദാരം, നെല്ലി, മാതളം ചെമ്പകം, കൂവളം, കണിക്കൊന്ന, അശോകം തുടങ്ങിയവയാണ് നടാന്‍ യോജിച്ച മറ്റു വൃക്ഷങ്ങള്‍. തേക്ക്, ആഞ്ഞിലി, മഹാഗണി, മാഞ്ചിയം, പ്ലാവ് തുടങ്ങിയവയ്ക്കും പറമ്പില്‍ സ്ഥാനം നല്കാം.
നടുന്ന അവസരത്തില്‍ മികച്ച തൈകള്‍ മാത്രം തിരഞ്ഞെടുക്കുക. ഇലകള്‍ വാടി നില്ക്കുന്നതോ മറ്റെന്തെങ്കിലും തരത്തില്‍ രോഗലക്ഷണം കാണിക്കുന്നതോ ആയ തൈകള്‍ നന്നല്ല. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലം നടാന്‍ തിരഞ്ഞെടുക്കണം. നല്ല കരുത്തുള്ള തൈകള്‍ മാത്രം തിരഞ്ഞെടുത്തു നടുന്നതാണ് ഉത്തമം. നടുന്ന അവസരത്തില്‍ അടിവളമായി കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചേര്‍ത്തു കൊടുക്കാം. വേനല്‍ക്കാലങ്ങളില്‍ നന നല്കുന്നതും ഉചിതമാണ്. പാതയോരങ്ങളില്‍ കന്നുകാലികളുടെയും മറ്റും ശല്യം ഒഴിവാക്കാന്‍ തൈകള്‍ക്കു ചുറ്റുമായി സംരക്ഷണവേലി കെട്ടുന്നതും നല്ലതാണ്. കനത്ത മഴയ്ക്കുശേഷമുള്ള സമയങ്ങളില്‍ മരങ്ങള്‍ നടാം. പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് മരങ്ങള്‍. ഒരു മരം നടുമ്പോള്‍ പ്രകൃതിയോടുള്ള സ്‌നേഹവും ആദരവുമാണ് നാം പ്രകടിപ്പിക്കുക. നാളത്തെ തലമുറയ്ക്കായി നാം നല്കുന്ന ഒരു വലിയ സേവനംകൂടിയാണിത്. ആഗോളതാപനം തടയാന്‍ ഏറ്റവും നല്ല മാര്‍ഗം മരങ്ങള്‍ നടുക എന്നുള്ളതാണ്. 

 

Login log record inserted successfully!