•  2 Oct 2025
  •  ദീപം 58
  •  നാളം 30
ലേഖനം

ഒരു കുരുടന്റെ ഗുരുവോര്‍മകള്‍

   ഗുരു സ്വരമാണ്. ദിവസവും ക്ലാസ്സ്‌റൂമില്‍ ഹാജര്‍ബുക്കിലെ എന്റെ പേര് ഉറക്കെ വിളിക്കുന്ന ശബ്ദം, പഠനസമയം തീരുംവരെ അറിവിന്റെ കളനാദമായി കൂടെയുണ്ടാകും. ചോദ്യങ്ങള്‍ക്കുത്തരമായും ശരികള്‍ക്കു പ്രോത്സാഹനമായും തെറ്റുകള്‍ക്കു തിരുത്തലായും കുസൃതികള്‍ക്കു ശാസനയായും പരാതികള്‍ക്കു പരിഹാരമായും സങ്കടങ്ങള്‍ക്കു സാന്ത്വനവചസ്സായും. ചിലപ്പോള്‍ കഥകള്‍ പറഞ്ഞുതരും, പാട്ടു പാടിക്കേള്‍പ്പിക്കും. കവിതകള്‍ ചൊല്ലിത്തരും. വൈകല്യങ്ങളെ അതിജീവിച്ചു മുന്നോട്ടുപോകാന്‍ പ്രചോദിപ്പിക്കും. ഉയരങ്ങള്‍ കീഴടക്കാന്‍ ഉപദേശിക്കും. എത്ര കര്‍ണകഠോരമായ കോലാഹലങ്ങള്‍ക്കിടയിലാണെങ്കിലും ആ ഗുരുസ്വനം എനിക്ക് എളുപ്പം തിരിച്ചറിയാനാവും. ഞാന്‍ ഒരു പാഴ്‌സ്വരമല്ലെന്ന് ഉദ്‌ബോധിപ്പിക്കുന്ന നാദം. ആ സ്വരം എന്റെ ഗുരുവാണ്.
   ഗുരു സ്പര്‍ശമാണ്. ദിവസവും ക്ലാസ്സ്‌റൂമില്‍ എന്റെ ഇരിപ്പിടത്തിനരികിലെത്തി എന്റെ കരവിരലുകള്‍ പിടിക്കുന്ന സ്പര്‍ശം. പഠനസമയം തീരുംവരെ വിദ്യയുടെ മൃദുസ്പര്‍ശനമായി അരികിലുണ്ടാകും. എഴുന്നുനില്‍ക്കുന്ന ബ്രെയിലി ലിപികള്‍ക്കുമീതേ വിരല്‍ത്തുമ്പുകള്‍ ചലിപ്പിക്കാന്‍ പരിശീലിപ്പിക്കും. അവ കൃത്യമായി ഉച്ചരിക്കാന്‍ പഠിപ്പിക്കും. ചിലപ്പോള്‍ പിഴവുകള്‍ ഓര്‍മിപ്പിക്കാന്‍ ചെവിയില്‍ നുള്ളും. തപ്പിത്തടയുമ്പോള്‍ കൈതന്നു സഹായിക്കും. തട്ടിവീഴാന്‍ തുടങ്ങുമ്പോള്‍ താങ്ങിത്തുണയ്ക്കും. പിറന്നാളില്‍ സമ്മാനങ്ങള്‍ നല്കി ചേര്‍ത്തുനിര്‍ത്തും. വിജയങ്ങളില്‍ തോളില്‍ തൊട്ടുതലോടും. കരയുമ്പോള്‍ കണ്ണീര്‍ തുടയ്ക്കും. ഊര്‍ന്നുവീണ കൈവടി കരതലത്തില്‍ തിരികെവച്ചുതരുന്ന കരുതലിന്റെ കരസ്പര്‍ശം. എത്ര തിക്കിലും തിരക്കിലുമാണെങ്കിലും ആ ഗുരുസ്പര്‍ശം എനിക്ക് എളുപ്പം തിരിച്ചറിയാനാവും. ഞാന്‍ ഒരു പാഴ്ജന്മമല്ലെന്നു തോന്നിപ്പിക്കുന്ന സുരക്ഷിതസാമീപ്യം. ആ സ്പര്‍ശം എന്റെ ഗുരുവാണ്.
ഗുരു സുഗന്ധമാണ്. ദിവസവും ക്ലാസ്സ്‌റൂമില്‍ എന്നെ പൊതിഞ്ഞുനില്ക്കുന്ന സുഗന്ധം. പഠനസമയം തീരുംവരെ വിജ്ഞാനത്തിന്റെ പരിമളമായി അരികിലുണ്ടാകും. ജീവിതത്തിന്റെ സൗരഭ്യങ്ങളെ പരിചയപ്പെടുത്തിത്തരും. എന്റെ ജീവിതകുസുമത്തിന്റെ ദളങ്ങളെ സുരഭിലമാക്കും. ആ ഗുരുവിന്റെ മെയ്യും മനവും മൊഴിയും ഒരുപോലെ സ്‌നേഹസുഗന്ധപൂരിതമാണ്. കാട്ടുപൂവും നാട്ടുപൂവും പൂക്കള്‍തന്നെയാണെന്നും, ഓരോന്നിനും അതിന്റേതായ സൗരഭ്യമുണ്ടെന്നും പറഞ്ഞുതരും. കണ്ണുള്ളവരും ഇല്ലാത്തവരും മനുഷ്യരാണെന്നും ഓരോരുത്തര്‍ക്കും തനതായ മൂല്യമുണ്ടെന്നും മനസ്സിലാക്കിത്തരും. എത്രപേരുടെ ഇടയിലാണെങ്കിലും ആ ഗുരുഗന്ധം എനിക്ക് എളുപ്പം തിരിച്ചറിയാനാവും. ഞാന്‍ ഒരു പാഴ്മണമല്ലെന്നുറപ്പുതരുന്ന പരിമളം. ആ സുഗന്ധം എന്റെ ഗുരുവാണ്.
ഗുരു സ്വാദാണ്. ദിവസവും ക്ലാസ്സ്‌റൂമില്‍ ഞാന്‍ ആനന്ദത്തോടെ ആസ്വദിക്കുന്ന സ്വാദ്. പഠനസമയം തീരുംവരെ പരിജ്ഞാനത്തിന്റെ സുരുചിയായി എന്റെ നാവിന്‍തുമ്പിലുണ്ടാകും. ജീവിതം മധുരമാണെന്നു പഠിപ്പിക്കും. കുറവുകളുടെ കയ്പ്പകറ്റാന്‍ കഴിവുകളുടെ തേന്‍കണങ്ങള്‍ നിത്യവും നുണഞ്ഞിറക്കണമെന്ന് ഉപദേശിക്കും. ചിലപ്പോള്‍ അമ്മയെപ്പോലെ വാത്സല്യപൂര്‍വം അരികിലിരുത്തി ആഹാരം വാരിത്തരും. ആഘോഷദിവസങ്ങളില്‍ മിഠായിപ്പൊതികള്‍ തരും. അവയിലൊക്കെ വാത്സല്യത്തിന്റെ പഞ്ചാരത്തരികള്‍ നിറച്ചുവയ്ക്കും. വിയര്‍പ്പിനും മിഴിനീരിനും മധുരമുണ്ടെന്ന വിചിത്രപാഠം ഉരുവിട്ടുപഠിപ്പിക്കും. ആരും കൊതിക്കുന്ന രുചിയാക്കി ആയുസ്സിനെ മാറ്റാന്‍ പ്രചോദിപ്പിക്കും. പരാജയത്തിന്റെ കവര്‍പ്പിനെ സ്വാദുള്ളതാക്കാന്‍ സ്ഥിരപരിശ്രമത്തിനു കഴിയുമെന്ന് ഓതിത്തരും. എത്ര സ്വാദുകളുടെ ഇടയിലാണെങ്കിലും ആ ഗുരുരുചി എനിക്ക് എളുപ്പം തിരിച്ചറിയാനാവും. ഞാന്‍ ഒരു പാഴ്‌രുചിയല്ലെന്ന് ആവര്‍ത്തിച്ചു തോന്നിപ്പിക്കുന്ന സ്വാദ്. ആ സ്വാദ് എന്റെ ഗുരുവാണ്.
ഗുരു സ്വര്‍ണവെട്ടമാണ്. കറുപ്പുമാത്രം കണ്ട്, കറുത്തവെട്ടത്തില്‍ വളര്‍ന്ന ഞാന്‍ ക്ലാസ്സ്‌റൂമില്‍ കാണാതെ കാണുന്ന പൊന്‍വെളിച്ചം. പഠനസമയം കഴിഞ്ഞാലും കുരുടനായ എന്റെ കണ്‍കുഴികള്‍ക്കുള്ളിലെ കൂരിരുളിന്റെ പിന്നില്‍ തെളിഞ്ഞുനില്ക്കുന്ന വിജ്ഞാനദീപം. എനിക്കുമാത്രം കാണാവുന്ന അകവെട്ടം. ചുറ്റും തമോമയമാണെങ്കിലും ജീവിതം തെളിമയുള്ളതാണെന്നു ചൊല്ലിത്തരും. ആത്മാവിന്റെ അന്ധതയാണ് അതീവഗുരുതരവും ആപത്ക്കരവുമെന്ന് പഠിപ്പിക്കും. കാഴ്ചയുള്ളവര്‍ കൂടുതല്‍ തട്ടിവീഴുന്ന ഭൂമിയില്‍ കരളിനുള്ളിലെ കനലിന്റെ കനകപ്രഭയില്‍ കാലുകള്‍ കല്ലില്‍ തട്ടാതെ നടക്കാന്‍ കുരുടനു കഴിയുമെന്നു കാതിലോതും. കണ്ണെന്ന കരിന്തിരിയേ അണഞ്ഞിട്ടുള്ളൂ. അതിന്റെ വെട്ടം കെട്ടിട്ടില്ല എന്ന പ്രത്യാശയുടെ തീപ്പൊരി ഉള്ളില്‍ ഊതിക്കത്തിക്കും. പുറത്തെ ഇരവിനേക്കാള്‍ അകത്തെ പകലിനാണു ദൈര്‍ഘ്യം കൂടുതലെന്നു പറഞ്ഞുതരും. അറിവിന്റെ മാത്രമല്ല, അതിലുപരി ആത്മവിശ്വാസത്തിന്റെയും അണയാത്ത ദീപ്തി. വിജനവും വിഷാദമൂകവുമായ വഴിയിലെ വിളക്കുമരം. കേവലം ക്ലാസ്സുമുറിയുടെ ചുവരുകള്‍ക്കുള്ളിലല്ല, പിന്നെയോ എന്റെ അന്ധജീവിതത്തിന്റെ ചതുര്‍ദിക്കുകള്‍ക്കുള്ളിലായി പരന്നുകിടക്കുന്ന പ്രകാശപൂര്‍ണിമ. എത്ര നിബിഡമായ ഇരുട്ടിലാണെങ്കിലും ആ ഗുരുവെട്ടത്തെ എനിക്കു കാണാന്‍ കഴിയും. ഞാന്‍ ഒരു പാഴിരുളല്ലെന്ന് എന്നെ ബോധ്യപ്പെടുത്തുന്ന ഉള്‍ജ്വലനം. ആ വെട്ടം എന്റെ ഗുരുവാണ്.
ഒരു കുരുടനായ എന്റെ ഗുരുസ്മരണകള്‍ക്കു മനുഷ്യരൂപമാണോ എന്നെനിക്കറിയില്ല. കാരണം, എന്റെ തുറന്നിരിക്കുന്ന അടഞ്ഞ കണ്ണുകള്‍ മനുഷ്യനെ ഒരിക്കലും കണ്ടിട്ടില്ല. എങ്കിലും, എന്റെ തെളിഞ്ഞ ഭാവനയിലെ ഗുരുരൂപം നാളിതുവരെ ഞാന്‍ കേട്ടറിഞ്ഞ സ്വരവും തൊട്ടറിഞ്ഞ സ്പര്‍ശവും മണത്തറിഞ്ഞ സുഗന്ധവും രുചിച്ചറിഞ്ഞ സ്വാദും അകമിഴിയാല്‍ കണ്ടറിഞ്ഞ സ്വര്‍ണവെട്ടവുമൊക്കെക്കൂടിയുള്ള കമനീയമായ ഒന്നാണ്. കണ്ണുകളുള്ളവര്‍ക്കു കാണാന്‍ കഴിയാത്ത ഒരു അപൂര്‍വ, അരൂപരൂപം! ആ ഗുരുചരണങ്ങളില്‍ ഒരു കുരുടശിഷ്യന്റെ സ്മൃതിവല്ലരിയില്‍ വിരിഞ്ഞ ഒരുകുടന്ന രജനീഗന്ധിമലരുകള്‍. എന്നിരുന്നാലും, ഞാന്‍ കേട്ടുപഠിച്ച വാക്കുകളില്‍ പറഞ്ഞുവച്ച ഈ ഒരുപിടി ഗുരുവോര്‍മകളുടെ മുദ്രിതരൂപം കടലാസുതാളുകളില്‍ കാണാന്‍ എനിക്കു സാധിക്കില്ലെന്ന സങ്കടം ബാക്കി. സാരമില്ല, എന്റെ കറുത്ത കദനങ്ങളുടെ കരിയിലക്കൂട്ടില്‍ അതുകൂടി കിടക്കട്ടെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)