•  2 Oct 2025
  •  ദീപം 58
  •  നാളം 30
ലേഖനം

അനിവാര്യമായ ആത്മസ്‌നേഹം

ലോലമാം ക്ഷണമേ വേണ്ടൂ
ബോധമുള്ളില്‍ ജ്വലിപ്പാനും
മാലണയ്ക്കും തമസ്സാകെ
മാഞ്ഞുപോവാനും
                                         കരുണ, കുമാരനാശാന്‍
 
    സ്‌നേഹത്തെപ്രതിയാണ് സര്‍വമനുഷ്യരുടെയും പരാതികള്‍, ആകുലതകള്‍, ഉത്കണ്ഠകള്‍. തന്നെയാരും സ്‌നേഹിക്കുന്നില്ല. അവന് / അവള്‍ക്ക് എന്നോടു പഴയതുപോലെ സ്‌നേഹമില്ല. ഞാനെത്ര ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ടും അവരത് മനസ്സിലാക്കിയില്ലല്ലോ എന്നിങ്ങനെ പരിഭവങ്ങളുടെ പട്ടിക നീളുകയാണ്. ഒറ്റനിമിഷം, ഒന്നു ചോദിച്ചോട്ടെ. മറ്റുള്ളവരുടെ കാര്യം അവിടെ നില്‍ക്കട്ടെ, നിങ്ങള്‍ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട്?
  ലോകത്തുള്ള എണ്ണൂറുകോടി മനുഷ്യരില്‍ നിങ്ങളെ നിങ്ങളറിയുന്നിടത്തോളം അറിയുന്ന മറ്റൊരാളില്ല. നിങ്ങള്‍ മനസ്സിലാക്കുന്നതുപോലെ നിങ്ങളെ മനസ്സിലാക്കാന്‍ മറ്റാര്‍ക്കാണു കഴിയുക? ഒരുകാലം സങ്കടങ്ങളുടെ കടലില്‍ മുങ്ങിപ്പോകുമായിരുന്ന നിങ്ങളെ സാരമില്ലെന്നുപറഞ്ഞ് ചേര്‍ത്തുപിടിച്ച് സ്വപ്നങ്ങളിലേക്കു തിരികെ നയിച്ച നിങ്ങളെ നിങ്ങള്‍ക്കോര്‍മയില്ലേ?
   ആത്മസ്‌നേഹമെന്നത് അഹംഭാവമല്ല, ആത്മബോധംതന്നെയാണത്. തന്റെ നിറവുകളെന്തെന്നും കുറവുകളെന്തെന്നും തിരിച്ചറിഞ്ഞ് നിറവുകളെ കൂടുതല്‍ നിറമുള്ളതാക്കുകയും, കുറവുകളെ എങ്ങനെ നിറവുള്ളതാക്കി മാറ്റാം എന്നു കണ്ടെത്തുകയുമാണ് അവനവനെ (അവളവളെയും) സ്‌നേഹിക്കുന്ന ഒരാള്‍ ചെയ്യുന്നത്. അങ്ങനെ സ്വന്തം സാധ്യതകളെ വിപുലമാക്കുമ്പോള്‍, സ്വഹൃദയത്തെ വിശാലമാക്കുമ്പോള്‍ മറ്റു മനുഷ്യരുടെ ജീവിതങ്ങളെയും തൊടാന്‍, അവരുടെ കൈപിടിക്കാന്‍ നമ്മള്‍ പ്രാപ്തരാകുന്നു. വീണുകിടക്കുന്ന ഒരാളെ എഴുന്നേല്പിക്കണമെങ്കില്‍ ആദ്യം അതിനുള്ള കരുത്ത് നമ്മുടെ കൈകള്‍ക്കുണ്ടാവണം. വിശന്നിരിക്കുന്ന ഒരു മനുഷ്യന് ഭക്ഷണം നല്‍കണമെങ്കില്‍ ആ ഭക്ഷണം നമ്മുടെ അടുക്കളയിലുണ്ടാവണം.
  ''നിങ്ങള്‍ ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ തെറ്റല്ല. എന്നാല്‍ ജീവിതാന്ത്യത്തിലും നിങ്ങള്‍ ദരിദ്രന്‍തന്നെയാണെങ്കില്‍ നിങ്ങളുടെ മാത്രം തെറ്റാണ്'' എന്നൊരു ചൊല്ലുണ്ട്. സ്വപ്നങ്ങള്‍ രണ്ടു വിധമുണ്ട്; ഉറക്കത്തില്‍ കാണുന്നതും ഉണര്‍ന്നിരിക്കുമ്പോള്‍ അകക്കണ്ണില്‍ തെളിയുന്നതും. ഇതിലേതാണ് നിങ്ങളുടെ സ്വപ്നം എന്നതിനനുസരിച്ചിരിക്കും നിങ്ങളുടെ ഭാവിയും.
നമ്മളാരും അനന്തകാലം ഈ ഭൂമിയില്‍ ജീവിക്കില്ല. മുന്നിലുള്ള പരിമിതമായ സമയത്തെ  എപ്രകാരം വിനിയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നു നമ്മുടെ ജീവിതകഥ. വിലയുള്ളതൊന്നും വെറുതെ ലഭിക്കില്ല; അതിനു വിയര്‍പ്പൊഴുക്കുകതന്നെ വേണം. 'നമ്മളൊക്കെ സാധാരണക്കാരല്ലേ, നമ്മള്‍ക്കിതൊന്നും പറഞ്ഞിട്ടില്ല' എന്നു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. എന്താണ് സാധാരണക്കാരനെന്നു വച്ചാല്‍?
ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ചതുകൊണ്ട്, പരിമിതമായ സാഹചര്യങ്ങളില്‍ വളര്‍ന്നുവന്നതുകൊണ്ട് വലിയ സ്വപ്‌നങ്ങള്‍ കാണാനും അതുനേടാനും കഴിയാത്തവരെന്നാണോ? അങ്ങനെയെങ്കില്‍ കാലത്തെ അതിജീവിച്ച മഹാന്മാരുടെ ജീവചരിത്രങ്ങളിലേക്കു വെറുതെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി. നമ്മുടെ അയല്‍പക്കത്ത് ജനിച്ചുവളര്‍ന്ന കെ. ആര്‍. നാരായണന്‍ മുതല്‍ എ.പി.ജെ. അബ്ദുള്‍ കലാമും എബ്രഹാം ലിങ്കണും വരെയുള്ള എത്രയെത്രയോ ആളുകള്‍.
പരിഭവിച്ചും പഴി പറഞ്ഞും പലതുമുണ്ടായിരുന്നെങ്കിലെന്നു നെടുവീര്‍പ്പിട്ടും ജീവിതം കഴിച്ചുകൂട്ടുക എളുപ്പമാണ്. അവനവന്റെ കഴിവുകളെ, സാധ്യതകളെ ഉപയോഗിക്കാതിരുന്നിട്ട്, അലസതയുടെ അര്‍ഥശൂന്യമായ സുഖാലസ്യത്തില്‍ മയങ്ങിക്കഴിഞ്ഞിട്ട്, സ്വപ്നങ്ങളിലെത്തിച്ചേരാന്‍ എനിക്കു കഴിഞ്ഞില്ലെന്നു വിലപിച്ചിട്ടെന്തു പ്രയോജനം? അവരവരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന മനുഷ്യര്‍ തങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കാതിരിക്കില്ല. വിധിയെന്നു വിലപിച്ച് പ്രതികൂലസാഹചര്യങ്ങളില്‍ തോറ്റുകൊടുക്കില്ല. ഇനി വീണുപോയാലും അവര്‍ എഴുന്നേല്‍ക്കാതിരിക്കില്ല.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യരുടെ മുന്‍നിരയില്‍ നിങ്ങളും ഉണ്ടായിരിക്കട്ടെ. സ്വന്തം വീഴ്ചകള്‍ ക്ഷമിക്കാനും, തളരുമ്പോള്‍ തകര്‍ന്നുപോകാതെ വീണ്ടും എഴുന്നേല്‍ക്കാനും നിങ്ങള്‍ക്കു കഴിയട്ടെ. സ്‌നേഹത്താലും ആത്മവിശ്വാസത്താലും നിങ്ങളുടെ ഹൃദയം നിറയട്ടെ. ആ സ്‌നേഹവിശ്വാസങ്ങള്‍ ചുറ്റുമുള്ളവരിലേക്കു പടരുകയും ചെയ്യട്ടെ.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)