•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ജോണ്‍ കച്ചിറമറ്റം ശതാഭിഷേകനിറവില്‍

രിത്രകാരന്‍, സമുദായസംഘടനാനേതാവ്, പത്രാധിപര്‍, മലയോര കര്‍ഷകപ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി എന്നീ നിലകളില്‍ കേരളസമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ജോണ്‍ കച്ചിറമറ്റത്തിന് മാര്‍ച്ച് പത്തിനു ശതാഭിഷേകം. ഈ ശതാഭിഷേകവര്‍ഷത്തില്‍ രണ്ടു സുപ്രധാനഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണദ്ദേഹം. ജൂണ്‍ ഒന്നിന് പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കുന്ന പുസ്തകങ്ങളിലൊന്ന്  ആയിരം പേജുള്ള ''കത്തോലിക്കാകോണ്‍ഗ്രസ് ചരിത്രം'' രണ്ടാം ഭാഗമാണ്.  ''കേരളസഭാരത്‌നങ്ങള്‍'' എന്ന പുസ്തകമാണ് രണ്ടാമത്തേത്. രണ്ടായിരത്തിലധികം പേജുകള്‍ വരുന്ന ഈ ഗ്രന്ഥം ശ്രീ കച്ചിറമറ്റത്തിന്റെ എഴുപതാമത്തെ പുസ്തകമാണ്.  
അടിസ്ഥാനപരമായി അധ്യാപകനായ ശ്രീ ജോണ്‍ കച്ചിറമറ്റം ഭക്തസംഘടനകളില്‍ക്കൂടിയാണ് പൊതുപ്രവര്‍ത്തനരംഗത്തേക്കു പ്രവേശിക്കുന്നത്. കത്തോലിക്കായുവജനസംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായും പിന്നീട് എട്ടുവര്‍ഷം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'കേരള എക്യുമെനിക്കല്‍ യൂത്ത് മൂവ്‌മെന്റി'ന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും പിന്നീടു പ്രസിഡന്റുമായിരുന്നു. 'അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസി'ന്റെ ജനറല്‍ സെക്രട്ടറിയായി 18 വര്‍ഷവും പ്രസിഡന്റായി എട്ടുവര്‍ഷവും വര്‍ക്കിങ് കമ്മിറ്റി മെമ്പറായി 42 വര്‍ഷവും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍' സെക്രട്ടറിയായും പിന്നീട് വൈസ് പ്രസിഡന്റായും നാഷണല്‍ കോര്‍ഡിനേറ്ററായി പത്തു വര്‍ഷവും അദ്ദേഹം സേവനം ചെയ്തു. 'കേരള കാത്തലിക് ഫെഡറേഷ'ന്റെ പ്രസിഡന്റായി അഞ്ചു വര്‍ഷവും 'കേരളക്രിസ്ത്യന്‍ കാത്തലിക് ആക്ഷന്‍ കൗണ്‍സിലി'ന്റെ ജനറല്‍ കണ്‍വീനറായി മൂന്നു വര്‍ഷവും അദ്ദേഹം നേതൃത്വം നല്‍കി. 'കേരള കാത്തലിക് ട്രസ്റ്റ്'ന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായി 31 വര്‍ഷവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉടുമ്പന്‍ചോല, അമരാവതി, ചുരുളി, കീരിത്തോട്, കൊട്ടിയൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന കുടിയിറക്കിനെതിരേ  ഉയര്‍ന്ന കര്‍ഷകസമരത്തിനു ശക്തമായ നേതൃത്വം കൊടുത്തവരിലൊരാളാണ്  ജോണ്‍സാര്‍.  മലനാട് കര്‍ഷകയൂണിയന്റെ ജനറല്‍ സെക്രട്ടറി, ഫാ. വടക്കന്‍ ചെയര്‍മാനായി രൂപീകരിച്ച മലയോര കര്‍ഷകഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലെല്ലാം കര്‍ഷകര്‍ക്കു ശക്തമായ നേതൃത്വം കൊടുത്തുകൊണ്ട് കര്‍ഷകപ്രക്ഷോഭങ്ങളെ തീവ്രമായ ജീവല്‍സമരമാക്കി മാറ്റുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
1976 ല്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയെ പങ്കെടുപ്പിച്ചു  പാലായില്‍ നടന്ന 'ദീപിക ലക്ഷം പുഷ്പമേള' ഒരു ചരിത്രസംഭവമായിരുന്നു. മതത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരേ ഏഴുലക്ഷംപേരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തു വച്ചു നടന്ന മഹാസമ്മേളനവും റാലിയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. മാര്‍ കരിയാറ്റിയുടെ മെത്രാഭിഷേകത്തിന്റെ ദ്വിശതാബ്ദിയാഘോഷം രാമപുരത്തുവച്ച് 1983 ല്‍ നടത്തിയത് സഭയുടെ ചരിത്രത്തില്‍ വേറിട്ടുനില്ക്കുന്ന സംഭവമാണ്. രാഷ്ട്രപതി ഗ്യാനി സെയില്‍സിങ് ഉദ്ഘാടനം ചെയ്ത പ്രസ്തുത സമ്മേളനവും ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. 1986 ല്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുഖ്യാതിഥിയായി പങ്കെടുത്ത ദീപികയുടെ ശതാബ്ദിയാഘോഷങ്ങളുടെയും ജനറല്‍ കണ്‍വീനര്‍ കച്ചിറമറ്റം സാര്‍ ആയിരുന്നു. സീറോ മലബാര്‍ സഭയിലെ എല്ലാ മെ്രതാന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് 1999 ല്‍ പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ ചരമദ്വിശതാബ്ദിയാഘോഷം,  2014 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളത്തു നടത്തിയ എം.എം. ജേക്കബ് ശതാഭിഷേകച്ചടങ്ങ് എന്നിവയുടെയും ജനറല്‍ കണ്‍വീനര്‍ ജോണ്‍സാറായിരുന്നു.
കത്തോലിക്കാകോണ്‍ഗ്രസ് ബുള്ളറ്റിന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുടങ്ങാതെ 32 വര്‍ഷം പ്രസിദ്ധീകരിച്ചു. കൂടാതെ, കേരളസഭാമാസികയുടെ ചീഫ് എഡിറ്ററായി 12 വര്‍ഷം പ്രവര്‍ത്തിച്ചു. 
സീറോ മലബാര്‍ സഭയുടെ ഏറ്റവും ഉന്നതമായ 'സഭാതാരം' അവാര്‍ഡ് നല്കി സഭ അദ്ദേഹത്തെ ആദരിച്ചു. മാത്രമല്ല, വിശിഷ്ടമായ 45 ലധികം അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)