രാമപുരം പള്ളിയിലെ വിശുദ്ധ ആഗസ്തീനോസിന്റെ അള്‍ത്താരയുടെ മുമ്പിലുള്ള ഒരു പുതിയ കല്ലറയിലാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ സംസ്‌കരിച്ചിട്ടുള്ളത്. ജീവിതകാലംമുഴുവന്‍ ഈ അള്‍ത്താരയിലാണ് അദ്ദേഹം ദിവ്യബലിയര്‍പ്പിച്ചിരുന്നത്. വിശുദ്ധ ആഗസ്തീനോസ് കുഞ്ഞച്ചന്റെ (ഫാ. അഗസ്റ്റിന്‍ തേവര്‍പറമ്പില്‍) സ്വര്‍ഗീയമധ്യസ്ഥനുമായിരുന്നു. കുഞ്ഞച്ചന്റെ കബറിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ബിള്‍ശിലയില്‍ ''ദൈവത്തിനും മനുഷ്യനും പ്രിയപ്പെട്ടവന്‍'' എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
*** ***
പാവങ്ങളുടെ ചെറ്റക്കുടിലുകളിലും ജോലിസ്ഥലങ്ങളിലും അവരെ സന്ദര്‍ശിച്ച് കുഞ്ഞച്ചന്‍ അവരുടെ ദുഃഖത്തിലും സന്തോഷത്തിലും പങ്കുചേര്‍ന്നു. മണിമാളികകളിലെ കസേരയും വിഭവസമൃദ്ധമായ ഭക്ഷണവും വര്‍ജിച്ച കുഞ്ഞച്ചന്‍ ചെറ്റക്കുടിലുകളിലെ ഉരല്‍ക്കുറ്റിയും കഞ്ഞിവെള്ളവുമാണ് ഇഷ്ടപ്പെട്ടിരുന്നത്.
*** ***
അയ്യായിരത്തോളംപേരെ കത്തോലിക്കാസഭയിലേക്കാനയിച്ച് അവര്‍ക്കു കുഞ്ഞച്ചന്‍ തന്നെ മാമ്മോദീസാ നല്‍കിയിട്ടുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഇത്രമാത്രം പേരെ മാനസാന്തരപ്പെടുത്തി മാമ്മോദീസാ നല്‍കിയ മറ്റൊരു മിഷനറിയുണ്ടോയെന്നും സംശയമാണ്.
*** ***
തന്റെ അജഗണങ്ങളില്‍പ്പെട്ട ഓരോരുത്തരെയും പേരു ചൊല്ലി വിളിക്കാന്‍ കുഞ്ഞച്ചനു കഴിഞ്ഞിരുന്നു. അച്ചന്‍ തങ്ങളുടെ പേരുചൊല്ലി വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ അവര്‍ അത്യധികം ആഹ്ലാദിച്ചിരുന്നു. അവരുടെ വീടുകളിലെല്ലാം അനേകംതവണ സന്ദര്‍ശിച്ചിരുന്നതുകൊണ്ടാണ് അച്ചനിതു സാധ്യമായത്.
*** ***
കുഞ്ഞച്ചന്റെ അജഗണങ്ങളെല്ലാവരുംതന്നെ സാധുക്കളായിരുന്നു. 'എന്റെ മക്കള്‍' എന്നാണവരെപ്പറ്റി അദ്ദേഹം പറഞ്ഞിരുന്നത്. വിശന്നും ദാഹിച്ചും തന്റെ പക്കല്‍വരുന്ന ദളിത്മക്കളെ ഒരിക്കലും നിരാശപ്പെടുത്തി വിട്ടിരുന്നില്ല. ഉള്ളതില്‍ ഒരോഹരി അവര്‍ക്കും നല്‍കും.
ദളിത്മക്കള്‍ തങ്ങളുടെ ബന്ധുജനങ്ങളുടെ ശവസംസ്‌കാരത്തിനു വരുമ്പോഴാണ് അച്ചന്റെ അനുകമ്പ കൂടുതലായി വെളിപ്പെടുന്നത്. അഞ്ചും ആറും കിലോമീറ്റര്‍ നടന്നു ക്ഷീണിച്ചുവരുന്നവര്‍ അച്ചന്റെ മുറിയില്‍ വരും. എന്തെങ്കിലും കിട്ടുമെന്ന് അവര്‍ക്കറിയാം. അവര്‍ ആ ദിവസം ഒന്നും കഴിച്ചിട്ടുണ്ടായിരിക്കില്ല. വീട്ടിലെത്തിയാല്‍ അവിടെയും ഒന്നും കണ്ടെന്നു വരില്ല. അരിയും യാത്രക്കൂലിയും കൊടുത്ത് അച്ചന്‍ അവരെ പറഞ്ഞയച്ചിരുന്നു.
*** ***
വൃദ്ധയായ ഒരു രോഗിയുടെ വീട്ടില്‍ അച്ചന്‍ പോയ സംഭവം ശ്രദ്ധേയമാണ്. നിലത്തു വിരിച്ചിരുന്ന ഒരു കീറിയ നേരപ്പായയിലായിരുന്നു അവരെ കിടത്തിയിരുന്നത്. അച്ചന്‍ ആ വീട്ടില്‍ പ്രവേശിച്ചു. ഇരുന്നു കുമ്പസാരിപ്പിക്കാന്‍ അവിടെയൊരു ഇരിപ്പിടമില്ലായിരുന്നു. അടുപ്പുകല്ലൊരെണ്ണം രോഗിണിയുടെ അടുത്തേക്കു നീക്കിയിട്ടു. അതിന്മേല്‍ ഒരു പാള കമിഴ്ത്തിവച്ചിട്ട് അച്ചനിരുന്നു. അവരെ കുമ്പസാരിപ്പിക്കുകയും ദിവ്യകാരുണ്യം നല്‍കുകയും ചെയ്തു. അവിടെ ഒരു കലത്തില്‍ കഞ്ഞിവെള്ളം ഇരിക്കുന്നത് അച്ചന്‍ കണ്ടു. ഉടന്‍തന്നെ ഒരു പ്ലാവില കോട്ടി അതില്‍ കഞ്ഞിവെള്ളം കോരി അച്ചന്‍തന്നെ അവരുടെ വായിലൊഴിച്ചുകൊടുത്തു.
*** ***
രാമപുരം പള്ളിയുടെ കുരിശുംതൊട്ടിമൈതാനത്ത് ആശാരിമാര്‍ ഇരുന്നു പണിയുന്ന ഒരു ഓലപ്പുരയുണ്ടായിരുന്നു. ഒരു രാത്രിയില്‍ എവിടെനിന്നോ വന്ന ഒരു സ്ത്രീ പണിപ്പുരയില്‍വച്ച് ഒരു ശിശുവിനു ജന്മം നല്‍കി. രാവിലെ പള്ളിയിലെത്തിയ കൈക്കാരന്‍ ഇവരെ കണ്ടു. ഉടന്‍ വിവരം കുഞ്ഞച്ചനെയാണറിയിച്ചത്. അച്ചന്‍ ഉടനെ ഏതാനും ആളുകളെ വിളിച്ചുകൂട്ടി ആ തള്ളയെയും കുഞ്ഞിനെയും ഒരു ചാക്കുകട്ടിലില്‍ കിടത്തി ആശുപത്രിയിലെത്തിച്ചു. അവര്‍ക്കു ഭക്ഷണവും ആവശ്യത്തിനു തുണികളും മറ്റും നല്‍കുന്നതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജു ചെയ്തപ്പോള്‍ അവരെപ്പറ്റിയുള്ള പൂര്‍ണവിവരങ്ങള്‍ ചോദിച്ചറിയുകയും ഏവരുടെയും സമ്മതത്തോടെ അവരെയും കുഞ്ഞിനെയും തിരുസ്സഭയിലേക്കു സ്വീകരിക്കുകയും ചെയ്തു.
*** ***
കുഞ്ഞച്ചന്റെ പക്കല്‍ സഹായത്തിനായി വന്നിരുന്നവര്‍ അദ്ദേഹം നല്‍കിയിരുന്ന മരുന്നിനെക്കാള്‍ വില കല്പിച്ചിരുന്നത് പ്രാര്‍ഥനയിലും ആശീര്‍വാദത്തിലുമാണ്. മരണാസന്നരായ രോഗികളുടെ വീടുകളില്‍ രാത്രിയില്‍ തനിയെ പോകാനും അദ്ദേഹത്തിനു ഭയമുണ്ടായിരുന്നില്ല. മരണസമയം എപ്പോഴായിരിക്കുമെന്നു നിശ്ചയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. രോഗിക്കുവേണ്ടി പ്രാര്‍ഥിക്കും. ആശീര്‍വാദം നല്‍കും. മരുന്നുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് ഉത്തമബോധ്യമുണ്ടെങ്കില്‍ മാത്രമേ അതു കൊടുത്തിരുന്നുള്ളൂ. അച്ചന്‍ ഉടനെ തിരിച്ചുപോരുന്നില്ലെങ്കില്‍ ആ രാത്രിയില്‍ത്തന്നെ രോഗി മരിക്കുമെന്നു തീര്‍ച്ചയാണ്. പക്ഷേ, മറ്റുള്ളവരോട് ഇക്കാര്യം അദ്ദേഹം പറയുകയില്ല. പാവങ്ങളുടെ മാടങ്ങളില്‍ രാത്രിമുഴുവനും ഇപ്രകാരം രോഗക്കിടക്കയ്ക്കു സമീപം അച്ചന്‍ ഇരുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.
*** ***
പരീക്ഷ വരുമ്പോള്‍ കുട്ടികള്‍ക്കു കുഞ്ഞച്ചന്റെ സഹായം വേണം. അവര്‍ അച്ചന്റെ പക്കല്‍ വരും. പരീക്ഷ എളുപ്പമാകാന്‍ അച്ചന്റെ സഹായമഭ്യര്‍ഥിക്കും. അവരുടെ പേന അച്ചന്‍ ആശീര്‍വദിക്കണം. അച്ചന്‍ അവരുടെ പുസ്തകം തുറന്ന് പരീക്ഷയ്ക്കു വരുന്ന ഭാഗങ്ങള്‍ കാട്ടിക്കൊടുക്കണം. അച്ചന്‍ തുറന്നെടുത്ത് കാണിച്ചുകൊടുക്കുന്ന ഭാഗങ്ങള്‍ പരീക്ഷയ്ക്കു വരുമെന്ന് അവര്‍ക്കുറപ്പാണ്.
*** ***
തന്റെ പ്രിയപ്പെട്ട കുട്ടികളുടെ ആദ്യകുര്‍ബാനസ്വീകരണം ഭംഗിയായി നടത്തുന്നതിന് അച്ചന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നല്ല ഉടുപ്പുകള്‍ വാങ്ങാന്‍ അവരില്‍ പലര്‍ക്കും കഴിയുമായിരുന്നില്ല. കുഞ്ഞച്ചന്‍ ടൗണിലേക്കിറങ്ങി എല്ലാ കടകളിലും കയറിയിറങ്ങും. കുട്ടികള്‍ക്കുവേണ്ടി തുണി ദാനമായി തരണമെന്നു പറയും. അച്ചന്‍ ചോദിക്കുമ്പോള്‍ കൊടുക്കാതിരിക്കാന്‍ അവര്‍ക്കു സാധ്യമല്ലായിരുന്നു. കര്‍മലീത്താ, തിരുഹൃദയം എന്നീ രണ്ടു മഠങ്ങളിലെയും സിസ്റ്റേഴ്‌സും ഈ കാര്യത്തില്‍ അച്ചനെ സഹായിച്ചിരുന്നു.
*** ***
വിളകളെ നശിപ്പിക്കുന്ന ചാഴിയെ വിലക്കാന്‍ കുഞ്ഞച്ചന്‍ വേണം. കന്നുകാലികള്‍ക്കു രോഗം ബാധിച്ചാല്‍ ഉപ്പും കയറും വെഞ്ചരിച്ചുകൊടുക്കണം. കുഞ്ഞുങ്ങള്‍ക്ക് അസുഖമുണ്ടായാല്‍ കുഞ്ഞച്ചന്‍ തലയ്ക്കു പിടിക്കണം. കുഞ്ഞച്ചന്‍ ആശീര്‍വദിച്ചുപ്രാര്‍ഥിച്ചാല്‍ തങ്ങള്‍ക്കു വിജയമുണ്ടാകുമെന്ന് കുഞ്ഞച്ചനെ അറിയാവുന്നവരെല്ലാം വിശ്വസിച്ചിരുന്നു. കുഞ്ഞച്ചനില്‍നിന്നു മറക്കാനാവാത്ത, വിലപ്പെട്ട അനുഭവങ്ങള്‍ ലഭിച്ചിട്ടുള്ള പ്രായമായ പലരെയും യാത്രയ്ക്കിടയില്‍ രാമപുരത്തും പരിസരപ്രദേശത്തുമായി കാണാനിടയായെന്നത് ഈ ലേഖകന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.
ജീവിച്ചിരുന്നപ്പോള്‍ത്തന്നെ കുഞ്ഞച്ചനെ ഒരു വിശുദ്ധനായിട്ടാണ് പലരും കരുതിയിരുന്നത്.