•  16 Oct 2025
  •  ദീപം 58
  •  നാളം 32
ലേഖനം

സമാധാനം ഇനിയും അകലെ

   ഈ വര്‍ഷം ജൂണ്‍ 13 ന് അത്യന്തം ആശങ്കാജനകമായ ഒരു വാര്‍ത്ത ലോകം കേട്ടു. ഇസ്രയേല്‍ ഇറാനിലെ സൈനിക ആസ്ഥാനങ്ങളെയും ന്യൂക്ലിയര്‍ കേന്ദ്രങ്ങളെയും ആക്രമിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു, ആ സംഭവം. ചിലപ്പോള്‍ ഒരു ലോകമഹായുദ്ധത്തിലേക്കുപോലും വഴിതെളിച്ചേക്കാവുന്നത്ര സാഹസികമായിരുന്നു ഇസ്രയേലിന്റെ ആക്രമണം.
  ഇറാന്‍ ജനസംഖ്യകൊണ്ടു സമ്പന്നമെങ്കിലും സാമ്പത്തികമായി അത്ര ശക്തമല്ല. പ്രതിശീര്‍ഷവരുമാനം 18420 ഡോളറാണ്. അതേസമയം ഇസ്രയേലിന്റെത് 55250 ഡോളറാണ്. എന്നാല്‍, സൈനികശക്തിയുടെ കാര്യത്തില്‍ ഇതു നേരേ തിരിച്ചാണ്. ഇറാന്റെ സൈനികസംഖ്യ 960000 ആയിരിക്കുമ്പോള്‍ ഇസ്രയേലിന്റേത് 634500 മാത്രമാണ്. മിസൈലുകളുടെ എണ്ണത്തില്‍ ഏതാണ്ടു തുല്യതയുണ്ട്. 3000 വീതം. ഇറാനു 10513 ടാങ്കറുള്ളപ്പോള്‍ ഇസ്രയേലിനു 2200 മാത്രം. ഇസ്രയേലിന്റെ കൈവശം 90 ന്യൂക്ലിയര്‍ ആയുധങ്ങളുണ്ടെന്നു കരുതപ്പെടുന്നു. ഇസ്രയേലിന്റെ വ്യോമസേന ഇറാന്റേതിനെയപേക്ഷിച്ചു കൂടുതല്‍ മെച്ചമാണ്.
   ഇറാന്‍ അണ്വായുധം നിര്‍മിക്കാനൊരുങ്ങുന്നു എന്ന ഭീഷണിക്ക് രണ്ടു ദശകത്തിലധികം പഴക്കമുണ്ട്. ഈ വാര്‍ത്ത ഏറ്റവുമധികം ഭയപ്പെടുത്തുന്നത് ഇസ്രയേലിനെയാണ്. ഇസ്രയേലിനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്നു പലകുറി പ്രഖ്യാപിച്ചിട്ടുള്ള ഇറാന്റെ കൈവശം അണ്വായുധം ഉണ്ടായാല്‍ അതാദ്യം പ്രയോഗിക്കുന്നതു തങ്ങള്‍ക്കുമേലായിരിക്കുമെന്ന് ഇസ്രയേലിനു തീര്‍ച്ചയുണ്ട്. അതുകൊണ്ട് ഇറാന്‍ അണ്വായുധം നിര്‍മിക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കണമെന്ന് ഇസ്രയേല്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ അമേരിക്കയും യുറോപ്യന്‍രാജ്യങ്ങളൂം ഏതാണ്ടു തുല്യനിലപാടുകാരാണ്. ഇതാണു ജൂണ്‍ 13 ലെ ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലം.
ജൂണ്‍ 13 രാവിലെയായിരുന്നു അപ്രതീക്ഷിത ആക്രമണം. സൈനികസ്ഥാനങ്ങളും ആണവകേന്ദ്രങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. സായുധസേനാ തലവന്‍ മുഹമ്മദ് ബാഹെരി, ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌വിഭാഗം മേധാവി ഹുസൈന്‍ സലാമി, സീനിയര്‍ കമാന്‍ഡര്‍ ബോലാന്‍ അലി റഷീദ്, കമാന്‍ഡര്‍ ആമിര്‍ അലി ഹാജിസദേഹ് എന്നിവരും ആറുശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മൂന്ന് ആണവകേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാന്റെ ആകാശം ഇസ്രയേല്‍നിയന്ത്രണത്തിലായി.
   അടുത്തദിവസംതന്നെ ഇറാന്റെ പ്രത്യാക്രമണമുണ്ടായി. 550 ബാലിസ്റ്റിക് മിസൈലുകളും ആയിരത്തിലധികം ഡ്രോണുകളും ഇസ്രയേലിലേക്കു പാഞ്ഞു. 12 മിലിട്ടറിക്യാമ്പുകളും ഒരു ആശുപത്രിയും ജനവാസകേന്ദ്രങ്ങളും തിരിച്ചടിക്കിരയായി. 
   ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയ്‌യെ ഉള്‍പ്പെടെ വധിക്കുമെന്ന് ഇസ്രയേല്‍ ഭീഷണിമുഴക്കി.  തുടര്‍ന്നദ്ദേഹം സുരക്ഷിതസ്ഥാനത്തേക്കു മാറി. കൊല്ലപ്പെട്ട നേതാക്കളുടെ സംസ്‌കാരച്ചടങ്ങുകളില്‍പോലും അദ്ദേഹം പങ്കെടുത്തതുമില്ല. ഖമനേയ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നു തനിക്കറിയാമെന്ന യു.എസ്. പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തല്‍ എല്ലാവരെയും ഞെട്ടിച്ചു. പക്ഷേ, അദ്ദേഹത്തെ വധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസമായി.
    ഇതിനിടയില്‍ ഇറാന്‍ യുദ്ധം നിര്‍ത്തണമെന്നും ചര്‍ച്ചകള്‍ക്കു തയ്യാറാവണമെന്നും ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷേ, ഇറാന്‍ വഴങ്ങിയില്ല. ഒടുവില്‍, ഇസ്രയേലിനെ പിന്തുണച്ച് ഇറാനെ ആക്രമിക്കാന്‍ അമേരിക്കയും മുന്നോട്ടുവന്നു.
അതും അപ്രതീക്ഷിതമായിരുന്നു. ജൂണ്‍ 22 ന് വൈകുന്നേരം 6.30 ന് ഏഴു ബി 2 ബോംബര്‍ വിമാനങ്ങള്‍ വാഷിങ്ടണില്‍നിന്ന് ഇറാനിലേക്കു പറന്നു. രണ്ടു വിഭാഗമായിട്ടാണു പറന്നത്. ഒരു വിഭാഗം ഇറാന്റെ ശ്രദ്ധ യഥാര്‍ത്ഥലക്ഷ്യത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍വേണ്ടി വ്യത്യസ്ത ദിശകളിലേക്കു പറന്നു. 18 മണിക്കൂര്‍ നീളുന്ന പറക്കലിനിടയില്‍ ആവശ്യമെങ്കില്‍ ആകാശത്തുവച്ചുതന്നെ ഇന്ധനം നിറയ്ക്കാന്‍വേണ്ടി ഇന്ധനം കരുതിയ വിമാനങ്ങളും പിന്തുണയായി ഒപ്പമുണ്ടായിരുന്നു. വെളുപ്പിന് 2.10 ന് വിമാനങ്ങള്‍ ടെഹ്‌റാനു മുകളിലെത്തി. ആകാശത്ത് ഇറാനിയന്‍ വിമാനങ്ങളൊന്നും ബി 2 ബോംബറുകളെ തടയാനുണ്ടായിരുന്നില്ല. നിര്‍ബാധം അവ ബോംബുകള്‍ വര്‍ഷിച്ചു. ഫൊര്‍ഡൊവിലെ യുറാനിയം സമ്പുഷ്ടീകരണകേന്ദ്രം, നതാന്‍സിലെ ന്യൂക്ലിയര്‍കേന്ദ്രം, ഇസ്ഫഹാനിലെ ന്യൂക്ലിയര്‍ സാങ്കേതികകേന്ദ്രം എന്നിവയായിരുന്നു ലക്ഷ്യസ്ഥാനങ്ങള്‍. ഭൂമിക്കടിയില്‍ 200 അടിവരെ ആഴത്തില്‍ചെന്ന് സ്‌ഫോടനം നടത്താന്‍ ശേഷിയുള്ളവയായിരുന്നു ബോംബുകള്‍. മൂന്നു കേന്ദ്രങ്ങളും തകര്‍ത്തു.
ഇറാന്‍ നടുങ്ങി. ഉടന്‍തന്നെ പ്രതികരണമുണ്ടായി. ഇറാന്‍ ചര്‍ച്ചയ്ക്കു തയ്യാറാണ്. എങ്കിലും അവര്‍ തിരിച്ചടിക്കാതിരുന്നില്ല. 23 ന് ഖത്തറിലെ അമേരിക്കയുടെ അല്‍ ഉദെയ്ദ് സൈനികത്താവളത്തിലേക്ക് ഇറാന്‍ ഏതാനും മിസൈലുകള്‍ തൊടുത്തു. പക്ഷേ, അവയെല്ലാം ആകാശത്തുവച്ചുതന്നെ തകര്‍ക്കപ്പെട്ടു! ഇറാന്റെ ശ്രമം പാഴായി.
    ജൂണ്‍ 24 ന് ഇറാന്‍ വെടി നിര്‍ത്തിയതായും ചര്‍ച്ചയ്ക്കു വഴങ്ങിയതായും അറിയിച്ചു. അമേരിക്കയുടെ നിര്‍ദേശാനുസരണം ഇസ്രയേലും ആക്രമണം അവസാനിപ്പിച്ചു. ലോകം ആശ്വാസനെടുവീര്‍പ്പിട്ടു. ചരിത്രത്തില്‍ ഈ സംഭവം 'പന്ത്രണ്ടുദിനയുദ്ധം' എന്ന പേരില്‍ ഇടംതേടി.
പക്ഷേ, ഇസ്രയേലിനു വിശ്രമിക്കാന്‍ നിര്‍വാഹമില്ല. ഗാസയില്‍ ഇപ്പോഴും ഒളിഞ്ഞിരിക്കുന്ന ഹമാസ്ഭീകരരില്‍ അവസാനത്തെ ആളെയും ഇല്ലാതാക്കാതെ അവര്‍ക്ക് ആയുധം താഴെവയ്ക്കാനാവില്ല. അതവരുടെ പരസ്യപ്രഖ്യാപനമാണ്. രഹസ്യമല്ല. അങ്ങനെയാണ് സെപ്റ്റംബര്‍ ഒമ്പതിന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഒരു കെട്ടിടത്തിലേക്ക് ഇസ്രയേലിന്റെ മിസൈലുകള്‍ പാഞ്ഞുകയറിയത്. ഹമാസിന്റെ ഉന്നതനേതാവ് ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള ഏതാനും ഹമാസ് നേതാക്കള്‍ അവിടെയുണ്ടായിരുന്നു. അവര്‍ അമേരിക്കയുടെ നിര്‍ദേശപ്രകാരം ഖത്തറിന്റെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ചര്‍ച്ചകള്‍ക്കു വന്നതായിരുന്നു. എവിടെവച്ചായാലും ഹമാസ്ഭീകരരെ വധിക്കാന്‍ ബദ്ധപ്രതിജ്ഞരാണല്ലോ ഇസ്രയേല്‍. അല്‍ ഹയ്യ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു.
ഒരു രാജ്യത്തിന്റെ ഉള്ളില്‍ കടന്നു സൈനികനീക്കം നടത്തുന്നത് ആ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിട്ടാണ് വിലയിരുത്തപ്പെടാറുള്ളത്. എന്നാല്‍, ശത്രു എവിടെയായാലും അവിടെ ചെന്നു നേരിടാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. അതു പുതിയ അവകാശവാദമൊന്നുമല്ല. അല്‍ക്വയിദ നേതാവ് ഒസാമ ബില്‍ ലാദനെ അമേരിക്ക വധിച്ചത് പാക്കിസ്ഥാനിലെ അയാളുടെ ഒളിത്താവളത്തില്‍ ആകാശമാര്‍ഗം കടന്നു ചെന്നാണല്ലോ. ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ അമേരിക്ക വധിച്ചതും സിറിയയിലെ അയാളുടെ ഒളിത്താവളത്തില്‍വച്ചാണ്. അതതു രാജ്യങ്ങളുടെ അനുവാദം വാങ്ങിയിട്ടായിരുന്നില്ല അമേരിക്ക അങ്ങനെ ചെയ്തത്.
   അപ്പോള്‍ ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കൈകടത്തലായിരുന്നു ഇസ്രയേലിന്റെ നടപടി എന്ന വാദത്തിനു വലിയ അടിസ്ഥാനമില്ല. മാത്രവുമല്ല, ഇസ്രയേല്‍ ആക്രമിച്ചതു ഖത്തറിനെയല്ലതാനും. ഖത്തറിന്റെ ഒരു സുരക്ഷാഭടനും  ഒപ്പം കൊല്ലപ്പെട്ടുവെന്നതൊഴിച്ചാല്‍, ഖത്തര്‍നിവാസികള്‍ക്കൊന്നും അപകടം സംഭവിക്കാത്തവിധം അത്ര സൂക്ഷ്മ മായിട്ടായിരുന്നു മിസൈല്‍ ആക്രമണം.
സെപ്റ്റംബര്‍ എട്ടാം തീയതി ജറുസലെമില്‍ ബസ് കാത്തുനിന്ന ആറ് ഇസ്രയേല്‍ക്കാരെ രണ്ടു പലസ്തീന്‍യുവാക്കള്‍ വെടിവച്ചുകൊന്നിരുന്നു. അതിനുള്ള പ്രതികാരമായിരുന്നു ഖത്തര്‍തലസ്ഥാനത്തെ ആക്രമണം. ഹമാസ് കീഴടങ്ങുന്നില്ലെങ്കില്‍ ഗാസയെ പൂര്‍ണമായി നശിപ്പിക്കുമെന്ന് എട്ടാംതീയതി തന്നെ ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു.
    ഗാസയില്‍ മരണം താണ്ഡവമാടുകയാണ്. ദിവസംതോറും കൊല്ലപ്പെടുന്ന ഗാസാനിവാസികളുടെ എണ്ണം ഏറിയേറിവരികയാണ്. വെടിയുണ്ടയേറ്റു മാത്രമല്ല, പട്ടിണികൊണ്ടും ആളുകള്‍ മരിച്ചുവീഴുന്നുണ്ട്. വിശന്നുവലയുന്ന കുഞ്ഞുങ്ങളുടെ നിലവിളി ലോകത്തെയാകെ കണ്ണീരണിയിക്കുന്നുണ്ട്. ഇക്കഴിഞ്ഞദിവസം നമ്മുടെ മുതിര്‍ന്ന എഴുത്തുകാരി വന്ദ്യവയോധികയായ ലീലാവതി ടീച്ചര്‍തന്നെ പറയുകയുണ്ടായല്ലോ, ഗാസയില്‍ വിശന്നുമരിക്കുന്ന കുഞ്ഞുങ്ങളെ ഓര്‍ക്കുമ്പോള്‍ ചോറുകഴിക്കാന്‍ കഴിയുന്നില്ലെന്ന്. ലോകമെമ്പാടുമുള്ള അമ്മമാരുടെ അനുഭവം തന്നെയാണിത്. പക്ഷേ, എന്തു ചെയ്യാനാവും? യുദ്ധത്തിലെ ശത്രുനിഗ്രഹത്തിനു നീതിമുറകള്‍ ബാധകമല്ലല്ലോ.
ഭക്ഷണം വാങ്ങാന്‍ ക്യൂവില്‍ നില്ക്കുന്നവരെപ്പോലും ഇസ്രയേല്‍സൈന്യം വെടിവച്ചു വീഴ്ത്തുകയാണത്രേ. ക്യൂ നില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ കടന്നുകൂടുന്ന ഭീകരര്‍ സൈനികരെ പ്രകോപിപ്പിക്കുന്നതുകൊണ്ടാകുമോ വെടിവയ്പുണ്ടാകുന്നത് എന്നാരും അന്വേഷിക്കുന്നില്ലെന്നു തോന്നുന്നു. ഇസ്രയേല്‍ക്കാരുടെ അടിസ്ഥാനവികാരം ഇന്നു ഭയമാണ്. എവിടെയും അവരെ നശിപ്പിക്കാന്‍ ഒളിഞ്ഞു നില്ക്കുന്ന ശത്രുക്കളുണ്ടെന്ന്. 2019 ല്‍ ഞാന്‍ ജറുസലെമിലെ വിലാപമതിലിനു പിന്‍ഭാഗത്തുള്ള ചത്വരത്തിലെത്തുമ്പോള്‍ അവിടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ ഒട്ടേറെ സന്ദര്‍ശകരുണ്ടായിരുന്നു. അവര്‍ക്കിടയിലൂടെ ഇരട്ടക്കുഴല്‍ തോക്കും തോളിലിട്ടു നടക്കുന്ന  കൗമാരപ്രായക്കാരായ നിരവധി ഇസ്രയേല്‍സൈനികരുമുണ്ടായിരുന്നു. ഗൈഡു ഞങ്ങള്‍ക്കു നല്കിയിരുന്ന മുന്നറിയിപ്പിങ്ങനെയായിരുന്നു: സൈനികര്‍ എന്തെങ്കിലും പറഞ്ഞാല്‍ അനുസരിക്കുക മാത്രമേ പാടുള്ളൂ. എന്തെങ്കിലും  മറുചോദ്യം ചോദിച്ചാല്‍ കിട്ടുന്ന മറുപടി വെടിയുണ്ടയായിരിക്കും. അതേ, അവരെ അനുസരിക്കാത്തവരെ അവര്‍ ശത്രുവായേ കാണൂ. ശത്രുവിനോടവര്‍ ദയ കാട്ടില്ല!
ഇസ്രയേല്‍ - ഹമാസ് യുദ്ധം ആരംഭിച്ചിട്ട് അടുത്ത ഒക്‌ടോബര്‍ ഏഴിനു രണ്ടുവര്‍ഷം തികയും.  ഈ സെപ്റ്റംബര്‍ 18 നു ഗാസയിലെ മരണസംഖ്യ 65062 ആയി ഉയര്‍ന്നുകഴിഞ്ഞു. മുറിവേറ്റവരുടെ എണ്ണം 165697. കൊല്ലപ്പെട്ടവരില്‍ 70 ശതമാനപേര്‍ സ്ത്രീകളും കുട്ടികളുമാണത്രേ. മരിച്ചുവീഴുന്നവരില്‍ ഭൂരിഭാഗവും നിരപരാധികളാണെന്നു കണക്കുകള്‍ പറയുന്നു! യുദ്ധം ജനവാസമേഖലകളിലേക്കു വ്യാപിച്ചാല്‍ എല്ലാക്കാലത്തും ഉണ്ടാകുന്ന ദുരന്തമാണിത്.
    ഇസ്രയേല്‍ജനതയ്ക്കു യുദ്ധം അതിജീവനത്തിനുവേണ്ടിയാണ്; എതിരാളികള്‍ക്കാവട്ടെ ഇസ്രയേലിന്റെ നാശത്തിനുവേണ്ടിയും. ഇതുവരെയുള്ള സാഹചര്യം വിലയിരുത്തിയാല്‍ എതിരാളികള്‍ക്കു ലക്ഷ്യം അത്രയെളുപ്പമൊന്നും നേടിയെടുക്കാനാവില്ല.
പിന്നുര: നാളെയും ഇങ്ങനെതന്നെ വേണമെന്നില്ല. പല്ലിറുമ്മിനില്‍ക്കുന്ന കടുവകള്‍ക്കിടയില്‍പ്പെട്ട ചുണ്ടെലിയുടെ അവസ്ഥയാണ് ഇസ്രയേലിന്റേത്. അതിനു  പിടിച്ചുനില്‍ക്കാന്‍ ശക്തിപകരുന്നത് മുഖ്യമായും അമേരിക്കയാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിസ്റ്റുഭീകരരുടെ മുഖ്യലക്ഷ്യങ്ങളിലൊന്നും അമേരിക്കയാണ്. എന്നെങ്കിലുമൊരുനാള്‍ ഭീകരര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയും അമേരിക്ക ദുര്‍ബലമാവുകയും ചെയ്താല്‍ അന്ന്, ഇസ്രയേല്‍ ഭൂമുഖത്തുണ്ടാവണമെന്നില്ല!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)