ക്രൈസ്തവമാനേജുമെന്റുകള്‍ക്കു കീഴില്‍, സ്ഥിരനിയമനാംഗീകാരം ലഭിക്കാതെ തുച്ഛമായ വേതനത്തിലും വേതനമില്ലാതെയും വര്‍ഷങ്ങളായി ജോലിയെടുക്കുന്ന ആയിരക്കണക്കിന് അധ്യാപകരോടുള്ള നിഷേധാത്മകനയം സര്‍ക്കാര്‍ തുടരുന്നതിനിടെയാണ് കൂനിന്മേല്‍ കുരുവെന്നപോലെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ പുതിയ പ്രസ്താവന ഇപ്പോള്‍ വിവാദമായിരിക്കുന്നത്: ഭിന്നശേഷിക്കാരായ ആളുകള്‍ക്കു നിയമനം നല്കുന്നതില്‍ ക്രൈസ്തവമാനേജുമെന്റുകള്‍ തടസ്സം നില്ക്കുന്നുവത്രേ. സത്യത്തിന്റെ കണികപോലുമില്ലാത്ത ഈ പ്രസ്താവനയിലൂടെ സഭയെയും സമുദായത്തെയും മന്ത്രി അവഹേളിച്ചിരിക്കുകയാണ്.
ക്രൈസ്തവമാനേജുമെന്റുകള്‍ ഭിന്നശേഷിനിയമനം പൂര്‍ത്തീകരിക്കാത്തതുകൊണ്ടാണ് മറ്റുനിയമനങ്ങളുടെ അംഗീകാരം വൈകുന്നതെന്നാണല്ലോ സര്‍ക്കാരിന്റെ മുടന്തന്‍ന്യായം. എന്നാല്‍, വാസ്തവമെന്താണ്? ഭിന്നശേഷിസംവരണം സര്‍ക്കാരുത്തരവുകളനുസരിച്ച് കത്തോലിക്കാമാനേജുമെന്റുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ഉത്തരവുപ്രകാരം നിശ്ചിതശതമാനം ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി അവര്‍ നീക്കിവച്ചിട്ടുമുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി ക്രൈസ്തവമാനേജുമെന്റുകള്‍ സര്‍ക്കാരിനും സുപ്രീംകോടതിക്കും സത്യവാങ്മൂലംതന്നെയും സമര്‍പ്പിച്ചിട്ടുള്ളതുമാണ്. വസ്തുത ഇതായിരിക്കെ, അതു മറച്ചുവച്ചുകൊണ്ട് മന്ത്രി നടത്തിയ പ്രസ്താവന ദുരുദ്ദേശ്യപരമെന്നു വ്യക്തം.
ഇവിടെ ക്രൈസ്തവമാനേജുമെന്റുകള്‍ അനുഭവിക്കുന്ന സങ്കടകരമായ നിസ്സഹായാവസ്ഥ മറ്റൊന്നാണ്: ആവശ്യത്തിനുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ അഭാവം. കാലാകാലങ്ങളില്‍ സര്‍ക്കാരില്‍നിന്നും വിദ്യാഭ്യാസവകുപ്പില്‍നിന്നും ലഭിച്ചിട്ടുള്ള സര്‍ക്കുലറുകളുടെ അടിസ്ഥാനത്തില്‍ 2022 മുതല്‍ ഭിന്നശേഷിക്കാര്‍ക്കായി ഒഴിവുകള്‍ മാറ്റിവച്ചിട്ടും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും, പത്രപ്പരസ്യം നല്കിയിട്ടും ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലാത്ത അവസ്ഥ! ഇക്കാര്യം സുപ്രീംകോടതിക്കുവരെ മനസ്സിലായിട്ടും വിദ്യാഭ്യാസമന്ത്രിയുടെ തലയില്‍മാത്രം അതു കയറുന്നില്ലായെന്നതു കഷ്ടം തന്നെ! ഭിന്നശേഷിനിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ നിഷേധാത്മകനയം ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിച്ച നായര്‍ സര്‍വീസ് സൊസൈറ്റിക്കു ലഭിച്ച അനുകൂലവിധിയോടെ, ക്രൈസ്തവമാനേജുമെന്റുകളുടെ ആവശ്യത്തിലും തീരുമാനമെടുക്കാമെന്നിരിക്കേയാണ് അജ്ഞത നടിച്ച് മുടന്തന്‍ന്യായവുമായി സര്‍ക്കാര്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്‍എസ്എസ് നേടിയ അനുകൂലവിധി അവര്‍ക്കു മാത്രം ബാധകമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിരത്തുന്ന ന്യായം.
എന്‍എസ്എസിനു നല്കിയ വിധിയില്‍, ഭിന്നശേഷിക്കാര്‍ക്കുവേണ്ടി നീക്കിവച്ചിരിക്കുന്ന ഒഴിവുകള്‍ ഒഴികെയുള്ള തസ്തികകളില്‍ നിയമനം നടത്താനും ഇതുവരെ താത്കാലികമായി നിയമനാംഗീകാരം ലഭിച്ച അധ്യാപകരുടെ നിയമനങ്ങള്‍ ക്രമപ്പെടുത്താനും സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും അതേത്തുടര്‍ന്ന് അതിനനുകൂലമായ ഉത്തരവു സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടു നാളുകളായി. സമാനസ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ ഉത്തരവു നടപ്പാക്കാം എന്നു സുപ്രീംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരിക്കുന്നതിന്റെയടിസ്ഥാനത്തില്‍, ക്രിസ്ത്യന്‍ എയ്ഡഡ്‌സ്‌കൂള്‍ മാനേജുമെന്റ് കണ്‍സോര്‍ഷ്യം ഹൈക്കോടതിയില്‍നിന്ന് അനുകൂലഉത്തരവ് സമ്പാദിച്ചതുമാണ്. എന്നിട്ടും മന്ത്രിയും സര്‍ക്കാരും ക്രൈസ്തവമാനേജുമെന്റുകളോടു പറയുന്നത്, 'പോയി സുപ്രീംകോടതിയില്‍ കേസു കൊടുക്കാ'നാണ്. ഇതു വെല്ലുവിളിയോ വിരട്ടലോ പരിഹാസമോ? എന്തുതന്നെയായാലും അതു തികച്ചും പ്രതിഷേധാര്‍ഹമാണെന്നു പറയട്ടെ. പൗരാവകാശങ്ങള്‍ നേടിയെടുക്കാനായി കോടതിയില്‍ പോകാനാണെങ്കില്‍ ജനാധിപത്യസര്‍ക്കാരിന്റെ ചുമതലയെന്തെന്ന ക്രൈസ്തസഭാനേതൃത്വങ്ങളുടെ ചോദ്യം തന്നെയാണു ഞങ്ങള്‍ക്കും ചോദിക്കാനുള്ളത്. എന്‍എസ്എസിന് ഒരു നീതിയും ക്രൈസ്തവമാനേജുമെന്റുകള്‍ക്കു മറ്റൊന്നുമെന്ന ഈ ഇരട്ടത്താപ്പിനു പിന്നിലെ ഗൂഢോദ്ദേശ്യം വ്യക്തം: താത്കാലികരാഷ്ട്രീയലാഭത്തിനുവേണ്ടി സമൂഹത്തില്‍ ചേരിതിരിവു സൃഷ്ടിക്കുക.
'തീണ്ടലും തൊടീലും' നിലനിന്ന ഒരു നാട്ടില്‍, ജാതിയും മതവും നോക്കാതെ, പതിതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമുള്‍പ്പെടെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സ്വന്തം പാഠശാലയില്‍ ഇരിപ്പിടമൊരുക്കിയ ചരിത്രമാണ് ക്രൈസ്തവസഭയ്ക്കുള്ളത്. ആ ചരിത്രം വിദ്യാഭ്യാസമന്ത്രി ആദ്യം പഠിക്കട്ടെ. അപ്പോള്‍ മനസ്സിലാകും, ക്രൈസ്തവസഭകള്‍ ആരുടെ പക്ഷത്തെന്ന്. അവരെ ചൂണ്ടി ഭിന്നശേഷിനിയമനത്തിനവര്‍ എതിരാണെന്നു പച്ചക്കള്ളം പറയുന്നത് നിന്ദ്യമാണ്, ക്രൂരമാണ്.