യോര്‍ദാന്‍ നദിക്കരെയെത്താം നമുക്കിപ്പോള്‍
യോഗീന്ദ്രമൗലിയോടൊത്തു ചേരാം
യോഹന്നാനാണവന്‍ സ്‌നാപകനാണവന്‍
യേശുവിന്‍ പാതയൊരുക്കിടുന്നോന്‍!
ലോകസുഖങ്ങളെ പാടേ വെടിഞ്ഞും വന്‍
ഗഹ്വരം തന്നില്‍ തപസ്സിരുന്നു.
ഈശപദാബ്ജം തന്‍ ഹൃദയാന്തര്‍വേദിയി-
ലീടുറ്റ ഭക്തിയോടാരാധിച്ചും
കാമാദിവൈകൃതം തള്ളിക്കളഞ്ഞവന്‍,
ധീമാനവനൊരു ദീര്‍ഘദര്‍ശി!
ചെഞ്ചെമ്മേ തോളറ്റം നീണ്ടുകിടക്കുമാ
ചെഞ്ചിട താപസഭൂഷണം താന്‍!
ശ്മശ്രുക്കള്‍ തിങ്ങുന്ന വക്ത്രത്തിന്‍ ഗാംഭീര്യം
മറ്റൊന്നിനൊപ്പമെന്നെണ്ണിക്കൂടാ
ഘോരമാം താപസനിഷ്ഠയ്ക്കു പാത്രമാ-
മക്കൃശഗാത്രമനാസ്ഥയോടെ
ഏറ്റം പരുപരുത്തൊട്ടകരോമത്താല്‍
വേഷ്ടി ധരിച്ചവന്‍ യതിവര്യന്‍
ശര്‍മ്മം വെടിഞ്ഞവന്‍ ധര്‍മം ധരിച്ചവന്‍
ചര്‍മ്മത്താലരവാറുറപ്പിച്ചവന്‍
അന്നാ നദീതീരത്തെത്തി പതിവുപോ-
ലന്നമാം ദൈവവചനമേകാന്‍
താപസന്‍ തന്നുടെ ഭാഷണ ഭക്ഷണ-
മാസ്വദിപ്പാനനേകരെത്തി;
മാനത്തു മിന്നുന്ന ഭാനുവിന്‍ ചുറ്റിലും
ചൂഴുന്ന താരങ്ങളെന്നപോലെ!
അപ്പുരുഷേന്ദ്രന്റെ ഗീരുവാം ദോലയി-
ലിപ്പാരിലാടാത്ത മര്‍ത്ത്യരുണ്ടോ!!!
* * * * *
നേത്രങ്ങളാലേ സുസ്വാഗതമോതിക്കൊ-
ണ്ടെത്രയും സക്തനായോതി ധന്യന്‍
വത്സലശിഷ്യരേ, ഭ്രാതാക്കളേ! നിങ്ങ-
ളുത്സാഹമാര്‍ന്നു ശ്രവിച്ചിടുവിന്‍
പാപം വെടിയുവിന്‍, പശ്ചാത്തപിക്കുവിന്‍
പാവനപാത തിരഞ്ഞിടുവിന്‍
ആദ്യന്തഹീനനമേയനാം ദൈവത്തി-
ലത്യന്തം വിശ്വാസമര്‍പ്പിക്കുവിന്‍!
എബ്രഹാം തങ്ങള്‍ക്കു താതനായുണ്ടല്ലോ-
യെന്നു ചൊല്ലിയൂറ്റം കൊള്ളവേണ്ട!
ഇക്കാണും കല്ലില്‍നിന്നെബ്രാഹത്തിനായ്
മക്കളെ നല്കാനുമീശനാകും!
സംഭോഗ സംഭ്രാന്തി ബാധിച്ചുഴലുന്നു
സംസാരവീഥിയില്‍ നിങ്ങളിപ്പോള്‍!
കാടത്തം പേറി നയിക്കുന്ന ജീവിതം
പാടേ ത്യജിക്കുവിനല്ലായ്കിലോ
സര്‍പ്പത്തിന്‍ സന്തതിവൃന്ദമേ! നിങ്ങളില്‍
സര്‍വോത്തമനാകും സര്‍വശക്തന്‍
നീതിജ്ഞന്‍, നീതിനിയമങ്ങള്‍ പാലിക്കു-
മാരാണൊരാശ്രയം നിങ്ങള്‍ക്കപ്പോള്‍?
കായ്ക്കാത്ത വൃക്ഷച്ചുവട്ടിലേക്കെത്തുന്നു
കോടാലി; നിങ്ങളും കണ്ടുകൊള്‍വിന്‍!
സല്‍ഫലമേകാത്ത ശാഖികളൊന്നാകെ-
യഗ്നിക്കിരയാക്കും തീര്‍ച്ചയല്ലോ!
വീശുന്നു, കൂട്ടുന്നു കോതമ്പറയ്ക്കുള്ളില്‍
പതിരോ ചെന്തീയില്‍ വെന്തുനീറും
കള്ളം കളഞ്ഞുള്ളം കണ്ണീര്‍ നിറച്ചോര്‍ക്കായ്
വെള്ളത്താല്‍ സ്‌നാനം ഞാന്‍ നല്കി,യെന്നാല്‍
എന്നുടെ പിന്നാലെയെന്നെക്കാള്‍ ശക്തനാ-
മെന്നെന്നുമുള്ളവനെത്തിടുമ്പോള്‍
പാവനാത്മാവിനാല്‍ ജ്ഞാനസ്‌നാനം നല്കും
ഞാനോ വെറുമൊരു പാദദാസന്‍!
സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നവനെത്തുന്നു
സ്വസ്ഥന്‍, സമസ്തവും കാണുന്നവന്‍
നീതി പാലിച്ചു വിധിക്കുവാനെത്തുന്നു
ന്യായവിധിക്കു സമയമായി!
പശ്ചാത്തപിക്കുവിന്‍ പരിശുദ്ധരാകുവിന്‍
പ്രാപ്യമായീടട്ടെ ദൈവരാജ്യം.