''ദൃശ്യം 2'' സിനിമ നമ്മുടെ സമൂഹത്തില്‍ വൈകാരിക ഉണര്‍വ് ഇളക്കിവിട്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിമൂലം നിശ്ചലമായിപ്പോയ സിനിമാമേഖലയെ മാത്രമല്ല കലാരംഗം ആകമാനമായിട്ടാണ് ''ദൃശ്യം 2'' ചലനാത്മകമാക്കിയിരിക്കുന്നത്. ഏഴു വര്‍ഷംമുമ്പു വന്ന ഒന്നാം ദൃശ്യം മലയാളസിനിമാചരിത്രത്തിലെ ആദ്യത്തെ നൂറു കോടിപ്പടമായിരുന്നു. മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും, ചൈനീസ് അടക്കമുള്ള വിദേശഭാഷകളിലും പുനര്‍നിര്‍മിക്കപ്പെടുകയും അവിടെയെല്ലാം വിജയം ആവര്‍ത്തിക്കുകയും ചെയ്തു.
രണ്ടാംവരവിലും ജോര്‍ജ്കുട്ടിയും കുടുംബവും ആഗോളസിനിമാസ്വാദകരുടെ ആകാംക്ഷകള്‍ക്ക് ആക്കംകൂട്ടുന്ന ദൃശ്യരസങ്ങള്‍ പകര്‍ന്നാണ് ജൈത്രയാത്ര തുടരുന്നത്. തിരക്കഥയിലെ സാമ്പ്രദായികവ്യവസ്ഥിതികളില്‍നിന്നു മാറി സഞ്ചരിച്ച ജീത്തു ജോസഫിന്റെ തിരക്കഥയുടെ വ്യത്യസ്തതയും, സംവിധാനമികവും, അഭിനയകലയുടെ അതികായന്‍ മോഹന്‍ലാല്‍, ജോര്‍ജുകുട്ടി എന്ന നാലാംക്ലാസ്സുകാരനായ നാട്ടിന്‍പുറത്തുകാരന്റെ മാനസികസംഘര്‍ഷങ്ങളിലൂടെ നടത്തുന്ന പകര്‍ന്നാട്ടവും സൗന്ദര്യശാസ്ത്രപരമായി സമന്വയിക്കുന്നിടത്താണ് ദൃശ്യത്തിന്റെ മുന്നേറ്റം.
ഭാര്യയോടും രണ്ടു പെണ്‍മക്കളോടുമൊപ്പം തന്റേതായ ഒരു ലോകത്ത് സന്തോഷത്തോടെ ജീവിക്കുന്ന ജോര്‍ജുകുട്ടിയുടെ കുടുംബത്തിലക്ക് ഒരുദിവസം കടന്നുവരുന്ന, ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ മകനായ വരുണ്‍, ഒരേസമയം ജോര്‍ജുകുട്ടിയുടെ ഭാര്യ റാണിയെയും മൂത്ത മകളെയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നു. കണ്‍മുമ്പില്‍ പെറ്റമ്മയുടെ മാനത്തിനു വില പറയുമ്പോള്‍, മുറിവേറ്റ സ്ത്രീത്വത്തിന്റെ, വീറുള്ള പ്രതിരോധമെന്നവണ്ണം ആ മകള്‍ അവനെ തലയ്ക്കടിച്ചുകൊല്ലന്നു. നിയമത്തിന്റെ പിടിയില്‍പ്പെട്ടു തന്റെ മകളുടെ ഭാവി ശിഥിലമായിപ്പോകാതിരിക്കാന്‍ ജോര്‍ജുകുട്ടി എന്ന പിതാവ് നടത്തുന്ന, പ്രതിരോധപ്രയത്‌നങ്ങളാണ് ദൃശ്യവിസ്മയങ്ങളായി മാറുന്നത്.
മാനം കാക്കാനുള്ള സ്ത്രീയുടെ തത്രപ്പാടിനിടയില്‍ സംഭവിക്കുന്ന ഇത്തരത്തിലുള്ള കൈയബദ്ധങ്ങളായ കൊലപാതകങ്ങള്‍ക്കെതിരേ കേസുപോലും ഉണ്ടാകില്ലെന്നുള്ള 'ലോ പോയിന്റ്' ഓരോ സ്ത്രീപീഡനത്തിന്റെയും പിറ്റേന്ന് തെരുവോരങ്ങളില്‍നിന്ന് ഘോരഘോരം പ്രസംഗിക്കാന്‍ ഇവിടത്തെ സ്ത്രീപക്ഷവാദികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമൊക്കെ ആവേശമുണ്ടാകുമെങ്കിലും, പണമുള്ളവന്റെ വരുതിക്കു മാത്രം ഏകപക്ഷീയമായി വഴങ്ങിപ്പോരുന്ന നമ്മുടെ നിയമവ്യവസ്ഥിതിയില്‍ നീതി നിഷേധിക്കപ്പെട്ടവരുടെ ഒരു നീണ്ടനിരതന്നെ ഇവിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം പ്രേക്ഷകരും ജോര്‍ജുകുട്ടിയും കുടുംബവും ശിക്ഷിക്കപ്പെടരുതെന്ന് സിനിമ കാണുമ്പോള്‍ ആഗ്രഹിച്ചുപോകുന്നു, അതുകൊണ്ടുതന്നെയാണ് ഇവിടെ ജോര്‍ജുകുട്ടിക്ക് ജനപിന്തുണ കൂടുന്നത്.
സാധാരണ കണ്ടുവരുന്ന കുറ്റാന്വേഷണ കഥകളോടു സമരസപ്പെടാതെ വേറിട്ടുനില്‍ക്കുന്നതാണ് ദൃശ്യത്തിന്റെ കഥാഗതി. തീര്‍ച്ചയായും ഇതൊരു ക്രൈം ത്രില്ലര്‍ പടംതന്നെയാണ്. പക്ഷേ, ഇവിടെ കുറ്റാന്വേഷകനല്ല ക്രിമിനലിനെ സംരക്ഷിക്കുന്ന പിതാവാണ് ഹീറോ. അപ്പോള്‍ പഴുതടച്ചുള്ള അന്വേഷണത്തിലൂടെ കുറ്റവാളിയിലേക്കെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥനല്ല, തെളിവുകള്‍ നശിപ്പിച്ചും, വാക്കുകള്‍ തന്ത്രപൂര്‍വം പ്രയോഗിച്ച് കേവലമനുഷ്യരെക്കൊണ്ട് അവര്‍പോലുമറിയാതെ കള്ളസാക്ഷ്യം പറയിച്ചും അനിവാര്യമായ ശിക്ഷാനടപടികളില്‍നിന്ന് അകന്നുപോകുന്ന ക്രിമിനല്‍ പരിവേഷമുള്ള നായകനാണ് കൈയടി വാങ്ങുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കുറ്റം കണ്ടെത്തുന്നതല്ല, അത് മറച്ചുവയ്ക്കുന്നതാണ് ഇവിടത്തെ ത്രില്ലിംഗ്. 'ക്ലാസ്സിക് ക്രിമിനല്‍' എന്ന വിശേഷണംതന്നെ ആ വഴിക്കാണു നായകനിലേക്കെത്തുന്നത്.
മാനസികസമ്മര്‍ദങ്ങളുടെ ആഴങ്ങളില്‍ വലയുമ്പോളും അത്, തന്നെമാത്രം ആശ്രയിച്ചുകഴിയുന്ന ഭാര്യയും മക്കളും അറിയാതിരിക്കാന്‍ ക്ലേശിക്കുന്ന ജോര്‍ജുകുട്ടി തന്റെ കുടുംബത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും കുടുംബത്തോടൊപ്പം സന്തോഷിക്കാന്‍ സമയം കണ്ടെത്തുന്നുണ്ട്. അതൊരു വലിയ മേന്മതന്നെയാണ്. മാത്രമല്ല സ്‌നേഹം, കരുതല്‍, ഉത്തരവാദിത്വം, ദീര്‍ഘവീക്ഷണം, ശ്രദ്ധ, ഇങ്ങനെ സവിശേഷമായ പല മാനുഷിക ഗുണങ്ങളും അയാളില്‍ ദര്‍ശിക്കാനാകും. ഈ ഗുണങ്ങളിലൂടെത്തന്നെയാണ് അയാള്‍ തന്റെ പ്രതിരോധങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതും.
ഈ കഥയ്‌ക്കൊരു മൂന്നാം ഖണ്ഡംകൂടി ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് സൂത്രധാരനായ ജീത്തു ജോസഫ് സൂചിപ്പിക്കുന്നുണ്ട്. അതിന്റെ ക്ലൈമാക്‌സ് തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം പറയുന്നു. അതെങ്ങനെയാകും, ശോകപര്യവസായിയായിരിക്കുമോ, ജോര്‍ജുകുട്ടി തങ്ങളെ കരയിക്കുമോ എന്നുള്ള ചിന്ത ഇപ്പോള്‍ത്തന്നെ സിനിമാസ്വാദകരുടെ നെഞ്ചില്‍ അശാന്തിയായി മാറിക്കഴിഞ്ഞു. വരുണ്‍ വധിക്കപ്പെട്ടത് എങ്ങനെയാണെന്നും അയാളുടെ ശവശരീരം ജോര്‍ജുകുട്ടി എന്തു ചെയ്‌തെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴികെ, പ്രഥമ ദൃശ്യം കണ്ട മുഴുവന്‍ പ്രേക്ഷകര്‍ക്കും അറിവുള്ളതായിരുന്നു. പുതിയ ദൃശ്യത്തില്‍ വരുണിന്റെ സ്‌കെല്‍റ്റന്‍ പോലീസ് കണ്ടെടുത്തെങ്കിലും മേല്‍പ്പരാമര്‍ശിച്ച ദീര്‍ഘവീക്ഷണത്തോടെ നീങ്ങിയ ജോര്‍ജുകുട്ടി അതിനെയും ഫലപ്രദമായി പ്രതിരോധിക്കുന്നു. അതിഭാവുകത്വമോ സാങ്കേതികപ്രശ്‌നങ്ങളോ ചൂണ്ടിക്കാട്ടി 'ദൃശ്യ'ത്തെ എതിര്‍ക്കാന്‍ ഒരു കേവല ന്യൂനപക്ഷത്തിനു കഴിഞ്ഞേക്കാം, പക്ഷേ, ദൃശ്യം എന്ന വാണിജ്യസിനിമ കച്ചവടത്തിന്റെ നീതിശാസ്ത്രത്തെയും, പ്രേക്ഷകരുടെ രുചിഭേദങ്ങളെയും ഒരിടത്തും നിരാകരിക്കുന്നില്ല. അപ്പോള്‍ വിജയം സ്വാഭാവികം.
ഒരു കുറ്റവും ചെറുതല്ല, ഏതൊരു കുറ്റവും ഒരിക്കല്‍ പിടിക്കപ്പെടും, ആ തിരിച്ചറിവായിരുന്നു ദൃശ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകാനുള്ള കാരണം. നാളെ അത് പിടിക്കപ്പെട്ടാല്‍ എങ്ങനെ പ്രതിരോധിക്കാം എന്ന മുന്‍ വീക്ഷണവും അതിനായുള്ള തയ്യാറെടുപ്പും... എന്നാല്‍ മൂന്നാം ഭാഗമോ...?
മോഹന്‍ലാലിന്റെ അതുല്യമായ അഭിനയപാടവം വാക്കുകള്‍ക്ക് അതീതമാണ്. സക്കീര്‍ അലിയായും, അലിഭായിയായും മാത്രമല്ല പൂവള്ളി ഇന്ദുചൂഡനായും, കണിമംഗലം ജഗന്നാഥനായും പിന്നെ നെടുമ്പള്ളി സ്റ്റീഫനായും, തോമസ് ചാക്കോ എന്ന സാക്ഷാല്‍ ആടുതോമായായും, ജോര്‍ജുകുട്ടിയായുമൊക്കെ, കളിയരങ്ങിലെ പല വ്യത്യസ്തവേഷപ്പകര്‍ച്ചകളായി വന്ന് മോഹന്‍ലാല്‍ ഇനിയും പ്രേക്ഷകമനസ്സില്‍ വിസ്മയങ്ങള്‍ തീര്‍ക്കട്ടെ...