അന്ന് പതിവിനു വിപരീതമായി ചെങ്ങാലിപ്പക്ഷി വളരെ താമസിച്ചാണുണര്‍ന്നത്. തലേദിവസത്തെ ഹൃദയഭേദകമായ സംഭവങ്ങള്‍, അപ്പോഴും അവനെ വേട്ടയാടുന്നുണ്ടായിരുന്നു. തന്റെ സ്‌നേഹിതന്‍... തന്റെ ഗുരു... പിടിക്കപ്പെട്ടിരിക്കുന്നു.
* * * *
അപ്പോഴാണ് ചെങ്ങാലിപ്പക്ഷി അയാളെ ശ്രദ്ധിച്ചത്. അയാള്‍ ആരാണ്? അയാളുടെ മാറാപ്പു ശൂന്യമാണല്ലോ. എച്ചില്‍കഷണങ്ങള്‍ക്കിടയില്‍ വിശപ്പകറ്റാന്‍ തിരയുന്ന അയാളുടെ കണ്ണുകളില്‍, ജീവിതം യാഗമാക്കുവാന്‍ ദൃഢനിശ്ചയം ചെയ്തവന്റെ ശാന്തത.
കോട്ടയ്ക്കകത്ത് അട്ടഹാസങ്ങളും ചാട്ടവാറടിയുടെ ഉച്ചത്തിലുള്ള ശബ്ദങ്ങളും. എന്തോ ദുരന്തം സംഭവിക്കാനിരിക്കുന്നു. പ്രകൃതി മ്ലാനവദനയായിരിക്കുന്നു.
കല്‍ക്കെട്ടുകള്‍ക്കിടയിലെ നേര്‍ത്ത സുഷിരത്തിലൂടെ അയാള്‍ കോട്ടയ്ക്കുള്ളിലേക്ക് ആകാംക്ഷയോടെ നോക്കുന്നുണ്ട്. പക്ഷേ, എന്തോ ഒന്ന് അയാളുടെ കണ്ണുകളിലും ചലനങ്ങളിലും തെളിഞ്ഞുനിന്നു. മണലാരണ്യത്തിലെ പൊടിക്കാറ്റ് അയാളെ ചെങ്ങാലിയുടെ സൂക്ഷ്മനേത്രങ്ങളില്‍നിന്നു മറച്ചു.
* * * *
അന്നു വന്നതാണിവിടെ, ജറുസലേം ദേവാലയത്തില്‍. യേശുവിന്റെ അമ്മ മറിയം അവനൊപ്പം കൊണ്ടുവന്നതാണ്, തന്നെയും. ദൈവത്തിനായി ദൈവത്തിനൊപ്പം കാഴ്ചയര്‍പ്പിക്കാന്‍. ജോസഫിന്റെ പാതി തുറന്ന ഭാണ്ഡക്കെട്ടിനിടയിലൂടെ ജറുസലേംദേവാലയത്തെ അദ്ഭുതത്തോടെ നോക്കിക്കണ്ടത് അവന്റെ മനോമുകുരത്തില്‍ തെളിഞ്ഞു. അന്നുതൊട്ട് അവനെ പിരിയുവാന്‍ കഴിഞ്ഞില്ല. തീക്ഷ്ണമായിരുന്നു അവന്റെ വ്യക്തിത്വം. മുല്ലപ്പൂവിന്റെ നിര്‍മലതയും പരിമളവും സൗന്ദര്യവും ഒത്തിണങ്ങിയ തീക്ഷ്ണരൂപം. അവനൊരു വസന്തമായിരുന്നു. ജരാനര ബാധിച്ച ഒലിവുമരംപോലും പൂത്തുലയുമായിരുന്നു അവന്റെ സാമീപ്യത്തില്‍. ചുങ്കക്കാരുടെയും വേശ്യകളുടെയുമൊപ്പം ഭക്ഷണം കഴിച്ചവന്‍. വിഷമകറ്റുന്ന വിഷക്കല്ലുപോലായിരുന്നു അവന്‍. എല്ലാം അപരനുവേണ്ടി സഹിച്ച് കുരിശേറ്റവന്‍. എല്ലാറ്റിനെയും സ്‌നേഹത്താല്‍ ജ്വലിപ്പിച്ച് സ്വയം എരിഞ്ഞടങ്ങിയവന്‍. കോട്ടയ്ക്കകത്ത് അവനുണ്ട്. വയ്യ... അവനെ വിട്ടുപോകാന്‍.
കൊടിയ വഞ്ചനയുടെ എഴുതിത്തയ്യാറാക്കപ്പെട്ട തിരക്കഥ പ്രകാരം അവന്‍ കൊല ചെയ്യപ്പെടുകയാണ്. അവനില്‍നിന്ന് അനുഗ്രഹം പ്രാപിച്ചവര്‍ എവിടെ? ചെങ്ങാലിയുടെ കണ്ണുകള്‍ അവിടെയെല്ലാം പരതി. തളര്‍വാതരോഗിയും അന്ധനും? ഓശാനഞായറില്‍ അവനെ വാഴ്ത്തിയവര്‍ എവിടെ?
അന്നായിരുന്നു അവനെ തിരിച്ചറിഞ്ഞത്, കൂട്ടുകാരനു ജീവശ്വാസം പകുത്തുനല്കി ജീവിതത്തിലേക്കു കൂട്ടിയ വേളയില്‍. ലാസറിന്റെ ഗുഹയ്ക്കു മുകളിലെ തള്ളിമാറ്റപ്പെട്ട കരിങ്കല്‍ കഷണങ്ങള്‍ക്കുമേല്‍, അന്ന് ആശ്ചര്യംപൂണ്ടിരിക്കുകയായിരുന്നു. അവന്‍ വാത്സല്യത്തോടെ തന്നെ എടുത്തു നെഞ്ചോടു ചേര്‍ത്തു. അവന്റെ മടിയില്‍, കുഞ്ഞ് അമ്മയുടെ മടിയിലെന്നപോലെ താനും ചേര്‍ന്നിരുന്നു, അവന്റെ ചൂടുപറ്റി.
* * * *
മണലാരണ്യത്തില്‍ കൊടുംചൂട് തിളച്ചുപൊങ്ങുകയാണ്. ആര്‍ത്തട്ടഹസിക്കുന്നു, ജനക്കൂട്ടം. അവന്റെ കണ്ണുകളില്‍ എന്തോ പൂര്‍ത്തീകരിക്കാനുള്ള വ്യഗ്രത. ചെങ്കുത്തായ, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വഴിയില്‍... അവനെ താങ്ങുവാന്‍ ആരുമില്ല.
* * * *
ചെങ്ങാലിപ്പക്ഷി വീണ്ടും അയാളെ ഓര്‍ത്തു. ഇടുങ്ങിയ തെരുവില്‍, കീറിപ്പറഞ്ഞ ഭാണ്ഡക്കെട്ടുമായി... പന്നികള്‍ പുളയ്ക്കുന്ന അഴുക്കുചാലില്‍ അയാള്‍ എന്തെടുക്കുകയായിരുന്നു? ഇന്നലെകളില്‍ കൊച്ചുകുട്ടികള്‍ക്കൊപ്പം, അവരോട് എന്തു പറയുകയായിരുന്നു? പക്ഷേ, അന്നും അയാളുടെ കണ്ണുകള്‍ ആവേശം നിമിത്തം വിടര്‍ന്നിരുന്നു. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത ആ കുരുന്നുകളെ അവന്‍ പഠിപ്പിച്ചിരിക്കണം. പുല്‍ക്കൂട്ടില്‍ ജനിച്ചവനെക്കുറിച്ചു പറഞ്ഞിരിക്കണം. എന്തായിരിക്കും അയാളുടെ പേര്? ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ ആ കൊച്ചുകുടിലുകളിലൊന്നിലെ പഴയ പ്ലാസ്റ്റിക് വള്ളിയില്‍ ഞാണിരുന്ന് അന്നും ചെങ്ങാലി ചിന്തിച്ചിരുന്നു.
ഒരുപക്ഷേ, തമോമയമായ ഈ ലോകത്ത് പ്രതീക്ഷയുടെ തിരിവെട്ടം ദര്‍ശിച്ച ആള്‍. എല്ലാം ഉപേക്ഷിച്ച് ഏറ്റവും വിലപ്പിടിപ്പുള്ള രത്‌നം തേടി യാത്രയിലായിരിക്കാം അയാള്‍. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമായ ശാശ്വതപ്രകാശത്തെ ദര്‍ശിക്കുവാന്‍ അയാള്‍ വെമ്പല്‍ കൊള്ളുകയായിരുന്നിരിക്കണം. ശ്ശോ... എന്തൊക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്? അയാളെ കണ്ടപ്പോള്‍ മുതല്‍ എന്തോ ഒന്ന് തന്നെ വിടാതെ പിന്തുടരുന്നതായി ചെങ്ങാലി മനസ്സിലാക്കി.
''യദീനേ...'' അയാള്‍ ടാര്‍ പോളിന്‍ ഷീറ്റിനടിയിലൂടെ നൂണ് മെല്ലെ വിളിക്കയാണ്. എന്തിനാണ് അയാള്‍... ആ വിജാതീയവിധവയായ അടിമസ്ത്രീയുടെ വീടിനു മുമ്പില്‍...?
''യദീനേ ഇതാ നിനക്കും കുട്ടികള്‍ക്കുമായ്.''
''നിന്റെ റസൂല്‍, എല്ലാം പറഞ്ഞിരുന്നു.'' യജമാനന്റെ ചാട്ടവറടിയേറ്റ് ദേഹമാസകലം വടുക്കള്‍ നിറഞ്ഞ ആ അടിമസ്ത്രീ അദ്ഭുതത്താല്‍ വിടര്‍ന്ന കണ്ണുകളുമായി പുറത്തേക്കു മുഖം നീട്ടി. അവരുടെ മുതുകില്‍ ചങ്ങലയ്ക്കിട്ട തഴമ്പ് കറുത്ത് കരിമ്പടംപോലെ... യദീനയുടെ നന്ദിയില്‍ പൊതിഞ്ഞ ചിരി. അയാള്‍ ഉറക്കെ പറയുന്നുണ്ട്: ''എടുത്തുകൊള്ളൂ... എടുത്തുകൊള്ളൂ... അവസാനത്തെ രത്‌നമാണിത്. പുല്‍ക്കൂടിന്റെ... പാവപ്പെട്ടവന്റെ... ഹൃദയപരമാര്‍ഥതയുള്ളവന്റെ... രാജാവിനെ കാണാന്‍ ഇറങ്ങിയതാ.'' അയാള്‍ തന്റെ കഥ പറയുകയാണ്. ചെങ്ങാലി കാതോര്‍ത്തു: 'മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ ഓക്കുമരത്തിന്റെ ചുവട്ടില്‍ മയങ്ങി അര്‍ദ്ധരാത്രിയില്‍ കണ്ണു തുറന്നപ്പോള്‍ കണ്ടതാണ്, ആ നക്ഷത്രം. പണ്ട് പര്‍ണശാലയില്‍... ഗുരു പറഞ്ഞിരുന്നു, നക്ഷത്രങ്ങള്‍ക്കും ആകാശഗോളങ്ങള്‍ക്കുമപ്പുറം ഒരു ഈശ്വരന്‍ ഉണ്ടെന്നും മനുഷ്യരക്ഷയ്ക്കായി അവന്‍ വരുമെന്നും അവനെ എതിരേല്ക്കാന്‍ ആകാശഗോളങ്ങള്‍ക്കിടയില്‍ സൂര്യസമാനമായ ഒരു നക്ഷത്രം വിരിയുമെന്നുമൊക്കെ. അന്നു കൊതിച്ചതാണ്. തലയ്ക്കു പിടിച്ച മാരകലഹരിയായിരുന്നു അവന്‍. ഗുരു പറഞ്ഞിരുന്നു, അവനാണ് പരബ്രഹ്‌മം അഥവാ പരംപൊരുള്‍. അവനെ കാണണം... നമസ്‌കരിക്കണം... ഇനിയുള്ള കാലം...'' അയാള്‍ ആവേശത്തോടെ പറഞ്ഞുനിര്‍ത്തി.
''ഇവിടെയുണ്ട് അവന്‍, ഈ ഇസ്രയേല്‍ദേശത്ത്. പക്ഷേ, താങ്കള്‍ അവനെ എങ്ങനെ തിരിച്ചറിയും?'' പെട്ടെന്നായിരുന്നു യദീനയുടെ ചോദ്യത്തിനുത്തരം: ''കണ്ടിരുന്നു അവനെ, സ്വപ്ന
ങ്ങളില്‍. ആരിലും ദര്‍ശിക്കാത്ത അപാരശാന്തത, ആര്‍ദ്രത, കരുണ. അവനെ പുല്‍കണം. എടുത്തു
കൊള്ളൂ യദീനേ. എനിക്കൊന്നും... വേണ്ട. വേണ്ടത് അവനെ മാത്രം. ഈ രത്‌നം അമൂല്യമാണ്. വിറ്റിട്ട് നിന്റെ യജമാനന്റെ അടിമത്തത്തില്‍നിന്നു നീ സ്വതന്ത്രയാകൂ. ജീവിക്ക്... അടിമത്തത്തിന്റെ നുകം വലിച്ചെറിഞ്ഞ് ആര്‍ക്കും അടിമപ്പെടുത്താനാവാത്ത അപാരമായ മനസ്സിന്റെ ഉടമയാകൂ... പോകൂ..'' അയാളുടെ ശബ്ദം ഉറച്ചതായിരുന്നു. ആര്‍ക്കും ഒരു തത്ത്വശാസ്ത്രത്തിനും ആരെയും ദീര്‍ഘകാലം അടിമയാക്കാന്‍ സാധിക്കുകയില്ല. ചെങ്ങാലി അറിയാതെ തലയാട്ടിപ്പോയി. യഥാര്‍ഥത്തില്‍ ഈ കീറവസ്ത്രധാരിയെ താന്‍ എന്തു പേരിട്ടു വിളിക്കും? എല്ലാം ത്യജിച്ചവന്‍... ഈശ്വരന്റെ കാവല്‍ക്കാരന്‍... അതേ, അത് ആര്‍ത്തബാന്‍ തന്നെ.
എന്താണ് വലിയൊരാള്‍ക്കൂട്ടം? ആരൊക്കെയോ ഒരാളെ വലിച്ചിഴയ്ക്കുന്നുണ്ട്. അന്തരീക്ഷത്തില്‍ ആഞ്ഞുപൊങ്ങി പലതരത്തിലുള്ള വലയങ്ങള്‍ തീര്‍ത്ത്, ചമ്മട്ടികള്‍ ആരുടെയോ പുറത്തുപതിക്കുന്നു. കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അയാള്‍... ഒന്നും ഉരിയാടാതെ അതു തന്റെ ഗുരു... യേശു ആണല്ലോ. തലേദിവസം അവനെ വേട്ടയാടിയവര്‍ ഇന്ന് ക്രൂരമര്‍ദനമേല്പിക്കുന്നു.
യേശു പോയ വഴിയിലെല്ലാം അവന്റെ ചുടുരക്തം പലതരത്തിലുള്ള ചിത്രങ്ങള്‍ വരച്ചുചേര്‍ക്കുന്നു. പ്രത്തോറിയത്തിലെ കരിങ്കല്‍പടവുകളിലൊന്നില്‍ കിളിര്‍ത്ത് പൂചൂടിനില്‍ക്കുന്ന ചെറിയ ആല്‍മരച്ചെടിയില്‍ തളിരിലകളെ ലക്ഷ്യമാക്കി, ആയിരം കാലുള്ള രാക്ഷസനെപ്പോലെ നീങ്ങുന്ന ഒരു വെളുത്ത പുഴു...! ശുഭ്രവര്‍ണം വാരിച്ചുറ്റിയ അവന്റെ കൊമ്പ്, വരാന്‍ പോകുന്ന വിനാശത്തിന്റെ കൊടിപടമെന്നവണ്ണം അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നു. പ്രത്തോറിയത്തില്‍ തന്റെ സൗഹൃദമനസ്‌കരെ
ഇടം കണ്ണാല്‍ കടാക്ഷിച്ച് ദ്രുതഗതിയില്‍ പച്ചിലകളെ അപ്പാടെ വിഴുങ്ങാന്‍ വെമ്പുകയാണവന്‍. ഇവന്‍ ലൂസിഫറിന്റെ ജന്മം തന്നെ. കൊത്തിപ്പിളര്‍ക്കണം. ഉടലോടെ ഭസ്മീകരിക്കണം. ചുണ്ടുകള്‍ മരച്ചില്ലകളില്‍ കൂട്ടിയുരുമ്മി, മൂര്‍ച്ചപ്പെടുത്തി ചെങ്ങാലി കുതിച്ചു.
* * * *
ആര്‍ത്തബാന്‍; അയാള്‍ ഉറ്റുനോക്കുകയാണ് തന്റെ സ്‌നേഹിതനെ. ചക്രവാകപ്പക്ഷി ദീര്‍ഘനാളുകള്‍ക്കുശേഷം തന്റെ ഇണയെ കണ്ടുമുട്ടുമ്പോഴുള്ള അതേ നിസ്സംഗത. ഈശ്വരനെ ഹൃദയത്തില്‍ പൂജിച്ചവന്‍ നേരില്‍ കാണുമ്പോഴുള്ള അതേ പാരവശ്യം. യാഗപീഠത്തില്‍നിന്നു ജന്മമെടുത്ത് അന്തരീക്ഷത്തിലേക്കു മറയുന്ന ഹോമപ്പക്ഷിയാണോ... ആര്‍ത്തബാന്‍...? അന്ന് ആകാശത്തില്‍ ഉയര്‍ന്ന നക്ഷത്രം, ഒരുപക്ഷേ അയാളെ വേട്ടയാടുന്നുണ്ടാകാം. അതേ നക്ഷത്രം, അതേ സ്‌നേഹത്തിന്റെ പ്രകാശരശ്മികള്‍ അവന്റെ കണ്ണുകളില്‍...! ആര്‍ത്തബാന്‍ അടുത്തുചെന്നു. ചെങ്ങാലിക്കു കണ്ണെടുക്കാനായില്ല. വേദനയാര്‍ന്ന ക്രൂശിതന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങവേ അയാള്‍ മനസ്സിലാക്കിയിരിക്കണം.
ദൈവം ഭ്രാന്തനാണെന്ന്...
മനുഷ്യനോടുള്ള സ്‌നേഹത്താല്‍ ഭ്രാന്തു പിടിച്ചവന്‍...
യേശുവിന്റെ ശരീരത്തില്‍ രക്തം അന്യമായിരിക്കുന്നു. കൊടിയ വേദനയുടെ പാരമ്യത്തില്‍പോലും സ്‌നേഹത്താല്‍ അവന്റെ ഇമകള്‍ ചലിക്കുന്നു...! ബാല്യകാലസുഹൃത്തിനോടെന്നപോലെ സ്‌നേഹവായ്‌പോടെ സംസാരിക്കുന്നു... അയാളോട്:
''എന്തിനു വന്നു...?
കാണാന്‍
ഇത്രയും വര്‍ഷങ്ങള്‍...?
അടക്കാനായില്ല.
തിരിച്ചുപോകൂ...
ഇല്ല
എന്തിന്...? ഇവിടെ...?
അങ്ങയോടൊപ്പം മരിച്ച്, അങ്ങയില്‍ ലയിക്കാമല്ലോ...
കൊടിയ വേദനയില്‍, രാത്രിയുടെ അന്ത്യയാമങ്ങളില്‍ കരിയിലസമാനമായ അങ്ങയുടെയും എന്റെയും ശരീരത്തില്‍നിന്ന് പ്രാണന്‍ വേര്‍പെടുമ്പോള്‍, ലോകം തിരിച്ചറിയും. സ്‌നേഹം മാംസനിബദ്ധമല്ലെന്ന്.
പൊടുന്നനെ മരുഭൂമിയിലെ ചുഴലിക്കാറ്റ് തന്നെയും ആര്‍ത്തബാനെയും വരിഞ്ഞുമുറുക്കി അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുന്നു... ചെങ്ങാലി പിന്‍തിരിഞ്ഞുനോക്കി... ആത്മമിത്രത്തെ ഒരിക്കല്‍ക്കൂടി കാണാന്‍. അവന്‍ നിലവിളിക്കുകയാണ്:
''ഏലി, ഏലി, ല്മാ സബ്ക്ഥാനി''
അവന്റെ രക്തം നക്കിക്കുടിക്കുവാന്‍ എത്തിയ കുറുനരികള്‍പോലും ഞെട്ടി മാറിനിന്നു. ''ഇങ്ങനെയും ഒരു മനുഷ്യനോ? ശത്രുവിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവന്‍?'' അവര്‍ പരസ്പരം പിറുപിറുക്കുന്നുണ്ടായിരുന്നു. അവനെ തഴുകിയ, ഒലിവുമരത്തിന്റെ സുഗന്ധം പേറിയെത്തിയ കിഴക്കന്‍കാറ്റ് അപ്പോഴും മെല്ലെ അവന്റെ ചെവിയില്‍ മന്ത്രിച്ചു: ''ദുഃഖശനിയാഴ്ചവരെ... ഉയിര്‍പ്പുണ്ടാകും. എല്ലാവര്‍ക്കും, തീര്‍ച്ച!''
അപ്പോഴേക്കും പ്രത്തോറിയത്തിലെ ആല്‍മരത്തിന്റെ ചില്ലകള്‍ തനിയെ തളിര്‍ക്കുകയും പൂക്കുകയും ചെയ്ത് വസന്തത്തിന്റെ വരവറിയിക്കുന്നുണ്ടായിരുന്നു.