പാലായുടെ കാവല്‍ഗോപുരം: മാര്‍ കല്ലറങ്ങാട്ട്പാലാ: നഗരത്തിന്റെ ഒത്ത നടുക്ക് ദൈവം അനുവദിച്ചു നല്‍കിയ അടയാളമാണ് അമലോദ്ഭവകുരിശുപള്ളിയെന്നും ഇതു പാലായുടെ കാവല്‍ഗോപുരമാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ജൂബിലിത്തിരുനാളില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
വിശ്വാസം, സാഹോദര്യം, സഭ, സാമുദായിക, ദേശസ്‌നേഹം, പാലായുടെ മഹത്ത്വം എന്നിവയുടെ പ്രതീകമാണ് ടൗണ്‍കുരിശുപള്ളി. സെക്കുലറായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ടൗണ്‍കുരിശുപള്ളിയിലെ മാതാവിന്റെ സാന്നിധ്യത്തിനു പിന്നില്‍ അസാധാരണമായ പാലാപൈതൃകമുണ്ട്. മറിയം നമ്മുടെ ഹൃദയവികാരമാണ്. തിരുനാള്‍ ആഘോഷത്തിന് സാമൂഹികമാനങ്ങളുണ്ട്. നാനാജാതിമതസ്ഥര്‍ക്കിടയില്‍ സാക്ഷ്യം നല്‍കാന്‍ നമുക്കു സാധിക്കണം. നഗരം ചുറ്റി നടക്കുന്ന പ്രദക്ഷിണം മറ്റൊരു അടയാളമാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വം മറക്കരുതെന്നും വോട്ട് വലിയ ഉത്തരവാദിത്വമാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശമധ്യേ പറഞ്ഞു. നമ്മുടെ പൗരധര്‍മമാണ് വോട്ടു ചെയ്യുകയെന്നത്. ജനാധിപത്യപ്രക്രിയയുടെ ആത്മാവാണ് വോട്ടവകാശം. ജനാധിപത്യം എന്താണെന്നു നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ടെന്നും അതിനുള്ള അവസരമായി വോട്ടവകാശത്തെ കാണണമെന്നും ബിഷപ് പറഞ്ഞു.
നാടകമേള വിജയികള്‍
പാലാ: ജൂബിലിത്തിരുനാളിനോടനുബന്ധിച്ച് സിവൈ എംഎല്‍ സംഘടിപ്പിച്ച നാടകമേളയില്‍ മികച്ച നാടകമായി കൊല്ലം അമ്മ തിയേറ്റര്‍ പീപ്പിളിന്റെ 'ഭഗത്‌സിംഗ് പുലിമട പിഒ കൊല്ലം' തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഇടപ്പാള്‍ നാദം കമ്യൂണിക്കേഷന്‍സിന്റെ 'കാഴ്ചബംഗ്ലാവ്' നാടകമാണ് രണ്ടാംസ്ഥാനത്ത്. മികച്ച സംവിധായകനായി സുരേഷ് ദിവാകരനും മികച്ച നടനായി കണ്ണൂര്‍ വാസൂട്ടിയും, മികച്ച നടിയായി തിരുവനന്തപുരം സൗപര്‍ണികയുടെ 'താഴ്‌വാരം നാടകത്തിലെ നടി ഗ്രീഷ്മ ഉദയും തിരഞ്ഞെടുക്കപ്പെട്ടു. കാഴ്ചബംഗ്ലാവ് എന്ന നാടകത്തിനാണ് മികച്ച അവതരണത്തിനുള്ള അവാര്‍ഡ്. മികച്ച സംഗീതത്തിന് ആറ്റിങ്ങല്‍ ശ്രീധന്യയുടെ 'ആനന്ദഭൈരവി' നാടകത്തിലെ അനില്‍ മാളയും കരസ്ഥമാക്കി. പ്രദീപ്കുമാര്‍ കാവുംതറ മികച്ച രചനയ്ക്കുള്ള അവാര്‍ഡും കരസ്ഥമാക്കി.
ബൈബിള്‍ ടാബ്ലോ മത്സരവിജയികള്‍
കത്തീദ്രല്‍ പിതൃവേദി അവതരിപ്പിച്ച മിശിഹായുടെ 'കുരിശുമരണം' എന്ന ടാബ്ലോയ്ക്കാണ് ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം ബാബു ആന്റണി വെളുത്തേടത്തുപറമ്പില്‍ അവതരിപ്പിച്ച 'സാംസന്റെ മരണം' എന്ന ടാബ്ലോയ്ക്കും ലഭിച്ചു. സിബി പുന്നത്താനം ആന്‍ഡ് ടാക്‌സി ഡ്രൈവേഴ്‌സ് ഒരുക്കിയ പീലാത്തോസ് ഈശോയെ വിധിക്കുന്ന ടാബ്ലോയ്ക്ക് മൂന്നാംസ്ഥാനം ലഭിച്ചു.
ടൂവീലര്‍ ഫാന്‍സിഡ്രസ് വിജയികള്‍
അസ്ഥികളുടെ താഴ്‌വര എന്ന ഫാന്‍സിഡ്രസ് അവതരിപ്പിച്ച ബിനോയ് കുരുവിള&ടീമിനാണ് ഒന്നാംസ്ഥാനം. രണ്ടാം സ്ഥാനം ബിന്നി അജിത് ആന്‍ഡ് ടീം അവതരിപ്പിച്ച ദാനിയേല്‍ സിംഹക്കുഴിയില്‍ എന്നതിനും മൂന്നാംസ്ഥാനം ജെസില്‍ കടനാട് അവതരിപ്പിച്ച പിയാത്തെ എന്ന തീമും കരസ്ഥമാക്കി.
*
