•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ലോകസമാധാനത്തിനും മനുഷ്യസാഹോദര്യത്തിനും


ഇസ്ലാംമതം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖകളില്‍
(രണ്ടാം ഭാഗം)

ഇസ്ലാംമതത്തെക്കുറിച്ചുള്ള കൗണ്‍സിലനന്തരപഠനങ്ങള്‍
ഇസ്ലാംമതത്തിന്റെ പേര് പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും കൗണ്‍സിലനന്തരപഠനങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട സവിശേഷശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ് 'കര്‍ത്താവായ ഈശോ'  (Dominus Jesus)  എന്ന രേഖ. റോമിലെ വിശ്വാസതിരുസംഘം 2000-ാമാണ്ടില്‍ പ്രസിദ്ധീകരിച്ചതാണ് ഈ പ്രഖ്യാപനം. ആമുഖവും ഉപസംഹാരവും കൂടാതെ ആറ് അദ്ധ്യായങ്ങള്‍ ഉള്ള ഈ രേഖയുടെ 21-22 ഖണ്ഡികകളില്‍ അക്രൈസ്തവമതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വിവിധ മതങ്ങളുമായുള്ള ബന്ധത്തെ സംബന്ധിച്ച പ്രബോധനങ്ങളെ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് ഈ പ്രഖ്യാപനവും. തിരുസ്സഭയെ മറ്റു മതങ്ങള്‍പോലെ രക്ഷയ്ക്കുള്ള പല ഉപാധികളിലൊന്നായി കാണുന്നത് സത്യവിശ്വാസത്തിനു വിരുദ്ധമാണെന്ന് ഈ രേഖ പഠിപ്പിക്കുന്നു (നമ്പര്‍ 21). തിരുസ്സഭയാണ് രക്ഷയുടെ മാര്‍ഗ്ഗങ്ങളുടെ പൂര്‍ണ്ണത (നമ്പര്‍ 22). ഇത് മനുഷ്യന്റെ യോഗ്യതകളുടെ ഫലമല്ല; മറിച്ച് ഈശോയിലൂടെ കരഗതമായ ഒരു അമൂല്യദാനമാണെന്നും ഈ രേഖ നമ്മെ അനുസ്മരിപ്പിക്കുന്നു. മതാന്തരസംവാദങ്ങളുടെ അടിസ്ഥാനം മതദര്‍ശനങ്ങളിലെ സമത്വമല്ല, മറിച്ച്, സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെ അന്തസ്സിലുള്ള സമത്വമാണ് (ി. 22). അതുകൊണ്ട് തിരുസ്സഭയും മറ്റു മതങ്ങളും ഒരുപോലെയാണെന്നു പറയുന്നതും ക്രൈസ്തവരും മുസ്ലീംകളും ഒരേ ഏകദൈവത്തെയാണ് ആരാധിക്കുന്നത് എന്നുപറയുന്നതും തീര്‍ത്തും തെറ്റായ വ്യാഖ്യാനമാണ്.
ഇസ്ലാംമതവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ പ്രത്യേകപരിഗണന അര്‍ഹിക്കുന്ന ഒരു പഠനമാണ് 2006 സെപ്റ്റംബര്‍ 12 ന് ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗ് സര്‍വ്വകലാശാലയില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തിയ പ്രഭാഷണം. വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഈ പ്രഭാഷണത്തില്‍ മാര്‍പാപ്പാ ഊന്നിപ്പറഞ്ഞത്. യുക്തിയോടു തുറവില്ലാത്ത വിശ്വാസബോധ്യങ്ങളും ജീവിതവും അന്ധവിശ്വാസങ്ങളിലേക്കും അബദ്ധപ്രബോധനങ്ങളിലേക്കും കേവലം വൈകാരികതയിലേക്കും തീവ്രവാദസമീപനങ്ങളിലേക്കും അക്രമത്തിലേക്കും വഴിമാറുന്നു. വിശ്വാസത്തിന്റെ യുക്തിപരതയിലേക്കു നിരന്തരമായ അന്വേഷണം ഉണ്ടാകണമെന്ന് പ്രസ്തുത പ്രസംഗത്തില്‍ മാര്‍പാപ്പാ ആവര്‍ത്തിച്ചാവശ്യപ്പെടുന്നുണ്ട്. 
2019 ഫെബ്രുവരി മൂന്നുമുതല്‍ അഞ്ചുവരെ യുഎഇയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ അജപാലനസന്ദര്‍ശനവേളയില്‍ അബുദാബി നഗരത്തില്‍ അര്‍പ്പിച്ച പരി. കുര്‍ബാനമധ്യേ നടത്തിയ സുവിശേഷപ്രസംഗത്തില്‍ ഏകരക്ഷകനായ മിശിഹായില്‍ വിശ്വസിക്കുന്നതിന്റെ നന്മകളും ഉത്തരവാദിത്വവും കത്തോലിക്കാവിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഒപ്പം അബുദാബിയിലെ വലിയ ഇമാം അഹമ്മദ് അല്‍തയ്യെബും ഫ്രാന്‍സിസ് മാര്‍പാപ്പായും തമ്മില്‍ ലോകസമാധാനത്തിനും പരസ്പരസഹവര്‍ത്തിത്വത്തിനുംവേണ്ടിയുള്ള മാനവസാഹോദര്യത്തിന്റെ ഒരു രേഖയില്‍ പരസ്പരം ഒപ്പുവച്ചു. പ്രസ്തുത ഉടമ്പടി ഒരു വിശ്വാസധാരണാ ഉടമ്പടി ഒന്നുമായിരുന്നില്ല. പ്രത്യുത, ദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കുവാനും സാമൂഹിക-ധാര്‍മ്മിക തിന്മകള്‍ക്കെതിരേ പൊരുതുവാനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുവാനുമുള്ള ഒരു പൊതു ആഹ്വാനമായിരുന്നു അത്. 
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനമായ 'എല്ലാവരും സഹോദരര്‍' (03 ഒക്‌ടോബര്‍ 2020) എന്ന പ്രബോധനത്തില്‍ ഇസ്ലാം മതത്തിന്റെ പേര് പ്രത്യേകമായി പരാമര്‍ശിക്കുന്നില്ലെങ്കിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അക്രൈസ്തവമതങ്ങളെക്കുറിച്ചു പഠിപ്പിച്ച പ്രബോധനംതന്നെയാണ് എടുത്തുപറയുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'അക്രൈസ്തവമതങ്ങള്‍' എന്ന പ്രഖ്യാപനത്തിന്റെ രണ്ടാം ഖണ്ഡിക ഉദ്ധരിച്ചുകൊണ്ട് മറ്റു മതങ്ങളിലെ സത്യവും വിശുദ്ധവുമായ അംശങ്ങളൊന്നും തിരുസ്സഭ തള്ളിക്കളയുന്നില്ലെന്നും അവയുടെ ശരിയായ ജീവിതശൈലിയും പ്രബോധനങ്ങളും പഠനങ്ങളും ആദരവോടെ കാണുന്നുവെന്നും മനുഷ്യരെ പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥസത്യത്തിന്റെ കിരണങ്ങളുടെ പ്രതിഫലനം അവയില്‍ കാണുന്നുവെന്നും ഈ പ്രബോധനവും അടിവരയിട്ട് ഉറപ്പിക്കുന്നു (നമ്പര്‍ 277). എന്നാല്‍, ഈശോയുടെ സുവിശേഷത്തിന്റെ അനന്യത ഫ്രാന്‍സിസ് പാപ്പാ പ്രത്യേകം എടുത്തുപറയുന്നുമുണ്ട്. മറ്റു മതസ്ഥര്‍ മറ്റ് ഉറവിടങ്ങളില്‍നിന്ന് പാനം ചെയ്യുമ്പോള്‍ ക്രൈസ്തവരെ സംബന്ധിച്ച് മനുഷ്യമഹത്ത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉറവ ഈശോയുടെ സുവിശേഷംതന്നെയാണ് (നമ്പര്‍ 277). വിവിധ മതങ്ങള്‍ മാനവസാഹോദര്യം പരിപോഷിപ്പിക്കുവാന്‍ ഏറെ സഹായിക്കുന്നു (അദ്ധ്യായം 8). എല്ലാവരും ഒരു ദൈവത്തിന്റെ മക്കളും (നമ്പര്‍ 279) ഒരു സ്രഷ്ടാവിന്റെ സൃഷ്ടികളും (നമ്പര്‍ 58) ഒരേ മണ്ണിന്റെ മക്കളും (നമ്പര്‍ 8) ആകയാല്‍ മനുഷ്യരെല്ലാവരും സഹോദരീസഹോദരന്മാരാണ്. ഏകദൈവം നമ്മുടെയെല്ലാം പൊതുപിതാവാണ് (നമ്പര്‍ 272). അതുകൊണ്ട് മനുഷ്യരെല്ലാവരും സഹയാത്രികരാണ് (നമ്പര്‍ 8; 274). മതങ്ങള്‍ തമ്മില്‍ സഹകരണവും സാഹോദര്യവും സംവാദവും വളര്‍ത്തണം. വിവിധ മതങ്ങള്‍ നൂറ്റാണ്ടുകളുടെ അനുഭവങ്ങളുടെയും ജ്ഞാനത്തിന്റെയും നിധിശേഖരങ്ങളാണ്. വിവിധ മതഗ്രന്ഥങ്ങള്‍ എല്ലാ കാലഘട്ടങ്ങള്‍ക്കും നവമായ ചക്രവാളങ്ങള്‍ നല്‍കുന്നു. പക്ഷേ, യുക്തിചിന്തയുടെ ഹ്രസ്വവീക്ഷണംകൊണ്ട് പലപ്പോഴും മതഗ്രന്ഥങ്ങള്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടുന്നു (നമ്പര്‍ 275). മനുഷ്യരുടെ മൗലികാവകാശമായ മനഃസാക്ഷിയുടെ മതസ്വാതന്ത്ര്യത്തെയും ഈ പ്രബോധനരേഖ എടുത്തുപറയുന്നുണ്ട് (നമ്പര്‍ 279). ശരിയായ മതവിശ്വാസത്തില്‍ അക്രമത്തിനും തീവ്രവാദത്തിനും ഭീകരതയ്ക്കും സ്ഥാനമില്ലെന്നും അപഭ്രംശം സംഭവിക്കുന്ന മതവിശ്വാസത്തിലാണ് അക്രമവും ഭീകരതയും ഉണ്ടാകുന്നതെന്നും പാപ്പാ പഠിപ്പിക്കുന്നു (നമ്പര്‍ 282). ഭീകരതയെയും മതതീവ്രവാദങ്ങളെയും ഈ പ്രബോധനം ശക്തമായി അപലപിക്കുന്നു. മതഗ്രന്ഥങ്ങളുടെ തെറ്റായ വ്യാഖ്യാനവും ദാരിദ്ര്യം, വിശപ്പ്, അടിമത്തം, അഹങ്കാരം തുടങ്ങിയവയോടുള്ള നിലപാടുകളുമാണ് ഭീകരപ്രവര്‍ത്തനങ്ങളിലേക്കു നയിക്കുന്നത് (നമ്പര്‍ 283). അവിടെയൊക്കെ സമാധാനത്തിന്റെ ശില്പികളും സംവാദത്തിന്റെ മനുഷ്യരുമാകുവാനാണ് ഫ്രാന്‍സിസ് പാപ്പാ നമ്മെ ക്ഷണിക്കുന്നത് (നമ്പര്‍ 284). മതങ്ങള്‍ ഒരിക്കലും വെറുപ്പിനും വിദ്വേഷത്തിനും തീവ്രവാദത്തിനും യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും കാരണമാകരുതെന്ന് പാപ്പാ പഠിപ്പിക്കുന്നു (നമ്പര്‍ 285).
നമുക്കു വേണ്ടത് ഉറച്ച ബോധ്യങ്ങളും നിതാന്തജാഗ്രതയും
വഴിതെറ്റിക്കുന്ന പ്രബോധനങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത് കത്തോലിക്കാവിശ്വാസികളായ നമുക്കു വേണ്ടത് ആഴത്തില്‍ വേരൂന്നിയ ഉറച്ച വിശ്വാസബോധ്യങ്ങളും നിതാന്തജാഗ്രതയും തീക്ഷ്ണതയുള്ള പ്രേഷിതചൈതന്യവുമാണ്. സത്യവിശ്വാസത്തിനുവേണ്ടി അവസാനശ്വാസംവരെ നിലകൊള്ളുവാനുള്ള ധീരതയും കരുത്തും നമുക്കു വേണം. ഒപ്പം മാനവസാഹോദര്യചിന്തയും ആരോടും സംവദിക്കാനുമുള്ള തുറവും ഉണ്ടാകണം. 
വേദപുസ്തകവും സഭാപിതാക്കന്മാരും ദൈവശാസ്ത്രപഠനങ്ങളും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും കൗണ്‍സിലനന്തരപഠനങ്ങളും വ്യക്തമായി പഠിപ്പിക്കുന്ന മനുഷ്യകുലം മുഴുവന്റെയും ഏകരക്ഷകനായ ഈശോയുടെ അനന്യതയെക്കുറിച്ചുള്ള ബോധ്യം നമ്മില്‍ ആഴപ്പെടണം. 'ഈശോമിശിഹാ ഏതാനും പേരുടെ കുത്തകയല്ല; മറിച്ച്, എല്ലാ മനുഷ്യമക്കളുടെയും ആനുകൂല്യമാണെന്ന' വി. പോള്‍ ആറാമന്റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം. ഈ ബോധ്യം നമ്മുടെ ദൈവാരാധനയിലും ആത്മീയതയിലും അനുദിന ക്രൈസ്തവജീവിതത്തിലും പ്രതിഫലിക്കുകയും വേണം.
ഏകസത്യദൈവത്തിലുള്ള വിശ്വാസം ദൈവം തരുന്ന ഒരു കൃപയും (നടപടി 16,14) വരദാനവും (മത്താ. 13, 16-17) ആണെന്നു നാം തിരിച്ചറിയണം. ഈശോ പ്രാര്‍ത്ഥിച്ചതുപോലെ, ''ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച ഈശോമിശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍'' (യോഹ. 17,3). ബനഡിക്ട് പതിനാറാമന്‍ പാപ്പാ പഠിപ്പിക്കുന്നു: ''മുഴുവന്‍ സഭയും സഭയുടെ എല്ലാ അജപാലകരും മിശിഹായെപ്പോലെ, ജനത്തെ മരുഭൂമിയില്‍നിന്ന് ജീവന്റെ സ്ഥലത്തേക്കു നയിക്കുവാന്‍ പുറപ്പെടണം. ദൈവപുത്രനുമായുള്ള സൗഹൃദത്തിലേക്ക്, ജീവന്‍ നല്കുന്നവനിലേക്ക്, ജീവന്‍ സമൃദ്ധമായി നല്കുന്നവനിലേക്കു നയിക്കുവാന്‍ പുറപ്പെടണം'' (വിശ്വാസത്തിന്റെ വാതില്‍, 2). അബദ്ധപ്രബോധനങ്ങളുടെയും വികലമായ വിശ്വാസവ്യാഖ്യാനങ്ങളുടെയും കലക്കവെള്ളത്തില്‍നിന്ന് കുടിക്കുവാന്‍ പരിശ്രമിക്കാതെ ശുദ്ധപ്രബോധനമാകുന്ന തെളിമയുള്ള ഉറവയില്‍നിന്ന് നാം ആവോളം പാനം ചെയ്യണം (വിശ്വാസത്തിന്റെ വാതില്‍, 3). വിശ്വാസത്തില്‍ പക്വതയുള്ളവരും സംശുദ്ധമായ പ്രേഷിതജീവിതസാക്ഷ്യം നല്കുന്നവരുമായി ദൈവജനസമൂഹം മാറണം. വിശുദ്ധിയാണ് തിരുസ്സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖമെന്ന് ഫ്രാന്‍സിസ് പാപ്പായും പഠിപ്പിക്കുന്നു (ആനന്ദിക്കുവിന്‍, ആഹ്ലാദിക്കുവിന്‍, 9). വിശുദ്ധരാകുവാന്‍ കഴിയാതെപോകുന്നതാണ് ഏറ്റവും വലിയ ആത്മീയദുരന്തം എന്നും മാര്‍പാപ്പാ അനുസ്മരിപ്പിക്കുന്നു.
തുടര്‍ച്ചയായ ജാഗ്രതയും തുറവുള്ള വിശ്വാസപഠനങ്ങളും ദൈവജനത്തിന്റെ ഭാഗത്തുനിന്ന് എന്നുമുണ്ടാകണം. അറിവില്ലായ്മയും അല്പജ്ഞാനവും അപകടകരമാണ്. ഇന്ന് ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ഇസ്ലാമികമതതീവ്രവാദ നിലപാടുകളും ഭീകരപ്രവര്‍ത്തനങ്ങളും കുടിയേറ്റങ്ങള്‍ക്കിടയിലെ നിയമവിരുദ്ധനുഴഞ്ഞുകയറ്റങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും നിര്‍ബന്ധിത വിവാഹങ്ങളും ജിഹാദിന്റെ പിന്നിലെ പ്രണയക്കെണികളും ക്രൈസ്തവപീഡനങ്ങളും നമ്മില്‍ വലിയ ആശങ്കയും ഭീതിയും ഉളവാക്കുന്നു. ക്രൈസ്തവ ദൈവാലയങ്ങളായിരുന്ന തുര്‍ക്കിയിലെ ഹാഗിയ സോഫിയാ, കോറാ എന്നിവിടങ്ങളില്‍ അടുത്ത നാളുകളില്‍ നടന്ന സംഭവങ്ങളും നൈജീരിയപോലുള്ള സ്ഥലങ്ങളിലെ ക്രൈസ്തവപീഡനങ്ങളും പാക്കിസ്ഥാനിലെ മരിയാ ഷഹബാസ് എന്ന പെണ്‍കുട്ടിക്കുണ്ടായ അനുഭവങ്ങളും ക്രൈസ്തവലോകത്തില്‍ വേദനയും അസ്വസ്ഥതയും ഉളവാക്കുന്നു. ഇവിടെ ഏറ്റവും ആവശ്യമായിരിക്കുന്നത് ദൈവപുത്രനായ ഈശോയില്‍ നങ്കൂരമുറപ്പിക്കപ്പെട്ട ക്രൈസ്തവപ്രത്യാശയും നിതാന്തജാഗ്രതയുമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)