പാലാ: ഭാരതത്തിന്റെ വലിയ മല്പാന്‍ എന്ന പദവിക്ക് ആദ്യമായി അര്‍ഹനായ പ്രസിദ്ധ സുറിയാനിപണ്ഡിതനും ദൈവശാസ്ത്രവിദഗ്ധനുമായ കൂനമ്മാക്കല്‍ തോമ്മാ കത്തനാരെ പാലാ രൂപതയുടെ നേതൃത്വത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു. ചേര്‍പ്പുങ്കലിലെ വൈദികമന്ദിരമായ കാസാ ദെല്‍ ക്ലയറോയില്‍ നടന്ന ചടങ്ങില്‍ കേക്കു മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു.
നൂറുകണക്കിനു വൈദികര്‍ക്ക് അറിവുപകര്‍ന്നുനല്കിയ കൂനമ്മാക്കല്‍ തോമ്മാ കത്തനാര്‍ക്ക് അര്‍ഹമായ അംഗീകാരമാണ് ഭാരതത്തിലെ വലിയ മല്പാന്‍ പദവിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. കോട്ടയം സീരിയാണ് കൂനമ്മാക്കല്‍ തോമ്മാ കത്തനാര്‍ക്ക് ഭാരതത്തിന്റെ വലിയ മല്പാന്‍ പദവി നല്കിയത്. റൂബി ജൂബിയാഘോഷിക്കുന്ന സീരിയില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. പാലാ രൂപതയിലെ വൈദികനായ അദ്ദേഹം സുറിയാനിഭാഷയില്‍ ഡോക്ടറേറ്റു നേടിയ വ്യക്തിത്വവും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, ആശുപത്രി പ്രോജക്ട്‌സ്, ഐടി, ലീഗല്‍ ആന്‍ഡ് ലെയ്‌സണ്‍ ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു.