പ്രശസ്തനായ സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമാണ് അലി മാണിക് ഫാന്‍. ബഹുഭാഷാപണ്ഡിതന്‍, കപ്പല്‍നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തന്‍. മൂസ മാണിക്ഫാന്റെയും ഫാത്തിമ മാണിക്കയുടെയും മകനായി മിനിക്കോയ് ദ്വീപില്‍ 1938 മാര്‍ച്ച് 16 നാണ് ജനനം.
ദ്വീപില്‍ വിദ്യാഭ്യാസസൗകര്യങ്ങള്‍ കുറവായതിനാല്‍ പിതാവ് അലി മാണിക്ഫാനെ കണ്ണൂരിലേക്ക് ഔപചാരികവിദ്യഭ്യാസത്തിനായി അയച്ചു. അഞ്ചാംക്ലാസുവരെ ഹോംട്യൂഷന്‍വഴി പഠിച്ച് ആറാംക്ലാസിലേക്ക് പാഠശാലയില്‍ കയറിച്ചെന്ന കൊച്ചുമാണിക്ഫാന്‍ പതിയെ തിരിച്ചറിഞ്ഞു, താന്‍ എന്തു പഠിക്കണമെന്നാഗ്രഹിക്കുന്നുവോ അത് പാഠശാലയില്‍നിന്ന് ഒരിക്കലും ലഭിക്കുകയില്ല.
വിദ്യാര്‍ത്ഥികളെ അറിവിന്റെ ലോകത്തേക്കു സ്വതന്ത്രമായി വിടണം. ഒരു കാര്യം പഠിക്കാന്‍ മനസ്സുണ്ടെങ്കില്‍ എന്തും പഠിച്ചെടുക്കാം. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കുട്ടികള്‍ക്കു താത്പര്യമില്ലാത്ത കാര്യങ്ങള്‍ പഠിച്ച് സമയം നഷ്ടപ്പെടുത്തുകയാണെന്ന് മാണിക് ഫാന്‍ അഭിപ്രായപ്പെടുന്നു. ''കുട്ടികള്‍ക്ക് അവരുടെ കുട്ടിക്കാലം പിന്നിട്ടുപോയാല്‍ പിന്നെ തീവ്രമായ ജിജ്ഞാസ ജീവിതത്തിലൊരിക്കലും ഉണ്ടാവില്ല. അതുകൊണ്ട് ചെറുപ്പത്തിലേ അവര്‍ക്കു താത്പര്യമുള്ളതും സമൂഹത്തിനു ഗുണപരവുമായ മേഖലകളിലേക്കു തിരിച്ചുവിടാന്‍ വിദ്യാഭ്യാസംകൊണ്ട് സാധിക്കണം.'' അദ്ദേഹം തുടര്‍ന്നു.
എട്ടാം ക്ലാസില്‍വച്ച് പഠനം നിര്‍ത്തി സ്‌കൂള്‍ വിട്ടിറങ്ങിപ്പോയ ആ ബാലന്‍, ഇതാ പത്മശ്രീ പദത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.
ഔപചാരികവിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ, ഡിഗ്രികള്‍ സ്വന്തമാക്കാതെ, മാതൃഭാഷയായ ദിവേഹിക്കുപുറമേ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിന്‍, ഫ്രഞ്ച്, പേര്‍ഷ്യന്‍, സംസ്‌കൃതം തുടങ്ങി പതിനഞ്ചോളം ഭാഷകളില്‍ അദ്ദേഹം പ്രാവീണ്യം നേടി. തുടര്‍ന്ന് സമുദ്രജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, കപ്പല്‍നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ അറിവു സമ്പാദിക്കുന്നതില്‍ അദ്ദേഹം സമയം കണ്ടെത്തി. 1956ല്‍ അധ്യാപകനായും തുടര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ചീഫ് സിവില്‍ ഒഫീഷ്യലിന്റെ ഓഫീസിലും ജോലി ചെയ്തു. എന്നാല്‍, സമുദ്രഗവേഷണത്തോടുള്ള താത്പര്യംമൂലം 1960 ല്‍ ഫിഷറീസ് വകുപ്പില്‍ ഗവേഷകനായി ചേര്‍ന്നു.
സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹം, ലളിതമായ വേഷവിധാനവും പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളും കണ്ടെത്തുകയും തന്റെ ജീവിതം അവയ്ക്കനുസരിച്ചു ചിട്ടപ്പെടുത്തുകയും ചെയ്തു. സ്വന്തം വീട്ടിലെ വൈദ്യുതോപകരണങ്ങളും വൈദ്യുതോര്‍ജ്ജംവരെയും സ്വന്തമായി വികസിപ്പിച്ചുപയോഗിക്കുന്നു.
കടല്‍ എന്ന വിശാലതയെ അടുത്തറിഞ്ഞ് അതിലെ ആഴമളന്ന് കരയിലെത്തി. കര കണ്ടതോടെ ആകാശത്തേക്കു സഞ്ചരിച്ചു. മനുഷ്യന്റെ ജിജ്ഞാസയാണ് മികച്ച വിദ്യാഭ്യാസമെന്ന് അദ്ദേഹം കാട്ടിത്തന്നു.
മിനിക്കോയി ദ്വീപിലെ മെറ്ററോളജി (ങലലേൃീഹീഴ്യ) വകുപ്പില്‍ ബാലൂണ്‍ ഫ്ളൈറ്റ് അസിസ്റ്റന്റിന്റെ താത്കാലിക ജോലി കിട്ടിയതോടെ നിരീക്ഷണങ്ങള്‍ ഓരോന്നും തുറന്നുവച്ചു.
മാണിക് ഫാന്റെ പേരില്‍ ഒരു മത്സ്യവര്‍ഗം അറിയപ്പെടുന്നുണ്ട്. അലി മാണിക് ഫാന്‍ കണ്ടെത്തിയ ഈ സ്പീഷിസാണ് അബു.
മിനിക്കോയിലെ സെന്റര്‍ ഫോര്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അദ്ദേഹം തുടങ്ങിയ ഗവേഷണങ്ങളില്‍ നാനൂറിലധികം മത്സ്യങ്ങളെ അറിഞ്ഞ് കണ്ടെത്താന്‍ സാധിച്ചു.
ഏകീകൃത ചാന്ദ്രമാസ കലണ്ടര്‍ മാണിക് ഫാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പു രൂപപ്പെടുത്തിയതാണ്. എല്ലാ വര്‍ഷവും കലണ്ടറും ഡയറിയും തയ്യാറാക്കുന്നതിനായി മലപ്പുറം മക്കരപറമ്പ പുണര്‍പ്പയിലെ കൂരിമണ്ണില്‍ കുഞ്ഞിമുഹമ്മദ് എന്ന കുമുകുമ മാസ്റ്ററുടെ വീട്ടില്‍ ദിവസങ്ങളോളം തങ്ങാറുണ്ട്. പരിസരപ്രദേശങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സ്ഥിരം അതിഥിയുമാവാറുണ്ട്. വിവിധ ഭാഷകളില്‍ രൂപപ്പെടുത്തുന്ന കലണ്ടറിന്റെയും ഡയറിയുടെയും നിര്‍മാണവിതരണപ്രചാരണച്ചുമതല വര്‍ഷങ്ങളായി നിര്‍വഹിച്ചുവന്നിരുന്നത് കുമുകുമ മാസ്റ്ററായിരുന്നു
കഴിഞ്ഞ ഓഗസ്റ്റ് 16 ന് കുമുകുമ മാസ്റ്റര്‍ അന്തരിച്ചു. ഇപ്പോള്‍ അതിന്റെ പ്രചാരണാര്‍ത്ഥം ലോകമെമ്പാടും സഞ്ചരിക്കുകയാണ് മാണിക് ഫാന്‍.
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്തിരുന്ന കാലത്ത് മിനിക്കോയ് ദ്വീപില്‍നിന്ന് കല്ലിന്റെ നങ്കൂരം ലഭിച്ചു. ഫിഷറീസ് വകുപ്പ് ഏറെ സമുദ്രഖനനം നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇപ്പോള്‍ മറൈന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ ശേഖരത്തിലുള്ള ഈ കല്ല് ഇരുമ്പ് കണ്ടുപിടിക്കുന്നതിനുമുമ്പ് പായക്കപ്പലിന്റെ നങ്കൂരമായി ഉപയോഗിച്ചതാണെന്ന് മാണിക് ഫാന്‍ കണ്ടെത്തി.
പരമ്പരാഗതമായ ഒരു അറബിക്കപ്പല്‍ ഉണ്ടാക്കാന്‍ ആരെങ്കിലുമുണ്ടോയെന്ന മറൈന്‍ ഡയറക്ടര്‍ എസ്. ജോണ്‍സിനോടൊത്തുള്ള ഐറിഷ് സഞ്ചാരിയായ ടിം സെവറിന്റെ അന്വേഷണം മാണിക് ഫാനിലെത്തിപ്പെട്ടു.
കപ്പല്‍ നിര്‍മിക്കാന്‍ സാധിക്കുമോയെന്ന് മാണിക്ഫാനോട് ഡയറക്ടര്‍ ജോണ്‍സ് തിരക്കി. അത് ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ അറബികളുടെ പാരമ്പര്യ ചരക്കുകപ്പലായ സോഹറിന്റെ നവീകരിച്ച മാതൃക രൂപകല്പന ചെയ്തു. പെരുമ്പാവൂരില്‍നിന്നാണ് കപ്പലിനുള്ള മരം ഒമാനിലേക്കു കൊണ്ടുപോയത്. ഒമാനിലാണ് കപ്പല്‍നിര്‍മാണം പൂര്‍ത്തിയാക്കിയതും.
ഇതിനു ലോഹഭാഗങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. അയനിമരവും കയറും മാത്രമുപയോഗിച്ച് കൈകൊണ്ടു നിര്‍മിച്ചതായിരുന്നു ഈ കപ്പല്‍.
ജ്ഞാനം വെറും തൊഴിലുപകരണമല്ല എന്ന് മാണിക്ഫാന്‍ ലോകത്തോടു പറഞ്ഞു. കോഴിക്കോട് ഒളവണ്ണയിലെ വാടകവീട്ടിലാണ് മാണിക് ഫാന്‍ താമസിക്കുന്നത്.