സ്വര്‍ണക്കടയിലേക്കു കയറുമ്പോള്‍ അവര്‍ ഇരുവരും സന്തോഷവതികളായിരുന്നു. ആതിരയും ധരണിയും. ധരണിക്ക് ആകെയുണ്ടായിരുന്ന മൂലധനമായ കാതിലെ ആ രണ്ടു ചെറിയ മൊട്ടുകമ്മല്‍ വില്‍ക്കാനാണ് അവിടെ ചെന്നത്. സ്വര്‍ണ്ണവിലയുടെ കുതിച്ചുചാട്ടം അവരെ സന്തോഷിപ്പിച്ചു. പ്രതീക്ഷിച്ച പണം കിട്ടി. മോന്റെ കോളജ് അഡ്മിഷനു വേണ്ട ചെലവിലേക്കായിട്ടാണ് അവള്‍ ആ പണം സ്വരുക്കൂട്ടിയത്. തുച്ഛമായ ആ തുക വാങ്ങിവയ്ക്കുമ്പോള്‍ അവളുടെ മുഖം വിടര്‍ന്നിരുന്നു.
അവര്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് തോളില്‍ ഒരു കൈക്കുഞ്ഞുമായി അയാള്‍ കയറിവന്നത്... പിറകില്‍ അയാളുടെ ഭാര്യയും... സമ്പന്നതയും സന്തോഷവും അവരില്‍ ദൃശ്യമായിരുന്നു... അയാളുടെ തനിപ്പകര്‍പ്പായ കുഞ്ഞ് ധരണിയെ നോക്കി ചിരിച്ചു... അവള്‍ക്ക് അതു തള്ളാന്‍ കഴിഞ്ഞില്ലെങ്കിലും ഉള്‍ക്കൊള്ളാനും പറ്റിയില്ല.... അയാളുടെ തുളഞ്ഞുകയറിയ നോട്ടം അവളുടെ ഹൃദയത്തെ മാന്തിപ്പറിച്ചു.
വാടിപ്പോയ പൂക്കാലങ്ങളും....വിളര്‍ത്തുപോയ നിലാരാത്രികളും... മറക്കാന്‍ കൊതിച്ചാലും നനുത്തോരുന്മാദത്തോടെ മനസ്സിലൊളിപ്പിച്ച അനുരാഗ വസന്തങ്ങളുമൊക്കെ ചിട ചിക്കി ഒരു നിമിഷംകൊണ്ട് കടന്നുപോയി...
ഏറെനേരം അവള്‍ക്കവിടെ തളര്‍ന്നിരിക്കേണ്ടിവന്നു.
അവിവാഹിതയായ ഒരു അമ്മയാണവള്‍. അപമാനം ചുമന്നവള്‍... പ്രണയനാടകത്തിന്റെ തിരശ്ശീല വീഴുംമുമ്പ്... ഡയലോഗ് മറന്ന നടനെപ്പോലെ അയാള്‍ കാണികള്‍ക്കിടയില്‍ ഒളിച്ചു... നീണ്ട 17 വര്‍ഷങ്ങള്‍... ഒരിക്കല്‍പോലും കണ്ടുമുട്ടിയില്ല.
അച്ഛനെക്കുറിച്ച് മകന്‍ തിരക്കിയില്ല... അവന്റെ വളര്‍ച്ചയ്ക്കിടയില്‍ അങ്ങനെ പലരെയും അവന്‍ കണ്ടുമുട്ടിയിരുന്നു...
അച്ഛന്‍ ഇല്ലാത്തവര്‍... അമ്മയില്ലാത്തവര്‍... രണ്ടുപേരും ഇല്ലാത്തവര്‍... സിംഗിള്‍ പാരന്റിങ്... അത് അവന്‍ ഓമനിക്കുന്ന ഒരു വാക്കായി....
അവന് പ്രകൃതിപാഠങ്ങള്‍ അറിയാം...
''അമ്മ ഈ പ്രകൃതിയിലേക്കു നോക്കൂ... അമ്മയും അച്ഛനും മക്കളും ഒന്നുമില്ലെങ്കിലും... അച്ഛന്‍ അജ്ഞാതനാണെങ്കിലും അവരൊക്കെ എത്ര സന്തോഷമായിട്ടാണ് ജീവിക്കുന്നത്... പിന്നെ നമുക്കെന്താ...?''
മകന്‍ തന്ന എല്ലാ ധൈര്യവും ചോര്‍ത്തിക്കളഞ്ഞ ഈ കണ്ടുമുട്ടല്‍...
അവള്‍ക്കു സങ്കടം സഹിക്കാനായില്ല.... മഴ കഴിഞ്ഞിട്ടും പെയ്യുന്ന മരം പോലെ അവള്‍...
ആതിര ഏറെ നിര്‍ബന്ധിച്ചിട്ടാണ് അവള്‍ എഴുന്നേറ്റതു തന്നെ...
''വാ.... നമുക്കെന്തെങ്കിലും കഴിക്കാം.''
ആതിര നിര്‍ബന്ധിച്ചു. സ്വര്‍ണ്ണം വിറ്റു പണം വാങ്ങി മകന് അത്യാവശ്യമുള്ള പുതിയ വസ്ത്രങ്ങളൊക്കെ വാങ്ങിക്കാം... എന്നൊക്കെ പദ്ധതിയിട്ടാണ് അവര്‍ ടൗണിലേക്കു വന്നതു തന്നെ. രാവിലെ ഒന്നും കഴിച്ചിരുന്നില്ല. അവള്‍ തിളപ്പിച്ചുകൊടുത്ത കട്ടന്‍ചായയും കുടിച്ച് മറ്റൊന്നും കഴിക്കാതെയാണ് മകനും കോളജിലേക്ക് ആപ്ലിക്കേഷന്‍ ഫോം വാങ്ങിക്കാന്‍ പോയത്.
''ഇന്നൊന്നും വേണ്ടഅമ്മേ... കൂട്ടുകാരുടെ ട്രീറ്റ് ഉണ്ട്...''
അവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ എതിര്‍ത്തില്ല. കൂട്ടുകൂടി തോന്നിയവാസം നടക്കുന്നവനല്ല മകന്‍... എന്തു നടന്നാലും തന്നോടു വള്ളിപുള്ളി വിടാതെ പറയും.. ആഗ്രഹങ്ങളും പ്രതീക്ഷകളും നിരാശകളും ഒക്കെ....
പോയതു പോട്ടെ... ഇന്നെന്തായാലും ഇക്കാര്യം മകനോടു പറയുന്നില്ല. ധരണി മനസ്സില്‍ ഉറച്ചു. ധൈര്യം വീണ്ടെടുത്തു. ആതിരയോടൊത്ത് അടുത്തു കണ്ട ബേക്കറിയില്‍ കയറി കാപ്പി കുടിച്ചു... ചില്ലലമാരയില്‍ പ്രലോഭിപ്പിക്കുന്ന പുതിയ ഇനം പലഹാരങ്ങള്‍...
ഇവിടെ ബര്‍ഗര്‍ ഉണ്ടോ... കണ്ണാടിച്ചില്ലിനകത്തുകൂടെ നോക്കിക്കൊണ്ടാണ് അവള്‍ വില്പനക്കാരന്‍ പയ്യനോടു അതു ചോദിച്ചത്..
പയ്യന്‍ ചിരിച്ചുകൊണ്ട് വിരല്‍ചൂണ്ടി പറഞ്ഞു: ''ഇതല്ലേ ആന്റീ ബര്‍ഗര്‍...''
ആ പരിഹാസം അവളെ നാണിപ്പിച്ചില്ല.
''ഞാനിത് ആദ്യമായിട്ടാ കാണുന്നേ മോനെ...'' അവളുടെ മറുപടി കേട്ടപ്പോള്‍ പയ്യന്റെ ചുണ്ടിലെ പരിഹാസച്ചിരി മാഞ്ഞു.
മോന്‍ ദിവസത്തില്‍ ഒരുവട്ടമെങ്കിലും പറയും ബര്‍ഗര്‍.... എന്ന്... നല്ല രുചിയാണത്രേ. അവന്റെ ക്ലാസിലെ കൂട്ടുകാരൊക്കെ ഉച്ചഭക്ഷണം കൊണ്ടുവരാറില്ല.. പകരം ബര്‍ഗറും കോളയുമൊക്കെയാണത്രേ കഴിക്കുന്നത്. വല്ല പത്തോ പതിനഞ്ചോ രൂപയാണെങ്കില്‍ നീയും ഒരു ദിവസം വാങ്ങിക്കഴിച്ചോ എന്ന് അവള്‍ പറഞ്ഞതാണ്. അപ്പോള്‍ മകന്‍ പൊട്ടിച്ചിരിച്ചു...
''എന്റെ അമ്മേ.. അതിനൊക്കെ നല്ല വിലയാ... നൂറു നൂറ്റമ്പതു രൂപയാകും...''
അതു കേട്ടപ്പോള്‍ അവള്‍ ഞെട്ടി. അത്രയും രൂപയുണ്ടെങ്കില്‍ നമ്മുടെ രണ്ടുപേരുടെ രണ്ടുദിവസത്തെ വിശപ്പ് അടക്കാം... ഇത്തരം പണക്കാരുടെ ഭക്ഷണം ഒന്നും നമുക്കു വേണ്ട മോനെ....
അങ്ങനെ പറയുമ്പോഴും ഒരു ദിവസം അവന് ഒരു ബര്‍ഗര്‍ വാങ്ങിക്കൊടുക്കണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു... ഇന്നുതന്നെയാവട്ടെ....
പരാജയത്തിന്റെ സങ്കടം മറക്കാന്‍.... മകനെ സന്തോഷിപ്പിക്കാന്‍ തീരുമാനിച്ചു...
ബര്‍ഗര്‍ വാങ്ങി ബാഗില്‍ വച്ച്.... തുണിക്കടയില്‍ കയറി മോന്റെ പാന്റും ഷര്‍ട്ടും തുന്നല്‍ക്കാരനെയും ഏല്പിച്ച്, കുടുംബശ്രീയിലെ മീറ്റിങ്ങും കഴിഞ്ഞ് അവള്‍ വീട്ടിലെത്തുമ്പോള്‍ നേരം സന്ധ്യയായി...
വരാന്തയില്‍ വെറും നിലത്ത് ബാഗ് തലയണയാക്കി മകന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു...
ഒരു നിമിഷം അവള്‍ അവനെ നോക്കിനിന്നു.... സ്വര്‍ണ്ണക്കടയില്‍ കണ്ട അതേ മുഖം...
സ്വന്തം ജീവിതത്തില്‍ എന്താണു സംഭവിക്കുന്നത് എന്നറിയാതെ അവളിലെ ഉള്‍ക്കടല്‍ ഇരമ്പി.
ബാഗ് സ്റ്റാന്‍ഡില്‍ തൂക്കിയിട്ട്.... അവള്‍ വസ്ത്രം മാറി വന്നപ്പോഴേക്കും മകന്‍ ഉണര്‍ന്നിരുന്നു.
അവന്‍ ആപ്ലിക്കേഷന്‍ ഫോം എടുത്തു കാണിച്ചു. കുറേ പൂരിപ്പിക്കാന്‍ ഉണ്ട്.... എന്തായാലും നാളെ രാവിലെ ചെയ്യാം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അയല്‍വക്കത്തെ ടീച്ചറിനോടും ചോദിക്കാം...
''മോന്‍ പോയി കുളിച്ചിട്ടു വാ...''
അവന്‍ തോര്‍ത്തും സോപ്പും എടുത്ത് ഓടുന്നതു കണ്ടപ്പോള്‍ അവള്‍ ഉത്കണ്ഠയോടെ പിന്‍വിളി വിളിച്ചു.
''ആറ്റില്‍ വെള്ളം മെത്തി കിടക്കുകയാണ്. വേഗം വരണം.''
അവന്‍ കൈവീശി അരണ്ട വെളിച്ചത്തിലേക്ക് ഓടിമറഞ്ഞു.
ഒരു നിമിഷം അതു നോക്കി നിന്നിട്ട് അവള്‍ അടുക്കളയിലേക്കു പോയി. കുറച്ചു ചോറും മീന്‍ കറിയും ഉണ്ട്. രണ്ടുപേരും ഉച്ചപ്പട്ടിണിയാണ്. നല്ല വിശപ്പുണ്ട്. അവള്‍ രണ്ടു കപ്പ എടുത്ത് ചെണ്ടന്‍ പുഴുങ്ങി... ഉള്ളിയും കാന്താരിയും കൂടി അരച്ചുവച്ചു. കാന്താരിയില്‍ മുക്കി ഒരു കഷ ണം ചവച്ചപ്പോള്‍ നല്ല സ്വാദ്. കപ്പയും കാന്താരിയും മകനും നല്ല ഇഷ്ടമാണ്.
അവള്‍ പുറത്തിറങ്ങി മകനെ നോക്കി.... അവനെ കണ്ടില്ല... കൂട്ടുകാരുമൊത്തു സൊറ പറഞ്ഞു നില്പായിരിക്കും... ആകാശത്തു നിലാവും നിറയെ നക്ഷത്രങ്ങളും ഉണ്ട്... അവരും പരസ്പരം കഥ പറയുകയാവും... അവള്‍ക്കും ആരോടെങ്കിലും എന്തെങ്കിലുമൊക്കെ സംസാരിക്കണം എന്നു തോന്നി ആതിരയെ വിളിച്ചാലോ എന്നു കരുതി ഫോണ്‍ എടുത്തുനോക്കിയപ്പോള്‍ അത് ചത്തിരിക്കുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ച് അടുക്കളയിലേക്കു വരുമ്പോള്‍ മോന്‍ വന്ന് പലകയില്‍ ഇരുന്നു കഴിഞ്ഞു.... അമ്മയ്ക്കും അവന്‍ പലക നീക്കിവച്ചു..
''വല്ലാത്ത വിശപ്പ്... വേഗം വിളമ്പമ്മേ...''
അവന്‍ തിരക്കുകൂട്ടി.
രണ്ടുപേരും വയറുനിറയെ ഭക്ഷണം കഴിച്ചു.
മോന്‍ കോളജില്‍ പോയ വിശേഷങ്ങളൊക്കെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.... ചോറും മീന്‍കറിയും കപ്പയും ഒക്കെ കഴിച്ച് നിറഞ്ഞ വയര്‍ തിരുമ്മി... ഒരു ശാപ്പാടുരാമന്റെ അഭിനയം കാഴ്ചവച്ച് അവളുടെ പാത്രത്തില്‍നിന്ന് ഒരു കഷണം കപ്പകൂടി എടുത്തു വായില്‍ വച്ചുകൊണ്ട് അവന്‍ പറഞ്ഞു:
''ഈ കപ്പയുടെ മുന്‍പില്‍ ഏതു ബര്‍ഗറും തോറ്റുപോകും.'' അതും പറഞ്ഞ് അവന്‍ കൈ കഴുകാന്‍ ഓടിപ്പോയി....
അടുക്കളജോലിയൊക്കെ കഴിഞ്ഞ് കിടക്കാന്‍ വന്നപ്പോഴാണ് മോന്‍ പറഞ്ഞ വാക്യം അവളില്‍ തികട്ടിവന്നത്.....
ഈ കപ്പയുടെ മുന്നില്‍ ഏതു ബര്‍ഗറും തോറ്റുപോകും... ഈശ്വരാ താന്‍ അതു മറന്നു.
അവള്‍ തിടുക്കത്തില്‍ ബാഗു തുറന്നു.
ബാഗില്‍നിന്ന് കുമിഞ്ഞുപൊന്തിയ മണം അവള്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും മകന്റെ ഇഷ്ടഭക്ഷണം അല്ലേ.... അവന്റെ ആഹ്ലാദമിരട്ടിക്കട്ടെ എന്നു കരുതി പൊതിയുമായി അടുത്ത ചെല്ലുമ്പോള്‍ അവന്‍ ഉറക്കം പിടിച്ചിരുന്നു.
''മോനേ എണീക്കടാ... ഇതാ ബര്‍ഗര്‍...''
അവന്‍ ഉറക്കത്തില്‍ ഒന്നും മനസ്സിലാകാത്തപോലെ വേണ്ടെന്ന് നിരസിച്ചുകൊണ്ടിരുന്നു...
എനിക്കു വേണ്ട. ഒട്ടും വിശപ്പില്ല... അമ്മ കഴിച്ചോ...
അവന്‍ ഉറക്കത്തിനിടയിലും അതു പറയുന്നതുവരെ അവളാ പൊതിയുമായി കാത്തിരുന്നു.
സ്വര്‍ണ്ണക്കടയില്‍ കണ്ട മുഖം അവളെ കരയിക്കാന്‍ കൂട്ടു വന്നിരുന്നു അപ്പോഴേക്കും... അവള്‍ പതുക്കെ പൊതിയഴിച്ചു... അതിന്റെ ഗന്ധവും രുചിയും ഒട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും... മനസ്സില്ലാമനസ്സോടെ അതു കഴിക്കാന്‍ തുടങ്ങി. അവള്‍ കഴിച്ചുതീരുമ്പോഴേക്കും രാത്രി രാക്ഷസീയമായി വളര്‍ന്നുകഴിഞ്ഞിരുന്നു. പൊതിഞ്ഞ കടലാസ് ചുരുട്ടിക്കൂട്ടി അടുക്കളപാദകത്തിനരികില്‍ വച്ച് ഒരു ഗ്ലാസ് വെള്ളവും എടുത്തുകുടിച്ച് ലൈറ്റ് കെടുത്തി അവള്‍ മോന്റെ അരികില്‍ വന്നു കിടന്നു....
ഉറക്കത്തില്‍ അവര് ഇരുവരും നല്ല സ്വപ്നങ്ങള്‍ കണ്ടു...
സ്വര്‍ണ്ണക്കടയില്‍വച്ച് കണ്ട കുഞ്ഞിനെ അവള്‍ അരുമയോടെ ചുംബിച്ചു. ആ കുഞ്ഞ് അവളെ കെട്ടിപ്പിടിച്ച് കുടുകുടാ ചിരിച്ചു... ചിരിയുടെ പിന്നാലെ വന്ന മരവിപ്പിക്കുന്ന നിശ്ശബ്ദതയിലേക്കാണ് അവന്‍ ഉണര്‍ന്നത്...
അമ്മ ഉണര്‍ന്നിട്ടില്ല..... മുറി നിറയെ ഉറുമ്പുകള്‍ നിരയിട്ടു നടക്കുന്നു..... അവളുടെ വായോരത്തുകൂടി നുരയും പതയും ഒഴുകുന്നു....
അവന്‍ അമ്മയുടെ മുഖത്തേക്കു മുഖം ചേര്‍ത്തു... പുളി ച്ചുനാറിയ ബര്‍ഗറിന്റെ മണം....