''അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു'' (വി. മത്തായി 4:6). ഈശോയെക്കുറിച്ച്, അവിടുത്തെ മനുഷ്യാവതാരത്തെക്കുറിച്ചു വെളിപ്പെടുത്തുന്നതിനായി വി. മത്തായിശ്ലീഹാ ദൈവികജ്ഞാനത്തില്‍ കുറിച്ചുവച്ച വാക്കുകളാണിത്. ആത്മീയാന്ധകാരം നിറഞ്ഞ ലോകത്തിനു പ്രകാശമാകാന്‍, പ്രകാശമേകാന്‍ ഈശോ മനുഷ്യാവതാരം ചെയ്ത് ലോകത്തിന്റെ പ്രകാശമാണെന്നു പ്രഖ്യാപിച്ച് ദൈവജനത്തെ വെളിച്ചത്തിലേക്കു നയിച്ചു. ആ വെളിച്ചം സ്വീകരിച്ച് ഈ മലയാളക്കരയില്‍, മീനച്ചില്‍ താലൂക്കില്‍ പ്രത്യേകിച്ച് രാമപുരം ഉള്‍പ്പെടുന്ന ദേശങ്ങളില്‍ ആരോരുമില്ലാത്ത ഒരു ജനവിഭാഗമുണ്ടെന്നറിഞ്ഞ്, കണ്ടുപിടിച്ച് അവരുടെയിടയില്‍ ദൈവികതയുടെയും മാനുഷികതയുടെയും വിത്തുവിതച്ച് ഫലം കൊയ്ത കാരുണികനാണ് തേവര്‍പറമ്പില്‍ അഗസ്റ്റിനച്ചന്‍ എന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍. 'തീണ്ടലും തൊടീലും' ഉണ്ടായിരുന്ന ഒരു കാലത്ത് അടിമകളെപ്പോലെ കരുതപ്പെട്ടിരുന്ന പുലയന്‍, പറയര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവരുടെ കുടിലുകള്‍ ദിനംപ്രതി കയറിയിറങ്ങി, അവരെ ആധ്യാത്മികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും സഹായിച്ച്, എഴുത്തും വായനയും പഠിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച കര്‍മശ്രേഷ്ഠനാണ് വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍.
1891 ഏപ്രില്‍ ഒന്നാംതീയതി രാമപുരം തേവര്‍പറമ്പില്‍ ഇട്ടിയേപ്പുമാണിയുടെയും ഏലീശ്വയുടെയും അഞ്ചുമക്കളില്‍ ഇളയവനായി അഗസ്റ്റിന്‍ ജനിച്ചു. വി. ആഗസ്തീനോസിന്റെ മധ്യസ്ഥതയില്‍ അഭിമാനിക്കുന്ന രാമപുരം ഇടവകയിലെ എല്ലാ കുടുംബങ്ങളിലുംതന്നെ ഒരു ആഗസ്തിയുണ്ട്. നമ്മുടെ പ്രിയപ്പെട്ട കുഞ്ഞച്ചന് മാമ്മോദീസാ നല്‍കിയപ്പോള്‍ മാതാപിതാക്കള്‍ വിശുദ്ധന്റെ പേരുതന്നെ നല്‍കി. ജന്മനാ കൃശഗാത്രനായിരുന്ന ആഗസ്തിയെ വീട്ടുകാരും പിന്നീട് നാട്ടുകാരും കുഞ്ഞാഗസ്തി എന്നാണു വിളിച്ചിരുന്നത്. കുഞ്ഞാഗസ്തിക്ക് ആവശ്യമായ ദൈവികഅറിവുകളും അക്ഷരജ്ഞാനവും നല്‍കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. അന്നു നിലവിലിരുന്ന 'ആശാന്‍ കളരി'യില്‍ കുഞ്ഞാഗസ്തിയെയും ചേര്‍ത്തു. ആശാന്മാര്‍ ഹിന്ദുക്കളായിരുന്നുവെങ്കിലും അവര്‍ കത്തോലിക്കരുടെ മുപ്പത്തിമൂന്നു കൂട്ടം നമസ്‌കാരങ്ങളും കത്തോലിക്കാക്കുട്ടികളെ പഠിപ്പിച്ചിരുന്നു. കളരിയിലെ പഠനശേഷം രാമപുരം പള്ളിമൈതാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവ. എല്‍.പി. സ്‌കൂളില്‍ കുഞ്ഞാഗസ്തിയെ ചേര്‍ത്തു. പഠനകാര്യങ്ങളില്‍ മിടുക്കനായിരുന്നു കുഞ്ഞാഗസ്തി. പുസ്തകങ്ങളും ബുക്കുകളും വൃത്തിയായി സൂക്ഷിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് എല്ലാവര്‍ക്കും മാതൃകയാവുകയും ചെയ്തു. രാമപുരത്തെ പ്രാഥമികപഠനത്തിനുശേഷം മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്‌കൂളില്‍ ചേര്‍ന്നു. ഇപ്പോള്‍ ദൈവദാസനായി വിളിക്കപ്പെട്ടിരിക്കുന്ന രാമപുരം ഇടവകക്കാരനും കുഴുമ്പില്‍ കുടുംബബന്ധവുമുള്ള കണിയാരകത്തു ദേവസ്യാ (ഫാ. ബ്രൂണോ കണിയാരകത്ത് സിഎംഐ - ആത്മാവച്ചന്‍) കുഞ്ഞാഗസ്തിയോടൊപ്പം അക്കാലത്തു മാന്നാനത്തു പഠിച്ചിരുന്നു. ബഹു. ബ്രൂണോയച്ചന്‍ അക്കാലത്തെക്കുറിച്ച് എഴുതി: ''കെ.എം. അഗസ്റ്റിന്‍ ബോര്‍ഡിങ്ങിലെ നല്ല കുട്ടി, എല്ലാവരുടെയും സ്‌നേഹിതന്‍ എന്നു സംക്ഷേപമായി പറയാം. നിയമമനുസരിച്ച് നിശ്ചിതസമയങ്ങളില്‍ പ്രാര്‍ഥിക്കുന്നതിനും പഠിക്കുന്നതിനും കളിക്കുന്നതിനും കൂദാശകള്‍ സ്വീകരിക്കുന്നതിനും കൃത്യനിഷ്ഠ കാണിച്ചിരുന്നു. സഹപാഠികളില്‍ കാണുന്ന തെറ്റുകള്‍ തിരുത്തിക്കൊടുക്കുന്നതിന് കെ. എം. അഗസ്റ്റിന്‍ തത്പരനായിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയാസമുണ്ടെന്നറിഞ്ഞാല്‍ അവരെ സമാധാനപ്പെടുത്താന്‍ വേണ്ടതു ചെയ്തിരുന്നു.''
1915 ജൂണ്‍മാസത്തില്‍ പുത്തന്‍പള്ളി സെമിനാരിയില്‍ വൈദികപരിശീലനത്തിനു ചേര്‍ന്നു. സെമിനാരിയില്‍ പഠനവും ചിട്ടകളും ഭക്ഷണകൃത്യങ്ങളും എല്ലാം നന്നായി അനുഷ്ഠിച്ചു. ഏറ്റവും ചെറിയ ആള്‍ എന്ന നിലയില്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട കുഞ്ഞാഗസ്തിക്ക് അസാധാരണത്വമൊന്നുമുണ്ടായിരുന്നില്ല. 1921 ഡിസംബര്‍ 17 ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ കുര്യാളശേരില്‍ മാര്‍ തോമ മെത്രാനില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. വരാപ്പുഴ പുത്തന്‍പള്ളി സെമിനാരിയില്‍വച്ചായിരുന്നു പൗരോഹിത്യപട്ടവും പുത്തന്‍കുര്‍ബാനയും. ഫാ. അഗസ്റ്റിന്‍ തേവര്‍പറമ്പില്‍ പൗരോഹിത്യം സ്വീകരിച്ച് രാമപുരത്തുവന്നു. ഒരു വര്‍ഷത്തോളം രാമപുരംപള്ളിയില്‍ത്തന്നെ താമസിച്ചു. അക്കാലത്ത്, രാമപുരംപള്ളിയുടെ കീഴിലായിരുന്നു ഇന്ന് സ്വതന്ത്രഇടവകകളായ ഏഴാച്ചേരിയും ഉറുമ്പുകാവും (പിഴകുപള്ളി). അതിനാല്‍ പള്ളിയില്‍ അദ്ദേഹത്തിന്റെ ശുശ്രൂഷ ആവശ്യവുമായിരുന്നു. 1923 ഫെബ്രുവരിയില്‍ അദ്ദേഹം കടനാടുപള്ളി അസിസ്റ്റന്റ് വികാരിയായി നിയമിതനായി. കുടുംബക്കാരന്‍കൂടിയായിരുന്ന ബഹു. കുഴുമ്പില്‍ തോമ്മാച്ചനായിരുന്നു അന്നു കടനാട്ടില്‍ വികാരി. കടനാടുപള്ളിയുടെ രണ്ടു കുരിശുപള്ളികളായിരുന്നു ഇന്ന് ഇടവകപ്പള്ളികളായ മാനത്തൂരും എലിവാലിയും (ജിയോവാലി). മാനത്തൂര്‍ പള്ളിയില്‍ കൂടുതലും ശുശ്രൂഷയ്ക്കായി പോയിരുന്നത് ബഹു. തേവര്‍പറമ്പില്‍ അഗസ്റ്റിനച്ചനായിരുന്നു. 1926 ജനുവരിമാസത്തില്‍ അച്ചന് ഒരു പനി ബാധിച്ചു. പനിയും മറ്റു രോഗങ്ങളും വിട്ടുമാറാതെ വന്നപ്പോള്‍ ചികിത്സയ്ക്കും വിശ്രമത്തിനുമായി രാമപുരത്തേക്ക് 1926 മാര്‍ച്ചുമാസത്തില്‍ വന്നു.
ആരോരുമില്ലാതെ, ആശ്രയമില്ലാതെ അനേകായിരങ്ങള്‍ രാമപുരത്തും പരിസരപ്രദേശത്തുമായി അന്നു കുടിലുകളില്‍ ജീവിക്കുന്നുണ്ടായിരുന്നു. ഒരു പ്രത്യേക ദൈവവിളി വിശ്രമജീവിതം നയിച്ചിരുന്ന തേവര്‍പറമ്പില്‍ അഗസ്റ്റിനച്ചനെ തേടിയെത്തി. അത് ഏതെങ്കിലും നിയമന ഉത്തരവു വഴിയല്ല, ദൈവനിവേശിതമായി. ഈ കുടിലുകളില്‍ താമസിക്കുന്ന നിര്‍ദ്ധനരും നിരക്ഷരരുമായവര്‍ക്ക് ആശ്രയമാകാനുള്ളതായിരുന്നു ആ ദൈവവിളി. അത് 1926 മാര്‍ച്ചില്‍ അന്നത്തെ സുപ്രസിദ്ധ ധ്യാനഗുരുവായിരുന്ന ബഹു. ഹില്ലാരിയോസച്ചന്‍ രാമപുരം ഇടവകയില്‍ ഒരു പൊതുധ്യാനം നടത്താന്‍ വന്ന സമയത്തായിരുന്നു. ആ ധ്യാനത്തിലേക്ക് അച്ചന്റെകൂടി നിര്‍ദേശമനുസരിച്ച് കുഞ്ഞച്ചനും മറ്റുചിലരും ചേര്‍ന്ന് കുടിലുകളില്‍ കഴിഞ്ഞിരുന്ന പുലയര്‍, പറയര്‍ തുടങ്ങിയവരെ പള്ളിയില്‍ വിളിച്ചുകൊണ്ടുവന്നു. ധ്യാനത്തിന്റെ അവസാനദിവസം നൂറോളംപേര്‍ വന്നു പങ്കെടുത്തു. അവര്‍ക്ക് തുടര്‍ന്നുള്ള നാളുകളില്‍ അവരുടെകൂടെ ആവശ്യപ്രകാരം വിശ്വാസകാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ചിലരെല്ലാം വിശ്വസിച്ച് മാമ്മോദീസാ സ്വീകരിച്ചു. അവര്‍ക്ക് ഇടവകയിലെ കഴിവുള്ളവരെ സമീപിച്ച് സഹായങ്ങളും സംരക്ഷണവും നല്‍കി.
ആ വര്‍ഷംതന്നെ നാലു മാസങ്ങള്‍ക്കുള്ളില്‍ പുതുതായി മാമ്മോദീസാ സ്വീകരിച്ച് സഭാംഗങ്ങളായവരുടെ ചുമതല വികാരി ബഹു. തോമസച്ചന്റെകൂടി അനുവാദത്തോടെ കുഞ്ഞച്ചന്‍ ഏറ്റെടുത്തു. ദളിത്‌ക്രൈസ്തവരുടെ ചരിത്രപരമായ ഒരു മുന്നേറ്റമാണ് തുടര്‍ന്നുസംഭവിച്ചത്. അനാരോഗ്യം വകവയ്ക്കാതെ ബഹു. കുഞ്ഞച്ചന്‍ തന്റെ പ്രേഷിതവേല ആരംഭിച്ചു. മനുഷ്യരെന്ന നിലയില്‍ അവരെ കാണാനും കരുതാനും ഒരു കത്തോലിക്കാപ്പുരോഹിതന്‍ തങ്ങളുടെ കുടിലുകളിലേക്കു കടന്നുവരുന്നത് അവര്‍ക്കു സങ്കല്പിക്കാന്‍കൂടി കഴിയുമായിരുന്നില്ല. തൊട്ടുകൂടാത്തവരായിരുന്ന അവര്‍ മറ്റുള്ളവരില്‍നിന്ന് ഒരു നിശ്ചിതഅകലം പാലിച്ചിരുന്നിടത്തേക്കാണ്, യഹൂദനായ ഈശോ സമരിയാക്കാരുടെഅടുത്തേക്കു ചെന്നതുപോലെ (യോഹ. 4:9) കുഞ്ഞച്ചന്‍ ചെന്നത്.
അപരിഷ്‌കൃതമായ ജീവിതം, അന്ധവിശ്വാസങ്ങളുടെ സ്വാധീനത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍, വിദ്യാഭ്യാസമില്ലായ്മ, അനേകം കാര്യങ്ങളില്‍ അജ്ഞത, വീടും പരിസരങ്ങളും വേണ്ടത്ര ആരോഗ്യപരമല്ലാത്ത അവസ്ഥ, അവര്‍ക്കാവശ്യമായ വിശ്വാസകാര്യങ്ങള്‍ പഠിപ്പിക്കാന്‍ ഉപദേശികളെ കണ്ടെത്തി നല്‍കലും ആധ്യാത്മികത്വത്തില്‍ വളര്‍ത്തലുമെല്ലാം ശ്രമകരമായ ഒരു ജോലിയായിരുന്നു. അന്നത്തെ പല മുതലാളിമാരുടെയും കീഴില്‍ അടിമകളായി കഴിഞ്ഞിരുന്ന ആ നിസ്സഹായര്‍ക്ക് കുഞ്ഞച്ചന്‍ ആധുനികമോശയായി മാറി.
വെളുപ്പിന് നാലിനോ, നാലരയ്‌ക്കോ ഉള്ളില്‍ രാമപുരം പള്ളിമേടയില്‍ വിളക്കുതെളിച്ചുണരുന്ന തേവര്‍പറമ്പില്‍ അഗസ്റ്റിനച്ചന്‍ വി. ആഗസ്തീനോസിന്റെ ദൈവാലയത്തിലെത്തി നമസ്‌കാരപ്രാര്‍ഥനയും സുറിയാനിയില്‍ വിശുദ്ധകുര്‍ബാനയും അര്‍പ്പിക്കും. ചെറിയൊരു പ്രഭാതഭക്ഷണത്തിനുശേഷം ഓരോ ദിവസവും ഓരോ പ്രദേശത്തേക്കു കാല്‍നടയായി ഇറങ്ങിത്തിരിക്കും. ആര്‍ക്കെങ്കിലും രോഗമാണെന്നറിഞ്ഞാല്‍ പ്രത്യേകം ചെന്ന് അന്വേഷിക്കും, സഹായിക്കും. പള്ളിമുറിയില്‍ സന്ധ്യാനേരത്തു തിരിച്ചെത്തുന്ന കുഞ്ഞച്ചന്‍ അന്നു പകലന്തിയോളം പ്രഭാതഭക്ഷണമല്ലാതെ മറ്റൊന്നും കഴിച്ചിരിക്കുകയില്ല. അതേപോലെ എത്ര വിശപ്പും ദാഹവും സഹിച്ചാണെങ്കിലും ആരുടെയും സല്‍ക്കാരങ്ങള്‍ സ്വീകരിക്കുകയില്ല. ഉഴവൂര്‍, കുറിച്ചിത്താനം, ഇടക്കോലി, ചിറ്റാര്‍, പൂവക്കുളം, നീറന്താനം, കുറിഞ്ഞി, നെല്ലാപ്പാറ, മറ്റത്തിപ്പാറ, ഏഴാച്ചേരി, ഐങ്കൊമ്പ്, ചക്കാമ്പുഴ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഒരു വാഹനസൗകര്യവുമില്ലാതെ ഈ ദൈവമനുഷ്യന്‍ ഒരു മാലാഖയെപ്പോലെ കടന്നുചെല്ലും. ഈ സ്ഥലങ്ങളിലെ പാവങ്ങളുടെ കുടിലുകളില്‍ മാത്രമല്ല, ഹൃദയങ്ങളിലും കുഞ്ഞച്ചന് പ്രവേശനമുണ്ടായിരുന്നു. അവരെ പ്രാര്‍ഥന പഠിപ്പിക്കാനും എഴുത്തും വായനയും പഠിപ്പിക്കാനും കളരികള്‍ സ്ഥാപിച്ചു. നല്ല വസ്ത്രം ധരിക്കാന്‍ പഠിപ്പിച്ചു. വഴക്കുകളും കലഹങ്ങളുമില്ലാതെ ജീവിക്കാന്‍ പരിശീലിപ്പിച്ചു. നല്ല ഭാഷയില്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചു. പരസ്പരബഹുമാനം കൊടുക്കാനും കെട്ടുറപ്പുള്ള കുടുംബബന്ധവും അധ്വാനശീലവും പരിശീലിപ്പിച്ചു. കുഞ്ഞച്ചന്റെ സ്‌നേഹാര്‍ദ്രമായ ഹൃദയം എന്നും എല്ലായ്‌പോഴും ഈ പ്രദേശത്തുള്ള പാവങ്ങളെ തേടിയെത്തും. അവരുടെ പേരുകള്‍, വീട്ടുപേരുകള്‍ എല്ലാം രേഖപ്പെടുത്തി റേഷന്‍കാര്‍ഡുകള്‍ സംഘടിപ്പിച്ചുനല്‍കി. അതുപോലെ, പണം ധൂര്‍ത്തടിക്കാതിരിക്കാന്‍ ഇന്നത്തെ രീതിയിലുള്ള മൈക്രോ ഫൈനാന്‍സ് സംവിധാനം പരിശീലിപ്പിച്ചു. ലഘുമിച്ചനിക്ഷേപപദ്ധതി നടപ്പിലാക്കിക്കൊണ്ട് ചെറിയ തുകകള്‍ നിക്ഷേപങ്ങളായി സ്വീകരിച്ച് ആവശ്യംവരുമ്പോള്‍ നല്‍കാനും സാഹചര്യമുണ്ടാക്കി. ദളിത് ക്രൈസ്തവസംഘടനകള്‍-ചേരമര്‍ ക്രിസ്ത്യന്‍സംഘടന, അവശക്രൈസ്തവസംഘടന, ഹരിജന്‍ ക്രിസ്ത്യന്‍ സംഘടന എന്നിവയെല്ലാം സംഘടിപ്പിക്കുന്നതില്‍ കുഞ്ഞച്ചന്‍ നേതൃത്വം നല്‍കി.
പൗരാവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍വേണ്ടി കുഞ്ഞച്ചന്‍ ദളിത്‌ക്രൈസ്തവര്‍ക്ക് പള്ളിവകസ്‌കൂളുകളില്‍ അഡ്മിഷന്‍ വാങ്ങിച്ചുനല്‍കി.
കരുണയുടെ ഹൃദയമായിരുന്നു കുഞ്ഞച്ചന്റേത്. ഗുരുതരമായ രോഗങ്ങളുള്ളവരുടെ അടുത്തുപോയിയിരുന്നു ശുശ്രൂഷിക്കുന്നതിന് അച്ചന് ഒരു മടിയുമില്ലായിരുന്നു. രാത്രികാലങ്ങളില്‍പോലും കൂട്ടിരിക്കും. വി. കുര്‍ബാന വീടുകളില്‍ കൊണ്ടുപോയി കൊടുക്കാനും, രോഗീലേപനം നല്‍കാനും അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. കുഞ്ഞച്ചന്‍ ദളിത് ക്രൈസ്തവര്‍ക്കൊപ്പം ഇടവകയിലെ മറ്റുള്ളവര്‍ക്കും ശുശ്രൂഷകള്‍ ചെയ്തുവന്നു. കൃഷിയിടങ്ങളിലെ ചാഴികളെ വിലക്കാനും, കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കാനും അദ്ദേഹം പോയിരുന്നു. അതുപോലെ സ്വന്തം കുടുംബാംഗങ്ങളുടെ കാര്യത്തിലും വേണ്ടതായ ശ്രദ്ധ നല്‍കിയിരുന്നു. അവരുടെ കുടുംബകാര്യങ്ങളില്‍ ഇടപെട്ടില്ലെങ്കിലും കുടുംബാംഗങ്ങളുടെ ആവശ്യങ്ങളിലെല്ലാം അദ്ദേഹം എത്തിയിരുന്നു. 1970 ആയപ്പോഴേക്കും കുടുംബാംഗങ്ങളില്‍ മുതിര്‍ന്നവരൊക്കെ നിത്യതയിലേക്കു മടങ്ങി. ആ നാളുകളായപ്പോള്‍ കുഞ്ഞച്ചനും രോഗിയായി മാറി. തന്റെ മടക്കയാത്രയ്ക്ക് അദ്ദേഹമൊരുങ്ങി. വില്‍പത്രം തയ്യാറാക്കി വച്ചു. സമ്പാദ്യമൊന്നുമില്ലെങ്കിലും ഒരു കടവും വരുത്തിവച്ചില്ല. 1973 ജൂലൈ 27 ന് അദ്ദേഹം ജനിച്ചുവളര്‍ന്ന വീട്ടിലേക്കു താമസം മാറ്റി. അസുഖം കൂടിവന്നതിനാല്‍ വീട്ടുകാരുടെ താത്പര്യപ്രകാരമാണ് കുഞ്ഞച്ചന്‍ ആ തീരുമാനമെടുത്തത്. വീട്ടില്‍ താമസിക്കുമ്പോഴും അവശക്രൈസ്തവരുടെ കാര്യം തിരക്കിക്കൊണ്ടിരുന്നു. 1973 ഒക്‌ടോബര്‍ മാസത്തില്‍ അസുഖം കൂടിവന്നു, ക്ഷീണവും. ഒക്‌ടോബര്‍ 16 ചൊവ്വാഴ്ച നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. രാമപുരം പള്ളിയില്‍ കബറടക്കശുശ്രൂഷകള്‍ നടത്തപ്പെട്ടു. അദ്ദേഹം വീടുകള്‍ കയറിയിറങ്ങിയെങ്കില്‍ കുഞ്ഞച്ചന്റെ കബറിടത്തിലെത്താന്‍ ധാരാളമാളുകള്‍ വന്നുതുടങ്ങി.
2006 ഏപ്രില്‍ 30 ന് ഞായറാഴ്ച പരി. പിതാവ് ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അംഗീകാരത്തോടെ, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവ്, പാലാ രൂപതമെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുന്‍ മെത്രാന്മാരായ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍ തുടങ്ങി അനേകം മെത്രാന്മാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തിരുസ്സഭയില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് കുഞ്ഞച്ചന്‍ ഉയര്‍ത്തപ്പെടുന്നതിനായി നമുക്കു പ്രാര്‍ഥിക്കാം.