രോഗത്തിനു മരുന്നുകുറിക്കുമ്പോള്‍ വൈദ്യനുറപ്പുണ്ടാകും, അതെങ്ങനെയാണ് രോഗിയില്‍ പ്രവര്‍ത്തിക്കുകയെന്ന്. നൂറ്റാണ്ടുകളുടെ ശാസ്ത്രീയഗവേഷണങ്ങളും പരീക്ഷണനിരീക്ഷണങ്ങളും നല്കുന്ന വിശ്വാസ്യതയാണത്, ആയിരങ്ങളില്‍ ഫലം കണ്ട അനുഭവസമ്പത്തും.
ഇങ്ങനെയൊക്കെയാണെങ്കിലും കുറിപ്പടി തയ്യാറാക്കുമ്പോള്‍, ''എന്റെ ദൈവമേ...''. എന്ന് സര്‍വ്വേശ്വരനില്‍ ശരണം തേടുന്ന ഒരാളെക്കുറിച്ചു സങ്കല്പിക്കാമോ?
ദൈവശാസ്ത്രവും വൈദ്യശാസ്ത്രവും സമന്വയിക്കപ്പെടുമ്പോള്‍ ആതുരശുശ്രൂഷാമേഖലയില്‍ നവോത്ഥാനമുണ്ടാക്കാമെന്നു തെളിയിച്ചയാള്‍...
അതാണ് ഡോ. ജോയി ഫ്രാന്‍സിസ്. പാലാ കാര്‍മല്‍ ഹോസ്പിറ്റലില്‍ മുപ്പത്തിയഞ്ചിലേറെ വര്‍ഷമായി ഫിസിഷ്യനാണദ്ദേഹം.
തലശ്ശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജിയില്‍ നിന്നു മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിക്കൊണ്ട്, ഡോ. ജോയി ഇന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ''ജീവന്റെ പ്രാരംഭദശയിലെ പ്രശ്‌നങ്ങള്‍'' എന്നതായിരുന്നു ഗവേഷണവിഷയം. സഭാവേദികളില്‍ ഗൗരവമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ചില വിഷയങ്ങള്‍തന്നെയാണ് തിരഞ്ഞെടുത്തത്. വന്ധ്യത - പരിശോധനകളും ചികിത്സയും, അബോര്‍ഷന്‍, വാടകഗര്‍ഭപാത്രം, സ്റ്റെംസെല്‍ റിസര്‍ച്ച്, ക്ലോണിങ് തുടങ്ങിയ വിവാദവിഷയങ്ങള്‍ പഠനവിധേയമാക്കി. ക്രൈസ്തവസ്വാധീനമുള്ള രാജ്യങ്ങളില്‍പ്പോലും ഒരുപക്ഷേ, വില കല്പിക്കപ്പെടാതെപോകുന്ന കാര്യങ്ങള്‍.
അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വിശ്വാസികള്‍ക്കെന്നല്ല, നാസ്തികലോകത്തിനുപോലും കെടാദീപങ്ങളാണെന്നു പറയേണ്ടിവരും. സര്‍വേശ്വരന്‍ സന്നിവേശിപ്പിച്ച പ്രകൃതിനിയമങ്ങളെ പരിഗണിച്ചുകൊണ്ടായിരിക്കണം ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുവാന്‍. പഠനം പറയുന്നു: ദൈവികനിയമങ്ങളുടെ പരിധി ലംഘിക്കാവുന്നതല്ല. ലത്തീന്‍ ഭാഷയിലെ 'ചമ്യ ുഹൗ ൌഹൃേമ' എന്ന പ്രയോഗം മുന്നറിയിപ്പിന്റെ ചുവന്ന കൊടിയാണ്. മനുഷ്യബുദ്ധിക്ക് അപാരമായ ചിന്തവിശകലനശേഷിയുണ്ട്. അത് ദൈവദത്തമായ വരവും സ്വാതന്ത്ര്യവുമാകുന്നു. ഈ സ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെട്ട് ജീവന്റെ പകര്‍ച്ചയിലും പോഷണത്തിലും സ്ഥാപനത്തിലും വാസഗേഹങ്ങളിലും മാറ്റിമറിക്കലുകള്‍ നടത്തുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടവരുമെന്ന് സഭ അസന്ദിഗ്ധമായി പറയുന്നു. ദാമ്പത്യസ്‌നേഹാധിഷ്ഠിതമായ ലൈംഗികതയിലേക്ക്, യാന്ത്രികതയും ആള്‍മാറാട്ടങ്ങളും കുടിയിരുത്തപ്പെടുന്നത് അധാര്‍മികമാണ്. വന്ധ്യതയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും ദിശാബോധം നഷ്ടപ്പെടാന്‍ പാടില്ല. അദ്ദേഹത്തിന്റെ കണ്ടെത്തലുകളില്‍ ശ്രദ്ധേയമായ ചിലതാണ് അവ. വരുംകാലങ്ങളില്‍ സഭയുടെ ധാര്‍മികനിലപാടുകള്‍ക്ക്, പ്രത്യേകിച്ച് വൈദ്യശാസ്ത്രവിഷയങ്ങളില്‍, ഈ പഠനം കരുത്താകുമെന്ന കാര്യത്തില്‍ സംശയമില്ല. ധാര്‍മികദൈവശാസ്ത്രജ്ഞനും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി വൈസ് റെക്ടറുമായ ഫാ. ഡോ. ഡൊമിനിക് വെച്ചൂര്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഗൈഡ്.
ഡോ. ജോയി കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു മെഡിക്കല്‍ ബിരുദവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു ജനറല്‍ മെഡിസിനില്‍ ബിരുദാനന്തരബിരുദവും ഉള്ളയാളാണ്. എന്നാല്‍, കൗതുകകരമായ വസ്തുത മറ്റൊന്നാണ്, തന്റെ കരിയറുമായി ബന്ധപ്പെട്ടതിനെക്കാള്‍ ഡിഗ്രികള്‍ കരസ്ഥമാക്കിയിരിക്കുന്നത് ദൈവശാസ്ത്രത്തിലാണ്. ബി.റ്റി.എച്ച്, എം.റ്റി.എച്ച്. എന്നിവയ്ക്കുശേഷമാണ് ഇപ്പോള്‍ ധാര്‍മികദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിരിക്കുന്നത്.
സഭയുടെ ഔദ്യോഗികകൃത്യനിര്‍വഹണത്തിന്റെ ഭാഗമായി പല ഉത്തരവാദിത്വങ്ങളും അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. വി. അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികളുമായി ബന്ധപ്പെട്ട മെഡിക്കല്‍ ടീമിലെ പ്രധാന അംഗമായിരുന്നു. ജിനില്‍ എന്ന ബാലന്റെ രോഗസൗഖ്യം അതിസ്വാഭാവികമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. കൂടാതെ, എസ്.ഡി. കോണ്‍ഗ്രിഗേഷന്‍ സ്ഥാപകനും ദൈവദാസനുമായ ഫാ.വര്‍ഗീസ് പയ്യപ്പിള്ളിയുടെ ഭൗതികാവശിഷ്ടങ്ങള്‍ പരിശോധിച്ച് തിട്ടപ്പെടുത്തുകയുണ്ടായി.
കേവലം, ആശയലോകത്തിന്റെ ധൈഷണികതയെ ഉപാസിക്കുന്ന ഒരാള്‍ മാത്രമല്ല ഡോ. ജോയി ഫ്രാന്‍സിസ്. അദ്ദേഹത്തിന്റെ ജീവിതംതന്നെ ആത്മീയതയില്‍ പ്രദീപ്തമാകുന്നു.
എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് രോഗികളെ പരിശോധിക്കുന്നതും ചികിത്സ നിശ്ചയിക്കുന്നതും. ആശുപത്രിയിലെ പ്രഭാതപ്രാര്‍ത്ഥനയ്ക്ക് ഡോ. ജോയി എന്നും മുന്‍നിരയിലുണ്ടാകും. കരുണക്കൊന്തയുടെ മന്ത്രങ്ങള്‍ ഉരുവിട്ടും ക്രിസ്തുവിന്റെ സമാധാനം പകര്‍ന്നുമാണ് അദ്ദേഹം കുറിപ്പുകള്‍ തയ്യാറാക്കുന്നത്. ഇതെല്ലാം ദൃക്‌സാക്ഷികള്‍ പറയുന്നതാണ്.
വിതയത്തില്‍ കുടുംബാംഗമായ ഡോ. ജോയി ഫ്രാന്‍സിസ് ഭാര്യ ത്രേസ്യാമ്മയ്‌ക്കൊപ്പം പാലായിലാണു താമസം. മകന്‍ പ്രദീപ് എന്‍ജിനീയറും മകള്‍ പ്രിയ അധ്യാപികയുമാണ്.
രോഗാതുരര്‍ക്കും രോഗീശുശ്രൂഷകര്‍ക്കും അദ്ദേഹത്തിന്റെ ആദ്ധ്യാത്മികസപര്യയും ഗവേഷണപഠനങ്ങളും അനുഗ്രഹമാകുമെന്നു പ്രത്യാശിക്കാം.