•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതോത്തര രജതജൂബിലി നിറവില്‍

പാലാ: സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മിക, രാഷ്ട്രീയമണ്ഡലങ്ങളില്‍ ശ്രദ്ധേയരായ അനേകം വ്യക്തികള്‍ക്കു ജന്മം നല്കിയ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതോത്തര രജതജൂബിലിനിറവില്‍.
ജൂബിലിസ്മാരകമായി നാലരക്കോടി രൂപ മുടക്കി പുതിയ നാലുനില കെട്ടിടസമുച്ചയം പൂര്‍ത്തിയാക്കി വരികയാണ്. ജൂബിലിയാഘോഷത്തിന്റെ ഭാഗമായി പൂര്‍വവിദ്യാര്‍ഥികളെ സഹകരിപ്പിച്ച് വിവിധ കാരുണ്യ പദ്ധതികള്‍, നിര്‍ധനര്‍ക്കു ഭവനനിര്‍മാണം, സെമിനാര്‍, സാഹിത്യരചനകള്‍, കലാ - സാംസ്‌കാരികപരിപാടികള്‍ തുടങ്ങിയവ നടത്തും.
1896 ല്‍ പാലാ പള്ളിമേടയിലാണ് സെന്റ് തോമസ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1909 ല്‍ പാലാ ടൗണ്‍ കുരിശുപള്ളിക്കു സമീപമുള്ള പള്ളിവക കെട്ടിടത്തിലേക്കു സ്‌കൂള്‍ മാറ്റി സ്ഥാപിച്ചു. 1902 ല്‍ സ്‌കൂളിനുവേണ്ടി വാങ്ങിയ സ്ഥലത്ത് 1910 ല്‍ ഇപ്പോഴത്തെ കെട്ടിടത്തില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 1911 ല്‍ മിഡില്‍ സ്‌കൂള്‍ വിഭാഗം പൂര്‍ണമായി. 1919 ല്‍ ഫോര്‍ത്തുഫോറം (ഇന്നത്തെ എട്ടാംക്ലാസ്) തുടങ്ങി. 1921 ല്‍ ഇതൊരു പൂര്‍ണ ഹൈസ്‌കൂളായി. 1998 ല്‍ ഹയര്‍ സെക്കന്‍ഡറിയായി. 
വാസ്തുകലയിലും സൗകുമാര്യത്തിലും ഏറെ ആകര്‍ഷകമായ സെന്റ് തോമസ് സ്‌കൂള്‍ കെട്ടിടത്തിന്റെ പ്ലാന്‍ വരച്ചത് ഒരു  ബ്രിട്ടീഷ് എന്‍ജിനീയറാണ്. കെട്ടിടത്തിന് ആവശ്യമായ തടികള്‍ മുറിക്കുന്നതിനും മറ്റുമുള്ള അനുവാദം നല്കിയത് അമ്മ മഹാറാണി സേതുലക്ഷ്മീഭായി ആയിരുന്നു. മനോഹരമായ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനുവേണ്ടി കഠിനാധ്വാനം ചെയ്തത് പരേതരായ ഫാ. തോമസ് മാധവപ്പള്ളിയും ഫാ. ജോര്‍ജ് നാഗനൂലിലുമാണ്. നല്ലൊരു ലൈബ്രറിയും നിലവാരമുള്ള ലബോറട്ടറികളും ഈ സ്‌കൂളിന്റെ പൈതൃകപാരമ്പര്യമാണ്. ക്ലാസ്മുറികളെല്ലാം ഹൈടെക് സൗകര്യത്തിലായിരിക്കുന്നു. എന്‍സിസി, റെഡ്‌ക്രോസ്, ലിറ്റില്‍ കിഡ്‌സ്, എന്‍എസ്എസ്, സ്‌കൗട്ട് തുടങ്ങിയവയിലൂടെ പഠനത്തോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ക്ക് അവസരം നല്കുന്നു. സ്‌കൂളില്‍ ഇപ്പോള്‍ 50 അധ്യാപകരും ആറ് അനധ്യാപകരും ആയിരത്തിലധികം വിദ്യാര്‍ത്ഥികളും പഠിക്കുന്നു. അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം ബാച്ചുകളും പ്രവര്‍ത്തിക്കുന്നു. 
'സത്യത്തിനും നന്മയ്ക്കുംവേണ്ടി' എന്നതാണ് സ്‌കൂള്‍ എംബ്ലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആപ്തവാക്യം. വിശുദ്ധ തോമസ് അപ്പസ്‌തോലനെ അനുസ്മരിപ്പിക്കുന്നതിന് 'മട്ടവും കുന്തവും' രേഖപ്പെടുത്തിയിരിക്കുന്നു. കായികരംഗത്തെ സൂചിപ്പിക്കുവാന്‍ ബാറ്റുകളും ബോളുകളും ഉണ്ട്. രാജ്യസ്‌നേഹത്തെയും സമാധാനത്തെയും അനുസ്മരിപ്പിക്കുന്നതിന് അശോകചക്രവും പഠനത്തെ  സൂചിപ്പിക്കുന്ന വിടര്‍ത്തിവച്ചിരിക്കുന്ന പുസ്തകവും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, മാര്‍ മാത്യു കാവുകാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, മുന്‍മന്ത്രിമാരായ പി.ടി.ചാക്കോ, കെ.എം.മാണി എന്നിവരും മാണി സി.കാപ്പന്‍ എം.എല്‍.എ, എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബയോ ടെക്‌നോളജി സയന്റിസ്റ്റ് എതിരന്‍ കതിരവന്‍, സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍,  തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെ ഡോ. ശ്രീകുമാര്‍ തുടങ്ങി നിരവധി പ്രഗല്ഭരെ നാടിന് സംഭാവന ചെയ്യാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. കായികരംഗത്തും കലാരംഗത്തും നിരവധി പ്രഗല്ഭരെ സ്‌കൂള്‍ സംഭാവന ചെയ്തു.
മാത്യു എം. കുര്യാക്കോസാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍. ജോര്‍ജുകുട്ടി ജേക്കബ് ഹെഡ്മാസ്റ്ററും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)