•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

വടം വലിക്കുന്ന മുന്നണികള്‍ കേരളം തിരയുന്നതാരെ?

  • ജോര്‍ജ് കള്ളിവയലില്‍
  • 25 March , 2021

നിയമസഭാതിരഞ്ഞെടുപ്പിനു കളം മുറുകി. പോളിങ് ബൂത്തിലേക്കു പോകാന്‍ മൂന്നാഴ്ച മാത്രം. മൂന്നുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ പതിവില്ലാത്ത വീറും വാശിയും പ്രകടമാണ്. പതിവുപോലെ വൈകിയെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ഥാനം കിട്ടാത്തവര്‍ പലയിടത്തും പരസ്യപ്രതിഷേധങ്ങളിലാണ്. 
എല്‍ഡിഎഫിലും ഇക്കുറി മുമ്പു കാണാത്ത പരസ്യപ്രതിഷേധങ്ങള്‍ പലയിടത്തും ഉണ്ടായി. ബിജെപിയിലാകട്ടെ ഒന്നിലേറെ സ്ഥാനാര്‍ത്ഥികളാണു മല്‍സരത്തില്‍നിന്നുതന്നെ പിന്മാറി പാര്‍ട്ടിക്കു നാണക്കേടു സൃഷ്ടിച്ചത്. ചുരുക്കത്തില്‍ സിപിഎം, കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള പ്രധാന പാര്‍ട്ടികളിലും ചെറുകക്ഷികളിലും തര്‍ക്കങ്ങള്‍ക്കും ആരോപണ, പ്രത്യാരോപണങ്ങള്‍ക്കും കുറവില്ല. മുന്നണികളിലും പാര്‍ട്ടികളിലും മണ്ഡലങ്ങളിലുമെല്ലാം പലവിധ തര്‍ക്കങ്ങളും വടംവലികളും പുതുമയല്ലെങ്കിലും ഇക്കുറി കൂടുതലാണ്.
സംസ്ഥാനത്തിന്റെ വികസനം, സാമ്പത്തികവളര്‍ച്ച, പാവപ്പെട്ടവരും തൊഴിലാളികളും അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍, തൊഴിലില്ലായ്മ, കാര്‍ഷികമേഖല നേരിടുന്ന കടുത്ത പ്രതിസന്ധി, ചെറുകിട - ഇടത്തരം - പരമ്പരാഗത ബിസിനസുകാര്‍, വ്യവസായികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍, പെട്രോള്‍ - ഡീസല്‍ - പാചകവാതക വില അടക്കമുള്ള വിലവര്‍ധന, പൊതുമേഖലകളെ വിറ്റുതുലയ്ക്കല്‍ തുടങ്ങിയവയും സംസ്ഥാനത്തു വളര്‍ന്നുവരുന്ന തീവ്രവാദം, വര്‍ഗീയത തുടങ്ങി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പക്ഷേ, വേïത്ര ചര്‍ച്ചയാകുന്നില്ല. നിയമസഭാതിരഞ്ഞെടുപ്പില്‍ അതുതന്നെയാണു വോട്ടര്‍മാരെ കൂടുതല്‍ അലട്ടുക.
ശ്രദ്ധേയമായി പാലാ, നേമം...

പാലാ, നേമം, ഏറ്റുമാനൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കാണു സംസ്ഥാനമാകെ ഉറ്റുനോക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാന പ്രസ്റ്റീജ് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പാലാ ഉïെന്നതില്‍ പാലാക്കാര്‍ക്ക് അഭിമാനിക്കാം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ. മാണിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പനും പത്രിക നല്‍കി പ്രചാരണത്തില്‍ സജീവമായി. ജയസാധ്യത കുറവെങ്കിലും പാലായിലെ ബിജെപി സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ
മത്സരത്തിന്റെ ചൂടു കൂടും. 
അഞ്ചു പതിറ്റാണ്ടിലേറെ പാലായുടെ ജനപ്രതിനിധിയും കേരളം കണ്ട ഏറ്റവും  പ്രഗല്ഭനായ മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ മണ്ഡലമെന്ന നിലയില്‍ എക്കാലവും പാലാ സംസ്ഥാനത്തെ സ്റ്റാര്‍ പദവിയിലായിരുന്നു. മാണിസാറിന്റെ വേര്‍പാടിലും പാലായുടെ താരപദവിക്കു മങ്ങലില്ല. ഇതേവരെ എല്‍ഡിഎഫിലായിരുന്ന മാണി സി. കാപ്പന്‍ യുഡിഎഫിലും യുഡിഎഫിലായിരുന്ന ജോസ് കെ. മാണി എല്‍ഡിഎഫിലുമാണു മല്‍സരിക്കുകയെന്നതാണ് ഇക്കുറി പാലായെ വ്യത്യസ്തമാക്കുന്നത്.
കേരള കോണ്‍ഗ്രസ് - എമ്മിലെ പിളര്‍പ്പും എന്‍സിപിയിലെ പിളര്‍പ്പും ഇതിനിടെ നാം കണ്ടു. എന്‍സിപി ദേശീയ, സംസ്ഥാനനേതൃത്വത്തെ കൂടെനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും എന്‍സികെ എന്ന സ്വന്തം പാര്‍ട്ടിയെ യുഡിഎഫില്‍ അംഗീകരിപ്പിക്കാന്‍ കാപ്പനു കഴിഞ്ഞു. കേരള കോണ്‍ഗ്രസ്-എം എന്ന പേരും രണ്ടില ചിഹ്നവും സ്വന്തമാക്കിയതു ജോസ് കെ. മാണിക്കു നേട്ടമായി. 
ആരാകും പാലായുടെ മന്ത്രി?

രണ്ടില ചിഹ്നം ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ തീര്‍പ്പു ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തു പി.ജെ. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാന്‍പോലും തയ്യാറാകാതെ സുപ്രീംകോടതിയും തള്ളിയതോടെ ഇക്കാര്യത്തില്‍ ഇനി കാര്യമായ നിയമപോരാട്ടത്തിനു സാധ്യതകള്‍ അടയുകയാണ്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ജോസഫ് വിഭാഗത്തിന്റെ ഹര്‍ജി തള്ളിയത്. നേരത്തേ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരിവച്ച തീരുമാനം തിരഞ്ഞെടുപ്പിനായി പത്രിക നല്‍കിയ ദിവസം സുപ്രീംകോടതിയും അംഗീകരിച്ചത് ജോസ് കെ. മാണിക്കും കേരള കോണ്‍ഗ്രസ് - എമ്മിനും ശുഭവാര്‍ത്തയായി. 
കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടിയും രണ്ടില ചിഹ്നവും സ്വന്തമാക്കിയതിനു പുറമേ എല്‍ഡിഎഫില്‍ 13 സീറ്റുകള്‍ നേടിയെടുക്കാനായതും ജോസിന് ഇരട്ടിമധുരമായി. 
സിപിഎമ്മിനു മേധാവിത്വമുള്ള കുറ്റിയാടി സീറ്റ്  ജോസ് കെ. മാണി വിട്ടുകൊടുത്തത് എല്‍ഡിഎഫിന്റെ കെട്ടുറപ്പിനു സഹായകമാകും.
മറ്റു പല മണ്ഡലങ്ങളെയും അപേക്ഷിച്ചു വികസനപ്രവര്‍ത്തനങ്ങളും കാര്‍ഷികപ്രശ്‌നങ്ങളും പാലായില്‍ ചര്‍ച്ചാവിഷയമാകുന്നുവെന്നതു ശുഭകരമാണ്. ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍, കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാപ്തിയും മികവുമുള്ള നേതാവിനെയും മുന്നണിയെയും ജനം തിരഞ്ഞെടുക്കുമെന്നതിലും സംശയമില്ല. പാലായുടെ ദീപംപോലെ തിളങ്ങി നിന്നിരുന്ന മാണിസാറിന്റെ മാതൃകയാകട്ടെ അടുത്ത ജനപ്രതിനിധിയെയും നയിക്കുകയെന്ന് ആശിക്കാം.
അഞ്ചു പതിറ്റാണ്ടിലേറെ പാലായുടെ മാണിക്യമായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ മണ്ഡലം തിരിച്ചുപിടിക്കാന്‍ ജോസ് കെ. മാണിക്കു കഴിയുമെങ്കില്‍ അതു ചരിത്രമാകും. 
മാണിസാറിന്റെ മരണത്തെത്തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പിലെ നാലാം അങ്കത്തില്‍ വിജയിച്ചു പാലാ പിടിച്ച മാണി സി. കാപ്പനും ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാകില്ല. പ്രബുദ്ധരായ പാലായിലെ വോട്ടര്‍മാരുടെ മനമറിയാന്‍ മേയ് രണ്ടുവരെ കാത്തിരിക്കേണ്ടിവരും. അടുത്ത മന്ത്രിസഭ ആരുടെതായാലും പാലായുടെ എംഎല്‍എ മന്ത്രിയാകുമെന്ന് ഏതാണ്ടുറപ്പിക്കാം.
പ്രശ്‌നമണ്ഡലങ്ങളേറെ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ. മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പോര്‍ക്കളത്തിലിറങ്ങിയതോടെ നേമം കൂടുതല്‍ ശ്രദ്ധ നേടി. എല്‍ഡിഎഫിന്റെ വി. ശിവന്‍കുട്ടിയും എന്‍ഡിഎയുടെ കുമ്മനം രാജശേഖരനും ശക്തരായതിനാല്‍ സംസ്ഥാനത്തെ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റില്‍ തീപാറുന്ന മത്സരമാകും നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും പോലും നേടാത്ത വാര്‍ത്താപ്രാധാന്യമാണ് നേമവും ഏറ്റുമാനൂരും ഇരിക്കൂറും നേടിയത്. 
ഏറ്റുമാനൂരില്‍ ലതിക സുഭാഷ് ഉയര്‍ത്തിയ വെല്ലുവിളിക്കു പുറമേ ഇരിക്കൂറിലും കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയനും കൂട്ടരും കോണ്‍ഗ്രസിലെ പദവികള്‍ രാജിവച്ചു വിമതനീക്കത്തിലാണ്. കല്പറ്റ, കളമശേരി, കുറ്റിയാടി, തൃപ്പൂണിത്തുറ, പിറവം, നിലമ്പൂര്‍, പട്ടാമ്പി, കുണ്ടറ, തവനൂര്‍, വട്ടിയൂര്‍ക്കാവ് അടക്കം രണ്ടു ഡസനിലേറെ മണ്ഡലങ്ങളും പലവിധ തര്‍ക്കങ്ങള്‍കൊണ്ടു ശ്രദ്ധേയമാണ്. 
കളമശേരിയിലെ വിമത കണ്‍വെന്‍ഷന്‍ മുസ്‌ലിം ലീഗിനും യുഡിഎഫിനും തലവേദനയായി. ക്രൈസ്തവര്‍ക്കു മോശമല്ലാത്ത സ്വാധീനമുള്ള വയനാട് ലോക്‌സഭാമണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളില്‍നിന്നും ക്രൈസ്തവസ്ഥാനാര്‍ത്ഥികളെ യുഡിഎഫ് ഒഴിവാക്കിയെന്നതു നിസാരമല്ല. കല്പറ്റയിലും തഴയപ്പെട്ടതിനെത്തുടര്‍ന്നു നാല്പതോളം നേതാക്കള്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു.
വനിതകളെ തഴയുന്ന രാഷ്ട്രീയം
മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും എഐസിസി അംഗവുമായ ലതിക സുഭാഷ് തനിക്കു സീറ്റു നിഷേധിച്ചതോടെ കെപിസിസി ഓഫീസിനു മുന്നില്‍ പരസ്യമായി തല മുണ്ഡനം ചെയ്തു പാര്‍ട്ടിപദവികളെല്ലാം രാജിവച്ചതും വലിയ സംഭവമായി. ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന ലതികയുടെ പ്രഖ്യാപനം യുഡിഎഫിനു തിരിച്ചടിയാണ്. 
ലതിക സുഭാഷിന്റെ അത്യപൂര്‍വപ്രതിഷേധം ഒരു സൂചനയാകും. കേരളത്തിലെ മൂന്നു പ്രബല മുന്നണികളും വനിതകളെ തഴഞ്ഞുവെന്നതു ജനാധിപത്യത്തിനും തുല്യനീതിക്കും ചേരാത്തതായി. സിപിഎമ്മും ബിജെപിയും 12 വനിതകള്‍ക്കു വീതം സീറ്റു നല്‍കിയപ്പോള്‍ വെറും ഒമ്പതു വനിതകള്‍ക്കേ കോണ്‍ഗ്രസ് മല്‍സരിക്കാന്‍പോലും അവസരം നല്‍കിയുള്ളൂ. സിപിഐയിലും വനിതകളുടെ എണ്ണം കൂടിയില്ല. ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം ഒരേയൊരു വനിതയെ സ്ഥാനാര്‍ത്ഥിയാക്കിയാണു മുസ്‌ലിം ലീഗ് വീമ്പിളക്കിയത്. കേരള കോണ്‍ഗ്രസ്-എം ഒരു വനിതയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മറ്റു പല പാര്‍ട്ടികളും വനിതകളെ പാടേ തഴഞ്ഞു. 
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വനിതകളെ ഒതുക്കുന്നതില്‍ പ്രമുഖ പാര്‍ട്ടികള്‍ തമ്മില്‍ കാര്യമായ വ്യത്യാസമില്ല. വനിതാപ്രാതിനിധ്യവും തുല്യതയുമൊക്കെ വാക്കില്‍ ഒതുക്കുകയാണ്. പുരുഷമേധാവിത്വം വളരെ പ്രകടം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതുമുതല്‍ പുരുഷാധിപത്യം വ്യക്തം. ഏറെ പുരോഗമനം അവകാശപ്പെടുന്ന കേരളത്തില്‍പ്പോലും സ്ത്രീകള്‍ക്ക് എംപി, എംഎല്‍എ സ്ഥാനങ്ങള്‍ കിട്ടാന്‍ പുരുഷനേതാക്കളുടെ കാലുപിടിക്കണമെന്ന സ്ഥിതിയാണ്. 
ഭീഷണിയാകുന്ന മതതീവ്രവാദം
കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും നടക്കുന്ന തിരഞ്ഞെടുപ്പിലെ ജനവിധി പലതരത്തിലും അതീവ നിര്‍ണായകമാണ്. ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാവ്യാഴാഴ്ചയും ദുഃഖവെള്ളിയും ഈസ്റ്ററും അടക്കം വിശുദ്ധവാരാചരണംപോലും പരിഗണിക്കാതെയാണു കേരളത്തിലെ വോട്ടെടുപ്പ് ഏപ്രില്‍ ആറിനു നടത്തുന്നതെന്നതു ഖേദകരമായി. ഈ മാസം 27 മുതല്‍ ബംഗാളിലും അസമിലും തുടങ്ങുന്ന പോളിങ് അടുത്ത മാസം 29 വരെ നീളുമെന്നതിനാല്‍ കേരളജനതയ്ക്കു ഫലമറിയാന്‍ വോട്ടുചെയ്തശേഷം ഒരു മാസത്തോളം കാത്തിരിക്കേണ്ടിവരും. 
ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്തതും പിന്നീട് ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ ചേര്‍ത്തതുമായ മതേതരത്വത്തെ അപഹാസ്യമാക്കുന്നതാണു ആധുനികരാഷ്ട്രീയത്തിലെ വലിയ വിപത്തുകളിലൊന്ന്. ഭൂരിപക്ഷ, ന്യൂനപക്ഷ, പിന്നാക്ക, ദളിത് വോട്ടുബാങ്കുകള്‍ സൃഷ്ടിച്ചു മുതലെടുപ്പിന് പ്രബലപാര്‍ട്ടികള്‍ മറയില്ലാതെ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ കാര്യമായ രാഷ്ട്രീയവ്യത്യാസമില്ല. വോട്ടുബാങ്ക്‌രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പുകളിലും വെള്ളം ചേര്‍ക്കപ്പെടുന്ന മതേതരത്വത്തിലുംനിന്നു രാജ്യത്തെ രക്ഷിക്കണം.
മതത്തിന്റെ പേരില്‍ ജനതയെ വിഭജിച്ച് ഭൂരിപക്ഷവര്‍ഗീയതയുടെ തോണിയിലാണു ബിജെപി രാജ്യഭരണത്തിലെത്തിയത്. ജനകീയപ്രശ്‌നങ്ങളും വികസനംപോലും പിന്നിലാക്കിയാണു ശബരിമല അടക്കമുള്ള മതപ്രശ്‌നങ്ങള്‍ കോണ്‍ഗ്രസും വലിയ ആയുധമാക്കിയത്. ഇതിനിടെയാണു ന്യൂനപക്ഷങ്ങളിലെ മുസ്‌ലിം മേധാവിത്വം ഉറപ്പിക്കുന്ന നടപടികള്‍. ന്യൂനപക്ഷസ്‌കോളര്‍ഷിപ്പുകളും കേന്ദ്രപദ്ധതികളും മുതല്‍ രാഷ്ട്രീയ, ഭരണസ്വാധീനംവരെ എല്ലാ മേഖലകളിലും ക്രൈസ്തവരെ തഴയുകയോ അവഗണിക്കുകയോ ചെയ്യുന്ന രാഷ്ട്രീയം സംസ്ഥാനത്തിനും രാജ്യത്തിനും നല്ലതാകില്ല. 
ന്യൂനപക്ഷങ്ങളെന്നോ ദളിതരെന്നോ വനിതകളെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലാതെ തുല്യനീതി ഉറപ്പാക്കാനാകണം തിരഞ്ഞെടുപ്പുകളില്‍ ജനം വിധിയെഴുതേണ്ടത്. ഒപ്പം ജനക്ഷേമം, വികസനം, സാമ്പത്തികവളര്‍ച്ച, തൊഴില്‍, കാര്‍ഷികപുരോഗതി, സുരക്ഷ, സമാധാനം തുടങ്ങിയവയും.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)