കേരളം എന്നും എല്ലാ കാര്യങ്ങളിലും ഒന്നാംസ്ഥാനത്താണല്ലോ. കൊവിഡിന്റെ കാര്യത്തിലും അങ്ങനെതന്നെ. ഏറ്റവും കുറവു രോഗബാധിതര്‍ കേരളത്തിലായിരുന്നു; മരണനിരക്കിലും മാറ്റമില്ലായിരുന്നു. പക്ഷേ, ഇന്നിപ്പോള്‍ നേരേ മറിച്ചായിരിക്കുന്നു. ഒന്നാംസ്ഥാനം നമ്മള്‍ നിലനിര്‍ത്തുന്നു! ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളതു കേരളത്തിലാണ്. മരിക്കുന്നവരുടെ എണ്ണത്തിലും മുമ്പില്‍ത്തന്നെ.
കൊവിഡ് ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും മൊബൈലില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നാകുന്നു. മാസ്‌ക് ധരിക്കുക, ആറടി അകലം പാലിക്കുക, കൈ കഴുകുക, കൈത്തൂവാല കൊണ്ടുനടക്കുക, അതോടൊപ്പം, പനി, ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് കൊവിഡിന്റെ ലക്ഷണങ്ങളെന്നും. പഴയ നാട്ടുവൈദ്യന്മാരുടെ ഒറ്റമൂലിപോലെ ഫലപ്രദമായിട്ടാണ് അറിയിപ്പുവരുന്നത്. മൊബൈലില്‍ പറയുന്നതുപോലെ ചെയ്താല്‍ കൊവിഡ് വരില്ല; അഥവാ വന്നാല്‍ത്തന്നെ പൂര്‍ണമായി അതങ്ങു മാറിക്കോളുംപോലും! എത്ര പേര്‍ക്ക് കൊവിഡ് പിടിച്ചെന്നും എത്ര പേര്‍ മരിച്ചെന്നും എത്രപേര്‍ രോഗമുക്തരായെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ എല്ലാ ദിവസവും വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍നടപടികള്‍ വലിയ നേട്ടമാണെന്നു ഭരണകര്‍ത്താക്കളും കോട്ടമാണെന്ന് എതിര്‍പക്ഷവും പറയുന്നു; ചര്‍ച്ചയും തര്‍ക്കവുമൊക്കെ നന്നായി നടന്നുകൊണ്ടിരിക്കുന്നു.
കൊവിഡ് വന്നു കഷ്ടപ്പെടുന്നവരുടെ അവസ്ഥ ആരറിയുന്നു? കൊവിഡ് വന്ന് അതിന്റെ ദുരന്തം ശരിക്കുമനുഭവിച്ചു രോഗവിമുക്തി നേടിയ അനുഭവത്തില്‍നിന്നാണ് ഇതെഴുതുന്നത്. മൊബൈലില്‍ പറയുന്ന രോഗലക്ഷണങ്ങളൊന്നും എനിക്കനുഭവപ്പെട്ടില്ല: 'പനി, ചുമ, ശ്വാസംമുട്ടല്‍'; വിശപ്പില്ലായ്മയും ക്ഷീണവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സര്‍ക്കാരിന്റെ അറിയിപ്പായതിനാലും ഇവ മൂന്നുമില്ലാതിരുന്നതുകൊണ്ടു വൈകിയാണു ടെസ്റ്റിനു വിധേയനായത്. ആശുപത്രിയില്‍ വന്നപ്പോഴാണ് കൊവിഡ് രോഗികളുടെ കഷ്ടപ്പാടും സഹനവും മനസ്സിലായത്. മൊബൈലില്‍ പറയുന്ന ശ്വാസതടസമുള്ള രോഗികള്‍ സഹിക്കുന്നതു കണ്ടുനില്ക്കാന്‍പോലും ഭയം തോന്നിപ്പോകും! അപ്പോള്‍ സഹിക്കുന്ന രോഗിയുടെ അവസ്ഥ എന്തായിരിക്കും? പറഞ്ഞു മനസ്സിലാക്കാന്‍ വാക്കുകള്‍ അപര്യാപ്തം. നെഗറ്റീവായാലും പാര്‍ശ്വഫലങ്ങള്‍ വളരെയാണ്. അവ ദിവസങ്ങളും മാസങ്ങളുംതന്നെ നീണ്ടുനില്ക്കുന്നു. മരിക്കുന്ന രോഗികള്‍ എന്തുമാത്രം സഹിച്ചിട്ടാണു ജീവന്‍ പിരിയുന്നത്...!
ചികിത്സയും പരിചരണവും കിട്ടാത്ത രോഗികളുടെ അവസ്ഥ എത്രയോ കഠിനം? സര്‍ക്കാര്‍ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. പ്രൈവറ്റാശുപത്രികളുടെയും സ്ഥിതി മറിച്ചല്ല. മറ്റു രോഗികളുടെ ചികിത്സയും നടക്കണ്ടേ? പണമില്ലാതെ അഷ്ടിക്കുവേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് ഈ മാരകരോഗം പിടിപെട്ടാലുള്ള അവസ്ഥ എത്രയോ ദയനീയം!
ഇതോടു ചേര്‍ന്നു ചിന്തിക്കേണ്ട കാര്യമാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെയും പരിചരിക്കുന്ന നഴ്‌സുമാരുടെയും സ്ഥിതി. അക്ഷരാര്‍ത്ഥത്തില്‍ ജീവനെടുത്തു കൈയില്‍ പിടിച്ചുകൊണ്ടുള്ള ജോലിയാണിത്. കൊവിഡ് ബാധിച്ച രോഗിയുടെ അടുത്തുപോകുന്ന ഡോക്ടറാകട്ടെ, നഴ്‌സാകട്ടെ കണ്ണൊഴികെ പാദംപോലും മൂടിക്കെട്ടിയാണു പോകുന്നത്. രാപകലില്ലാതെ, വിശ്രമമില്ലാതെ സേവനം ചെയ്യുന്ന അവരുടെ ക്ലേശം വിശദീകരിക്കാനാവുന്നില്ല. ഭക്ഷണം കഴിക്കാന്‍പോലും സമയം കിട്ടാത്ത ജോലി. എന്നെ പരിചരിച്ച ഒരു നേഴ്‌സിനോടു ഞാന്‍ ചോദിച്ചു, 'കൊച്ച് വല്ലതും കഴിച്ചോ?'' (സമയം മൂന്നുമണിയായി) ''രാവിലെ ഒരു മുട്ട കഴിച്ചു,'' അതായിരുന്നു മറുപടി. ''ഊണോ?'' ഞാന്‍ ചോദിച്ചു. നാലുമണി നേരമായിരിക്കും! ഇത്രയും പറഞ്ഞുതീര്‍ന്നപ്പോഴേക്കും അടുത്ത രോഗി വിളിച്ചു. ഉടനെ അങ്ങോട്ടോടി. ഡോക്ടര്‍മാരുടെ സ്ഥിതിയും മറിച്ചല്ല.
ഈ കുറിപ്പുകൊണ്ടൊന്നും കഷ്ടപ്പെട്ടു ജോലി ചെയ്യുന്ന ഡോക്ടറുടെയോ നഴ്‌സിന്റെയോ അനുഭവം പ്രകടമാക്കാനാവില്ല. ഒരു മണിക്കൂറോ ഒരു ദിവസമോ ആഴ്ചയോ അല്ല, മാസങ്ങളായിരിക്കുന്നു ഈ മനുഷ്യസ്‌നേഹികള്‍ ഇങ്ങനെ ക്ലേശിക്കാന്‍ തുടങ്ങിയിട്ട്. എന്തെങ്കിലും വീഴ്ച എവിടെയെങ്കിലും സംഭവിച്ചാല്‍...!
~ഒരു കാര്യം വ്യക്തം, മനുഷ്യന്റെ ബുദ്ധിക്കും ശക്തിക്കും പരിധിയും പരിമിതിയുമുണ്ട്. വൈദ്യശാസ്ത്രത്തിനും പരിമിതിയുണ്ട്. എല്ലാം കൈപ്പിടിയിലാക്കാന്‍ ശാസ്ത്രത്തിനു കഴിയുമെന്ന മിഥ്യാധാരണയിലാണ് ശാസ്ത്രലോകം. പക്ഷേ, കൊവിഡിന്റെ കാര്യത്തില്‍ വന്‍ശക്തികള്‍പോലും പരാജയം സമ്മതിച്ചിരിക്കുന്നു. കൊവിഡ് ചികിത്സയ്ക്കു വിധേയനായപ്പോള്‍ കൊവിഡ് രോഗാണുവിനെ നശിപ്പിക്കാനുള്ള മരുന്നൊന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചില്ല; മറിച്ച്, പ്രതിരോധിക്കാനുള്ള മരുന്നുകള്‍ മാത്രമാണു നല്കിയത്. പലരും സ്വയം ക്വാറന്റൈിനില്‍ പോയി ഒരു മരുന്നും കഴിക്കാതെ പനി വന്നാല്‍, പാരസെറ്റമോള്‍ കഴിച്ചു സുഖപ്പെട്ടതായി അറിയാം. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന വാക്‌സിന്‍പോലും പൂര്‍ണമായും ഫലപ്രദമെന്നു പറയാറായിട്ടില്ല. പാര്‍ശ്വഫലങ്ങള്‍ പ്രവചനാതീതമെന്നും പറയുന്നുണ്ട്.
അതുകൊണ്ട്, നമ്മുടെ പരിമിതികളെ അംഗീകരിച്ചുകൊണ്ട് ദൈവത്തില്‍ ആശ്രയിക്കുക. ഇതു പറയുമ്പോള്‍ പുച്ഛിക്കുന്നവരും ഉണ്ടെന്നറിയാം. എങ്കിലും അനുഭവസാക്ഷ്യം, എന്നെ സംബന്ധിച്ചിടത്തോളം ദൈവം എന്നെ സുഖപ്പെടുത്തി എന്നാണ്. അങ്ങനെ വിശ്വസിക്കുന്ന ഈശ്വരവിശ്വാസികള്‍ അനവധിയാണ്. ബൈബിളില്‍ യേശു പ്രവര്‍ത്തിച്ച അദ്ഭുതരോഗശാന്തികളുടെ നീണ്ടനിര നമുക്കു കാണാന്‍ സാധിക്കും. ഈ മഹാമാരിക്കു പരിഹാരം കാണുവാന്‍ യേശുവിനു കഴിയും. ഉണര്‍ന്നു പ്രാര്‍ത്ഥിക്കാം, തുടര്‍ന്നും പ്രാര്‍ത്ഥിക്കാം.
ഹൈന്ദവ - മുസ്ലീം മത വിഭാഗത്തില്‍പ്പെട്ട എന്റെ സുഹൃത്തുക്കള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെ, ഒട്ടേറെ പേരുടെ പ്രാര്‍ത്ഥന എനിക്കു ലഭിച്ചു. അവരെയെല്ലാം നന്ദിപൂര്‍വ്വം ഓര്‍മിക്കുന്നു.